വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

 

— ബിനോയ് അശോകൻ —

മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം, ബീഹാറിനോപ്പം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതി നിർണയിക്കുന്ന സംസ്ഥാനം എന്നീ വിശേഷണങ്ങൾ ഉള്ളതുകൊണ്ടാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഇത്രയധികം രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. അതുകൊണ്ട് തന്നെയാണ് 2019ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കാറ്റിന്റെ ദിശ എങ്ങിനെയായിരിക്കും എന്നതിന്റെ ആധികാരിക സൂചനയായി ഈ ഫലത്തെ പലരും കാണുന്നത്.

ഇന്ത്യയുടെ ഭൂപടത്തിൽ ബിജെപിയുടെ അടിത്തറ കൂടുതൽ പരന്നു വിസ്തൃതമാവുന്നു എന്നതാണ് അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തേയും ഫലങ്ങളിൽ നിന്നും വായിച്ചെടുക്കേണ്ട ആദ്യ പാഠം. നെഹ്രുകുടുംബത്തിനു ക്രെഡിറ്റ് ആവകാശപ്പെടാനാവാത്ത വിധത്തിൽ, കരുത്തനായ ഒരു പ്രാദേശിക നേതാവായ കാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചാബിൽ തിളക്കമാർന്ന വിജയം നേടിയതാണ് ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ച രണ്ടാമത്തെ വലിയ സംഭവം. ഇതിനെല്ലാം പുറമെ ഇനി കക്ഷിരാഷ്ട്രീയത്തിനതീതമായി നോക്കുകയാണെങ്കിൽ മണ്ഡൽ കാലഘട്ടം പിന്നിട്ട് പുതിയൊരു പാന്ഥാവിലേക്ക് പ്രവേശിക്കുന്ന, രാഷ്ട്രീയ വിദഗ്ദ്ധരുടെ ഭാഷയിൽ ഒരു ‘ടെക്ടോണിക് ഷിഫ്റ്റ്’ നടന്ന ഇന്ത്യൻ രാഷ്ട്രീയം ആണ് ഇപ്പോൾ ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉയിർ കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് ഒരുപാടു ശുഭ സൂചനകൾ തരുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം ആണ് ഇപ്പോൾ വന്നിരിക്കുന്നത് എന്ന് കാണാനാവും. കുറച്ചധികം നാളുകളായി ഇന്ത്യൻ രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന പല അനാരോഗ്യകരമായ പ്രവണതകളിൽ നിന്നും നമ്മുടെ ജനാതിപത്യ സംവിധാനം മോചനം നേടുന്ന ഒരു കാഴ്ച ഇവിടെ കാണാം

നോട്ട് നിരോധനം സർക്കാരിന് തിരിച്ചടിയാവുമെന്നുള്ള എതിരാളികളുടെ രാഷ്ട്രീയ കുപ്രചാരണങ്ങളെ കാറ്റിൽ പറത്തികൊണ്ട്, സത്യത്തിൽ അത് മോദിയുടെ ഏറ്റവും വലിയ ‘മാസ്റ്റർ സ്ട്രോക്ക്’ ആണെന്ന് തെളിയുകയാണുണ്ടായത്. പാവപ്പെട്ടവന്റെ മിശിഹാ എന്ന പരിവേഷമാണ് ഡീമോണിറ്റൈസേഷൻ മോദിക്ക് നേടിക്കൊടുത്തതെന്ന് വൈകിയാണെങ്കിലും ഇന്നെല്ലാവരും തിരിച്ചറിയുന്നു. യു.പിയിൽ 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 40 ശതമാനത്തിലധികം വോട്ടു നേടി , 80ൽ 71 സീറ്റ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ ബിജെപിയെ സഹായിച്ച, ‘മോദി തരംഗം’ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, ‘മോദി സുനാമി’ അതേ കരുത്തോടെ ഇപ്പോഴും ആഞ്ഞു വീശുന്നു എന്നതിന് തെളിവാണ് ഏകദേശം സമാനമായ നേട്ടം ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിച്ചത്. 403ൽ 325 സീറ്റുകൾ! യുപിയിൽ ആഞ്ഞടിച്ച മോദി മാജിക് തൊട്ടടുത്ത ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം ആണ് ബിജെപിക്ക് നേടിക്കൊടുത്തത്. 70ൽ 57 സീറ്റ്.

പക്ഷെ യുപിയിലെ സംഖ്യകൾ നൽകിയതിന് തുല്യമായ ഞെട്ടൽ രാഷ്ട്രീയ നിരീക്ഷകർക്ക് സമ്മാനിച്ചത് മണിപ്പൂരിലെ ബിജെപിയുടെ പ്രകടനം ആണ്. ഒരു സീറ്റുപോലുമില്ലാത്ത അവസ്ഥയിൽ നിന്ന് 21 സീറ്റുകൾ നേടി മറ്റുള്ളവരുടെ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാവുന്ന നിലവാരത്തിലേക്ക് അവിടെ കാര്യങ്ങൾ എത്തി. 2014ലെ ഹരിയാന തിരഞ്ഞെടുപ്പിൽ കണ്ട അതേ അത്ഭുതം-ഒന്നുമില്ലായ്മയിൽ നിന്ന് ഭരണത്തിലേക്കുള്ള കുതിപ്പ്! സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ അവഗണന നേരിടുന്ന ഇന്ത്യയുടെ നോർത്ത്-ഈസ്റ്റ് സംസ്ഥാനങ്ങൾ മോദി സർക്കാരിന്റെ വികസന റഡാറിൽ പ്രഥമ പരിഗണയാണുള്ളത്. അതിന്റെ ഫലവും അവർ ഓരോ തിരഞ്ഞെടുപ്പിലും കൊയ്യുകയാണ്. ആസ്സാം, അരുണാചൽ തുടങ്ങി ഏഴ് സഹോദരിമാർ എന്നറിയിപ്പെടുന്ന ഏഴ് നോർത്ത്-ഈസ്റ്റ് സംസ്ഥാങ്ങളിൽ ഓരോന്നായി പിടിമുറുക്കുന്ന ബിജെപിയുടെ ഏറ്റവും പുതിയ നേട്ടമായി മാറുകയാണ് മണിപ്പൂർ. 2018 ജനുവരിയിൽ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ‘ചുവന്ന’ ത്രിപുര ആയിരിക്കും അടുത്ത അട്ടിമറിക്ക് തയ്യാറാവുന്നതെന്ന സൂചനകൾ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്.

കശ്മീർ മുതൽ കന്യാകുമാരി വരെയും കച്ച് (ഗുജറാത്ത്) മുതൽ കാമരൂപം(ആസ്സാം) വരയെയും ഇന്ത്യയിൽ ഓരോ മുക്കിലും മൂലയിലും വരെ പ്രാധിനിത്യമുള്ള പാർട്ടിയാക്കി ബിജെപിയെ മാറ്റുക എന്നതാണ് ലക്ഷ്യം എന്ന് പറഞ്ഞ അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്റെ വാക്കുകൾ അന്വർത്ഥമാവുന്ന കാഴ്ച്ചക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നെഹ്റുവിന്റെ കാലത്തെ കോൺഗ്രസിന്റെ സ്ഥാനമെന്തായിരുന്നോ അതാണ് അല്ലെങ്കിൽ അതിനപ്പുറമാണ് ഇന്ന് ഇന്ത്യയിൽ ബിജെപിയുടെ സ്ഥാനം ബിജെപിയുടെ യു.പി അശ്വമേധം കഴിഞ്ഞാൽ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോസിറ്റീവ് കാര്യം എന്താണെന്ന് ചോദിച്ചാൽ അത് പഞ്ചാബിലെ ഫലത്തിന്റെ പ്രത്യേകതകൾ ആണ് എന്നായിരിക്കും ഉത്തരം.

അതിലെ ഒന്നാമത്തെ പ്രത്യേകത ആംആദ്മി പാർട്ടിക്ക് അധികാരത്തിൽ എത്താൻ പറ്റാതിരുന്നതാണ്. തുടങ്ങിയ കാലത്തെ നന്മകൾ എല്ലാം കൈവിട്ട്, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ദിവസം രണ്ടു നേരം അസഭ്യം പറയുക എന്ന ഒറ്റ അജണ്ടയിലേക്ക് ചുരുങ്ങിയ, അങ്ങേയറ്റം നെഗറ്റിവ് പൊളിറ്റിക്സിലേക്ക് മാറിയിരിക്കുന്ന കെജ്രിവാളിന്റെ പാർട്ടി, പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനത്ത് അധികാരത്തിൽ വരിക എന്ന് പറഞ്ഞാൽ അത് രാജ്യസുരക്ഷയെ സംബന്ധിച്ച് ആശങ്കാജനകം ആയിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിന്റെ കാലത്തു തന്നെ പാകിസ്താന്റെ ഐസ്.ഐസ്.ഐയുടെ വരെ പിന്തുണയുണ്ടെന്ന് ആരോപണം ഉയർന്നിരുന്ന അവർ പഞ്ചാബിൽ വിജയിക്കാനായി അവിടുത്തെ ഖാലിസ്ഥാൻ തീവ്രവാദികളെ വരെ താലോലിക്കാൻ തയ്യാറായിരുന്നു.

പഞ്ചാബിലെ റിസൾട്ടിന്റെ രണ്ടാമത്തെ പോസിറ്റീവ് കാര്യം കോൺഗ്രസ് അധികാരത്തിൽ വന്നതാണ്. എന്തൊക്കെ പറഞ്ഞാലും ഇന്ത്യ പോലുള്ള ഇത്ര വലിയ ഒരു രാജ്യത്ത് ബിജെപിക്ക് എതിരാളികളില്ലാത്ത സാഹചര്യം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അത്ര ആശാസ്യമായ ഒന്നല്ല. ജനാധിപത്യത്തിൽ എപ്പോഴും ഒരു തിരുത്തൽ ശക്തിയുടെ ആവശ്യമുണ്ട്. അല്ലെങ്കിൽ എതിരാളികൾ പറയുന്ന പോലെ അവർ ഒരു ഏകാധിപത്യ പ്രവണതയിലേക്ക് പോകാനുള്ള സാഹചര്യം ഇല്ലാതില്ല. അങ്ങനെയൊരു കറക്ടീവ് ഫോഴ്സ് ആവാൻ ഏറ്റവും യോജിച്ചത് സങ്കുചിത പ്രാദേശിക പാർട്ടികളേക്കാൾ എന്ത് കൊണ്ടും കോൺഗ്രസ് തന്നെയാണ്. ഇപ്പൊൾ മെലിഞ്ഞ് തൊഴുത്തിൽ കെട്ടിയ അവസ്ഥ ആണെങ്കിലും ഒരു കാലത്ത് ഒരു ദേശീയ പാർട്ടിയായിരുന്നതിന്റെ എന്തെങ്കിലും നന്മകൾ ഒക്കെ ഇപ്പോഴും ബാക്കിയുണ്ടാവണമല്ലോ. നെഹ്റു കുടംബത്തിന്റെ തറവാട്ട് സ്വത്തെന്ന അവസ്ഥയും, കട്ട് മുടിക്കുക എന്ന കോൺഗ്രസിന്റെ പൊതു സ്വഭാവവും, ന്യൂനപക്ഷ പ്രീണനവും മാറിയാൽ പിന്നെ ഇവിടെ പലർക്കും കോൺഗ്രസിനോട് വലിയ പരാതിയൊന്നുമില്ല എന്നതാണ് ഒരു വസ്തുത. തിരഞ്ഞെടുപ്പിന് പത്തു ദിവസം മുൻപ് മാത്രമാണ്, അതും രാജി വെക്കുമെന്ന് ഭീഷണി മുഴക്കിയതിന് ശേഷമാണ് കാപ്റ്റൻ അമരീന്ദർ സിംഗിനെ തിരഞ്ഞെടുപ്പിന്റെ ചുമതലയേൽപ്പിക്കാൻ കോൺഗ്രസ് ഹൈകമാൻഡ് തയ്യാറായത് എന്നത് തന്നെയാണ് ഈ വിജയത്തിൽ നെഹ്റു കുടുംബത്തിന് ക്രെഡിറ്റ് അവകാശപ്പെടാൻ ഒന്നുമില്ല എന്ന് പറയാൻ കാരണം. അതും പഞ്ചാബ് ഫലത്തിന്റെ മധുരം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് എങ്ങിനെ നോക്കിയാലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്ക് ശുഭ സൂചന തന്നെയാണ് പഞ്ചാബ് റിസൾട്ട്.

ഇനി കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരുപാടു ശുഭ സൂചനകൾ കാണാൻ കഴിയും.

വിപി സിംഗ് അഴിച്ചു വിട്ട മണ്ഡൽ ഭൂതം സൃഷ്ടിച്ച, മണ്ഡൽ-മസ്ജിദ് എന്ന് അറിയപ്പെട്ട, ജാതി-മത വോട്ട് ബാങ്ക് രാഷ്ട്രീയം അതിന്റെ പ്രഭവ സ്ഥലത്ത് തന്നെ തച്ചുടക്കപ്പെട്ടു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഫലപ്രഖ്യാനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഏതോ പത്രക്കാരന്റെ ഏതോ ഒരു മുള്ളുവച്ച ചോദ്യത്തിന് അമിത് ഷാ പറഞ്ഞ ഒരു മറുപടിയിൽ ഈ മാറ്റത്തിന്റെയും അതിന് ബിജെപി നേതൃത്വം കൊടുത്തതിന്റെയും മുഴുവൻ സാരാംശം അടങ്ങിയിരുന്നു. “അല്ലയോ പ്രിയ സുഹൃത്തേ, ഉത്തർ പ്രദേശിലെ ജനങ്ങൾ ജാതിയിൽ നിന്നും മതത്തിൽ നിന്നും പുറത്തു വന്നു കഴിഞ്ഞു. നിങ്ങളും അതിൽ നിന്ന് പുറത്തു വരണം” എന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തർപ്രദേശിലെ പാവപ്പെട്ടവരുടെ വീടുകളിൽ ഗ്യാസ് കണക്ഷനുകൾ എത്തിച്ച ഉജ്വല യോജനയും, ജൻധൻ പദ്ധതിയും, പാവപ്പെട്ടവന്റെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ യോജനയും, പാവപ്പെട്ടവന് ഈടില്ലാതെ ലഭിക്കുന്ന മുദ്ര ലോണും അങ്ങനെയുള്ള എല്ലാ പദ്ധതികളും എല്ലാവര്ക്കും വേണ്ടിയുള്ളതായിരുന്നു, ഒന്നും മുസ്ലിമിനും ഹിന്ദുവിനും പ്രത്യേകിച്ചുള്ളതല്ലായിരുന്നു എന്നദ്ദേഹം മറുപടി കൊടുത്തു.

യഥാർത്ഥ മതേതരവാദികൾക്കു ആഹ്ലാദം പകരുന്ന മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പ് കൊണ്ട് വന്നു. മതേതരത്വം എന്ന വാക്കിന് മുസ്ലിം പ്രീണനം അല്ലെങ്കിൽ ന്യൂനപക്ഷ പ്രീണനം അല്ലെങ്കിൽ ഹൈന്ദവ വിരോധം എന്ന നിലയിൽ ഇക്കഴിഞ്ഞ അറുപതോളം വർഷങ്ങൾ കൊണ്ട് ഇവിടുത്തെ മതേതര പാർട്ടികൾ എന്നവകാശപ്പെടുന്നവർ ഉണ്ടാക്കിയെടുത്ത അർത്ഥ വ്യതിയാനത്തിനെ നേരെയാക്കുന്ന ഒരു കാഴ്ചയും ഇതിൽ ഉണ്ടായിരുന്നു. ഒരു പാർട്ടിയെ തോൽപ്പിക്കാനായി മുസ്ലിങ്ങൾ എല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന് മറ്റെല്ലാ പാർട്ടികളും പറയുന്നതാണ് സത്യത്തിൽ വർഗീയത എന്നും, ഈ രാജ്യത്തെ എല്ലാ വിഭവങ്ങളുടെയും ആദ്യ അവകാശി മുസ്ലിങ്ങൾ ആണ് എന്ന് ഒരു പ്രധാനമന്ത്രി (മൻമോഹൻ സിങ്) പറഞ്ഞതാണ് യഥാർത്ഥത്തിൽ വർഗീയത എന്നും, മറിച്ച് എല്ലാവർക്കും വൈദ്യുതിയും എല്ലാവര്ക്കും ശവസംസ്കാരത്തിനുള്ള പൊതുസ്ഥലങ്ങളും വേണമെന്ന് പറയുന്നതല്ല വർഗീയത എന്നും ഇന്ത്യൻ ജനത മനസിലാക്കിത്തുടങ്ങി എന്ന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. ജാതിക്കതീതമായി മനുഷ്യർ ഒരുമിക്കണം എന്ന് പറയുന്നത് ഹൈന്ദ വർഗീയതയാണെന്നും മറിച്ച് മുസ്ലിങ്ങൾ ഒരുമിച്ചു ഒരു പ്രത്യേക പാർട്ടിക്കെതിരായി വോട്ട് ചെയ്യണം എന്ന് പറയുന്നത് വർഗീയമല്ലാതാവുന്നതും പോലുള്ള അസംബദ്ധങ്ങളെ ജനങ്ങൾ തിരസ്കരിച്ചു.

കടപുഴകിയ മറ്റൊന്ന് ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ശക്തിയെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ ആണ്. ചില വോട്ടുബാങ്കുകൾ കയ്യിലുണ്ടെങ്കിൽ എത്ര മോശം ഭരണം നടത്തിയാലും പിന്നെയും അധികാരത്തിൽ വരാം എന്ന മതേതര പാർട്ടികൾ എന്ന് സ്വയം വിളിക്കുകയും അതേസമയം യഥാർത്ഥത്തിൽ വർഗീയത വിറ്റ് ജീവിക്കുകയും ചെയ്യുന്ന എല്ലാ പാർട്ടികളുടെയും ധാരണ പൊളിച്ചടുക്കാനായി ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ. അതിന്റെ പ്രത്യക്ഷ തെളിവാണ് മുസ്ലിങ്ങൾ തിരഞ്ഞെടുപ്പ് വിജയം നിർണയിക്കുന്നതിൽ വലിയ ശക്തിയാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഉത്തർപ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് ഒരു മുസ്ലിം സ്ഥാനാർഥിപോലുമില്ലാതെ ബിജെപി വൻ വിജയം നേടിയത്.

ബിജെപി നേതൃത്വം എത്ര മധുരം പുരട്ടി പറഞ്ഞാലും ഒരു മുസ്ലിം സ്ഥാനാർഥിയെ പോലും നിർത്താൻ തയ്യാറാവാത്തതിലൂടെ അവർ പുറത്തു വിട്ട സന്ദേശം വളരെ വ്യക്തമായിരുന്നു . ന്യൂനപക്ഷ വോട്ട് ബാങ്കുകൊണ്ട് സുഖജീവിതം നയിക്കാമെന്ന് മതേതര മേലങ്കിയണിഞ്ഞ ഒരു പാർട്ടിയും ഇനി കരുതേണ്ട എന്ന വ്യക്തമായ സന്ദേശം ആയിരുന്നു അത്. ജാതിക്കതീതമായി ഹിന്ദു വോട്ടുകൾ ഏകീകരിച്ചാൽ അതിനെ തടയാൻ ഒരു ന്യൂനപക്ഷ വോട്ട് ബാങ്കുകൊണ്ടും രക്ഷയില്ലാതെ വരും എന്ന തെളിവാർന്ന സന്ദേശം. ഇതിന്റെ കൂടെ മുദ്രാവാക്യങ്ങൾക്കതീതമായ, ഏറ്റവും താഴെത്തട്ടിൽ സാദാരണക്കാരിൽ സാദാരണക്കാരന് സ്പര്ശിച്ചറിയാവുന്ന വികസനം എന്ന വജ്രായുധം കൂടിയാവുമ്പോൾ ബിജെപി തടഞ്ഞു നിർത്താനാവാത്ത ശക്തിയാവുന്നു.

ഇതും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി മാത്രം കടിപിടി കൂടുന്ന മതേതര പാർട്ടികൾ എന്ന് സ്വയം വിളിക്കുന്നവർ അരികുകളിലേക്ക് പിന്തള്ളപ്പെട്ട് പോവുകയും, ഭൂരിപക്ഷ സമുദായമാണെന്ന ഒറ്റക്കാരണം കൊണ്ട് അവർ അവഗണിക്കപ്പെടുന്ന പൊതു പ്രവണതയിൽ നിന്ന് മാറി , എല്ലാവരെയും ഒരുപോലെ കാണാൻ തയ്യാറാവുന്നവരാരോ അവർക്ക് ജനം വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം. ന്യൂനപക്ഷം-ഭൂരിപക്ഷം എന്ന കളിയിലെ കളിനിയമങ്ങൾ എന്നെന്നേക്കുമായി ബിജെപി മാറ്റിയെഴുതി ഇത്തവണ. 80 ശതമാനത്തോളം വരുന്ന ഭൂരിപക്ഷ ജനവിഭാഗങ്ങളെ ജാതിയുടെ പേരിൽ എന്നും വിഭജിച്ചു നിർത്തി , ന്യൂനപക്ഷ മതങ്ങളുടെ സംഘടിത വോട്ട് ബാങ്കിന്റെ ബലത്തിൽ അധികാരത്തിൽ വരാം എന്ന തന്ത്രത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കുന്നതായി ഈ ഫലങ്ങൾ.

ഇനി മറ്റു പാർട്ടികൾക്ക് രക്ഷ വേണമെങ്കിൽ ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനത്തിന്റെ കാര്യത്തിൽ ബിജെപിയെ കടത്തിവെട്ടുന്ന പുതിയ ആശയങ്ങൾ കൊണ്ട് വന്നേ തീരു എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി എന്നതാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. അതിനു തയ്യാറാവുന്നില്ലെങ്കിൽ അവർക്ക് കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോകും എന്നതിന്റെ സൂചനയാണ് കഴിഞ്ഞ മാസം നടന്ന മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കണ്ടത്. ന്യൂനപക്ഷ വോട്ടിന്റെ കുത്തകക്ക് വേണ്ടി തല്ലുകൂടിയ കോൺഗ്രെസ്സും എൻസിപിയും ഇടതുപക്ഷവും മറ്റ് ചെറുകക്ഷികളും എല്ലാം ഒന്നുമല്ലാതാവുകയും പ്രധാന മത്സരം തീവ്രഹിന്ദുത്വ പാർട്ടിയായ ശിവസേനയും ന്യൂനപക്ഷ വോട്ടിനുവേണ്ടി ആർത്തികാണിക്കാൻ മെനക്കെടാതിരുന്ന ബിജെപിയും തമ്മിലായിമാറി അവിടെ.

മറ്റൊന്ന് 2019ൽ മോദിയെ ഡൽഹിയിൽ തടയണമെങ്കിൽ 2017ൽ അവരെ യു.പിയിൽ പിടിച്ചു കെട്ടിയേ തീരൂ എന്ന് ഉറച്ച ബോധ്യത്തിൽ നിന്ന് മോദി വിരുദ്ധ ചേരി അവാർഡ് വാപസി പോലുള്ള അപഹാസ്യ നാടകങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത അസഹിഷ്ണുത കാമ്പെയ്ൻ ജനങ്ങൾ നിഷ്കരുണം നിരാകരിച്ചു എന്നതാണ്. ‘ഭാരത് തെരെ ടുക്കടെ ഹൊങ്കെ’ എന്ന് വിളിക്കുന്ന ദേശദ്രോഹ ശക്തികൾക്കൊപ്പമല്ല നിൽക്കേണ്ടത് എന്നും, ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രാജ്യത്തെ ജീവൻ പണയം വച്ച് കാത്ത് രക്ഷിക്കുന്ന ധീരസൈനികരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന രീതിയിൽ, അവർ നടത്തിയ അഭിമാന പോരാട്ടമായിരുന്ന സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ചോദിക്കൽ അല്ല വേണ്ടതെന്നും, രാജ്യത്തിൻറെ ഏതെങ്കിലും മൂലയിൽ നടക്കുന്ന ഏതെങ്കിലും ഒരു നിർഭാഗ്യകരമായ ഒരു കുറ്റകൃത്യത്തെ രാജ്യം മുഴുവൻ വെറുപ്പ് പടർത്തുന്ന രീതിയിൽ ഊതി വീർപ്പിക്കുകയല്ല വേണ്ടതെന്നും നമ്മുടെ പുരോഗമന മതേതര പാർട്ടികൾക്ക് അർത്ഥശങ്കകൾക്കിടയില്ലാത്ത വിധം ജനങ്ങൾ പഠിപ്പിച്ചു കൊടുത്ത ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇത്. അസഹിഷ്ണുത പ്രചാരണത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ദാദ്രിയിൽ അറുപത് ശതമാനത്തിലധികം വോട്ട് നേടി ബിജെപി വിജയിച്ചത് സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

Last but not the least: കാശ്മീരിലായാലും മണിപ്പൂരിലായാലും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ശത്രുക്കളെ നേരിട്ട് രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന സൈന്യത്തിനെതിരെ പ്രവർത്തിക്കുന്നവർ ആരായാലും അവർ എത്ര വലിയ ത്യാഗങ്ങൾ ചെയ്തിട്ടുള്ളവർ ആയാലും അവരുടെ സ്ഥാനം ചവറ്റുകുട്ടയിൽ ആണ് എന്ന് ഇന്ത്യൻ ജനത ഉറക്കെ പ്രഖ്യാപിച്ച ഒരു സന്ദർഭം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇന്ത്യൻ ആർമിക്കെതിരെ സമരം ചെയ്ത ഇറോം ശർമിളക്ക് വെറും 100 വോട്ട് പോലും തികച്ചു ലഭിക്കാതെ പോയത് സൂചിപ്പിക്കുന്നതതാണ്. എല്ലാം കൊണ്ടും ദേശീയതക്കൊപ്പമാണ് ജനം എന്ന് തെളിയിക്കപ്പെട്ട ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇത്.