ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി —

അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.

ശാക്തേയം – ഇന്ത്യയിലെ ഈശ്വര സങ്കല്പങ്ങളിൽ എന്ന് മാത്രമല്ല ലോകത്തിലെ തന്നെ മെട്രിയാർക്കൽ (സ്ത്രീ ദേവതാ) മതങ്ങളിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ് ഇന്ത്യൻ താന്ത്രിക മതങ്ങളിൽ ഒന്നായ ശാക്തേയം. മറ്റു മതങ്ങൾ എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇക്കണ്ട ദുനിയാവ് മുഴുവൻ പടച്ചത് ഒരു അവൻ ആണെന്നും, ആ അവൻ പുരുഷന് സ്ത്രീയേക്കാൾ പ്രാമുഖ്യം നൽകിയിട്ടുണ്ട് എന്നും പറയുമ്പോൾ; മെട്രിയാർക്കൽ മതങ്ങളിൽ പ്രാധാന്യം ഈശ്വരിക്കാണ്. ഈശ്വരനെ ആരാധിക്കുക എന്നതിൽ നിന്നും വിഭിന്നമായി ഈശ്വരീയമായ ശക്തിയെ ആർജ്ജിക്കുക എന്നതാണ് ശാക്തേയം അടക്കമുള്ള താന്ത്രിക മതങ്ങളുടെ അടിസ്ഥാനആശയം. മനുഷ്യന് അതീന്ദ്രിയ ശക്തികൾ സ്വായത്തമാക്കുവാൻ സാധിക്കും എന്ന് വിശ്വസിച്ച ഇക്കൂട്ടർ ദശമഹാവിദ്യകളെ ഉപാസിച്ചിരുന്നവരും ആണ്. താന്ത്രിക ഗ്രന്ഥങ്ങളെ കുറിച്ച് അപഗ്രഥനം നടത്തിയ ഇന്ത്യയിലെ ചരിത്രഗവേഷകർ തന്ത്രം എന്ന പദത്തിന് നൽകിയ അർത്ഥം തന്നെ ടെക്നിക് എന്നാണ്. മലയാളത്തിലെ പ്രസിദ്ധനായ ചരിത്രഗവേഷകൻ ശ്രീ. കെ. ബാലകൃഷ്ണകുറുപ്പും, താന്ത്രികതയെ അടിസ്ഥാനമാക്കി ആര്ഷജ്ഞാനം രചിച്ച നാലപ്പാട്ട്‌ നാരായണമേനോനും എല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ്. വൈദീക കാലഘട്ടത്തിൽ കൂടോത്രം, ആഭിചാരം എന്നെല്ലാം ആക്ഷേപിക്കപ്പെട്ടതു കൊണ്ട് തന്നെ ശാക്തേയം എന്ന വിശ്വാസം പിന്നാക്കം പോയി.

സർവ്വപ്രപഞ്ചത്തിനും ഉടയവൾ ആയ ദേവീസങ്കല്പത്തെ ശാക്തേയർ മൂലപ്രകൃതിയെന്നും ആദിപരാശക്തി എന്നും വിളിച്ചു. പുരുഷഭാവമായ ഊർജ്ജവും, പ്രകൃതീ ഭാവമായ ചേതനയും തമ്മിലുള്ള സംഭോഗഫലമായി സർവ്വചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്നും ശാക്തേയമതം സങ്കൽപ്പിക്കുന്നു. സർവ്വപ്രപഞ്ചത്തിനും പിറവി നൽകിയ മഹായോനിയാണ് പ്രകൃതി എന്നും ശാക്തേയമതം. അതിനാലാണ് താന്ത്രിക പ്രതീകങ്ങളായി ലിംഗവുംയോനിയും എന്ന അർഥം വരുന്ന ഊർധ്വമുഖ ത്രികോണവും, അധോമുഖ ത്രികോണവും, , സഹസ്രദളങ്ങ പദ്മമായ മഹായോനിയും, ശിവലിംഗ രൂപവും എല്ലാം രൂപപ്പെട്ടത്. പ്രകൃതിയിലെ ഓരോ ഘടകവും ഈശ്വരസൃഷ്ടി ആണെന്നും, മനുഷ്യനടക്കം എല്ലാ ജീവികളെയും സമഭാവത്തോടെ കാണണം എന്നും വിശ്വസിക്കുന്നവരായിരുന്നു ശാക്തേയ താന്ത്രികർ. ഭൗതീക വാദികൾക്ക് എളുപ്പം അംഗീകരിക്കാൻ കഴിയാത്ത ശാക്തേയരുടെ ആശയവും ഒരുപക്ഷെ മറ്റു മനുഷ്യരും, ഭൂമിയിലെ ജീവികളും എല്ലാം തന്നെ ഒരാൾക്ക് ഒരേ പോലെ തന്നെയാണ് എന്നതായിരിക്കും. ഈശ്വരനെ ആരാധിച്ച്‌ പ്രീതിപ്പെടുത്തിയാൽ തങ്ങൾക്ക് സർവ്വ സുഖങ്ങളും ലഭിക്കും എന്നല്ല, പ്രകൃതിയിലെ രഹസ്യങ്ങളെ മനസ്സിലാക്കിയാൽ അവയെ തങ്ങളുടെ വരുതിയിൽ ആക്കാൻ സാധിക്കുമെന്നും, അത്തരത്തിൽ സ്വന്തം ജീവിതപ്രക്രിയയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നാണ് അവർ കരുതിയിരുന്നത്. അതിനായി ജ്ഞാനിയായ ഒരു ഗുരുവിൽ നിന്നും വിദ്യാഭ്യാസം ചെയ്യുകയാണ് വേണ്ടതെന്നും അവർ കരുതുന്നു. ഈ ഗുരുശിഷ്യ ബന്ധം ഭാരതീയ ആത്മീയശാഖയുടെ മുഖമുദ്ര ആയതുകൊണ്ട് തന്നെയാണ് താന്ത്രിക ഗ്രന്ഥങ്ങളും, ഭൂരിഭാഗം ഉപനിഷത്തുക്കളും ഗുരുശിഷ്യ സംവാദം എന്ന രൂപത്തിൽ എഴുതപ്പെട്ടതും.

ഹയഗ്രീവ മഹർഷി തന്റെ ശിഷ്യനായ അഗസ്ത്യ മുനിക്ക് ഉപദേശിച്ചു കൊടുത്തതെന്ന് പറയപ്പെടുന്ന ലളിതാ സഹസ്രനാമത്തിൽ ദേവി വർണ്ണന തുടങ്ങുന്നത് തന്നെ ശ്രീ മാതാ – സർവ്വപ്രപഞ്ചത്തിനും അമ്മയായവൾ എന്നാണ്. ചിദഗ്നികുണ്ഡ സംഭൂത – ചിത്തമാകുന്ന അഗ്നികുണ്ഡത്തിൽ പിറവി കൊണ്ടവൾ; ഒരു വ്യക്തി സ്വന്തം മനസ്സിൽ എങ്ങിനെ കാണുന്നുവോ ആ രൂപത്തിൽ അയാൾക്ക് ദൃശ്യമാകുന്ന ശക്തിയാണ് പ്രകൃതി. ദേവീ ഭാവങ്ങൾ ഇത്രയധികം രൂപഭേദങ്ങളിൽ ചിത്രീകരിക്കപ്പെട്ടതും അതിനാൽ തന്നെ. ചിന്താമണി ഗൃഹാന്തസ്ഥ ചിന്തയാകുന്ന ഗൃഹത്തിൽ വസിക്കുന്നവൾ, അപ്രമേയ – ആരാലും പ്രമേയമാക്കാൻ സാധിക്കാത്തവൾ, സ്വപ്രകാശ – സകല ചരാചരങ്ങളിലും സ്വയം ചേതനയായി പ്രകാശിക്കുന്നവൾ, ഭുവനേശ്വരി – ത്രിഗുണങ്ങളെയും സൃഷ്ടിച്ച സർവ്വഭുവനത്തിന്റെയും ഈശ്വരി, ജഗദംബിക- മുഴുവൻ ജഗത്തിനും അമ്മയായവൾ അവളാണ് മൂലപ്രകൃതി. കാളിയായി കാലത്തിന്റെ സ്വരൂപം പൂണ്ടവൾ, ദുർഗയായി ദുർഗതിയെ ഇല്ലാതാക്കുന്നവൾ, ശാകംബരിയായി സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നവൾ, അന്നപൂർണ്ണയായി അന്നമേകുന്നവൾ,എന്ന് മാത്രമല്ല ജ്യേഷ്ഠയായി ദുരിതങ്ങൾ നല്കുന്നവൾ, മായയായി ചപലചിത്തരെ നശിപ്പിക്കുന്നവൾ എന്നുമുള്ള വർണ്ണനകളും കാണാം. തനിക്ക് നേരിടേണ്ടി വരുന്ന നന്മകൾ മാത്രമല്ല, അപകടങ്ങളും പ്രകൃതി നിയമത്തിന്റെ ഭാഗമായി തന്നെ ഉള്ളവയാണെന്നു മനസ്സിലാക്കാനുള്ള യുക്തി അവർക്കുണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാൻ.

യാ ദേവി സർവ്വ ഭൂതേഷു എന്ന് സ്തുതിക്കുന്ന മന്ത്രം തന്നെ ശ്രദ്ധിക്കുക സർവ്വഭൂതങ്ങളിലും അറിവായി വിളങ്ങുന്ന ദേവി എന്ന് സ്തുതിക്കുന്ന സമയം തന്നെ സർവ്വഭൂതങ്ങളിലും അജ്ഞാനമായി പരിലസിക്കുന്ന ദേവി എന്നും വർണ്ണന കാണാം. പ്രകൃതിയിൽ തെറ്റായ ഒന്നും തന്നെയില്ല, അത് അനുഭവിക്കുന്നവരെ അപേക്ഷിച്ചാണ്‌ ശരിയും തെറ്റുമാകുന്നത് എന്ന ചിന്തയാണ് ഈയൊരു വർണ്ണന കൊണ്ട് തെളിയുന്നതും.
ആരാണോ സർവ്വചരാചരങ്ങളിലും അന്നമായും, ധനമായും, ശക്തിയായും, മുക്തിയായും, ഭക്തിയായും, ഭുക്തിയായും, മോഹമായും, ലോഭമായും, ദ്വേഷമായും, സ്നേഹമായും, ദേഹമായും, ദേഹിയായും, ലാസ്യമായും, പ്രേമമായും, കാമമായും, കാഴ്ചയായും, കേൾവിയായും, സ്പര്ശമായും, ഗന്ധമായും, ചൂടായും, തണുപ്പായും, രോഗമായും, ഔഷധമായും, നിദ്രയായും, വിശപ്പായും, ദാഹമായും, ശാന്തിയായും, അശാന്തിയായും, പ്രജ്ഞയായും, നന്മയായും, തിന്മയായും എല്ലാം വർത്തിക്കുന്നത് അവളാണ് പ്രകൃതി. അതിനാൽ തന്നെ വഴിപാടു കഴിച്ചോ, പുകഴ്ത്തിയോ പ്രീണിപ്പിക്കാനോ ലോട്ടറി അടിക്കാനുള്ള അനുഗ്രഹം വാങ്ങിക്കാനോ സാധിക്കുന്ന ദൈവവുമല്ല അവരുടെ സങ്കൽപം. സ്വന്തം ജീവിതവിധികളെ നിർണ്ണയിക്കുന്നത് ഒരുവന്റെ കർമ്മവും, ജീവിതശൈലികളും മാത്രമാണ്. അതിലപ്പുറം ഒരു വിധാതാവും ഒരു വ്യക്തിക്കില്ല തന്നെ. പഠിക്കേണ്ടത് പ്രകൃതിയെ ആണ്, മാനിക്കേണ്ടത് പ്രകൃതിയുടെ നിയമങ്ങളും.

ആദിപരാശക്തി എന്ന സങ്കല്പത്തിന്റെ ഒൻപതു ഭാവങ്ങൾ ആരാധിക്കപ്പെടുന്ന ഒൻപതു ദിവസങ്ങൾ ആണ് നവരാത്രികൾ. ശാക്തേയമതസ്ഥരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ആഘോഷദിനങ്ങളാണ് ബംഗാൾ മുതൽ തെക്കോട്ടുള്ളവർക്ക് നവരാത്രി. ഉത്തര ഭാരതത്തിലെ ആഘോഷങ്ങളെ അപേക്ഷിച്ച് വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കാണ് താന്ത്രികതയുടെ ഈറ്റില്ലമായിരുന്ന ദക്ഷിണഭാരതത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. അടിസ്ഥാനപരമായി അറിവിനെ തന്നെ സൂചിപ്പിക്കുന്നവയാണ് ദേവീഭാവങ്ങൾ എല്ലാം തന്നെ. കാലത്തിന്റെ സ്വരൂപമായി ആയുധമേന്തി നിൽക്കുന്ന കാളി പോലും ദക്ഷിണതന്ത്രത്തിൽ വിദ്യാദായിനിയാണ്. പഠിക്കുന്ന കുട്ടികൾക്കു സ്വന്തം പുസ്തകങ്ങളിലൂടെയാണ് അറിവെന്ന ഈശ്വരൻ ദർശനമേകുന്നത് , തൊഴിലെടുക്കുന്നവർക്ക് പണിയായുധങ്ങളിലും, അവയുടെ ഉപയോഗവൈദഗ്ദ്യത്തിലും ആണ് ഈശ്വരസാന്നിധ്യം വേണ്ടത്, യോദ്ധാവിനാകട്ടെ സ്വന്തം ആയുധങ്ങളിലും, ആയോധനകലയിലും.
ഇത്തരത്തിൽ ഒരു മനുഷ്യന്റെ ജീവിതസാഹചര്യവുമായി ബന്ധപ്പെട്ട വസ്തുതകളെ ആദരിക്കുന്ന ചടങ്ങാണ് പൂജ വെയ്പ്പ് എന്ന ചടങ്ങിലൂടെ അർത്ഥമാക്കുന്നതും. എഴുത്തിനിരുത്തൽ, കലകളുടെ അരങ്ങേറ്റം, അഭ്യാസം ആരംഭിക്കൽ എന്നിവയ്ക്കും ഈയൊരു ദിനം തെരഞ്ഞെടുക്കാൻ കാരണവും ഈ വിദ്യോപാസനാ സമ്പ്രദായം തന്നെ.