ശ്രീപദ്മനാഭനെ ആര് കാക്കും ?

   എഴുതിയത് : റിജു ഭാരതീയന്‍

ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളും മറ്റും പ്രത്യക്ഷത്തില്‍ നല്ലതാണ് എന്നു തോന്നുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചില ആശങ്കകള്‍ പങ്ക് വെക്കുന്നു. ഈ ആശങ്കകള്‍ വെറും വികാരപ്രകടനമല്ല എന്നും ഇതിന്റെ പേരില്‍ വിശ്വാസി സമൂഹം പ്രത്യേകിച്ചും ഹൈന്ദവ സമൂഹം പൂര്‍ണ്ണമായും എന്തുകൊണ്ടാണ് ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിന് വ്യക്തമായ കാര്യ കാരണങ്ങള്‍ സൂചിപ്പിക്കണം എന്നാഗ്രഹിക്കുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ ഭരണ വര്‍ഗ്ഗം കരുക്കള്‍ നീക്കുന്നു എന്നു ഹൈന്ദവ സമൂഹം ആശങ്കപ്പെടുമ്പോൾ ആ ആശങ്ക ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രശ്നമാണ് എന്നും, ഹിന്ദു സമൂഹം മതേതരന്‍മാരാണ് എന്നും അതുകൊണ്ടു ഇതില്‍ അവര്‍ക്ക് ആശങ്ക ഇല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഹിന്ദുവിന്റെ വിപ്ലവവീര്യം ശമിപ്പിക്കുക എന്നതും അതുവഴി കൊള്ളയടിക്കുക എന്നുള്ളതും ആണ്. ഇത് വെറും ആശങ്ക മാത്രമല്ല ഇതിന് വസ്തുതാ പരമായ ചില കാര്യങ്ങള്‍ ഉണ്ട് എന്നും “confused Hindus” എന്ന വിഭാഗത്തിനെ പറഞ്ഞു മനസ്സിലാക്കിക്കണം എന്നു കരുതുന്നു. ഇതിന് ഏറ്റവും അനുയോജ്യം പത്മനാഭ ക്ഷേത്രത്തിന് സമാനമായ ക്ഷേത്രവും പത്മനാഭ ക്ഷേത്രവും തമ്മില്‍ ഉള്ള താരതമ്യമാവും എന്ന് തോന്നുന്നു. തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രവും ശ്രീ പത്മനാഭ ക്ഷേത്രവും ആണ് ഇവിടെ താരതമ്യം ചെയ്യപ്പെടുന്നത്. വിശ്വാസ പ്രകാരം നാലു പെരുമാൾമാര്‍ ആണ് ഉള്ളത്. ശുചീന്ദ്രത്തെ താണുമാലയപ്പെരുമാള്‍ തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍, പാര്‍ത്തവിപുരത്തെ പാര്‍ത്ഥസാരഥി കേശവപ്പെരുമാള്‍, അനന്ത പത്മനാഭ പെരുമാള്‍. ഇതില്‍ അനന്ത പത്മനാഭനും ആദികേശവപ്പെരുമാളും ശയനം കൊള്ളുന്ന രീതിയില്‍ ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. രണ്ടു ക്ഷേത്രങ്ങളും തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദേവതാ മൂര്‍ത്തികള്‍. രണ്ടു പ്രതിഷ്ഠകളും മുഖാമുഖമായി ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ആദികേശവപ്പെരുമാള്‍ പടിഞ്ഞാറ് ദർശനമായി, തല തെക്കോട്ട് വെച്ചാണ് ശയിക്കുന്നത്, പദ്മനാഭ പെരുമാള്‍ കിഴക്ക് ദര്‍ശനമായി തല തെക്കോട്ട് വച്ച് ആദികേശവന്റെ മുഖം ദര്‍ശിച്ചു ശയിക്കുന്നു. രണ്ടു ക്ഷേത്രങ്ങളിലും ആണ്ടില്‍ രണ്ടു ഉല്‍സവം വീതം നടത്തുന്നു. രാജ കുടുംബത്തിലെ പ്രതിനിധി ആണ് ഈ രണ്ടു ക്ഷേത്രങ്ങളിലെ ഊരാളന്‍മാര്‍.
തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം: ഈ ക്ഷേത്രം ഇന്ന് സ്ഥിതി ചെയ്യ്ന്നത് തമിഴ്  നാടിന്റെ ഭാഗമായ കന്യാകുമാരിയില്‍ ആണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു, വിശ്വാസ പരമായ പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ ഉണ്ട്. കേശനും കേശിയും തമ്മിലുള്ള യുദ്ധവും ശിവാലയ ക്ഷേത്രങ്ങളുടെ ഉല്‍പ്പത്തിയും നവാബ് ആക്രമണവും മറ്റും ഇതില്‍ പ്പെടുന്നതാണ്. ചരിത്രപ്രമായി ഇന്ന് തിരുവട്ടാരില്‍ കാണുന്ന ക്ഷേത്രം എ‌. ഡി.  എട്ടാം ശതകത്തില്‍ ഉണ്ടായിരുന്നതായി വൈഷ്ണവ യോഗിയായിരുന്ന നമ്മാള്‍വാറ് രചിച്ച ആറാം തിരുവായ്മൊഴിയില്‍ നിന്നും മനസ്സിലാക്കാം. നമ്മാള്‍വാറ് എട്ടാം ശതകത്തില്‍ ജീവിച്ചിരുന്നു. തിരുവട്ടാറ്റൈ പെരുമാനൈ “മലൈമാടത്തരവണൈമേല്‍ വാട്ടാറ്റാന്‍ നമ്മാഴ’ എന്നു നമ്മാള്‍ പാടിക്കാനുന്നു. പിള്ളൈപ്പെരുമാള്‍ അയ്യങ്കാര്‍, കോട്ടയം കേരളവര്‍മ, കൃപാനന്ദവാരിയര്‍, മധുരാനന്ദ വിദ്വാന്‍, ഉമൈതാണുപിള്ള, കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍  എന്നിവര്‍ ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ പറ്റി സ്തുതിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തിലെ സംഘകൃതികളിലൊന്നായ “പുരനാന്നൂരില്‍” ധര്‍മിഷ്ഠനും സംപാണനുമായ ഏഴിനി ആതന്‍ എന്ന സാഹിത്യ പോഷകന്റെ ജന്മഭൂമി ആണ് തിരുവട്ടാര്‍ എന്നു മാങ്കുഴികീഴാര്‍ പറഞ്ഞു  കാണുന്നു. 12ആം നൂറ്റാണ്ടില്‍ ബോസ്റ്റണ്‍ സ്വദേശി ആയ അനന്ത ചൈതന്യന്‍ എന്ന സന്യാസി ഈ ക്ഷേത്രം സെന്‍റ് പോള്‍സ് കത്തീഡ്രലിനെക്കാളും സെന്‍റ് പീറ്റേര്‍സ് ദേവാലയത്തെക്കാളും ഈശ്വരചൈതന്യം പ്രസരിക്കുന്ന ഒരു ദേവസ്ഥാനമാണ് എന്നു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവര്‍ഷം 1741 ജൂണ്‍ മാസം പത്താം തിയ്യതി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തിന് പോകുമ്പോള്‍ 908 പണവും പറ്റും ഉടവാളും ആദികേശവന്റ്റെ നടക്കു വച്ച് വിജയത്തിനായി പ്രാര്‍ത്തിച്ചതായും വിജയം ലഭിച്ചതായും തിരുവിതാം കൂര്‍ ചരിത്രത്തില്‍ പറയുന്നു. Thiruvattar_Adhi_Kesava_Temple തിരുവട്ടാര്‍ ഗര്‍ഭഗൃഹ മാതൃകയിലാണ് അനന്തപത്മനാഭ ക്ഷേത്രവും നിര്‍മിച്ചിട്ടുള്ളത്. തിരുവട്ടാരില്‍ ഒറ്റക്കല്ലില്‍ പന്ത്രണ്ടു തൂണുള്ള മണ്ഡപം ഉണ്ട്. പിത്തളയില്‍ നിര്‍മിച്ച ദ്വാരപാലകന്‍മാര്‍ ഈ മണ്ഡപത്തിന്റെ പ്രത്യേകതയാണ്. ശയന രൂപത്തിലെ മൂര്‍ത്തിഭാവത്തിന് 22 അടിയാണ് നീളം. ഗര്‍ഭഗൃഹത്തിന് മൂന്നു വാതിലുകളാണ്. ഈ മൂന്നു വാതിലുകള്‍ വഴിയാണ് ഭഗവല്‍ ദര്‍ശനവും. 16008 സാളഗ്രാമത്താലും കടുശര്‍ക്കര യോഗത്താലും നിര്‍മിച്ചതാണ് ഭഗവാന്റെ ശയന മൂര്‍ത്തിപ്രതിഷ്ഠ. ഭഗവാന്‍ ഇടതു കൈ നീട്ടിയ രീതിയിലും വലതുകൈ യോഗമുദ്രയോട് കൂടിയുമുള്ളതാണ്. ശയനമൂര്‍ത്തിയുടെ നാഭിയില്‍ ബ്രഹ്മാവില്ല. സൃഷ്ടാവായി ആണ് ഇവിടെ പെരുമാള്‍ പ്രതിഷ്ഠിച്ചുള്ളത് എന്നുള്ളത് കൊണ്ടാണ് നാഭിയില്‍ ബ്രഹ്മാവില്ലാത്തത്. ഗണപതി വിഗ്രഹങ്ങള്‍ ഇല്ല എന്നുള്ളതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്. ആദിശേഷന്റെ ദേഹത്ത് ശയിക്കുന്ന പെരുമാളിന്റെ ചുമരിലായി കേശി-കേശന്‍,സൂര്യന്‍, ചന്ദ്രന്‍, മംഗലന്‍, ശംഖ്, ചക്രം, താമര എന്നിവയെയും കാണാം. സമീപത്ത് ചാതുര്‍ബാഹുക്കളോട് കൂടിയ തൃപ്പറപ്പ് ശിവക്ഷേത്രത്തിലെ ശിവബിംബവും, കാശിലിംഗവും കാണാം. നേരുന്നടയില്‍ ഒരു നീലക്കണ്ണാടിയും കാണാം. വൈകുണ്ഠ സമാനമായ ഈ ക്ഷേത്രത്തിന്റെ ദര്‍ശനം പശ്ചിമ ദിശയിലാണ്. സര്‍വ്വവും തന്നിലേക്ക് ആവാഹിച്ചു വലതു കൈയിലെ പെരുവിരലും നടുവിരലും തൊടുന്ന യോഗമുദ്രയോട് കൂടി അനന്തനില്‍ ശയനം കൊല്ലുന്ന വിഷ്ണുവിന്റെ വിരാട് രൂപത്തില്‍ ആണ് ഇവിടത്തെ പ്രതിഷ്ഠ. അകത്തെ തലത്തില്‍ പടിഞാറ് ഭാഗത്ത് കാണുന്ന വലിയ ബലിക്കല്ലിന് സമീപം ഒരു കല്‍പലക കാണാം, അത് മാറ്റിയാല്‍ തിരുവട്ടാര്‍ കൊട്ടാരത്തിലേക്കുള്ള രഹസ്യമാര്‍ഗ്ഗം ദൃശ്യമാകും,

അനന്തപത്മനാഭ ക്ഷേത്രം:  1 തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രമാണ് തിരുവിതാം കൂര്‍ രാജവംശത്തിന്റ്റെ മൂലക്ഷേത്രമായി കണക്കാക്കപ്പെടുന്നത്. പിന്നീട് രാജകുടുംബം പത്തനാപുരം കോട്ട ഉപേക്ഷിച്ചു തലസ്ഥാന മാറ്റത്തോടൊപ്പം പണിഴിപ്പിച്ചതാണ് വലിയ കൊട്ടാര സമുച്ചയം. മാര്‍ത്താണ്ഡവര്‍മ്മക്കു ശേഷം കാര്‍ത്തിക തിരുനാളിന്റെ കാലത്താണ് കൊട്ടാര നിര്‍മാണം പൂര്‍ത്തിയാവുന്നത്. ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഈ മാറ്റം എന്നു പറയപ്പെടുന്നു. കിഴക്കേ ഗോപുരത്തിന്റെ അവസാനത്തെ രണ്ടു നിലകള്‍ പണി കഴിച്ചതും കുലശേഖര മണ്ഡപം നിര്‍മിച്ചതും കാര്‍ത്തിക തിരുനാളിന്റെ കാലത്താണ്. ശ്രീപദ്മനാഭ ക്ഷേത്രത്തെ കുറിച്ചുള്ള ചരിത്രങ്ങള്‍ പൊതു ജനങ്ങള്‍ക്ക് അറിവുള്ളതിനാലും വിസ്താര ഭയത്താലും കൂടുതല്‍ പറയുന്നില്ല. ചുറ്റംബലത്തിനുള്ളില്‍ തിരുവട്ടാറിലേത് പോലെ ഒറ്റക്കല്ലില്‍ തീര്‍ത്ത ബൃഹത്തായ ശ്രീകോവിലിലാണ് അനന്തപത്മനാഭ പ്രതിഷ്ഠ. ഇവിടെയും മൂന്നു കവാടങ്ങളിലൂടെ ആണ് പ്രതിഷ്ഠാദര്‍ശനം. ആദ്യത്തിലെത്തിലൂടെ തിരുമുഖവും വലതുകൈയും അതിനിടയിലെ ശിവലിംഗവും കാണാം. വിഭജന വിഘടന വിദ്വേഷികള്‍ പടച്ചു വിടുന്ന ശൈവ വൈഷ്ണവ  ആക്രമണ ചരിതങ്ങളിലെ പൊള്ളത്തരങ്ങള്‍ ഈ സമ്മേളനം വിളിച്ചോതുന്നു. മദ്ധ്യകവാടത്തില്‍ നാഭീപത്മസ്ഥിതനായ ബ്രഹ്മാവിനെയും മഹാവിഷ്ണു, ലക്ഷ്മീ ദേവി, ഭൂമീദേവി എന്നീ പ്രതിഷ്ഠകളും കാണാം. മൂന്നാമത്തെ കവാടത്തിലൂടെ ഭഗവാന്റെ തൃപ്പാദങ്ങളും കാണാം. അനന്ത ശയന രൂപത്തിനു പിന്നില്‍ പാലാഴിയാണ് എന്നു വിശ്വസിക്കുന്നു. ഋഷിമുനിമാരുടെ വിഗ്രഹങ്ങളും ശ്രീകോവിലില്‍ കാണാം. നേപ്പാളിലെ ഗണ്ഡകനദിയില്‍ നിന്നും കൊണ്ടുവന്ന 12000 സാളഗ്രാമങ്ങളു കടുശര്‍ക്കരയുമായി യോജിപ്പിച്ചാണ് മൂലപ്രതിഷ്ഠ നിര്‍മിച്ചിരിക്കുന്നത്. പതിനെട്ടടി നീളമുള്ള ( തിരുവട്ടാരില്‍ ഇത് 22 അടിയാണ് ) അനന്തശയന വിഗ്രഹത്തിന്റെ പണിപൂര്‍ത്തിയാക്കിയത് 1739 ഇല്‍ ആണെന്നാണ് രേഖകള്‍ പറയുന്നതു. പിന്നീട് ക്ഷേത്രം കത്തിയപ്പോള്‍ വിഗ്രഹത്തിന് കേടു പാടുകള്‍ വന്നതും വിഗ്രഹം ശിലാരൂപത്തിലാക്കിയെന്നും പറയപ്പെടുന്നു. അനന്ത ശയന വിഗ്രഹത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്വര്‍ണവും രത്നവും ആവരണം ചെയ്തിട്ടുണ്ട്. 2002-ഇല്‍ വിഗ്രഹങ്ങള്‍ വൃത്തിയാക്കാന്‍ തുനിയുമ്പോഴാണ് വിഗ്രഹത്തിന്റെ മാനോഹാരിത പുറം ലോകം മുഴുവനായി അറിയുന്നതു. ബ്രിട്ടീഷുകരീല്‍ നിന്നും രക്ഷനേടാന്‍ വിഗ്രഹം കര്‍പ്പൂരം കൊണ്ട് മൂടി കത്തിച്ച് കരിയാക്കിയത് കൊണ്ടാണ് വിഗ്രഹത്തെ മുഴുവനായി രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് പറയപ്പെടുന്നു. മറ്റ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായിട്ടും ഇവിടെ നഷ്ടമാവാതിരിക്കാന്‍ ഒരു കാരണമായി ഇതിനെ ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റുള്ള ചരിത്ര-സാമൂഹിക വിശകലനങ്ങള്‍  റാണിലക്ഷ്മിഭായി ആണ് ക്ഷേത്ര ഭരണം മണ്‍റോ സായിപ്പിനെ ഏല്‍പ്പിച്ചത് അതുകൊണ്ടു ഞങ്ങളോടു പറയണ്ട, അതുപോയി കൊട്ടാരത്തോട് പോയി ചോദിക്കൂ എന്നാണ് അഭിനവ നെഹ്രു ആരാധകര്‍ പറയുന്നതു. ഇതിന്റെ സത്യാവസ്ഥകള്‍ നമുക്ക് Sree_Padmanabhasevini_Maharani_Gowri_Lakshmi_Bayiപരിശോധിക്കാം. ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന സമയത്ത് അവര്‍ പല നിയമങ്ങളും നടപ്പിലാക്കിയിട്ടുണ്ട് അത് അതുപോലെ തന്നെ മുന്‍പോട്ടു കൊണ്ടുപോവുക എന്നതാണോ കൊളോണിയല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം?. ബ്രിട്ടീഷുകാര്‍ ഇവിടത്തെ സാമ്പത്തിക സംവിധാനം നശിപ്പിക്കാന്‍ കൊണ്ടുവന്ന, സമൂഹത്തെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുവാന്‍ ഉതകുന്ന വിധത്തില്‍ കൊണ്ടുവന്ന നിയമങ്ങള് അതുപോലെ നടപ്പിലാക്കുക എന്നതാണോ കൊളോണിയല്‍ ആരാധകര്‍ നടത്തുന്നത്? നടത്തേണ്ടത് ? ജനഹിതമല്ലാത്ത നടപടികള് മൂലമാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇവിടെ പ്രക്ഷോഭം ഉയര്‍ന്നത്, സ്വാതന്ത്ര്യം നേടിയത്. അപ്പോ പിന്നെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഈ നിയമത്തെ കൊണ്ട് നടക്കുന്നതിലെ ഔചിത്യം? റാണി ലക്ഷിഭായി മൈനറായിരുന്ന സമയത്താണ് ക്രിസ്ത്യന്‍ മിഷണറി കൂടിയായ മണ്‍റോ സായിപ്പ് തിരുവിതാംകൂറിന്റെ ദിവാനായി നിയമിതനാവുന്നത്. മറ്റ് പല നാട്ടുരാജ്യങ്ങളുടെയും അവസ്ഥ ത്തന്നെയാണ് അന്ന് തിരുവിതാംകൂറിനും. അതുകൊണ്ടു തന്നെ ഇതില്‍ മാത്രം ഒരു കുടുംബത്തെ കുറ്റം പറഞ്ഞു ഇപ്പോള്‍ ചെയ്യുന്ന രീതിയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. മണ്‍റോ സായിപ്പ് വരുന്നതിന് മുന്നേ പല വിധത്തിലുള്ള ഹൈന്ദവ സാമൂഹികോദ്ധാരണ കര്‍മങ്ങളും ചെയ്തുകൊണ്ടിരുന്ന ക്ഷേത്രവും കര്‍മസമിതിയും പിന്നീട് അതി വേഗം Munro-J-M--L-Corplനശിക്കുകയുണ്ടായി. ഹിന്ദുക്കളുടെ സ്ഥായിയായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും കാരണമായ ദേവസ്വങ്ങളും ദേവസ്വത്തുക്കളും തങ്ങളുടെ അധികാരത്തില്‍ വരുത്തുക എന്നത് അധിനിവേശ ശക്തികളുടെ ആവശ്യമാണ്. ഇതുവഴി ഹിന്ദു സമൂഹത്തിന്റെ സന്തുതിലിതാവസ്ഥയും ധനപരമായ കാര്യങ്ങളിലും നാശം വരുത്തി. ഇതിന് വേണ്ടി ആദ്യം ചെയ്തത് 378 പ്രധാന ക്ഷേത്രങ്ങളെയും അവയുടെ സ്വത്തായ 65000 ഏക്കര്‍ പുരയിടങ്ങള്‍ 60 ലക്ഷപ്പാറ നിലം മുതലായവ സര്‍ക്കാറിലേക്ക് ചേര്‍ത്ത്. അതിനു ശേഷം 1123 ചെറിയ ക്ഷേത്രങ്ങളെയും ആ ക്ഷേത്രങ്ങളുടെ കീഴിലെ ഭൂമിയും കൈയിലാക്കി. മൊത്തത്തില്‍ 122330 ഏക്കര്‍ ഭൂമിയാണ് എന്നു സെറ്റില്‍മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ ( നൂറ്റാണ്ടു പഴക്കമുള്ള കണക്കനുസരിച്ച് ) വര്‍ഷത്തില്‍ രണ്ടു ലക്ഷം രൂപ നിലയിടങ്ങളില്‍ നിന്നുള്ള വരുമാനവും 50000 രൂപ നടവരുമാനവും ഉണ്ട്. അന്ന് മുതല്‍ ഇന്നുവരെ ഈ പണം സര്‍ക്കാരിലെക്കാണ് പോകുന്നത്. സായിപ്പന്മാര്‍ അന്ന് കാണിച്ച തന്ത്രങ്ങളുടെ ചെറിയ രൂപം  തീര്‍ച്ചയായും വെള്ളക്കാരുടെ ലക്ഷ്യത്തിലോന്നു ഇവിടത്തെ തദ്ദേശീയരെ സ്വന്തം മതത്തില്‍ ചേര്‍ക്കുക എന്നുള്ളതാണ്. അത് ഇന്നും നിര്‍ബാധം തുടരുന്നു. അന്ന് മണ്‍റോ സായിപ്പ് ദിവാന്‍ ആയതിനു ശേഷം ചെയ്ത കാര്യങ്ങളില്‍ ചിലത്: ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി കോട്ടയത്ത് കോളേജ് പണിയുന്നതിനായി ആ സമയത്തു 50000 രൂപ വിലയുള്ള നിലങ്ങളും പുരയിടങ്ങളും നല്‍കി, നാഗര്‍കോവിലില്‍ ഇതേ പോലെ 60000 രൂപ വിലയുള്ള സ്ഥലങ്ങളും റാണിയെ കൊണ്ട് കൊടുപ്പിച്ചു. കല്ലറയില്‍ മണ്‍റോ തുരുത്ത് മിഷനറി സംഘത്തിനു വിട്ടുകൊടുത്തു. സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളിലും കൃസ്ത്യന്‍ പള്ളികള് നിര്‍മിക്കാനുള്ള സഹായം ചെയ്തു കൊടുത്തു. ഇങ്ങനെ ഉണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരുന്ന ചര്‍ച്ചകളും മറ്റു കര്‍മ്മങ്ങളും നിലക്കാന്‍ തുടങ്ങി, പല ക്ഷേത്രങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടത്താതെ വിട്ടു. ക്ഷേത്രാധികാരികളും ഉടമസ്ഥരുമായ സ്വദേശികളെക്കാള്‍ വിദേശീയരായ ഒരു കൂട്ടം ആളുകള്‍ക്ക് ക്ഷേത്രങ്ങളില്‍ കൂടുതല് അധികാരങ്ങളും അവകാശങ്ങളും ലഭിച്ചു. മലയോര പ്രദേശങ്ങളിലെ പല ക്ഷേത്രങ്ങളും നശിച്ചു. അതുവഴി ക്ഷേത്ര ഭൂമി അഹിന്ദുക്കളുടെ കൈയിലായി. ഈ വിധത്തിലുള്ള സാമൂഹിക മാറ്റത്തിന് നമ്മുടെ നാട് വിധേയമായി, ആ സാമൂഹിക മാറ്റം അധിനിവേശ മതങ്ങളിലേക്ക് ജനങ്ങള്‍ ചേക്കേറുന്നതിലേക്കു നീങ്ങി. 1816- ഇല്‍ വെറും ഒരു ലക്ഷം ക്രിസ്ത്യാനികള്‍ ഉള്ള സ്ഥലത്ത് ഇന്നത്‌ എത്ര ആയി എന്ന് പരിശോധിക്കുമ്പോള്‍ മാത്രമാണ് സാമൂഹിക പരിവര്‍ത്തനം എത്രത്തോളം നടന്നു എന്ന് നമുക്ക് മനസ്സിലാവുക.എന്തിനെറെ പറയുന്നു. 1936-നവംബര്‍ നാലിന് അന്നത്തെ തിരുവിതാം കൂര്‍ രാജാവ് നടത്തിയ സത്യപ്രതിഞ്ഞ ചടങ്ങില്‍ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിതനായി. ( പത്മനാഭ ദാസന്മാര്‍ ആണ് ഇവരെന്നോര്‍ക്കണം) “ Solemnly and sincerely in the Presence of God, I certify that I will be a faithful protestant and that I will according to the true intent of the enactments which the protestant succession to the throne of my realm, uphold and maintain the said enactments to the best of my power according to law” എത്ര ഫലപ്രദമായും ദീര്‍ഗ്ഗ വീക്ഷണത്തോടെ കൂടിയും ആണ് വെള്ളക്കാര്‍ ഒരു സാമൂഹിക സംവിധാനം തകര്‍ത്തത് എന്ന് നോക്കുക. അധിനിവേശത്തിന്റെ ആദ്യ കാലങ്ങളില്‍ മദ്രാസ് പ്രവിശ്യയിലെ എല്ലാ ക്ഷേത്രങ്ങളുടെയും അധികാരം കൈയില്‍ വച്ച വെള്ളക്കാര്‍, പല ക്ഷേത്രങ്ങളും കൊള്ളയടിച്ചതിനു ശേഷം 1823- ഇല്‍ Religious Endowment act ലൂടെ തങ്ങളുടെ അധികാരം അതാതു സ്ഥലങ്ങളില്‍ തങ്ങള്‍ക്കു സ്വാധീനമുള്ളവരെ കൊണ്ട് ഭരിപ്പിക്കുന്നു. Religious Endowment act പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് ക്ഷേത്രങ്ങളിലോ ഭരണങ്ങളിലോ യാതൊരു വിധത്തിലുള്ള അധികാരവുമില്ല.. ഈ          “ ശിപായികള്‍” ( ശിപായി എന്ന് ഇവിടെ വിശേഷിപ്പിച്ചത്‌ കൊളോണിയല്‍ അടിമകളെ ആണ്) ക്ഷേത്ര സംവിധാനം മുഴുവനും നശിപ്പിച്ചു. അങ്ങിനെ ഒരു സാമൂഹ്യ സാഹചര്യം സൃഷ്ടിച്ചു കൊണ്ട് ബ്രിട്ടീഷുകാര്‍ പിന്നെ ചെയ്തത് 1926- ഇല്‍ Hindu Religious Endowment Board കൊണ്ട് വരിക എന്നതാണ്. ഈ ബോര്‍ഡ്‌ ആണ് പിന്നീട് മധുര മീനാക്ഷി ക്ഷേത്രമടക്കം (1931) പല ക്ഷേത്രങ്ങളും കൈയിലാക്കിയതും അവിടെ ഉണ്ടായിരുന്ന സ്വത്തുക്കള്‍ മുഴുവനും കൊള്ളയടിച്ചതും. ( രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടായ സാമൂഹിക മാറ്റം) ആശങ്കകള്‍  ജനങ്ങളുടെ പ്രക്ഷോഭം ഉണ്ടായാല്‍ ഭരണാധികാരികള്‍ കണ്ണ് തുറക്കും എന്നതിന്റെ ഉദാഹരണമാണ് 1912- ഇല്‍ മിസ്ടര്‍ വാട്ട്സിനെ ദിവാനായി നിയമിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ വിജയം. വീണ്ടും ജനങ്ങളുടെ ഐക്യം കുറഞ്ഞപ്പോ ക്ഷേത്ര ഭരണം വീണ്ടും ദിവാന്റെ കൈയിലാവുന്നതും നാം കണ്ടു. വിപ്ലവ വീര്യം ഉയര്‍ന്നാലെ ഇവിടെ ഹിന്ദു ധരമ വിശ്വാസികള്‍ക്ക് സ്ഥാനമുള്ളൂ എന്നാണു ഇത് പഠിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷുകാരുടെ നിയമത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് 1950-ല്‍ പുതിയ നിയമ നിര്‍മാണം നടത്തി. ഇപ്പോള്‍ ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാരിലേക്ക് പോകുന്നില്ല എന്നാണ് പറയുന്നതു. എങ്കില്‍ ഇത്രയും പണവും ഭൂമിയും ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന്‍ ഹൈന്ദവരെ അറിയിക്കാന്‍ ഇവിടത്തെ ഭരണകൂടത്തിന് ബാധ്യത ഉണ്ട്. ട്രഷറിയില്‍ ഉള്ള ക്ഷേത്ര വരുമാനത്തിന്റെ Fixed Deposit എത്ര തവണ ഭരണകൂടം ഉപയോഗിച്ച് എന്നും, അവിടെ നിന്നും എടുത്ത പണം തിരിച്ചടച്ചോ എന്നും വിശ്വാസികളെ ബോധിപ്പിക്കാനുള്ള ബാധ്യത ഇവിടത്തെ ഭരണകൂടത്തിനുണ്ട്. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് സര്‍ക്കാരുദ്യോഗസ്തര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ പണം എടുത്തിട്ടുണ്ട്. ആ പണം തിരിച്ചടച്ചോ എന്ന് ഇന്നിതുവരെ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ പൊതു ജനങ്ങളെ അറിയിച്ചിട്ടില്ല. കരുണാകരന് ശേഷം എത്ര പേര്‍ എത്ര തവണ ഇതേ നീക്കം നടത്തി എന്ന് ജനങ്ങളറിയണം. 1950 നു ശേഷം എത്ര ക്ഷേത്രഭൂമി നഷ്ട്ടപ്പെട്ടു? എത്ര ക്ഷേത്രഭൂമിയുടെ കേസുകളില്‍ ഗവര്‍മെന്റ് ക്ഷേത്രത്തിനു അനുകൂലമായ നിലപാട് എടുത്തു? മനോരമ കുടുംബം പന്തല്ലൂർ ക്ഷേത്ര ഭൂമി കൈയേറിയ കേസിലും കൊട്ടിയൂര്‍ കേസിലും ക്ഷേത്രത്തിന്റെ ആയിരക്കണക്കിനു ഏക്കര്‍ ഭൂമിനഷ്ട്ടപ്പെട്ടിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ ക്ഷേത്രത്തിനു അനുകൂലമായി കേസില്‍ കക്ഷി ചേരുന്നില്ല? പലപ്പോഴും ക്ഷേത്രഭൂമിയെ കുറിച്ച് പറയുമ്പോള്‍ Panthalloor-Templeഭൂപരിഷ്കരണ നിയമവും വിമോചന സമരവും എന്നാ രണ്ടു പദങ്ങള്‍ കൊണ്ട് എല്ലാം മറക്കുന്നവര്‍ ഈ രണ്ടു നിയമ/പ്രക്ഷോഭം കൊണ്ട് ഇവിടത്തെ അടിയാളന്മാരായ ജനങ്ങളില്‍ എത്ര പേരെ ജന്മിമാര്‍ ആക്കി എന്ന് പറയണ്ടേ? ഇവിടെ എവിടെയാണ് പറയനും പുലയനും മുക്കുവനും ഭൂമി ലഭിച്ചതും ജന്മി ആയതും? പണ്ടുണ്ടായിരുന്ന ഹിന്ദു ജന്മികളില്‍ നിന്നും അത് അധിനിവേശ മത ജന്മികളിലേക്ക് മാറി എന്നതല്ലേ സത്യം? സായിപ്പന്മാര്‍ ഭരിക്കുമ്പോള്‍ ക്ഷേത്ര ഭൂമികള്‍ അധിനിവേശ മതം സ്വീകരിച്ചവര്‍ക്കു പതിച്ചു നല്‍കിയത് സ്വാതന്ത്ര്യത്തിന് ശേഷം വന്ന ഭരണകൂടം തുടര്‍ന്നു പോന്നു എന്നല്ലേ സത്യം? ക്ഷേത്ര ഭരണത്തില് സര്‍ക്കാരിന് അധികാരമില്ലെങ്കില് പിന്നെന്തിന് സര്‍ക്കാര്‍ വകുപ്പും,ദേവസ്വം മന്ത്രിയും ജനപ്രതിനിധികളും അംഗങ്ങളായുള്ള ദേവസ്വം ബോര്‍ഡും എന്നുള്ള സ്ഥിരം ചോദ്യവും, വരുമാനം ഉള്ള ക്ഷേത്രങ്ങള്‍ മാത്രമെന്തേ ദേവസ്വം ഭരിക്കുന്നു എന്നുള്ള ചോദ്യവും. സര്‍ക്കാരിന് ഒരു ഗുണവും ഇല്ലെങ്കില്‍ പിന്നെ ഇത്ര വിഷമിച്ചു ഹിന്ദുക്കളെ സഹായിക്കണോ എന്നുള്ള ചോദ്യവും ചോദിക്കാന്‍ ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ക്ക് അവകാശമില്ലേ … ! പത്മനാഭനും ആദികേശവനും: ഒരു ഹൈന്ദവ ധര്‍മ വിശ്വാസി എന്ന നിലയില്‍, അനന്തപത്മനാഭനെയും ആദികേശവനെയും ബന്ധിപ്പിക്കാതെ തരമില്ല. ഇന്ന് പത്മനാഭന്റെ ദേഹത്ത് കാണുന്ന അതെ നിലയിലുള്ള ആഭരണങ്ങളും ഇത്രത്തോളം ഉണ്ട് എന്ന് പറയാനാവില്ലെങ്കിലും സ്വത്തുക്കളും ഭൂമിയും ഉണ്ടായിരുന്നു. പക്ഷെ ആ ക്ഷേത്രം തമിഴ്നാട് സര്‍ക്കാറിന്റെ പൂര്‍ണ്ണ അധീനതയില്‍ ആയതിന് ശേഷം അവിടത്തെ ക്ഷേത്രഭൂമിയും ക്ഷേത്രത്തിലെ സ്വത്തുക്കളും ഒക്കെ സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുതുന്നതും കൊള്ളയടിക്കുന്നതുമാണ് നാം കണ്ടത്. എന്തിനേറെ പറയുന്നു, യോഗമുദ്രയില്‍ ശയിക്കുന്ന ദേവരൂപതിന്റെ ദേഹത്ത് ഉണ്ടായിരുന്ന വിലമതിക്കാനാവാത്ത ആഭരണങ്ങള്‍ മുഴുവനും കൊള്ളയടിക്കപ്പെട്ടു. ഇന്ന് ആ ക്ഷേത്രതിന്റെ ഗതിയും അവിടത്തെ മൂര്‍ത്തിയുടെ ഗതിയും ഒന്ന് തന്നെയാണ്. ഒരു കാലത്ത് പത്മനാഭന്റെ പ്രൌഡി ഉണ്ടായിരുന്ന ആദികെശവന്റെ ഗതി നാളെ അനന്തപത്മനാഭനും ഉണ്ടാവുമോ എന്ന് ഒരു വിശ്വാസി ആശങ്ക പ്രകടിപ്പിച്ചാല്‍ അതില്‍ ആ വിശ്വാസിയെ അല്ല കുറ്റം പറയേണ്ടത് മറിച്ചു ഇവിടത്തെ ഭരണകൂടത്തെയാണ്‌. രണ്ടു കോര്‍പ്പറേറ്റ് മതങ്ങള്‍ക്ക് നടുവിലും മതേതരം എന്ന താങ്ങാനാവാത്ത ഭാരത്തിനിടയിലും ജീവിക്കുന്ന ഒരു ശരാശരി ഹൈന്ദവ വിശ്വാസിക്ക് ഇത് ഭയാനകമായ ആശങ്ക തന്നെയാണ്. നാളെ പത്മനാഭന് ആദികേശവന്റെ ഗതി വരാതിരിക്കാന്‍ വിശ്വാസ സമൂഹം മറ്റൊരു വിപ്ലവം നടത്തണം. അധിനിവേശ ശക്തികള്‍ നിര്‍മിച്ച നിയമത്തിനെതിരെ പ്രക്ഷോഭം നടത്തണം, എന്നാലെ ഇവിടെ പത്മനാഭനും മുത്തപ്പനും മലദൈവങ്ങളും കാളിയും, ഗുരുവായൂരപ്പനും, തൃപ്പൂണിതുറയപ്പനും   നിലനില്‍ക്കുകയുള്ളൂ…!! മതേതരം ഹിന്ദുവിന്റെ ബാധ്യത അല്ലെന്നു ഓരൊ ഹിന്ദുവും ഓര്‍ക്കണം…… !!

നോട്ട് : ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ദേവസ്വം നിയമവും 1950 ഇല്‍ ഇന്ത്യന്‍ യൂണിയന്‍ ഉണ്ടാക്കിയ നിയമവും തമ്മില്‍ ഒരു താരതമ്യ പഠനം നടത്തി രണ്ടു നിയമങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ല എന്ന് ഉള്ള കാര്യം കൂടി ഇടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഈ രണ്ടു നിയമങ്ങളുടെ കോപ്പി ലഭിക്കാന്‍ വേണ്ടി കുറെ ശ്രമിച്ചു പക്ഷെ കിട്ടിയില്ല അതിനാല്‍ അത് കിട്ടുന്ന മുറയ്ക്ക് വായനക്കാര്‍ക്കായി സമര്‍പ്പിക്കാം.