ഹിന്ദുവിന്റെ ക്ഷേത്രം എന്തിനു മതേതര സര്‍ക്കാര്‍ ഭരിക്കുന്നു?

 

image courtesy : http://www.beingcynical.com/2013/07/how-to-spot-seculars.html

image courtesy : http://www.beingcynical.com/2013/07/how-to-spot-seculars.html

കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സമ്പത്ത് ഉണ്ട് എന്ന് പുറത്തറിഞ്ഞതോട് കൂടി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തോടു എല്ലാ മതേതരന്മാര്‍ക്കും, അവിശ്വാസികള്‍ക്കും ഒരു പ്രത്യേക ഭക്തിയും, ക്ഷേത്രം ഭരിച്ച് ‘നന്നാക്കാനുള്ള’ ത്യാഗ സന്നദ്ധതയും കൂടി-കൂടി വരുന്ന സമയമാണല്ലോ ഇത്. മതേതര രാജ്യത്തിലെ കോടതികള്‍ക്ക് ശേഷം, ഇപ്പോള്‍ മതേതരത്വത്തില്‍ 24 ക്യാരറ്റ് പരിശുദ്ധിയുള്ള കേരളാ സര്‍ക്കാര്‍ ക്ഷേത്രമേറ്റെടുക്കാന്‍ പ്രത്യേക നിയമം രൂപികരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും[1] വന്നുകഴിഞ്ഞു. ശ്രീ പദ്മനാഭക്ഷേത്രത്തിന്റെ കാര്യം എന്നതിലുപരി, പൊതുവില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട ആരാധനാലങ്ങളുടെ നടത്തിപ്പില്‍ ഒരു മതേതര സര്‍ക്കാരിനെന്ത് കാര്യം എന്നതാണ് പ്രസക്തമായ വിഷയം. ഇനി അവകാശ തര്‍ക്കങ്ങള്‍, നടത്തിപ്പിലെ പോരായ്മകള്‍, തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍  സര്‍ക്കാരിടപെട്ടേ മതിയാവൂ എന്നാണെങ്കില്‍, അത് ഹിന്ദുക്കള്‍ക്ക് മാത്രം ബാധകമാണോ?

കുടുംബ ക്ഷേത്രങ്ങളോ, ഗ്രാമ ക്ഷേത്രങ്ങളോ ആയിരുന്ന ഹിന്ദു ആരാധനാലങ്ങള്‍ ആദ്യമായി ബലം പ്രയോഗിച്ച് ഏറ്റെടുക്കല്‍ തുടങ്ങുന്നത്, 1762 ലാണ്. സാമൂതിരിയെ തുരത്തിയ കൊച്ചിരാജാവ്, സാമൂതിയോട് കൂറു പുലര്‍ത്തിയിരുന്ന തറവാട്ടുകാരെയും തുരത്തിയപ്പോള്‍, അവരുടെ ക്ഷേത്രങ്ങളുടെ ഭരണം ഏറ്റെടുക്കകയായിരുന്നു. രാജാവ് പക്ഷേ ഒരിക്കലും മതേതരനോ, അവിശ്വാസിയോ ആയിരുന്നില്ല, ഒരു പക്ഷേ ക്ഷേത്ര ഊരാളന്‍മാര്‍ നാടുവിട്ടതോടെ ക്ഷേത്രകാര്യം നടത്തുന്നതിന് വേണ്ടി ആയിരിക്കാം ഏറ്റെടുത്തത്. പിന്നീട്, 1812 ല്‍, കൊച്ചി-തിരുവിതാംകൂറിന്റെ ദിവാനായ കേണല്‍ മണ്‍റോ സായിപ്പ് എല്ലാ ക്ഷേത്ര വരുമാനവും ഗവണ്‍മെന്റിന്റെതായിരിക്കും എന്നുത്തരവിറക്കി. പിന്നീട് ചില ക്ഷേത്രങ്ങള്‍ ഊരാളാന്‍മാര്ക്ക് വിട്ടു കൊടുക്കയും, മറ്റു പ്രധാന ക്ഷേത്രങ്ങളെല്ലാം ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് ചിലവ്-വരവ് കണാക്കുകള്‍ അറിയിക്കണമെന്ന് ഊരാളന്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ഷേത്രഭരണം തന്നെ ഗവണ്മെന്റ് ഏറ്റെടുക്കുന്നത് 1896 ലെ Cochin Hindu Religious Institutions Act of 1896 നിയമത്തിലൂടെയാണ്, 1897ല്‍ തിരുവിതാംകൂര്‍-കൊച്ചി ഗവണ്‍മെന്റിനു കീഴില്‍ ദേവസ്വം എന്ന വകുപ്പ് തന്നെ ഉണ്ടാക്കി. അതേ സമയം സര്‍വ്വ മത സഹിഷ്ണുത പുലര്‍ത്തിയിരുന്ന ഹിന്ദു രാജാക്കന്‍മാര്‍ മുസ്ലിം, കൃസ്ത്യന്‍ ആരാധനാലയങ്ങളും ഭരിക്കണമെന്ന് വാശീ പിടിച്ചതുമില്ല, അവയുടെ ഭരണത്തില്‍ ഇടപെട്ടതുമില്ല. സ്വാതന്ത്രാനന്തരം പ്രത്യേകം നിയമത്തിലൂടെ (Travancore – Cochin Hindu Religious Institutions Act of 1950) ദേവസ്വം ബോര്‍ഡ് ഒരു ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായി നിലനിര്‍ത്തി. പള്ളികള്‍ സ്വതന്ത്രമായി നിലനില്ക്കുകയും ചെയ്തു.

എല്ലാ ക്ഷേത്രങ്ങള്‍ക്കു കീഴിലും ആയിരക്കണക്കിനു ഏക്കര്‍ കൃഷിസ്ഥലങ്ങളും ഭൂമിയും ഉണ്ടായിരുന്നു. അവയുടെ എല്ലാം അവകാശി, ഇന്ത്യന്‍ ഭരണഘടന പ്രകാരം ‘മൈനര്‍’ ആയ ദേവന്‍ (Diety) ആയിരുന്നു. ഭൂപരിഷ്കരണ നിയമത്തിലൂടെ[2] അവ ഏറ്റെടുത്തപ്പോള്‍, പൊതു ആരാധനാലയങ്ങള്‍ക്ക് വികസനാര്‍ഥം സ്ഥലം ആവശ്യമുണ്ടെങ്കില്‍ അവ തിരിച്ചു അവകാശപ്പെടാം. (sec.14), purchase price ഒന്നിച്ചു നല്‍കുന്നതിനു പകരം അനുസൃതമായി ആന്വിറ്റി ഗവണ്‍മെന്റ് നല്കും. (sec. 63-68) തുടങ്ങിയ നിബന്ധനകള്‍ക്കനുസൃതമായാണ് അവ ഏറ്റെടുത്തത്. അതു കൊണ്ട് തന്നെ, ഈയിടെ, ഹിന്ദു ക്ഷേത്രത്തിന്റെ നയാ പൈസപോലും ഗവണ്‍മെന്റ് എടുക്കുന്നില്ല, അങ്ങോട്ട് ചിലവാക്കുകയാണെന്ന് വീമ്പിളക്കുന്ന, അവിശ്വാസിയായ ബഹു. വി.ടി. ബലറാം MLA ഒന്നു മനസ്സിലാക്കുന്നത് നന്ന്, ഒരു തരത്തില്‍ പറഞ്ഞാല്‍, ഗവണ്‍മെന്റ് ക്ഷേത്രങ്ങളുടെ ഭൂമി വാടകക്കെടുത്തിരിക്കുകയാണ്. നാളെ ഈ നാട്ടിലെ ഭൂരിപക്ഷ ഹിന്ദു വിശ്വാസികള്‍ അവരുടെ ദേവന്റെ മൈനര്‍ സ്വത്തുക്കള്‍ നിയമപ്രകാരം തിരിച്ചവകാശപ്പെട്ടാല്‍ (ഉദാ: അയോദ്ധ്യ കേസ്), ഇവിടെ എന്ത് സംഭവിക്കും എന്ന് പറയേണ്ടല്ലോ. ഹിന്ദു വിശ്വാസികളുടെ സംയമനത്തേയും, സഹിഷ്ണുതയെയും കുത്തി നോവിക്കാതിരിക്കുന്നതാവും എല്ലാവര്‍ക്കും നല്ലത്..

വളരെ കൃത്യമായി, ഒരു വിധത്തിലും ഉള്ള കാര്യങ്ങള്‍ പുറത്തു വരാത്ത വിധം നിര്‍മിച്ച ചോദ്യാവലിയും ഉത്തരവും അടങ്ങിയ RTI രേഖകളൊക്കെ കാണിച്ച്, കേരളത്തിലെ ഗവണ്‍മെന്റ് ക്ഷേത്ര വരുമാനത്തിന്റെ പങ്കുപറ്റുന്നില്ല എന്ന് വാദിക്കുന്നത്, കഴിഞ്ഞ പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്ക്കും, മോഷണങ്ങള്‍ക്കും സോണിയ മാഡം ഉത്തരവാദിയല്ല എന്ന് പറയുന്ന പോലെത്തന്നെയാണ്. സോണിയാ മാഡം, ഈ “ഉത്തരവാദിത്വം ഏല്‍ക്കാതെ ഭരിക്കുക” എന്ന മാതൃക പഠിച്ചത് തന്നെ കേരളത്തിലെ ദേവസ്വം ഭരണത്തില്‍ നിന്നാണോ എന്ന് തോന്നിപ്പോവും. ഒരു പാവ പ്രധാനമന്ത്രിയെ എങ്ങിനെയാണോ മാഡം നിയമിച്ച്, ദൈനം-ദിന നിയന്ത്രണം നടത്തിയിരുന്നത്, അതു തന്നെയാണ് 65 വര്‍ഷങ്ങളോളമായി കേരളത്തിലെ ദേവസ്വം ബോര്‍ഡിലും നടക്കുന്നത്. ദേവസ്വം ബോര്‍ഡിനാണ് എല്ലാ വരുമാനവും സ്വത്തും കൈകാര്യം ചെയ്യാനുള്ള അവകാശം, അവര്‍ സ്വതന്ത്രരാണ്, പക്ഷേ ആ ബോര്‍ഡ് നിയമിക്കുന്നതും, ഭരിക്കുന്നതും, കണക്കുകള്‍ നോക്കുന്നതും ഒക്കെ ഗവണ്‍മെന്റും!!! എല്ലാ ദേവസ്വം ബോര്‍ഡ് നിയമങ്ങളിലും അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ ഗവണ്‍മെന്റ് പ്രതിനിധിയായ IAS ഉദ്യോഗസ്ഥനായിരിക്കണം എന്ന് നിബന്ധനയുണ്ട്[3,4,5]. കൂടല്‍മാണിക്ക്യം ദേവസ്വത്തിന്റെ എക്സ്-ഒഫീഷ്യോ ചെയര്മാന്‍ തന്നെ തൃശൂര്‍ ജില്ലാ കലക്ടര്‍ ആണ്[4]. ചുരുക്കത്തില്‍ മതേതര ഗവണ്‍മെന്റ് തീരുമാനിക്കും, ക്ഷേത്രങ്ങള്‍ ആരു ഭരിക്കണമെന്ന്, എങ്ങിനെ ഭരിക്കണമെന്നും വിശ്വാസികളുടെ പണം എന്ത് ചെയ്യണം, ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നോക്കെ. രഷ്ട്രീയക്കാര്‍ തോന്ന്യാസം കാട്ടി ഭരിക്കുന്ന പല സഹകരണ ബാങ്കുകളിലുമായി കോടിക്കണക്കിനു ദേവസ്വം പണമാണ് കെട്ടിക്കിടക്കുന്നത്. മുസ്ലിം ലീഗ് ഭരിക്കുന്ന ബാങ്കുകളില്‍ വരെ ലക്ഷക്കണക്കിന് ദേവസ്വം പണം കിടക്കുന്നുണ്ട്, ഇല്ലെന്ന് പറയാന്‍ ബഹു. MLA ബലറാമിന് ധൈര്യമുണ്ടോ?? ദേവസ്വം അക്കൌണ്ടുകള്‍ ദേശസാല്‍ക്കൃത ബാങ്കുകളില്‍ മാത്രമേ പാടുള്ളൂ എന്ന് ആവശ്യപ്പെടാന്‍, നടപ്പിലാക്കാന്‍, ബഹു. MLA ക്ക് തന്റേടമുണ്ടോ?? പല ദേവസ്വം ബോര്‍ഡിന്റെയും പ്രധാന ജോലി, ക്ഷേത്രഭരണത്തിലുപരി, കോളേജുകളും, സ്കൂളുകളും, ആശുപത്രിയും നടത്തലാണ്. ഇങ്ങിനെ പരോക്ഷമായി വന്‍ കൊള്ളയും, മോഷണവുമാണ് നടക്കുന്നത്. അതുകൊണ്ടു മാത്രമാണ് ദേവസ്വം ബോര്‍ഡ് മെംബര്‍മാരാവാന്‍ രാഷ്ട്രീയക്കാര്‍ ചാടിവീഴുന്നതും, സഖാവ് തോട്ടത്തില്‍ രവീന്ദ്രനെ പോലുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ വൈരുധാത്മിക ഭൌതിക വാദം ഒക്കെ മറന്ന്, ഭക്തി പരവശനായി ഗുരുവയൂരപ്പന്റെ വിശ്വാസിയായി മാറുന്നതും.

ഇനി, മറ്റുരു വാദം ക്ഷേത്ര ഭരണം സര്‍ക്കാര്‍ നടത്തുന്നത് സമൂഹിക നീതി നിലനിര്‍ത്താനും, അവര്‍ണ്ണര്‍ക്കും ക്ഷേത്രഭരണാവകാശം ഉറപ്പു വരുത്താനും, ഹിന്ദുക്കള്‍ക്ക് ഏകീകൃതമായ നേതൃത്വമില്ലാത്തതു കൊണ്ടുമാണെന്നാണ്. അതും ശുദ്ധ അസംബന്ധമാണ്, പാവം ഹിന്ദു വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള മറ്റുരു രാഷ്ട്രീയ തന്ത്രം മാത്രം. ഇതൊന്നും കൊണ്ടായിരുന്നില്ല ബ്രിട്ടീഷുകാരന്‍ സായിപ്പ് 1812 ല്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയത്, അന്ന് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം പോലും ഉണ്ടായിരുന്നില്ല, പിന്നെ അല്ലെ അവരെ ബോര്‍ഡിലേക്ക് കൊണ്ട് വന്ന് ഉന്നമനം നടത്തല്‍. ക്ഷേത്ര സ്വത്തുക്കള്‍ മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് സ്വാതന്ത്രാനന്തരം കൊണ്ടു വന്ന നിയമങ്ങളിലാണ്, ഒരു ഹരിജന അംഗത്തെ നിയമിക്കണമെന്നത് ഉള്‍പ്പെടുത്തിയത്. തീര്‍ച്ചയായും നല്ല തീരുമാനമായിരുന്നു അത്. പക്ഷേ ഈ ഹരിജന പ്രതിനിധിയെ തീരുമാനിക്കുന്നതെങ്ങിനെയാണ്? സ്വാഭാവിക നീതി ഹരിജന വിശ്വാസികള്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുക എന്നതാവണം. പക്ഷേ വളരെ വിചിത്രമായ രീതിയിലാണ് ദേവസ്വം ബോര്‍ഡിലേക്ക് പട്ടിക ജാതി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. ഒന്നുകില്‍ ഗവണ്‍മെന്റിലെ ‘ഹിന്ദു’ മന്ത്രിമാര്‍ ചേര്‍ന്നു തീരുമാനിക്കും [5](ഉദാ: ഗുരുവായൂര്‍) അല്ലെങ്കില്‍ നിയമസഭയിലെ ‘ഹിന്ദു’ MLA മാര്‍ തീരുമാനിക്കും [3](ഉദാ: തിരുവിതാംകൂര്‍). ചുരുക്കത്തില്‍ പട്ടിക ജാതിക്കാരായ വിശ്വാസികളുടെ പ്രതിനിധിയെ തീരുമാനിക്കുന്നത്, ചെന്നിത്തല മൂത്ത നായരും, ശിവകുമാറും, ഒക്കെ കൂടിയാണ്!! അല്ലെങ്കില്‍ അവിശ്വാസിയെന്ന് നെറ്റിയില്‍ ലേബലൊട്ടിച്ച് നടക്കുന്ന ബലറാമും, 60% ത്തിലധികം മുസ്ലിം വോട്ടര്‍മാരുള്ള വണ്ടൂരിന്റെ പ്രതിനിധിയായ അനില്‍ കുമാറും, ക്ഷേത്രങ്ങളൊക്കെ കത്തിക്കണമെന്ന ആദര്‍ശം പേറിനടക്കുന്നവരും ഒക്കെ ചേര്‍ന്നാണ്.. എന്ത് യുക്തിയാണ് ഇതിലുള്ളത്? എന്തുകൊണ്ട് ഹരിജന പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഹരിജന വിശ്വാസികള്‍ക്കും, അതുപോലെ ത്തന്നെ മറ്റുള്ള വിഭാഗങ്ങളിലെ പ്രതിനിധികളേ തിരഞ്ഞെടുക്കാന്‍ അതതു  വിശ്വാസികള്‍ക്കും വിട്ടു കൊടുത്തുകൂടാ?? അതിലും വിചിത്രം, ഗുരുവയൂര്‍ ദേവസ്വം ബോര്‍ഡിലെ, അവിടത്തെ തൊഴിലാളി പ്രതിനിധിയെ നിയമിക്കുന്നതും ഈ ഹിന്ദു മന്ത്രിമാര്‍ ചേര്‍ന്നാണ്[5]. ക്ഷേത്രത്തിലെ ഹിന്ദു തൊഴിലാളികള്‍ക്ക്, സ്വന്തം പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ പോലും അവകാശം നല്‍കാത്ത നിയമമാണ് തൊഴിലാളി പാര്‍ട്ടികളും[6], ബലറാമിനെ പോലുള്ള യുക്തിവാദികളും നെഞ്ഞത്തേറ്റി നടക്കുന്നത്. എങ്ങിനെയാണ് ബലറാമും, സഖാവ് കോടിയേരിയും, മുസ്ലിം ലീഗിന്റെ MLA ആയിരുന്ന UC രാമനും, വണ്ടൂര്‍ MLA അനില്‍കുമാറുമൊക്കെ ഹിന്ദു പ്രതിനിധികളാവുന്നത്? ഇവര്‍ക്ക് ഹിന്ദു ക്ഷേത്രങ്ങള്‍ ആരു ഭരിക്കണം എന്ന് തീരുമാനിക്കാന്‍ എന്തവകാശം?? മന്ത്രിമാര്‍ക്കും, MLA മാര്‍ക്കും, IAS ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒക്കെ ദേവസ്വം ഭരണത്തില്‍ പങ്കുണ്ട്, പക്ഷേ സര്‍ക്കാരിന് ഒരു പങ്കുമില്ല, ഉത്തരവാദിത്വവുമില്ല!! എന്താണാവോ ഈ സര്‍ക്കാര്‍ എന്ന ജീവി?

ഇതിലെ ഏറ്റവും രസകരമായ വസ്തുത മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് മാത്രം ബാധകമാണ് എന്നതാണ്. പള്ളികളുടെ ഭരണത്തിലെ അതതു മതങ്ങളിലെ പിന്നോക്കക്കാര്‍ക്ക് അവകാശം കൊടുക്കാന്‍ മതേതര സര്‍ക്കാറിന് ഒരു ബാധ്യതയുമില്ലേ?? അതോ മുസ്ലിമിലും, ക്രിസ്ത്യാനികളിലും പിന്നോക്കക്കാരനും, ദളിതനും ഒന്നുമില്ല, എല്ലാവരും തുല്ല്യരാണെന്ന് പറയാന്‍ ബഹു. ബലറാമിന് ധൈര്യമുണ്ടോ?? ഉണ്ടെങ്കില്‍ ആ വിവരം ഈയിടെ പ്രത്യേക മാനിഫെസ്ടോ ഇറക്കിയ കോണ്‍ഗ്രസ് നേതൃത്ത്വത്തേയും, ദളിത ക്രൈസ്തവര്‍ക്ക് സംവരണം വേണം എന്നലറി വിളിക്കുന്നവരേയും ഒക്കെ ഒന്നറിയിക്കുന്നത് നല്ലതായിരിക്കും. ഇനി മുസ്ലിം, കൃസ്ത്യന്‍ പള്ളീകളില്‍ അവകാശ തര്‍ക്കമില്ലെ? അഴിമതിയില്ലേ, പള്ളികള്‍ക്ക് രാജഭരണ കാലം മുതല്‍ സൌജന്യമായി ലഭിച്ച ഭൂമിയില്ലേ? സ്വത്തുക്കളില്ലെ? ഇതൊന്നും ഭരിക്കാന്‍ ക്രിസ്ത്യന്‍, മുസ്ലിം മന്ത്രിമാരും, MLA മാരും ചേര്‍ന്നു തിരഞ്ഞെടുക്കുന്ന ബോര്‍ഡുകള്‍ സംഘടിപ്പിക്കേണ്ടേ? IAS ഉദ്യോഗസ്ഥന്‍മാരെ നിയോഗിക്കേണ്ടേ, വര്ഷാവര്ഷം ബഡ്ജറ്റ്പാസ്സാക്കി ഗവണ്‍മെന്റിനെ അറിയിക്കേണ്ടേ??  അതോ ഇതൊക്കെ വെറും ഹിന്ദുവിനു മാത്രം ബാധകമുള്ളോ… ഒടുക്കത്തെ മതേതരത്വം തന്നെ…
(മുസ്ലിങ്ങള്‍ക്ക് വഖഫ് ബോര്‍ഡുണ്ടല്ലോ എന്നാണ് മറുപടിയെങ്കില്‍,  ആ ബോര്‍ഡിന്റെ അധികാര പരിധിയെ പറ്റിയും മറ്റും the kerala wakf act, 1995, ദേവസ്വം ആക്ടുകളുമായി ഒന്നു താരതമ്യപ്പെടുത്തുന്നത് നന്നായിരിക്കും)

മതേതര സര്‍ക്കാര്‍ വിശ്വാസപരമായ കാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന്‍മാറണം, ഏതു മതത്തിന്റെ ആയാലും. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ എല്ലാം രജിസ്ടര്‍ ചെയ്ത് മെംബര്‍മാരായി, കോ-ഓപ്പെരേറ്റീവ് സൊസൈറ്റി പോലെ ഭരിക്കട്ടെ, വിശ്വാസികള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കട്ടെ ക്ഷേത്ര ഭരണാധികളെ. അതില്‍ സാമൂഹികമായ പ്രാതിനിധ്യം, സാമ്പത്തിക സുതാര്യത എന്നിവ ഉറപ്പു വരുത്തിയുളള ഒരു നിയമം ഉണ്ടാക്കാവുന്നതല്ലേ? കോടിക്കണക്കിനു രൂപ കൈകാര്യം ചെയ്യുന്ന ബാങ്കുകളും, മറ്റു പബ്ലിക് കമ്പനികളും പോലെ, വിശ്വാസികളെയെല്ലാം, അല്ലെങ്കില്‍ വിശ്വാസികള്‍ക്ക് മാത്രം ഓഹരിയും, മെംബര്‍ഷിപ്പുമുള്ള സ്ഥാപനങ്ങളാക്കി മാറ്റിക്കൂടെ ക്ഷേത്രങ്ങളെ?? അതെങ്ങനെ, പിന്നെ ചക്കരക്കുടത്തിലെ കയ്യിട്ട് നക്കലും, ഉത്തരവാദിത്വമേറ്റെടുക്കാതെ ഭരിക്കലും നടക്കില്ലല്ലോ… കുത്തിനു പിടിച്ച് വാങ്ങാന്‍  നട്ടെല്ലില്ലാത്ത വര്‍ഗ്ഗമാണല്ലോ, മതേതരത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ഹിന്ദുക്കള്‍!!!

 

References:

[1] Mathrubhumi daily, 27th April 2014
[2] The kerla land reform act, 1963
[3] The Travancore-Cochin Hindu Religious Institutions (AMENDMENT) Act , 2007  
[4] The Koodalmanickam Devaswom Act, 1971
[5] The Guruvayoor Devaswom Act, 1978
[6] സ്വന്തം പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ക്ഷേത്ര തൊഴിലാളി സംഘടനെക്കെതിരെ വാദിച്ച്, ജയിച്ചത് നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു. Verdict: http://www.indiankanoon.org/doc/1534309/