സഖാവ് വിജയന്‍ തന്നെ അന്വേഷിക്കട്ടെ

സഖാവ് വിജയന്‍ തന്നെ അന്വേഷിക്കട്ടെ

കേരളത്തില്‍ മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ എഴുതിയ പുസ്‌തകത്തിലെ വിവരണങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുകയാണ്, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പുസ്തകവും അതിലെ ഉള്ളടക്കവും മാതാ അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങാന്‍ പോകുന്ന വേളയില്‍ത്തന്നെ ചര്‍ച്ചാവിഷയമായതിലെ പൊരുള്‍ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട കാര്യമില്ല. അമൃതാനന്ദമയിയുടെ ഇമേജിന് കോട്ടം വരുത്തുക എന്നുള്ളത് തന്നെ. ഒരു സ്ത്രീ സമൂഹത്തില്‍ ആദരിക്കപ്പെടുന്നത് സഹിക്കാന്‍ ആവാത്ത പുരുഷകേന്ദ്രീകൃത സമൂഹവും പുരുഷകേന്ദ്രീകൃത മതങ്ങളും ഈ സ്ത്രീക്കെതിരെ ഇങ്ങനെ ഒരു സമയത്ത് ഈ വിധത്തില്‍ അജണ്ട ക്രമീകരിക്കുക എന്നുള്ളത് അതിശയോക്തി ഉളവാക്കുന്ന കാര്യമല്ല. എങ്കിലും ആരോപണങ്ങള്‍ വന്ന സ്ഥിതിക്ക് അന്വേഷണം ആവശ്യമാണ്. നെല്ലും പതിരും ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.

മുക്കുവസ്ത്രീ മീന്‍വിറ്റ്‌ തന്നെ ജീവിക്കണം എന്നും ആത്മീയ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നുമുള്ള ഫാസിസ്റ്റ് ചിന്തയില്‍ നിന്നും നമുക്ക് ഈ വിഷയം കുറച്ചു കൂടി ബൃഹത്തായി ചിന്തിച്ച് അതിനുള്ള പരിഹാരം കാണാന്‍ ശ്രമിക്കാന്‍ സാധിക്കുമോ എന്നു പരിശോധിക്കാം.

pinarayi and bishapമാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ പുത്തരിയില്ല. എങ്കിലും ഈയ്യടുത്ത് ഉയര്‍ന്നു വന്ന വിവാദം സത്നാം സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ്. സത്നാം സിംഗ് ബിസ്മില്ലാ വിളിച്ച് വന്നു ആക്രോശത്തോടെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സത്നാം സിംഗിന്റെ മാനസിക വിഭ്രാന്തിയുടെ പൂര്‍വചരിത്രം അറിയാത്ത ചില ഭക്തര്‍ അദ്ദേഹത്തെ തടയുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പൂര്‍ണ്ണ ആരോഗ്യവാനായ സത്നാം സിംഗ് പോലീസ് വണ്ടിയിലേക്ക് നടന്നു കയറി പോയതും അയാള്‍ പോലീസ് സ്റ്റേഷനില്‍ നില്ക്കുന്നതുമായ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്.പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് സത്നാം സിംഗ് ദൂരൂഹമായി കൊല്ലപ്പെട്ടു.പോലീസ് അന്വേഷണത്തില്‍ ആശുപത്രിയിലെ ജീവനക്കാരും ചില അന്തേവാസികളും പ്രതികളായി.എങ്കിലും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ മരണവും അതിലെ ദുരൂഹതകളും വീണ്ടും അന്വേഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യത ആണ്.

അതുപോലെ ത്തന്നെയാണ് മറ്റുള്ള സാമ്പത്തികമായ ആരോപണങ്ങളും. അതിനെ കുറിച്ചൊക്കെ അന്വേഷിച്ചു ഇവിടത്തെ ഭരണകൂടം ഒരു ദവളപത്രം പുറത്തിറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് അമ്മയെ സ്നേഹിക്കുന്നവര്‍ക്കും അമ്മയെ വെറുക്കുന്നവര്‍ക്കും നെല്ലും പതിരും മനസ്സിലാകാന്‍ സഹായിക്കുകയും ചെയ്യും. വര്‍ഷങ്ങളോളമായി നടത്തുന്ന അജണ്ടകള്‍ക്ക് ഒരറുതി വരികയും ചെയ്യും.

ഇതേ സാഹചര്യത്തിലാണ് സി.പി.ഐ എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ പിണറായി വിജയന്‍റെ മകള്‍ അമൃതയുടെ വിദ്യാലയത്തില്‍ പഠനം നടത്തി എന്നും ഈ തരത്തിലുള്ള സ്വാമിമാരുടെ സ്വാധീനമുള്ള പഠന ശാലകളില്‍ സ്വന്തം മകളെ അയക്കുന്നത് ധാര്‍മികമായി ശരി ആണോ എന്നുള്ള ചോദ്യങ്ങളൊക്കെ മാറ്റി നിര്‍ത്തിക്കൊണ്ട് നമുക്ക് ശ്രീ പിണറായി വിജയന്‍ നടത്തിയ മുന്‍ അന്വേഷണത്തെ കുറിച്ച് ഒന്ന് പരിശോധിക്കാം.

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനെതിരെ വന്‍ ആരോപണങ്ങള്‍ വന്നതിനെതുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ 2006 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പോലീസ് ധ്യാനകേന്ദ്രത്തില്‍ റെയ്ടു നടത്തി.ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ 2007ജനുവരിയില്‍  പിണറായി വിജയന്‍ ധ്യാനകേന്ദ്രം സന്ദര്‍ശിച്ച് അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.പോലീസിനെ ശാസിച്ചുകൊണ്ട് ധ്യാനകേന്ദ്രത്തെ മഹത്തായ ധര്‍മ്മസ്ഥാപനം എന്ന നിലയില്‍ വാഴ്ത്തി.ഇത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കണം എന്നാവശ്യപ്പെട്ടു.സി.ബി.ഐയേക്കാള്‍ വലിയ അന്വേഷണ എജന്‍സിയാണ് സിപിഎം എന്ന് കാരാട്ട് സഖാവ് തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ അത് സത്യമായിരിക്കും എന്നു വിശ്വസിക്കണമല്ലോ?.

എന്തൊക്കെയായിരുന്നു അന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 1990 ഇല്‍ സ്ഥാപിതമായ ധ്യാന കേന്ദ്രത്തില്‍ 1991 മുതല്‍ 2000 വരെ 33 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 36 ദുരൂഹ മരണങ്ങള്‍ പോലീസില് റിപോര്‍ട്ട് ചെയ്യപ്പെട്ടു ,2 ലൈംഗിക പീഡനക്കേസുകള്‍ . സ്വഭാവിക മരണങ്ങള്‍ എന്നു പറയപ്പെടുന്ന 974 കേസുകള്‍ പോലീസില്‍ റിപോര്ട്ടൂ ചെയ്യപ്പെട്ടിട്ടില്ല .വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കോടികളുടെ ഇടപാട്. കോടതിയുടെ പക്കല്‍ എത്തിയ സി‌ഡി യില്‍ അച്ഛന്‍ ഹവാല ഇടപടിലൂടെ ആണെങ്കിലും 20 ലക്ഷം കൈപ്പറ്റാം എന്നു പറയുന്ന ദൃശ്യങ്ങള്‍. കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട വിഷയം ആണെന്ന് പറഞ്ഞു കേരള സര്‍ക്കാര്‍ തടിയൂരി.
ക്രൈം നംബര്‍ 337/2006 കൊരട്ടി പോലീസ് റജിസ്റ്റര്‍ ചെയ്ത നീന ഗോവിന്ദന്‍ എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് അശാസ്ത്രീയമായി ഉപയോഗിച്ച മാനസിക വിഭ്രാന്തിക്കുള്ള മയക്കു സ്വഭാവം ഉള്ള ( stupefying drug).ഇത്തരം മരുന്നുകളുടെ വ്യാപക ഉപയോഗം മൂലം മരണപ്പെട്ടവരും , മാനസിക രോഗികള്‍ ആയവരും നിരവധി ആണെന്ന് അന്തേവാസികളുടെ വാമൊഴികള്‍.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേരള പോലീസ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് അനധികൃതമായി രോഗികളെ പാര്‍പ്പിച്ചിരുന്ന ഏകാന്ത ലോക്കപ്പുകള്‍.അംഗീകാരം ഇല്ലാതെ അനധികൃതമായ് നടത്തിയിരുന്ന മാനസിക രോഗ ചികില്‍സ. ചികില്‍സിക്കുന്നവരില്‍ പലര്‍ക്കും വേണ്ടത്ര യോഗ്യത ഇല്ല എന്നും കണ്ടെത്തി.

ക്രൈം നംബര്‍ 265/2006. 26 വയസ്സുണ്ടായിരുന്ന രാമസ്വാമിയുടെ മകന്‍ കണ്ണന്‍ എന്ന തിരുവനന്തപുരം സ്വദേശി 15/6/2006 ഇല്‍ ധ്യാന കേന്ദ്രത്തിലെ ബോയിലറില്‍ വീണു മരിച്ച സംഭവം. ലോക്കല്‍ പോലീസ് ആത്മഹത്യ എന്നു എഴുതി തള്ളിയ കേസ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നു ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു ഇപ്പോള്‍ കേരള പോലീസ് പുനര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു…………………..

crl.pp.57929/05 തലശ്ശേരി സ്വദേശിനി മിനി വര്‍ഗീസ്‌ സംസ്ഥാന വനിതാ കമ്മിഷന്‍ ഇല്‍ നല്കിയ പരാതിയില്‍ 2003 ഇനും 2005 ഇനും ഇടയില്‍ ധ്യാന കേന്ദ്രത്തില്‍ താമസിച്ച സമയം പലതവന്‍ ഫാദര്‍ തടത്തില്‍ ,സിസ്റ്റര്‍ നിര്‍മ്മല,വിലോമ്മ എന്നിവരുടെ സഹായത്തോടെ പല തവണ ബലാല്‍സംഗം ചെയ്തു എന്നു പറഞ്ഞിരുന്നു. ബലാല്‍സംഗം നടന്നോ എന്നു തെളിയിക്കാന്‍ മാത്രം തെളിവുകള്‍ ഇല്ലായിരുന്നു.

മുരിങ്ങൂരിലെ അജ്നാത ശവങ്ങള്‍ മറവ് ചെയ്തിരുന്ന കാര്യവേലു 55 വയസ്സ് മരണപ്പെട്ട സാഹചര്യം അന്വേഷിക്കണം എന്ന പരാതിയിലും അന്വേഷണം നടന്നു. ദുരൂഹ സാഹചര്യത്തില്‍ ആശ്രമത്തില്‍ പരിക്കുകള്‍ ഏറ്റു മരിച്ച ഒരു സ്ത്രീയുടെ ശരീരം മറവ് ചെയ്യാന്‍ വേലു വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയത് എന്നായിരുണ് നാട്ടുകാരില്‍ ചിലര്‍ കഥകള്‍ പറഞ്ഞത്. 5/12/2002 മുതല്‍ 31/12/2002 വരെ തലച്ചോറില്‍ ഉണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്ന്നു വേലു ആശുപത്രിയില്‍ ആയിരുന്നു.

ഫാദര്‍ മാത്യു തടത്തിലിന്റെ വലംകൈ ആയിരുന്ന സിബിയുടെ അപകട മരണം സംബന്ധിച്ചു ലഭിച്ച പരാതിയില്‍ അന്വേഷിച്ച പോലീസ് വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ ആരോപണം തെളിയിക്കപ്പെടാതെ അവസാനിപ്പിച്ചു.

മരിയപാലന സമിതി എന്ന പേരില്‍ ധ്യാനകേന്ദ്രത്തോട് അനുബന്ധിച്ച് റജിസ്റ്റര്‍ ചെയ്ത ട്രസ്റ്റ് നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും പരാതികള്‍ ലഭിച്ചു. അന്വേഷണത്തിന് ആവശ്യമായ പല ഫയലുകളും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ലഭ്യമായിട്ടില്ല.

തൃശ്ശൂരിലെ കണ്ണായ സ്ഥലങ്ങളില്‍ ഏകദേശം 121 ഏക്കര്‍ ഭൂമിയും അനുബന്ധ സ്ഥാപനങ്ങളും ധ്യാന കേന്ദ്രത്തിന്റെ പേരില്‍ ഉള്ളതായി പോലീസ് കണ്ടെത്തി. പല ഇടപാടുകളും രാജ്യാന്തര പണമിടപാടുകള്‍ ആയതിനാല്‍ FEMA നിയമത്തിന്റെ പരിധിയില്‍ വരുന്നതാകയാല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്ന ഏജന്‍സി അന്വേഷിക്കണം എന്നു പറഞ്ഞു കേരള പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

(അവലംബം-ശ്രീ ഡി.ബിനുവിന് വിവരാവകാശ നിയമപ്രകാരം പോലീസ് ആസ്ഥാനത്തു നിന്ന് ലഭിച്ച രേഖ).  

എന്നാല്‍ 2011ല്‍ സുപ്രീംകോടതി അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.അതോടെ എല്ലാ വിവാദങ്ങളും തീര്‍ന്നു.


ഇത്രയും വലിയ ഗുരുതരമായ കാര്യങ്ങള്‍ പോലും തെറ്റാണ് എന്നു വിദഗ്ദ്ധമായി ആദ്യമേ അന്വേഷിച്ചു സത്യം കണ്ടെത്തിയ സഖാവ് പിണറായി തന്നെ അമൃതാനന്ദമയി മഠം സന്ദര്‍ഷിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരണം.ആശ്രമത്തിന്റെതല്ലാത്ത രീതികളാണോ അവിടെ നടക്കുന്നത് എന്ന് അദ്ദേഹം തന്നെ അന്വേഷിച്ച് എല്ലാവരെയും അറിയിക്കട്ടെ.വേറെ ഏത് ഏജന്‍സി അന്വേഷിച്ചാലും അന്വേഷണത്തെ സ്വാധീനിച്ചു എന്ന് വീണ്ടും ആരോപണമുയരും.

pinarayi with kanthapuram

പിണറായിയും കാന്തപുരവും

 

 

 

 

 

 

 

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ പിണറായി വിജയന്‍ നേരിട്ടു അന്വേഷണം നടത്തിയത് പോലെ, പോട്ടയിലും, യോഹന്നാന്റെ സാമ്രാജ്യത്തിലും, കാന്തപുരത്തിന്റെ സാമ്രാജ്യത്തിലും, മുസ്ലീം ലീഗിന്റെ തങ്ങള്‍ കുടുംബത്തെക്കുറിച്ചും, വിദേശ പണം വരുന്ന  എല്ലാ സംഘടനകളെക്കുറിച്ചും (മതസംഘടനകള്‍ അടക്കം) അന്വേഷണം നടത്തട്ടെ. സിബിഐയെക്കാളും വിശ്വാസയോഗ്യമായ യോഗ്യനായ സിപിഎമ്മിന്റെ കേരളത്തിലെ സാരഥി സഖാവ് പിണറായി വിജയന്‍ തന്നെ ഇതിനെകുറിച്ചു ജനങ്ങളെ അറിയിക്കട്ടെ. അല്ലെങ്കില്‍ അടുത്തതവണ അധികാരത്തില്‍ വരുമ്പോള്‍ അന്വേഷണം നടത്തുമെണെങ്കിലും പ്രഖ്യാപിക്കട്ടെ.