പഞ്ചാബ് നാഷണൽ ബാങ്ക് ഫ്രോഡ് – ബാങ്കിങ് സാങ്കേതിക പിഴവും രാഷ്ട്രീയ മുതലെടുപ്പും

പഞ്ചാബ് നാഷണൽ ബാങ്കും നീരവ് മോഡിയും ഇന്ത്യൻ ബാങ്കിങ് സംവിധാനവും :

——————————————————————————————————————————–
 
മുത്തശ്ശി എല്ലാം ഡെമോയിലൂടെ കാണിച്ചു മനസ്സിലാക്കി തരുന്ന ആളായിരുന്നു. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാതെ കിടന്നു ഒച്ച വെക്കരുത് അത് നമ്മുടെ അറിവില്ലായ്മ പുറത്തു കൊണ്ട് വരും എന്ന് പഠിപ്പിക്കാൻ മുത്തശ്ശി എന്ത് ചെയ്തു. ഒരു പയ്യനെ വിളിച്ചിട്ട് പറഞ്ഞു “ഒരു 5 രൂപക്ക് ചന്ത ഇരമ്പലും 4 രൂപക്ക് ഉന്തും തള്ളും വാങ്ങി വരൂ. ബാക്കി 1 രൂപക്ക് മിട്ടായി വാങ്ങിക്കോ. സഞ്ചി എടുത്തോളൂ അല്ലേൽ താഴെ പോകും ” എന്ന് പറഞ്ഞു തീരും മുന്നേ ആള് കാശും വാങ്ങി ഓടിക്കഴിഞ്ഞു. മുത്തശ്ശി ചിരിച്ചു. . കുറച് കഴിഞ്ഞു ഓടിപ്പോയ പയ്യൻ ദേഷ്യപ്പെട്ടു തിരികെ വന്നു എന്തൊക്കെയോ പറഞ്ഞു പൈസയും വലിച്ചെറിഞ്ഞു തിരികെ പോയി. മുത്തശ്ശി ചോദിച്ചു , കാര്യം പിടികിട്ടിയോ ??? കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ “ഗൊറില്ല ആക്റ്റ് ” നടത്തിയാൽ അവനവന്റെ തൊണ്ടയും നെഞ്ചും പടമാവും എന്ന് മാത്രമല്ല, അൽപ ജ്ഞാനം മറ്റുള്ളവർ മനസ്സിലാക്കുകയും ചെയ്യും…
 
നീരവ് മോഡി – PNB ബാങ്ക് തട്ടിപ്പ് :
 
ഇന്ത്യൻ ബാങ്കിങ് സംവിധാനം ലോകത്തെ ഏറ്റവും വിശ്വാസ്യത ഉള്ള ബാങ്കിങ് സംവിധാനം ആണെന്നാണ് നമ്മുടെ ധാരണ.പക്ഷെ അനുദിനം വളർന്നു വരുന്ന ടെക്‌നോളജിക്കനുസരിച്ചു നമ്മൾ ബാങ്കിങ് സംവിധാനം കോർ ബാങ്കിങ് – ഡിജിറ്റൽ റിക്കണ്സിലിയേഷൻ ഓഡിറ്റിങ്ങിനു കൂടി വിധേയമാക്കണം എന്ന ശക്തമായ സന്ദേശം ആണ് മുംബൈ ബ്രഡി ഹൗസ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിൽ നടന്ന തട്ടിപ്പ് വെളിവാക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 4 GM അടക്കം 16 പേരെ കൃത്യനിർവ്വഹണത്തിന്റെ പേരിൽ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട് എങ്കിലും പ്രധാനമായും 2 ജീവനക്കാരെ വച്ച് കൊണ്ടാണ് നീരവ് മോഡി ഗ്രൂപ്പ് ഈ സഹസ്ര കോടികളുടെ കള്ളക്കളി മുഴുവൻ നടത്തിയത്. . ഇത് പഞ്ചാബ് നാഷണൽ ബാങ്കിലെ മാത്രം പ്രശ്നമല്ല.ബാങ്കിങ് സംവിധാനവും ഓഡിറ്റിങും കുറ്റമറ്റത് ആക്കാത്ത എല്ലാ ബാങ്കുകൾക്കും ഇത് സംഭവിക്കാൻ സാധ്യത ഉണ്ട്. പക്ഷെ രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇൻഫോർമേഷൻ സിസ്റ്റം ഓഡിറ്റും കോർ ബാങ്കിങ് ഓഡിറ്റും കമ്പൈൻ ചെയ്തു തികച്ചും സുരക്ഷിതമായ രീതിയിൽ ഉള്ള സംവിധാനം ഉപയോഗിക്കുന്നുണ്ട് എന്നത് വളരെ ആശ്വാസകരമാണ്.
 
ലെറ്റർ ഓഫ് അണ്ടർസ്റ്റാന്ഡിങ് – LOU എന്താണ് ?
 
രണ്ടു തരം ക്രെഡിറ്റ് ഫെസിലിറ്റി (Credit Facility ) ഇടപാടുകൾ ആണ് ബാങ്കിങ്ങിൽ ഉള്ളത് ഒന്ന് ഫണ്ടഡ് ഫെസിലിറ്റി (Funded facility ) മറ്റൊന്ന് നോൺ ഫണ്ടഡ് ഫെസിലിറ്റി (Non Funded Facility). ഫണ്ടഡ് ഫെസിലിറ്റിയിൽ ഏതെങ്കിലും ഒരു രൂപത്തിൽ പണം ഒരു ഘടകമാവും. ഉദാഹരണം നിങ്ങൾ ഭാവന വായ്പ എടുക്കുമ്പോൾ, വാഹന വായ്പ എടുക്കുമ്പോൾ , വിദ്യാഭ്യാസ വായ്പകൾ എടുക്കുമ്പോൾ ബാങ്ക് നിങ്ങൾക്ക് പണം തരുന്നു. അത് പല രൂപത്തിൽ ആവാം. ചെക്ക്, ക്യാഷ്, ഡിഡി , ഓൺലൈൻ ട്രാൻസ്ഫർ etc . ഈ വായ്പകളിൽ പണം നേരിട്ട് പലരൂപത്തിൽ ക്രയവിക്രയത്തിൽ ഉണ്ടാവും. പിന്നെ ഉള്ളത് Non Funded facility ആണ്. അതിൽ പണം ഒരു ഘടകമാവുന്നില്ല. നിങ്ങൾക്ക് വേണ്ടി ബാങ്ക് ഒരു ബാങ്ക് ഗ്യാരണ്ടി തന്നാൽ അതിൽ പണത്തിന്റെ ഇടപാട് നടക്കുന്നില്ല. ബാങ്ക് നിങ്ങൾക്ക് വേണ്ടി ഒരു ജാമ്യം അല്ലെങ്കിൽ ഉറപ്പു മറ്റൊരാൾക്ക് നൽകുന്നു. നിങ്ങൾ പണം തരാത്ത ഒരു സാഹചര്യം ഉണ്ടായാൽ മാത്രം ബാങ്ക് പണം കൊടുക്കാനുള്ള ബെനിഫിഷ്യറിക്ക് നൽകാം എന്നതാണ് ധാരണ. പണം ഇല്ലാത്തത് കൊണ്ട് അതിനു പലിശ ഇല്ല പക്ഷെ നിശ്ചിത തുകക്ക് ബാങ്ക് ബാങ്കിന്റെ കണക്ക് അനുസരിച്ചു പണം ചാർജായി ഈടാക്കും.. നോൺ ഫണ്ടഡ് ലിമിറ്റ് പല തരത്തിൽ ഉണ്ട് .. ബാങ്ക് ഗ്യാരണ്ടി , ലെറ്റർ ഓഫ് ക്രെഡിറ്റ് (LC), Letter of Understanding (LOU) , Letter of Comfort (LOC )etc .
 
ഇറക്കുമതി ഇടപാടുകളിൽ ചില അനിശ്ചിതത്വം ഉണ്ടാവുക പതിവാണ്. അതായത് ഇറക്കുമതി ചെയ്യുന്ന ആൾ (IMPORTER ) പണം കൊടുത്തിട്ടു വിദേശത്തു ഉള്ള കച്ചവടക്കാരൻ (EXPORTER ) സാധനം നൽകിയില്ല എങ്കിൽ എന്ത് ചെയ്യും. അത് പോലെ തന്നെ വിദേശത്തു ഉള്ള EXPORTER ഉം ചിന്തിക്കും. ഞാൻ സാധനം കൊടുത്തു, മറ്റേ ആൾ പണം നൽകിയില്ല എങ്കിൽ ഞാൻ എന്ത് ചെയ്യും. അവിടെ ആണ് ബാങ്കുകൾ ഇടപെടുന്നത്. ഇറക്കുമതി ചെയ്യുന്ന ആളുടെ (നീരവ് മോഡി IMPORTER ) ഭാഗത്തു നിന്ന് പണത്തിനു ഇന്ത്യയിലെ ബാങ്ക് (PNB ) ഉറപ്പു കൊടുക്കുന്നു. ആ പണം സാധനങ്ങൾ കയറ്റുമതി ചെയ്തു എന്ന് ഡോക്കുമെന്റ്സ് നോക്കി ഉറപ്പു വരുത്തി മാത്രമേ കയറ്റുമതിക്കാരന് നൽകൂ എന്ന് അയാളുടെ ബാങ്കും അങ്ങോട്ടും ഇങ്ങോട്ടും ഉറപ്പു കൊടുക്കുന്നു. ഇപ്പോൾ പണത്തിനും കയറ്റുമതിക്കും അവിടെയും ഇവിടെയും ഉള്ള ബാങ്കുകൾ ഉറപ്പു തന്നു കഴിഞ്ഞു. ഇനി സാധനം കയറ്റി അയച്ച ശേഷം ആ വിവരം വിദേശത്തുള്ള ബാങ്ക് ഇറക്കുമതി ചെയ്യുന്ന ആളുടെ ബാങ്കിനെ അറിയിച്ചു കഴിഞ്ഞാൽ, നേരത്തെ കൊടുത്ത ഉറപ്പിന്മേൽ ഇറക്കുമതി ചെയ്യുന്ന ആളുടെ കയ്യിൽ നിന്ന് പണം എടുത്തു പറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യയിലെ ബാങ്ക് വിദേശ ബാങ്കിന് കൈമാറും..
 
ഇനി ഇറക്കുമതി ചെയ്യുന്ന ആളുടെ കയ്യിൽ ഉടനെ പണം ഇല്ല കൊടുക്കാൻ എന്ന് കരുതുക. അപ്പോൾ അയാളുടെ ബാങ്ക്( PNB )എന്ത് ചെയ്യും, ഒന്നുകിൽ പണമായി കസ്റ്റമറിന് പേയ്മെന്റ് നടത്താൻ ലോൺ കൊടുക്കും. അല്ലെങ്കിൽ ബാങ്ക് (PNB ) കസ്റ്റമറിന് (നീരവ് മോദി ) വേണ്ടി ഒരു LOU ഇഷ്യൂ ചെയ്യും. ആ LOU ഉപയോഗിച്ച് ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിൽ നിന്ന് നിങ്ങൾക്ക് ഇന്ത്യയേക്കാൾ വളരെ വളരെ കുറഞ്ഞ നിരക്കിൽ പണം ലഭിക്കും (BUYERS CREDIT ).. LOU കൊടുക്കുന്നതിന് മുൻപ്‌ ഇന്ത്യയിലെ ബാങ്ക്‌ കസ്‌റ്റമറുടെ പേരിൽ ഉള്ള വസ്തുവകകളോ , തത്തുല്യം ആയ നിക്ഷേപമോ മറ്റോ ഉറപ്പു വരുത്തും. LOU കൈപ്പറ്റിയ ബാങ്ക് കരാർ പ്രകാരം ഇറക്കുമതിക്കാരന്റെ ബാങ്കിന്റെ നോസ്ട്രോ അക്കൗണ്ടിലേക്ക് LOU വിൽ പറയുന്ന പണം അയച്ചു കൊടുക്കും. പിന്നീട് അയാൾ അത് നേരത്തെ ഉള്ള കരാർ അനുസരിച്ചു കയറ്റുമതി ചെയ്ത ആളുടെ ബാങ്കിന് കൊടുത്തു അവരും ആയുള്ള പരിപാടി അവസാനിപ്പിക്കും. ഇനി ഉള്ള കടം ബാങ്കിന്റെ LOU പ്രകാരം ലോൺ എടുത്ത ഇന്ത്യൻ ബാങ്കിന്റെ വിദേശ ശാഖയുമായുള്ള കടം ആണ്.. അത് 30 ദിവസം മുതൽ 3 വർഷം വരെ ലഭിക്കും തിരിച്ചടവിന് . അപ്പോൾ ഇറക്കുമതിക്കാരൻ ആ പണം സമയത്തിനുള്ളിൽ വിദേശത്തുള്ള ബാങ്ക് ശാഖക്ക് പറഞ്ഞ സമയത്തു തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥൻ ആണ്. ആ വിദേശ ബാങ്കിന്റെ ശാഖക്ക് ഗ്യാരണ്ടി കൊടുത്തിരിക്കുന്നത് ഇറക്കുമതിക്കാരന്റെ ഇന്ത്യയിലുള്ള ബാങ്കാണ് (PNB ). അയാൾ തിരിച്ചു അടച്ചില്ല എങ്കിൽ LOU പ്രകാരം ബാങ്ക് സ്വന്തം കയ്യിൽ നിന്ന് എടുത്തു കൊടുക്കും എന്നാണ് LOU വ്യവസ്ഥ.. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഇന്ത്യയിലെ ബാങ്ക് പറഞ്ഞ സമയത്തു തന്നെ കരാർ അനുസരിച്ചു പേയ്മെന്റ് കൊടുക്കും. പിന്നീട് ഇറക്കുമതിക്കാരന്റെ ബാങ്ക് LOU കൊടുക്കുന്നതിനു മുന്നേ സെക്യൂരിറ്റി ആയി വാങ്ങിയ വസ്തുവോ , നിക്ഷേപമോ പണമാക്കി നഷ്ടം ഇല്ലാത്ത സാഹചര്യം ഉണ്ടാക്കും. ഈ പറഞ്ഞ സെക്യൂരിറ്റിയും മാർജിൻ തുകയും (10% മുതൽ 100%) വരവ് വച്ച ശേഷമേ ബാങ്കുകൾ സാധാരണ നിലക്ക് LOU ഇഷ്യൂ ചെയ്യൂ. പക്ഷെ നീരവ് മോദിയുടെ പക്കൽ നിന്നും PNB മാനേജർമാരായ ഗോകുൽ ഷെട്ടിയും കാരാട്ടും ഇത് രണ്ടും ഉറപ്പു വരുത്തിയില്ല. 2010 മുതൽ തുടർന്ന് പോന്ന ഈ കള്ളത്തരം ഗോകുൽനാഥ് ഷെട്ടി റിട്ടയർ ചെയ്ത ശേഷം ഈ കഴിഞ്ഞ 2018 ജനുവരി 16 നു പുതുതായി വന്ന മാനേജർ ആണ് കണ്ടെത്തിയത്. യാതൊരു വിധ സെക്യൂരിറ്റിയും ഇല്ലാത്ത LOU തുറക്കാൻ വന്ന നീരവ് മോദിയുടെ കമ്പനിയോട് 100% ഡെപോസിറ്റിൽ മാത്രമേ LOU തരാൻ സാധിക്കൂ എന്ന് മാനേജർ വ്യക്തമാക്കി. കഴിഞ്ഞ 7 വർഷമായി തുടർന്ന് പോകുന്ന ഇടപാട് അവിടെ പൊളിഞ്ഞു വീണു.
 
ബോംബെ PNB യിൽ നടന്ന സംഭവം :
 
നീരവ് മോഡി PNB ബാങ്കിൽ യാതൊരു വിധത്തിൽ ഉള്ള സെക്യൂരിറ്റിയും ഇല്ലാതെ അനവധി LOU കൾ സംഘടിപ്പിച്ചു. അതെങ്ങനെ സാധിക്കും.? ഇത്ര വലിയ തുകക്കുള്ള LOU കൊടുക്കുമ്പോൾ ബാങ്ക് സെക്യൂരിറ്റി ഉറപ്പു വരുത്തില്ലേ.? 4 ലക്ഷം രൂപക്ക് മുകളിൽ വിദ്യാഭ്യാസ വായ്പക്ക് സെക്യൂരിറ്റി ചോദിക്കുന്ന ബാങ്ക് നീരവിന്റെ കയ്യിൽ നിന്ന് സെക്യൂരിറ്റി വാങ്ങാതെ ഇരിക്കുമോ ? അത് എങ്ങനെ സാധിച്ചു . അതറിയണം എങ്കിൽ എങ്ങനെ ആണ് ബാങ്കുകൾ സന്ദേശങ്ങൾ കൈമാറുന്നത്, അന്താരഷ്ട്ര തലത്തിൽ പണം കൈമാറ്റം എങ്ങനെ ആണ് എന്നറിയണം..
 
മാധ്യമങ്ങൾ പറയുന്നത് പോലെ PNB ബാങ്കിൽ നിന്ന് അഞ്ചാറ് A4 ഷീറ്റിൽ പ്രിന്റ് ചെയ്തു കൊടുക്കുന്ന സർട്ടിഫിക്കറ്റൊ, അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തു എല്ലാ ബാങ്കിലും കൊടുത്തു പണം തട്ടാൻ പറ്റിയ സാധനം അല്ല വിദേശത്തേക്കു ഇഷ്യൂ ചെയ്യുന്ന ബാങ്കുകളുടെ LOU. വിദേശ ബാങ്കുകൾക്ക് ഇന്ത്യൻ ബാങ്കുകൾ കൊടുക്കുന്ന LOU ഫിസിക്കൽ ഫോമിലേ അല്ല, അത് ഒരു ഡിജിറ്റൽ സെക്യൂർഡ് കണ്ടന്റ് ആണ്. ഇമെയിൽ ഒക്കെ പോലെ പക്ഷെ ഒരു ഒഫീഷ്യൽ ബാങ്കിങ് കമ്മ്യൂണിക്കേഷൻ സംവിധാനം ആണെന്ന് മാത്രം. അന്താരാഷ്ട്ര തലത്തിൽ ബാങ്കുകൾ സന്ദേശം കൈമാറുന്ന ഏറ്റവും സുരക്ഷിതമായ ഉപാധി ആണ് SWIFT മെസേജിങ് സിസ്റ്റം (SWIFT (Society for Worldwide Interbank Financial Telecommunication) ). നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ IFSC കോഡ് പോലെ അന്താരാഷ്ട്ര തലത്തിൽ ബാങ്കുകൾക്ക് യൂണീക്ക് ആയ SWIFT കോഡുകൾ ഉണ്ട്. ഓരോ SWIFT കോഡും ഓരോ ബാങ്കുകളെ ആണ് കാണിക്കുന്നത്. ഈ SWIFT സംവിധാനത്തിൽ കൂടി ബാങ്കുകൾ അങ്ങോട്ടും ഇങ്ങോട്ടും അയക്കുന്ന സന്ദേശങ്ങൾ മറ്റു വിദേശ ബാങ്കുകൾ സ്വീകരിച്ചു അതനുസരിച്ചു പ്രവർത്തിക്കും. PNB ബാങ്കിലെ സ്റ്റാഫ് ആയ ഗോകുൽനാഥ് ഷെട്ടിക്കും കൂടെ ഉള്ള കാരാട്ട് എന്ന ആൾക്കും SWIFT സംവിധാനത്തിലേക്ക് ആക്‌സസ് ഉണ്ട്. അവർ SWIFT മെസേജിങ് ഉപയോഗിച്ച് നീരവ് മോഡിക്ക് വേണ്ടി ബയേഴ്‌സ് ക്രെഡിറ്റ് കൊടുക്കാൻ ആയി വിദേശത്തുള്ള ഇന്ത്യൻ ബാങ്കുകളുടെ ശാഖകളിലേക്ക് സന്ദേശങ്ങൾ അയച്ചു. SECURED സന്ദേശങ്ങൾ ആയതു കൊണ്ട് വിദേശത്തുള്ള ബാങ്ക് പണം അയച്ചു കൊടുത്തു കൊണ്ടിരുന്നു. നീരവ് മോഡി ആ പണം കൊണ്ട് സ്വർണ്ണവും രത്‌നവും മുത്തും പവിഴവും ഒക്കെ ഇറക്കുമതി ചെയ്തു കച്ചവടം ചെയ്തു കൊണ്ടിരുന്നു. ഈ തട്ടിപ്പ് തുടങ്ങുന്നത് 2010 – 2011 കാലഘട്ടത്തിൽ ആണ്. 2013 ൽ നീരവ് മോഡി ഫോബ്‌സിന്റെ ഇന്ത്യയിലെ പണക്കാരുടെ പട്ടികയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. വെറും രണ്ടു പേര് ചേർന്ന് ഇത് ചെയ്യാൻ പറ്റുമോ എന്ന് അദ്‌ഭുതപ്പെടാൻ വരട്ടെ . PNB ബാങ്കിലെ DUE DELIGENCE സംവിധാനത്തിൻന്റെ പരാജയം കാരണം ആണ് ഇത് സംഭവിച്ചത്. ഓരോ പഴയ LOU ഡ്യൂ ഡേറ്റ് കഴിഞ്ഞു EXPIRE ആവുമ്പോൾ പുതിയ ഒരു LOU തുറന്നു പഴയവ ക്ളോസ് ചെയ്തു കളയുന്നു. അതിനാൽ തന്നെ ലോങ്ങ് പെൻഡിങ് ആയോ ലോങ്ങ് ഔട്‍സ്റ്റാൻഡിങ് ആയോ ബില്ലുകൾ കാണില്ല. കൂടാതെ LOU ഒരു നോൺ ഫണ്ടഡ് ലിമിറ്റ് ആയതു കൊണ്ട് നേരിട്ട് ബാങ്കിന്റെ ബിസിനസ്സ് ബാലൻസ് ഷീറ്റിൽ കാണിക്കുകയും ഇല്ല… അങ്ങനെ വരുമ്പോൾ കോടിക്കണക്കിനു രൂപ ഇങ്ങനെ പെരുകുന്നത് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടില്ല.. .PNB യുടെ ബാങ്കിങ് സംവിധാനത്തിലെ പാളിച്ചകൾ തന്നെയാണ് യഥാർത്ഥ കാരണം.. …
 
RBI നിഷ്കർഷിക്കുന്ന ഓഡിറ്റിങ് പാറ്റേൺ എല്ലാ ബാങ്കുകളും പിന്തുടരാൻ ബാധ്യസ്തർ ആണ് എല്ലാവർഷവും എല്ലാ ബാങ്ക് ശാഖയും റെഗുലർ ഓഡിറ്റിങ്ങിനു വിധേയമാക്കും. പുറത്തു നിന്ന് റാൻഡം ആയി തെരഞ്ഞെടുക്കുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനം ആവും അത് ചെയ്യുക. കൂടാതെ ഫോറിൻ എക്സ്ചേഞ്ച് ഇടപാടുകൾ ഉള്ള ബ്രാഞ്ച് ശാഖയിൽ തീർച്ചയായും എല്ലാ മാസവും മുടങ്ങാതെ നടക്കുന്ന കൺകറന്റ് ഓഡിറ്ററും ഉണ്ടാവും. ഇത് കൂടാതെ എല്ലാവർഷവും ബാങ്കിന്റെ ഭാഗത്തു നിന്ന് കടു കട്ടിയായ ജനറൽ ഇൻസ്പെക്ഷൻ ഉണ്ടാവും. അത് കൂടാതെ ഫോറിൻ എക്സ്ചേഞ്ചിന് വേണ്ടി സ്‌പെഷ്യൽ FOREX ഓഡിറ്റ്, വലിയ ലോണുകൾ ഉള്ള ബ്രാഞ്ചുകളിൽ സ്‌പെഷ്യൽ ക്രെഡിറ്റ് ഓഡിറ്റ്, ലീഗൽ ഓഡിറ്റ്എന്നിവ ഉണ്ടാവും. ഇതൊന്നും കൂടാതെ എപ്പോൾ വേണമെങ്കിലും കയറി വരാവുന്ന അപ്രതീക്ഷിതമായ സാക്ഷാൽ റിസർവ്വ് ബാങ്കിന്റെ ഓഡിറ്റും ഉണ്ടാകാം.RBI ഓഡിറ്റ് ഒഴിച്ച് ബാക്കി നടക്കുന്ന എല്ലാ ഓഡിറ്റിൽ ഒന്നിൽ പോലും 2010 മുതൽ തുടർച്ചയായി നടന്നു വരുന്ന ഈ തട്ടിപ്പ് പിടിക്കപ്പെടാത്തത് PNB യുടെ മാത്രം പിടിപ്പ് കേടാണ്. മറ്റൊരു കാരണവും അതിനു ബദലായി പറയാനാവില്ല.., PNB യുടെ സിസ്റ്റം കുറ്റമറ്റതല്ല എന്നതാണ് കാരണം.
LOU ഇഷ്യൂ ചെയ്യുന്ന വിവരം വിദേശ ബാങ്കുകളിലേക്ക് അറിയിക്കുന്നത് SWIFT സംവിധാനം വഴി ആണെന്ന് പറഞ്ഞല്ലോ. ഈ SWIFT മെസേജ് സംവിധാനം കസ്റ്റമറുമായി നേരിട്ട് ബന്ധം ഉള്ള ഒരേ ബ്രാഞ്ചിലെ കേവലം 2 ആളുകളുടെ മാത്രം കയ്യിൽ ആയി പോയതാണ് ആദ്യ തെറ്റ്. കസ്റ്റമറുടെ കയ്യിൽ നിന്നും ബാങ്ക് നിയമപ്രകാരം വാങ്ങേണ്ട എല്ലാ കാര്യങ്ങളും അതിന്റെ ഡ്യൂ ഡെലിജെൻസ് എല്ലാം ഈ രണ്ടു പേരുടെ മാത്രം ഉത്തരവാദിത്വം ആയതാണ് കാര്യങ്ങൾ എളുപ്പം ആക്കിയത്. ഇവരെ ആകട്ടെ നിയമം മറികടന്നു 7 വർഷമായി ട്രാൻസ്ഫർ ചെയ്തിട്ടേ ഇല്ല. സാധാരണ ഇത്തരം പോർട്ട് ഫോളിയോ കൈകാര്യം ചെയ്യുന്ന ആളുകളെ ഒരേ ബ്രാഞ്ചിൽ 3 വർഷത്തിൽ കൂടുതൽ ഒരു ബാങ്കും ഇരുത്തുക പതിവില്ല. പക്ഷെ ഇവിടെ അതും നടന്നു എന്നതാണ് രസകരം.
 
മറ്റൊരു ബാങ്കിൽ ഈ ഇടപാട് എങ്ങനെ നടക്കും എന്ന് നോക്കാം… കസ്റ്റമർ LOU തുറക്കാൻ ആയി എത്തുന്നു. ബ്രാഞ്ചിലെ ബാങ്ക് അധികൃതർ അതിന്റെ നിയമവശങ്ങൾ പൂർത്തിയാക്കി വേണ്ട സെക്യൂരിറ്റിയും മാർജിൻ മണിയും ഉറപ്പു വരുത്തി LOU ഓപ്പൺ ചെയ്യാനും SWIFT മെസേജ് അയക്കാനും അവരുടെ CENTRALISED ബാക്ക് ഓഫീസിലേക്ക് ഫോർവേഡ് ചെയ്യുന്നു. ഫോറിൻ എക്‌ചേഞ്ച് ബാക്ക് ഒഫീസിൽ ഉള്ളവർ ബ്രാഞ്ചിൽ നിന്ന് അയച്ച വിവരങ്ങൾ ശരിയാണോ എന്ന് കോർ ബാങ്കിങ് സിസ്റ്റത്തിൽ പരിശോധിക്കുന്നു. സെക്യൂരിറ്റി ഐഡി പരിശോധിക്കും, മാർജിൻ ഡെപ്പോസിറ്റ് ഉറപ്പു വരുത്തും. എന്നിട്ട് എല്ലാ കാര്യങ്ങളും ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ LOU ഇഷ്യൂ ചെയ്തു കൊണ്ട് SWIFT മെസേജ് വിദേശത്തേക്ക് അയക്കുകയുള്ളൂ. ബാക്ക് ഓഫീസിൽ ലഭിക്കുന്ന ഫയലുകൾ അവിടെ ഉള്ള അനേകം പേർക്ക് റാൻഡം ആയി ആണ് കിട്ടുന്നത്. അതായത് ഇന്ന് ഒരു ബ്രാഞ്ചിന്റെ ഇടപാട് ചെയ്ത ആൾ ആയിരിക്കില്ല നാളെ ചെയ്യുക. അത് മാത്രമല്ല ബാക്ക് ഓഫീസിലെ ജീവനക്കാർക്ക് കസ്റ്റമേഴ്‌സുമായി ഒരു സ്ഥലത്തും നേരിട്ട് ബന്ധം വരുന്നേ ഇല്ല. അപ്പോൾ അവരുടെ അറിവോ ചെക്കിങ്ങോ ഇല്ലാതെ ഒരു തെറ്റായ ഫോറിൻ എക്‌ചേഞ്ച് ഇടപാടും സംഭവിക്കില്ല. ഇനി തെറ്റ് പറ്റിയാൽ പോലും മൾട്ടിപ്പിൾ ചെക്കുകൾ ഉള്ളത് കൊണ്ട് ഏതെങ്കിലും ഒരു പോയിന്റിൽ അത് പിടിക്കും. മാത്രമല്ല ഇതെല്ലം വേറെ വേറെ സംസ്ഥാനങ്ങളിൽ തന്നെ വേറെ വേറെ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റുകൾ ആയതു കൊണ്ട് രണ്ടിടത്തും രണ്ടു സമയത്തു ഇന്സ്പെക്ഷനും ഓഡിറ്റും എല്ലാം നടക്കും. ബ്രാഞ്ചിൽ ഉള്ളവർക്ക് ബാക്ക് ഓഫീസിലും ബാക്ക് ഓഫീസിൽ ഉള്ളവർക്ക് ബ്രാഞ്ചിലെ കാര്യങ്ങളിലും ഒരു വിധത്തിലും സ്വാധീനം ചെലുത്താൻ സാധിക്കില്ല.. എന്നിരുന്നാലും കഴിഞ്ഞ 7 വർഷമായി ഇത്തരം ഒരുവലിയ തുകയുടെ ഫ്രോഡ് നടന്നിട്ടും മാനേജ്‍മെന്റ് തലത്തിലോ റീജിയണൽ സോണൽ തലത്തിലോ ഒരു കുഞ്ഞു പോലും ഇതൊന്നും കണ്ടു പിടിച്ചില്ല എന്നതും സംശയം ഉളവാക്കുന്നു,. കൂടുതൽ PNB അധികൃതർ കുടുങ്ങിയാലും അദ്‌ഭുതപ്പെടേണ്ട ആവശ്യമില്ല.. ഇന്ത്യയിലെ ഏതാണ്ട് 90% ബാങ്കുകളിലും ഇത്തരം കൃത്യതയാർന്ന ബാങ്കിങ് സംവിധാനങ്ങൾ ഉറപ്പു വരുത്തുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു ബാങ്കുകളിൽ ഒന്നായ PNB യിൽ കാര്യങ്ങൾ ഇത് പോലെ കുത്തഴിഞ്ഞ രീതിയിൽ ആണെന്ന് ഉള്ള അറിവ് ഞെട്ടിക്കുന്നു. 90% ബാങ്കുകളും ഡ്യൂ ഡെലിഗെൻസും കംപ്ലയൻസസും പക്കാ ആക്കി മുന്നോട്ട് പോവുമ്പോൾ ഇത്തരം കെടുകാര്യസ്ഥത ബാങ്കിങ് രംഗത്തിന്റെ വിശ്വാസ്യത തകർക്കും എന്നതിൽ സംശയം വേണ്ട. PNB യുടെ ക്രെഡിറ്റ് റേറ്റിങ് കുത്തനെ കുറക്കാൻ ഇതിൽ പരം ഒരു കാരണം വേണ്ട. PNB യുടെ ഷെയർ വില ഇപ്പോഴേ താഴെ പോയി ഏതാണ്ട് 8000 കോടിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നഷ്ടപ്പെട്ടു കഴിഞ്ഞു 2 ദിവസം കൊണ്ട്.
 
നിലവിൽ ഒരു സേവിങ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പോലും ഇത്തരം കേന്ദ്രീകൃത ബാക്ക് ഓഫീസുകൾ ആണ് ഒരു വിധം എല്ലാ ബാങ്കുകളിലും പ്രവർത്തിക്കുന്നത്. മിക്കവാറും ബാങ്കുകളിൽ ഇതെല്ലാം RBI , FEMA ഇടപെടലുകൾ മൂലം കഴിഞ്ഞ 4 വർഷങ്ങൾക്കുള്ളിൽ ആണ് ഉണ്ടായിട്ടുള്ളത് എന്നതും സത്യമാണ്. ബാങ്കിങ് രംഗത്തു കനത്ത ക്ലെൻസിംഗ് നടക്കുന്നത് 2014 ലെ മോഡി സർക്കാരിന്റെ വരവോടെ ആണ്. AQR അസറ്റ് ക്വാളിറ്റി റിവ്യൂ ഇനി കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന FRDI ബില്ല് , NPA & STRESSED ASSET MANAGEMENT എല്ലാം ഈ സാമ്പത്തിക രംഗം വൃത്തയാക്കുന്നതിന്റെ ഭാഗം തന്നെയാണ്. UPA സർക്കാരിന്റെ ഏറ്റവും വലിയ അഴിമതി 2G യും കൽക്കരി കുംഭകോണവും കോമൺവെൽത് അഴിമതിയും ഒന്നുമല്ല ബാങ്കുകളിലെ NPA ക്രമക്കേട് ആണ് എന്ന് മോഡി CA ക്കാരുടെ ഓൾ ഇന്ത്യ സമ്മേളനത്തിൽ പറഞ്ഞത് സത്യമാണെന്നു തെളിവ് സഹിതം പുറത്തു വന്നു കൊണ്ടിരിക്കുന്നു. മുൻ കാലങ്ങളിൽ നടന്ന വലിയ വലിയ ബാങ്കിങ് ഫ്രോഡുകൾ ഓരോന്നായി പുറത്തു ചാടുന്നതും അത് കൊണ്ട് തന്നെയാണ്. റെജിസ്ട്രർ ഓഫ് കമ്പനീസിൽ നിന്ന് ഏതാണ്ട് 4 ലക്ഷം പേപ്പർ കമ്പനികൾ ആണ് നോട്ടു നിരോധനത്തിന് ശേഷം കണ്ടെത്തിയത്. അതിലൂടെ നടന്നത് ലക്ഷം കോടിയുടെ ഇടപാടുകളും. കുളം വൃത്തിയാക്കാൻ കുളത്തിൽ ഇറങ്ങുകയേ നിവൃത്തിയുള്ളൂ..

CBI യുടെ FIR പ്രകാരം നീരവ് മോദിയുടെ തട്ടിപ്പിനു ആധാരമായ നിലവിൽ ഉള്ള LOU എല്ലാം ഇഷ്യൂ ചെയ്തിരിക്കുന്നത്‌ 2016 – 17 ലാണ് അത്രേ. വളരെ ശരിയാണ്… !!! :

നീരവ് മോഡി LOU ഉപയോഗിച്ചു വിദേശത്തുള്ള ബാങ്ക് ശാഖകളിൽ നിന്നു ഫിനാൻസ് വാങ്ങിയത് വിദേശത്തു നിന്നു സ്റ്റോക്ക് ( സ്വർണ്ണം , വജ്രം, റോ സ്റ്റോണ്സ് ) ഇറക്കുമതി ചെയ്യാൻ ആണ്. സ്റ്റോക്ക് ഇറക്കുമതി ചെയ്യുന്നതിന് LOU ഉപയോഗിച്ചു BUYERS CREDIT എടുക്കുമ്പോൾ FEMA ആക്റ്റ് (FOREIGN EXCHANGE MANAGEMENT ACT 1999 പ്രകാരവും RBI നിയമ പ്രകാരവും ഏറ്റവും കൂടിയ കാലാവധി 360 ദിവസം മാത്രമാണ്.. അതിനുള്ളിൽ ബയേഴ്‌സ് ക്രെഡിറ്റ് ക്ലോസ് ചെയ്തു പേയ്മെന്റ് ചെയ്യണം. 90 ദിവസത്തേക്ക് ആണ് ഓപ്പണ് ചെയ്‍തത് എങ്കിൽ തുടർന്ന് അതു റോൾ ഓവർ ചെയ്തു 360 ദിവസം വരെ ഉപയോഗിക്കാം…അതായത് എല്ലാ ബാങ്കിലെയും LOU OUTSTANDING എടുത്താൽ കഴിഞ്ഞ ഒരു വർഷതിനുള്ളിൽ കൊടുത്ത LOU മാത്രമേ ലൈവായി ഉണ്ടാകൂ…
പക്ഷെ ക്യാപ്പിറ്റൽ ഗുഡ്സ്, ഹെവി മെഷണറി, നീണ്ട കാലത്തെ ഉപയോഗത്തിന് ഉള്ള മെഷീനുകൾ എല്ലാം ഇറക്കുമതി ചെയ്യുമ്പോൾ 3 വർഷത്തെ കാലാവധി കൊടുക്കും. ഒരു ആശുപത്രി ഒരു സ്കാനിങ് മെഷീൻ ജപ്പാനിൽ നിന്നു ഇറക്കുമതി ചെയുന്നു, അതിനു 3 വർഷം വരെ സമയം ലഭിക്കും. കാരണം നിയമപ്രകാരം അതു ആശുപത്രിയുടെ അസ്സറ്റ് ആണ്. FIXED ASSET. വേണമെങ്കിൽ വീണ്ടും അതിന്റെ തിരിച്ചടവ് കാലാവധി extend ചെയ്യാനും സാധിക്കും.
പക്ഷെ ഒരു തടി മില്ലുടമ തേക്ക് തടി ഇറക്കുമതി ചെയ്താൽ അത് അയാളുടെ സ്റ്റോക്ക് ആണ്. മറിച്ചു വിൽക്കാനായി വാങ്ങുന്ന ഉൽപ്പന്നം. അതിനു 360 ദിവസം ആണ് പരമാവധി സമയം. കാരണം ആ സമയം കൊണ്ട് ഉൽപ്പന്നം വിറ്റു പണം കച്ചവടക്കാരന്റെ പെട്ടിയിൽ വീഴും.. അതെടുത്തു പേയ്മെന്റ് ചെയ്യാം.. അങ്ങനെ ആ ശൃംഖല ആവർത്തിച്ചു കൊണ്ടിരിക്കും.

നീരവ് മോഡി ഇറക്കുമതി ചെയ്യുന്ന സ്റ്റോക്ക് ( സ്വർണ്ണം , വജ്രം, റോ സ്റ്റോണ്സ് ) resale നു വേണ്ടി ആണ്. അത് CURRENT ASSET ആണ് FIXED ASSET അല്ല. അതിനു വേണ്ടി മുടക്കുന്ന തുക ക്യാപ്പിറ്റൽ expenses അല്ല. അങ്ങനെ വരുമ്പോൾ മുകളിൽ പറഞ്ഞ പോലെ നീരവ് മോദിക്ക് 360 ദിവസത്തിനകം expire ആവുന്ന ബില്ലിന്റെ പേയ്മെന്റ് നടത്തിയെ മതിയാകൂ… അപ്പോൾ നീരവ് മോഡി എന്തു ചെയ്യും. ഇറക്കുമതി ചെയ്‌ത വജ്രം വിറ്റ പണം കൊണ്ട് വന്നു അടക്കുമോ ?
ഇല്ല. നീരവ് മോഡി എന്തു ചെയ്യും. പുതിയ LOU കൊടുത്തു കൊണ്ടു പുതിയ ബയേഴ്‌സ് ക്രെഡിറ്റ് എടുത്തു പണം കൊണ്ട് വന്നു പഴയത് ക്ളോസ് ചെയ്തു കളയും.. അപ്പോൾ EXPIRE ആയ ബയേഴ്‌സ് ക്രെഡിറ്റ് ക്ളോസ് ചെയ്തു നീരവ് മോദിയുടെ പണവും പോയിട്ടില്ല. ഇതാണ് അയാൾ 2010 മുതൽ ചെയ്തു പോരുന്നത്. റോളിംഗ് ആൻഡ് റോളിംഗ് ആൻഡ് റോളിംഗ്. പക്ഷെ ഇത് ചെയ്തു കൊടുത്തിരുന്ന PNB യിലെ ഗോകുലനാഥ് ഷെട്ടി ബാങ്കിൽ നിന്ന് വിരമിച്ചപ്പോൾ ഈ റോളിംഗ് നിന്നു പോയി. അതോടെ എല്ലാ കള്ളക്കളികളും പുറത്തായി.

അപ്പോൾ FEMA ACT , പിന്നെ ബാങ്കിങ് നിയമം അനുസരിച്ചു CBI യുടെ FIR പൂർണ്ണമായും ശരിയാണ്. അത് തെറ്റായിരുന്നു എങ്കിൽ നീരവിനെ വളരെ മുന്നേ പിടിച്ചേനെ. ബില്ലുകൾ കൃത്യ സമയത്തു തന്നെ റോളിംഗ് നടത്തി പേയ്മെന്റ് ഹോണർ ചെയ്‍തത് കൊണ്ടാണ് നീരവിന്റെ ഏജന്റ് ഗോകുൽ നാഥ് ബാങ്കിലെ ഒരു ഇൻസ്പെക്ഷനിലും ഓഡിറ്റിങ്ങിലും പിടിക്കപ്പെടാതെ ഇരുന്നത്…

 
ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും വേഗത്തിൽ ഉള്ള റിക്കവറി നടപടികൾ :
 
ജനുവരി 16 2018 നു ബാങ്കിന്റെ ബ്രഡി ഹൌസ് ശാഖയിലെ ഉദ്യോഗസ്ഥർക്ക് റിട്ടയർ ആയ ബാങ്ക് ഓഫീസർ ഗോകുൽ ഷെട്ടിയും സഹായി കാരാട്ടും ചേർന്ന് നടത്തിയ ഫ്രോഡിന്റെ തുമ്പു ലഭിക്കുന്നു. പ്രാഥമിക നിഗമന പ്രകാരം ബാങ്ക് 250 കോടിയുടെ ഫ്രോഡ് കേസ് രജിസ്റ്റർ ചെയ്യുന്നു. സംഭവം RBI ക്കും കേന്ദ്ര ധനകാര്യ മണ്ടരാലയത്തിനും ഉടനടി വിവരം ലഭിക്കുന്നു. ജനുവരി അവസാനം സിബിഐ പൂർണ്ണമായും കേസ് ഏറ്റെടുക്കുന്നു. കൂടെതന്നെ – കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലെ (ED) എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ടീം രംഗത്തെത്തി. അവരുടെ കൂട്ടായ ഓഡിറ്റിങ്ങിൽ മൊത്തം ഫ്രോഡ് ഏകദേശം 11,400 കോടി രൂപയാണ് ഉള്ളതെന്നും 30 ബാങ്കുകളെ ഈ ഫ്രോഡ് ബാധിക്കാൻ സാധ്യത ഉണ്ടെന്നും വിലയിരുത്തുന്നു. PNB അടക്കമുള്ള 31 ബാങ്കുകളുടെ ബുക്കുകളിൽ ഫ്രോഡ് റിപ്പോർട്ടിങ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഡബിൾ പ്രൊവിഷനിങ് ഒഴിവാക്കാൻ കേന്ദ്ര സർക്കാരും RBI യും PNB യോട് എല്ലാ ക്ലെയിമുകളും സമയാസമയങ്ങളിൽ വീഴ്ച കൂടാതെ തീർക്കാൻ ആവശ്യപ്പെടുന്നു. അപ്പോൾ PNB യുടെ മാത്രം ബുക്കുകളിൽ ഇത് ഒതുങ്ങി നിൽക്കും. ബാങ്ക് ടു ബാങ്ക് കമ്മിറ്റ്മെന്റ് എന്ന ബാങ്കുകളുടെ അടിസ്ഥാന തത്വവും പാലിക്കപ്പെടും. ബാങ്കിങ് രംഗത്ത് ബാങ്കുകൾ പരസ്പരം സഹകരിക്കാത്ത സ്ഥിതി വന്നാൽ, പരസ്പരം സഹകരിക്കാതെ സ്ഥിതി വന്നാൽ , ഇന്ത്യൻ ബാങ്കിങ് രംഗം തകരും എന്ന് മാത്രമല്ല ഇന്ത്യൻ സാമ്പത്തിക രംഗവും, സ്റ്റോക്ക് മാർക്കറ്റുകളും എല്ലാം തകർന്നു കൂപ്പു കുത്തും. എല്ലാ ക്ലെയിമും വീഴ്ച കൂടാതെ തീർക്കണം എന്ന് കേന്ദ്ര സർക്കാർ നിർദേശം കൊടുത്തത് ഈ തകർച്ച ഒഴിവാക്കാൻ വേണ്ടി ആണ്.
 
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിബിഐ , ED , ആദ്യനികുതി വകുപ്പ് എല്ലാവരും ചേർന്ന് 11400 കോടിയുടെ ഫ്രോഡിൽ 10003.39 കോടി രൂപയുടെ സ്റ്റോക്ക്, സ്വത്തു വകകൾ കണ്ടു കെട്ടി. അതിൽ പെട്ടെന്ന് റിയലൈസ് ചെയ്യാൻ കഴിയുന്ന സ്വർണ്ണം , രത്‌നം എന്നിവയുടെ കണക്കു 5100 കോടി രൂപയാണ്. ഇന്ത്യ ഒട്ടാകെയുള്ള നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ നിന്ന്, വീടുകൾ ബന്ധു ഗൃഹങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത് 4900 കോടി രൂപയാണ്. ബാക്കി തുക ബാങ്കുകളിൽ പണമായി സൂക്ഷിച്ചിരിക്കുന്ന എപ്പോൾ വേണണെമെങ്കിലും കണ്ടു കെട്ടാവുന്ന നിക്ഷേപം ആണ്. ഇനി കേവലം 1000 ത്തിൽ ശിഷ്ടം കോടിയുടെ ബാധ്യത ആണ് ഉള്ളത്. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ ആദ്യം ഒരു അന്വേഷണം പിന്നെ തെളിവ് ശേഖരിക്കൽ പിന്നെ പ്രതികളെ വിസ്തരിക്കൽ, സാക്ഷികളെ വിസ്തരിക്കൽ എല്ലാം കഴിഞ്ഞ ശേഷം റിക്കവറിക്ക് ചെല്ലുമ്പോൾ ആട് കിടന്ന ഇടതു പൂട പോലും കാണില്ല എന്ന അവസ്ഥ ആവും ഫലം. നമ്മൾ മറക്കരുതാത്ത ഒരു കാര്യം ഉണ്ട്. നിയമത്തിന്റെ എല്ലാ കുരുക്കുകളും തുറക്കുന്ന എല്ലാ ലൂപ്പ് ഹോളുകളും ഉപദേശിക്കുന്ന ഹൈലി പെയ്ഡ് വക്കീൽ വവ്വാലുകളെ തീറ്റി പോറ്റുന്ന ആളാണ് നീരവ് മോദി .അത് കൊണ്ട് തന്നെയാണ് 2014 നു മുന്നേ നടന്ന പല നികുതി , റെവന്യൂ വെട്ടിപ്പ് കേസിലും നീരവ് മോഡി പുല്ലു പോലെ ഊരി പോന്നത്. പക്ഷെ അവർക്കാർക്കും ഇവിടെ അനങ്ങാൻ ഉള്ള ഒരു അവസരം പോലും കിട്ടിയിട്ടില്ല.. 2014 മുന്നേ നീരവ് മോദിയും മല്യയും പോലെ ഉള്ളവരുടെ സ്വർഗ്ഗം ആയിരുന്നു ഇന്ത്യൻ സാമ്പത്തിക -ബാങ്കിങ് രംഗം എങ്കിൽ ഇന്ന് ഇത്തരക്കാർ ഓരോരുത്തരായി പിടിക്കപ്പെടുന്ന കാഴ്ച ആണ് കാണുന്നത്..
 
മാത്രമല്ല നീരവ് മോഡി , അമ്മാവനും ബിസിനസ്സ് പങ്കാളിയും ആയ മുകുൾ ചോക്‌സി , ഭാര്യ ആമി മോഡി , മകൻ എന്നിവരുടെ പാസ്സ്പോർട്ടുകൾ കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം റദ്ദ് ചെയ്തു കഴിഞ്ഞു. ഇനി ഈ നാല് പേര് ലോകത്തു ഏതു വിമാനത്താവളത്തിൽ ഇമിഗ്രെഷൻ ചെക്കിൽ വന്നാലും അപ്പോൾ ഇന്ത്യക്ക് വിവരം ലഭിക്കും..
 
PNB ഫ്രോഡിന്റെ രാഷ്ട്രീയം :
 
രാജ്യം കത്തുമ്പോൾ കഴുക്കോൽ ഊരുന്ന പാരമ്പര്യം ആണല്ലോ കോൺഗ്രസ് പാർട്ടിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എല്ലാം ഉള്ളത്. നീരവ് മോഡി യിലെ മോഡി എന്ന ഗുജറാത്തിലെ സർനെയിം വച്ച് ചോട്ടാ മോഡി എന്ന് വിളിച്ചു വിഷയത്തെ ബിജെപി യുമായി ബന്ധപ്പെടുത്താൻ ശ്രമിച്ച കോൺഗ്രസിന് ബൂമറാങ് പോലെ ആയി ഇപ്പോൾ PNB ഫ്രോഡ് കേസ്. 2010 മുതൽ നടക്കുന്ന നീരവ് മോദിയുടെയും അമ്മാവൻ മേഹുൽ ചോക്‌സിയുടെയും അനധികൃത സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ 2013 സെപ്റ്റംബറിൽ തന്നെ RBI ക്കു കത്ത് മുഖേനയും ഇമെയിൽ വഴിയും അറിയിച്ചിരുന്നതിന്റെ തെളിവുകളും ആയി അലഹബാദ് ബാങ്കിന്റെ മുൻ ഡയറക്ടർ ദിനേശ് ദുബേ രംഗത്തെത്തിയത് മോദിക്ക് മേൽ പഴി ചാരൻ നിന്നവർക്ക് അടിയായി.. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിലും , ഇന്റർനെറ്റിൽ സത്യം അറിയാൻ ഒരു വിരൽ സ്പര്ശം മതി എന്നതും വിനയായി…പല ബാങ്കുകളും ബാങ്ക് അധികൃതരും സർക്കാർ ലോബിയും ചേർന്ന് വിജയ് മല്യ നടത്തിയ മുഴുവൻ അനധികൃത സാമ്പത്തിക ഇടപാടുകളും നടന്നത് UPA സർക്കാരിന്റെ ഭരണ കാലത്താണല്ലോ. പിന്നീട് ബിജെപി സർക്കാർ വന്നതോടെ മല്ല്യയ്ക്ക് പിടിച്ചു നിൽപ്പ് അസാധ്യമായി. അത് പോലെ തന്നെ അലഹബാദ് ബാങ്ക് മുൻ ഡയറക്ടർ ദിനേശ് ദുബൈക്കും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. നീരവ് മോദിക്ക് ഒപ്പം കൂട്ട് പ്രതിയായ അമ്മാവൻ മുകുൾ ചോക്‌സിക്ക് ലോൺ കൊടുക്കാൻ സർക്കാർ ബാങ്കായ അലഹബാദ് ബാങ്കിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ദിനേശ് ദുബെ സ്ഥാനം ഒഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ബാങ്ക് ഉന്നത അധികാരികളും ആയി ചേർന്നാണല്ലോ UPA കാലഘട്ടത്തിൽ മല്യയും ലോൺ നേടിയത്. പിന്നീട് SBI യുടെയും IDBI യുടെയും ഉന്നത അധികാരികളെ തന്നെ അന്വേഷണം നടത്തി പുറത്താക്കുകയുണ്ടായല്ലോ.. ദുബെ പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ആണ് ഇതെല്ലാം ..
 
ദാവോസിൽ പ്രധാനമന്ത്രി മോദിക്കൊപ്പം നീരവ് മോഡി :
 
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രധാനമന്ത്രി മോദിയുടെ ഒപ്പം 50 പേരിൽ ഒരാളായി നിന്നെടുത്ത ഫോട്ടോ കാണിച്ചു കൊണ്ട് നീരവ് മോദിയെനരേന്ദ്ര മോദിയുടെ കയ്യാളാക്കാൻ ശ്രമിച്ച കോൺഗ്രസ് മണിക്കൂറുകൾക്കുള്ളിൽ നാറി നാണം കെട്ടു. ദാവോസിൽ നടന്ന സാമ്പത്തിക ഫോറം മീറ്റിങ്ങിൽ ലോകം മുഴുവൻ ജ്വല്ലറികൾ ഉള്ള നീരവ് മോഡിക്ക് ഏതാനും ഡോളറുകൾ നൽകി ഒരു രജിസ്‌ട്രേഷൻ എടുത്തു ഉള്ളിൽ കയറാൻ എന്ത് ബുദ്ധിമുട്ടാണ് ആണ് ഉണ്ടാവുക. അത് മാത്രമല്ല ദാവോസിലെ സാമ്പത്തിക ഫോറം മീറ്റിങ് നടത്തിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ അസ്സോസിയേറ്റ് സ്ഥാപനം ആയ ഷ്വാബ് ഫൗണ്ടേഷന്റെ പാർട്ണർ ആണ് നീരവ് മോഡിയുടെ സ്വന്തം സ്ഥാപനം ആയ ഫയർ സ്റ്റാർ ഡയമണ്ട് (FIRESTAR DIAMOND ). നീരവ് മോദിയുടെ രത്‌നത്തിന്റെ ആവശ്യക്കാർ യൂറോപ്പിലും ഗൾഫിലും അമേരിക്കയിലും ചൈനയിലും എല്ലാം ഉണ്ട്. എന്തിനേറെ അമേരിക്കൻ സായുധ സൈന്യം വരെ നീരവ് മോദിയുടെ കസ്റ്റമർ ആണ്.. അങ്ങനെ ഉള്ള ആൾക്ക് ആണോ ദാവോസിൽ WEF ന്റെ ഒരു പരിപാടിക്ക് ബിസിനസ്സ് പ്രമുഖൻ എന്ന നിലക്ക് ഔദ്യോഗിക ക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് .കഷ്ടം തന്നെ മാധ്യമ – രാഷ്ട്രീയ മുതലെടുപ്പ്കാരെ… നരേന്ദ്ര മോഡി എവിടെ ഔദ്യോഗിക യാത്ര പോയാലും അദ്ദേഹത്തെ അനുഗമിക്കുന്ന PMO യിലെ 10 അംഗങ്ങളും, സെക്യൂരിറ്റി സ്റ്റാഫും , സർക്കാരിന്റെ പ്രത്ത്യേക പ്രതിനിധികളായ സർക്കാർ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമ പ്രവർത്തകരും ആണ് മോദിയെ അനുഗമിക്കുക.. അല്ലാതെ മോദിയുടെ ടീമിൽ ഒരിക്കലും ഒരു ബിസിനസ്സുകാരും ഒരു വിദേശ യാത്രക്കും ഉണ്ടാകാറില്ല. അങ്ങനെ ദാവോസിലെ പരിപാടിയ്ക്കിടെ ഇന്ത്യയിൽ നിന്ന് വന്ന സർക്കാർ പ്രതിനിധികളും അവിടെ വന്ന എല്ലാ പ്രമുഖ ഇന്ത്യൻ ബിസിനസ്സ്കാരുടെയും കൂടെ ഒരുമിച്ചുള്ള ഒരു പടം എടുക്കട്ടേ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മോഡി ഫോട്ടോക്ക് പോസ്സ് ചെയ്തു എന്ന് മാത്രം. അല്ലാതെ മോദിക്കൊപ്പം നീരവ് മോഡി ഉണ്ടായിരുന്നു എന്നൊക്കെ വെറുതെ പറഞ്ഞു സന്തോഷിക്കാം എന്നല്ലാതെ വേറെ ഒരു ഗുണവും ഉണ്ടാവില്ല.. ഇനി ബാങ്കിങ് രംഗത്ത് നിന്നും ആ ചിത്രത്തിൽ ICICI ബാങ്ക് CEO ചന്ദ കൊച്ചാർ ഉണ്ടായിരുന്നു, കോട്ടക് ബാങ്കിന്റെ ഉദയ് കോട്ടക് ഉണ്ടായിരുന്നു, യെസ് ബാങ്കിന്റെ റാണ കപൂർ ഉണ്ടായിരുന്നു, SBI യുടെ ചെയർമാൻ രജനീഷ് കുമാർ ഉണ്ടായിരുന്നു.. ഇവരൊക്കെയും അപ്പോൾ നീരവ് മോദിയുടെ ആളുകൾ ആയിരിക്കുമല്ലോ.. അവിടെ നീരവ് മോദിക്കൊപ്പം നിൽക്കുന്ന ലക്ഷ്മി മിത്തൽ എന്ന ലോകോത്തര ബിസിനസ്സ്മാൻ നീരവ് മോദിയുടെ അളിയൻ ആവുമല്ലോ അപ്പോൾ.
 
ഈ രാഷ്ട്രീയ നാടകം ദാരുണമായി പൊളിഞ്ഞതോടെ കോൺഗ്രസിന്റെ സുർജേവാല അടുത്ത ഉണ്ടയില്ല വെടിയുമായി ഇറങ്ങി. 2016 ൽ PNB ബാങ്ക് ഫ്രോഡിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു അത്രേ.പക്ഷെ കത്ത് മോദിയുടെ ഓഫീസ് കാര്യമായി എടുത്തില്ല അത്രേ. ബാംഗ്ലൂരിൽ ഉള്ള ഹരിപ്രസാദ് എന്നയാളാണ് മോദിക്ക് കത്തയച്ചു PNB ഫ്രോഡിനെ കുറിച്ചു പറഞ്ഞത് എന്നാണ് സുർജേവാല പറയുന്നത്.. പക്ഷെ ഹരിപ്രസാദിന്റെ കത്ത് പുറത്തു വന്നതോടെ അതും പൊളിഞ്ഞു. ഹരിപ്രസാദ് നീരവ് മോദിയുടെ അമ്മാവൻ മുകുൾ ചോക്‌സിയുടെ ജ്വല്ലറിയുടെ ഫ്രാഞ്ചൈസി എടുക്കുന്നു. അതിന് പ്രകാരം 10 കോടിയുടെ സ്വർണ്ണം ഹരിപ്രസാദിന് ചോക്‌സി അമ്മാവൻ കൊടുക്കണം. പക്ഷെ കേവലം 5 കോടി രൂപയുടെ സ്വർണ്ണം മാത്രം കൊടുത്തു ചോക്‌സി അമ്മാവൻ ഹരിപ്രസാദിനെ പറ്റിച്ചു. ഈ വിവരം കാണിച്ചു കൊണ്ട് ഹരിപ്രസാദ് പ്രധാനമന്ത്രിക്കും രജിസ്ട്രാർ ഓഫ് കമ്പനീസും , കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രലയത്തിലേക്കും കത്തയച്ചു. ഇത്തരം കാര്യങ്ങളിൽ നടപടി എടുക്കാൻ വേണ്ടിയുള്ള വകുപ്പാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് അവരുമായി ഉടനെ ബന്ധപ്പെട്ടു പരാതിയുമായി മുന്നോട്ട് പോകാൻ PMO യുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു. അല്ലാതെ അതിൽ ഇപ്പോൾ പറയുന്ന PNB ഫ്രോഡ് കേസോ, LOU വച്ചുള്ള തട്ടിപ്പിനെ കുറിച്ചോ ഒരക്ഷരം പറഞ്ഞിട്ടില്ല.. PNB ഫ്രോഡ് ആദ്യമായി പുറത്തു വരുന്നത് ജനുവരി 16 നു ആണ്. എന്നാൽ മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും നഷ്ടപ്പെട്ട തുകക്കും കുറ്റവാളികൾക്കും എല്ലാം ഉത്തരം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.
 

നാളെ ചുഴലികാറ്റ് വീശിയതിനും , വെള്ളപ്പൊക്കം ഉണ്ടായതിനും , ട്രെയിൻ മറിഞ്ഞതിനും മഴ ലഭിക്കാത്തതിനും മീൻ കിട്ടാത്തതിനും എല്ലാം നരേന്ദ്ര മോഡി കുറ്റക്കാരൻ ആവാൻ സാധ്യത ഉണ്ട്. കാരണം മറ്റൊന്നും അല്ല, വേറെ ഒരു കഴമ്പുള്ള ആരോപണമോ, അഴിമതിയോ, പിടിപ്പുകേടോ ആരോപിക്കാൻ ഇല്ലാത്തതിന്റെ കെറുവ് ഇങ്ങനെ ഒക്കെ തീർക്കാൻ സാധിക്കൂ. പക്ഷെ ഇറക്കുന്ന ഓരോ ആയുധവും തിരികെ നിറം തലക്ക് തന്നെ കൊള്ളുന്ന ദുര്യോഗം ആണ് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും. കാരണം അവർക്ക് എതിരെ നിൽക്കുന്നത് നരേന്ദ്ര മോഡിയാണ് എന്നത് കൊണ്ട് തന്നെ… എന്തൊക്കെ വന്നാലും ഇവർ മനസ്സിലാക്കാത്ത ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. രാജ്യത്തിന് ഒരു ബുദ്ധിമുട്ട് വരുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കാതെ പല്ലു സെറ്റ് വച്ച് ചിരിച്ചു കാണിക്കുന്ന ഏർപ്പാട് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്ന് കോൺഗ്രെസ്സുകാരനും സഖാക്കളും മനസിലാക്കണം… മനസിലാക്കിയാൽ നന്ന്…