എണ്ണപ്പണവും തീവ്രവാദവും – 41 വർഷത്തെ സൗദി അറേബ്യ – അമേരിക്ക അവിഹിത ബന്ധം

 14449934_1775682536053141_2440199991097202481_n

                  2000 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം .               ലോസ് ആഞ്ചലസിനടുത്ത് കൽവർ സിറ്റി ഏരിയയിലെ പ്രശസ്തമായ കിംഗ് ഫഹദ് മസ്ജിദിനു അടുത്തുള്ള മെഡിറ്ററേനിയൻ റെസ്റ്റോറന്റിലേക്ക്, സൗദി പൗരനും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി കോൺട്രാക്ടറും ആയ ഒമർ അൽ ബയോമി കടന്നു വന്നു. സൗദി കൗൺസലേറ്റിലെ ഉദ്യൊഗസ്ഥനും തൊട്ടടുത്ത കിംഗ് ഫഹദ് മസ്ജിദിലേ ഇമാമും ആയ ഫഹദ് അൽ തുമൈരിയുടെ നിർദേശപ്രകാരം ബാങ്കോക്കിൽ നിന്ന് വന്ന രണ്ടു സൗദി പൗരന്മാർ ആയ ചെറുപ്പക്കാരെ കാണുവാൻ വേണ്ടി ആണ് അയാൾ എത്തിയത്. ഈ ചെറുപ്പക്കാർ പലപ്പോഴും മസ്ജിദിലും പിന്നെ ഇമാം ആയ തുമൈരിയെ കാണാനും വരാറുണ്ടായിരുന്നു. ഇംഗ്ലീഷും അമേരിക്കയും, രണ്ടും വശമില്ലാത്ത അവർക്ക് ലോസ് ആഞ്ചലസിലോ അവർ പറയുന്ന സ്ഥലത്തോ താമസിക്കാനും മറ്റും വേണ്ട സൗകര്യം ചെയ്തു കൊടുക്കാനും ആണ് ബയോമിയെ ഇമാം ആയ തുമൈറി ചുമതലപ്പെടുത്തിയത്. ബയോമി അവരെ കൂട്ടി താൻ താമസിക്കുന്ന സാൻ ഡീഗോയിലെ അപ്പാർട്മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി മറ്റൊരു ഫ്ലാറ്റിൽ അവർക്ക് താമസിക്കാൻ ഉള്ള എല്ലാ വ്യവസ്ഥയും ചെയ്തു കൊടുത്തു. ഭാഷ അറിയാത്തത് കൊണ്ട് അവർക്ക് ഒരു സഹായി എപ്പോഴും ആവശ്യമായിരുന്നു. പിന്നീട് അവരെ അയാൾ സാൻ ദീഗോയിലെ ഇമ്മാം ആയ അൻവർ അൽവാക്കിയും ആയി അവരെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു . അൻവർ അൽവാക്കി എന്ന ആ ഇമാം ആണ് പിന്നീട് മൊഹ്‌ദാർ അബ്ദുല്ലാഹ് എന്ന യെമനി വിദ്യാർത്ഥി ആയ ചെറുപ്പക്കാരനെ ഇവർക്ക് പരിചയപ്പെടുത്തിയതും ഈ രണ്ടു ചെറുപ്പക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും ഫ്ലൈറ്റ് സ്‌കൂളുകൾ (വിമാനം പറത്താൻ ഉള്ള പ്രാഥമിക പരിശീലന സ്‌കൂളുകൾ ) അന്വേഷിച്ച് കണ്ടെത്താനും സഹായിച്ചത്.

   ആ രണ്ടു ചെറുപ്പക്കാരുടെ പേരുകൾ പറഞ്ഞാൽ ഒരു പക്ഷെ നിങ്ങൾ ചിലപ്പോൾ കേട്ട് കാണും. സൗദിയിലേ മക്കയിൽ ജനിച്ച അവരുടെ പേര് നവാഫ് അൽ ഹസ്മി എന്നും ഖാലിദ് അൽ മിഥാർ എന്നും ആയിരുന്നു. ഓർമ്മ വന്നില്ലെങ്കിൽ പറയാം. ലോകത്തെ നടുക്കിയ തീവ്രവാദി ആക്രമണം ആയ 9 / 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മൻഹാട്ടനിലെ ആ ഇരട്ട ഗോപുരത്തിലേക്കും പിന്നെ അമേരിക്കൻ സൈനിക ആസ്ഥാനം ആയ പെന്റഗണിലേക്കും കൂറ്റൻ ബോയിങ് വിമാനം ഇടിച്ചിറക്കി ആയിരക്കണക്കിന് നിരപരാധികളെ കൊന്നു കൊണ്ട് ചാവേർ ആയ ജിഹാദികൾ ആണ് അവർ രണ്ടു9-11-attacks-twin-towers പേരും. . നവാഫ് അൽ ഹസ്മിയും ഖാലിദ് അൽ മിഥാറും. സാൻ ദീഗോയിലെ ആ ഇമാം ആണ് പിന്നീട് അൽ കയ്‌ദക്കു വേണ്ടി ഓൺലൈൻ റിക്രൂട്ടർ ആയി മാറിയത്. സൗദി കോൺസുലേറ്റിലെ ആ ഉദ്യോഗസ്ഥൻ ആയ തുമൈരിയെ പിന്നീട് 9 / 11 ആക്രമണത്തിന്റെ അന്വേഷണം നടത്തിയ അമേരിക്കയുടെ പ്രത്യേക അന്വേഷ ഏജൻസി സൗദിയിൽ എത്തി ചോദ്യം ചെയ്‌തെങ്കിലും അവർക്ക് അയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. സൗദി സർക്കാരിന്റെ ഉദ്യോഗസ്ഥൻ ആയ തുമൈറിയെ അമേരിക്കൻ സംഘം പല തവണ ചോദ്യം ചെയ്‌തെങ്കിലും പക്ഷെ “തെളിവുകൾ” ഒന്നും ലഭിച്ചില്ല എന്ന് പറഞ്ഞു മടങ്ങേണ്ടി വന്നു. തീവ്രവാദികൾക്ക് സഹായം ചെയ്തു കൊടുത്ത ബയോണിയുടെ നമ്പറിൽ നിന്ന് രണ്ടു വർഷത്തിനുള്ളിൽ പല തവണ തുമൈരിയെ വിളിച്ചതായുള്ള ഫോൺ റെക്കോർഡുകൾ അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്നിട്ടും, ബയോണിയുടെ സംഭവത്തിലെ പങ്കു തെളിഞ്ഞു എങ്കിലും തുമൈരിയെ സൗദിയിൽ നിന്ന് ഈ കാരണം പറഞ്ഞു അറസ്റ്റ് ചെയ്യാൻ അമേരിക്കക്ക് എന്തുകൊണ്ടോ സാധിച്ചില്ല. അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നതിന്റെ പത്താം നാൾ ഒമർ ബയോമിയെ ലണ്ടനിൽ നിന്ന് FBI അറസ്റ്റ് ചെയ്യുകയും ചെയ്തു.

2004 ഡിസംബറിൽ ൽ അന്വേഷണ കമ്മീഷൻ 9 / 11 തീവ്രവാദ ആക്രമണത്തിന്റെ പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അതിലെ കണ്ടെത്തലുകൾ പലപ്പോഴും തുമൈറി എന്ന ഇമാമിൽ വന്നു വഴി മുട്ടി നിന്നു. പക്ഷെ ആ റിപ്പോർട്ടിലെ ഒരു 28 പേജ് മറച്ചു വച്ച് കൊണ്ടാണ് അന്നത്തെ അമേരിക്കൻ അന്വേഷണ രേഖകൾ പുറത്തു വിട്ടത്. സംഭവത്തിലേക്ക് തിരികെ വന്നാൽ , സാൻ ഡീഗോയിലെ താമസത്തിനിടെ തന്നെ ആണ് നവാഫ് അൽ ഹസ്മിയും ഖാലിദ് അൽ മിഥാറും ഒസാമ ബസ്‌നനും ആയി ബന്ധപ്പെടുന്നത് . ഒസാമ ബസ്‌നനെ കുറിച്ച് നിങ്ങൾ കേട്ട് കാണും. ലോകം കണ്ട ഏറ്റവും ഭീകരനായ ജിഹാദി തീവ്രവാദി ഒസാമ ബിൻ ലാദനെ പ്രവാചകനായി ആരാധിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ. അയാൾ 9 / 11 ആക്രമണവും ആയി ബന്ധമുള്ള മേൽപറഞ്ഞ രണ്ടു ചെറുപ്പക്കാരുമായി സഹകരിക്കുകയും അവരുടെ തീവ്രവാദ ഉദ്യമത്തെ പിന്തുണക്കുകയും അന്വേഷണ സംഘം കണ്ടെത്തിയാതായി റിപ്പോർട്ടിൽ പറയുന്നു.. വിധിയുടെ കളികൾ എന്ന പോലെ ഓരോ തെളിവുകൾ മറച്ചു വക്കാൻ ശ്രമിക്കുന്തോറും പുതിയ പുതിയ തെളിവുകൾ ഉയർന്നു വരുന്നത് അമേരിക്കയെ അക്ഷരാർഥത്തിൽ കുഴച്ചു കളഞ്ഞു. സൗദിയുടെ അമേരിക്കൻ അംബാസഡർ ആയിരുന്ന പ്രിൻസ് ബന്ദാർ ബിൻ സുൽത്താനും അയാളുടെ ഭാര്യയും പലപ്പോഴായി ഒസാമ ബസ്‌നന്റെ അകൗണ്ടുകളിലേക്ക് പതിനായിരക്കണക്കിന് ഡോളറുകൾ അയച്ചതായി 2016 ജൂലൈ മാസം ഡീക്ലാസ്സിഫൈ ചെയ്ത റിപ്പോർട്ടിൽ പറയുന്നു. സൗദിയുടെ ഔദ്യോഗിക ചുമതല വഹിക്കുന്ന സൗദി രാജകുടുംബാംഗം എന്തിനു തീവ്രവാദ ബന്ധം ഉള്ള ഒസാമ ബസ്‌നാണ്‌ വലിയ തുകകൾ കൈമാറണം എന്ന ഉത്തരമില്ലാത്ത ചോദ്യവും അമേരിക്കയെ കുഴക്കും. അത് പോലെ തന്നെ സൗദിയുടെ ഉന്നതനായ ഒരു നേവൽ ഉദ്യൊഗസ്ഥൻ ഈ രണ്ടു ചെറുപ്പക്കാരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തി റിപ്പോർട്ടിൽ കൂട്ടി ചേർത്തിട്ടുണ്ട്.

അന്വേഷണ റിപ്പോർട്ടിലെ അമേരിക്ക പൂഴ്ത്തി വച്ച മറ്റൊരു സുപ്രധാന തെളിവ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് മാർച്ച് 2002 ൽ പിടികൂടിയ അൽ കയ്‌ദ തീവ്രവാദിയും സെപ്തംബർ 11 തീവ്രവാദി ആക്രമണത്തിൽ പങ്കാളിയും ആയ അബു സുബൈദ എന്ന സൗദി പൗരന്റെ വിവരങ്ങൾ ആണ്. ഇപ്പോൾ അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ബേയിലെ അതീവ സുരക്ഷ തടവറയിൽ കഴിയുന്ന അബു സുബൈദയെ അറസ്റ്റ് ചെയ്യുമ്പോൾ സൗദി രാജകുടുംബാംഗങ്ങളെ അടക്കം ഫോണിൽ പല തവണ ബന്ധപ്പെട്ട രേഖകൾ ആണ് അയാളുടെ ഫോണിൽ നിന്ന് അമേരിക്കയുടെ അന്വേഷണ സംഘത്തിന് ലഭിച്ചത്. അത് കൂടാതെ മേൽപറഞ്ഞ തീവ്രവാദ ആക്രമണ പദ്ധതിക്ക് വേണ്ടി അമേരിക്കയിൽ എത്തിയ അൽഖയ്ദ തീവ്രവാദികളായ .നവാഫ് അൽ ഹസ്മി , ഖാലിദ് അൽ മിഥാർ എന്നിവർക്ക് ലോസാഞ്ചലസിൽ വേണ്ട ഏർപ്പാടുകൾ ചെയ്തു കൊടുത്തതിന്റെ പ്രത്യുപകാരം ആയി പണം ലഭിച്ചത് സൗദി രാജകുടുംബാംഗo ആയ ബന്ദാർ ബിൻ സുൽത്താൻന്റെ ഭാര്യയുടെ പക്കൽ നിന്നുമാണ്. എന്നും 9 / 11 അന്വേഷണ സംഘം കണ്ടെത്തി. . വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ സൗദി അറേബിയയുടെ വാഹബിസ്റ്റ് തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ ആണ് എണ്ണയുടെയും എണ്ണപ്പണത്തിന്റയും പേരിൽ അമേരിക്കൻ ലോക്കറുകളിൽ നിദ്രയിലാണ്ടു പോയത്. സൗദി എന്ന ഇസ്ലാമിക വിശുദ്ധ രാഷ്ട്രം തീവ്ര ഇസ്ലാമിസം എന്ന അപകടകരമായ വാഹബിസ്റ്റ് അജണ്ട നടപ്പിലാക്കാൻ ലോകം മുഴുവൻ പണം വാരി എറിയുന്നു എന്ന് സ്ഥാപിക്കാൻ പറ്റുന്ന ഒരു പിടി സുപ്രധാനമായ രേഖകൾ ആണ് ഒരു പക്ഷെ പുറത്തു വരാൻ ഇരിക്കുന്നത്. എന്തിനു വഹാബിസം എന്ന തീവ്രവാദം പ്രോത്സാഹിപ്പിക്കാൻ സൗദി ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലേക്ക് കോടികൾ ഒഴുക്കുന്നു എന്ന് ഇന്ത്യയുടെ ചാര സംഘടനാ റോ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്. പക്ഷെ സൗദിയുടെ എണ്ണയും എണ്ണ പണവും അമേരിക്കക്കാരന്റെ ചോരക്കു വിലയില്ലാതാക്കുമോ എന്നതാണ് അടുത്ത ചോദ്യം.

ജൂലൈ 2016 – 9 / 11 തീവ്രവാദ ആക്രമണ അന്വേഷണ റിപ്പോർട്ടിലെ പൂഴ്ത്തി വെക്കപ്പെട്ട 28 പേജ് റിപ്പോർട്ട് അമേരിക്ക പുറത്തു വിടുന്നു.

bob-graham

Senetor Bob Graham

നീണ്ട 14 വർഷങ്ങൾക്ക് ശേഷം അനവധി പേരുടെ നിരന്തര പരിശ്രമത്തിന്റേയും മുറവിളികളുടെയും ഫലമായാണ് ആ 28 പേജ് അടങ്ങുന്ന റിപ്പോർട്ടിലെ ഭാഗം അമേരിക്കൻ സർക്കാരിന് ഈ സമയത്തു ഡീ ക്ലാസ്സിഫൈ ചെയ്യേണ്ടി വന്നത് ..അമേരിക്കൻ കോടതിക്ക് അകത്തും പുറത്തും നടന്ന കനത്ത നിയമ – സമര പോരാട്ടങ്ങൾക്ക് ഒടുവിൽ ആണ് US കോൺഗ്രസിന് 838 പേജുള്ള അന്വേഷണ റിപ്പോർട്ടിലെ പൂഴ്ത്തി വച്ച 28 പേജുകൾ പുറത്തു വിടേണ്ടി വന്നത് . സെപ്തംബർ 11 തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ പ്രിയപ്പെട്ടവർ അവിടെ മരിച്ചു വീണ ഓരോ അമേരിക്കൻ പൗരന്റെയും ജീവന്റെ വില ആണ് ആവശ്യപ്പെട്ടത്. അമേരിക്കൻ ട്രഷറികളിൽ ഉള്ള സൗദി അറേബ്യയുടെ കോടികളുടെ പെട്രോ ഡോളർ ശേഖരം ആണോ , നാളേക്കുള്ള കനത്ത എണ്ണ ശേഖരം ആണോ അതോ അമേരിക്കക്കാരന്റെ ചോരയാണോ ഒബാമക്ക് വലുത് എന്ന ചോദ്യം സെനറ്റർമാർ അടക്കം ഉള്ളവരിൽ നിന്ന് ഉയർന്നു വരാൻ തുടങ്ങിയപ്പോൾ പിന്നെ US കോൺഗ്രസിനും ഒബാമക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല.

US സെനറ്റർമാരായ ബോബ് ഗ്രഹാമും ചാൾസ് ഷുമേറും തീവ്രവാദ ആക്രമണത്തിന്റെ ഇരകൾക്കു വേണ്ടി വാദിച്ച പ്രമുഖ നിയമജ്ഞൻ ആയ ജെറി ഗോൾഡ്മാനെ പോലുള്ളവരുടെ ഒരു ദശകം നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് കഴിഞ്ഞ മാസം ജൂലൈ പകുതിയോടെ സൗദി എന്ന ഇസ്ലാമിക വിശുദ്ധ രാഷ്ട്രീത്തിന്റെ തീവ്രവാദ ആക്രമണത്തിലെ പങ്കു വ്യക്തമാക്കുന്ന പൂഴ്ത്തി വച്ചിരുന്ന ആ 28 പേജ് റിപ്പോർട്ട് പുറത്തു വിടാൻ അമേരിക്കയെ നിർബന്ധിതർ ആക്കിയത്. ഒരു ഘട്ടത്തിൽ സൗദിയുടെ സമ്മർദ്ദത്തിന് വഴങ്ങി US കോൺഗ്രസ്സ് പാസ്സാക്കിയ രേഖകൾ പുറത്തു വിടാൻ ഉള്ള ബിൽ അമേരിക്കൻ പ്രസിഡണ്ട് ഒബാമ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുമോ എന്ന് വരെ ചോദ്യം ഉയർന്നിരുന്നു. പക്ഷെ 3000 അമേരിക്കക്കാരുടെ ചോരയുടെ വിലക്ക് മുന്നിൽ ഒബാമക്ക് അതിനു കഴിഞ്ഞില്ല.

പക്ഷെ രേഖകൾ പുറത്തു വിട്ട ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അമേരിക്കൻ സർക്കാരിന് വേണ്ടി സംസാരിക്കാൻ എത്തിയ പ്രതിനിധി ആവർത്തിച്ചു ആവർത്തിച്ചു വ്യക്തമാക്കിയ ഒരു സംഗതി ഉണ്ട്.. 9 / 11 തീവ്രവാദി ആക്രമണത്തിന് പിന്നിൽ നിരവധി സൗദി പൗരന്മാർക്ക് പങ്കുണ്ടെങ്കിലും സൗദി സർക്കാരിനെ അത് കൊണ്ട് പഴി ചാരാൻ അമേരിക്ക ഉദ്ദേശിക്കുന്നില്ല. പ്രതികളിൽ 19 പേരിൽ 15 പേരും സൗദി ബന്ധമുള്ളവർ ആണല്ലോ എന്ന ചോദ്യത്തിനും മേൽപറഞ്ഞ അതെ ഉത്തരം ആവർത്തിച്ചു ആവർത്തിച്ചു വ്യക്തമാക്കുക മാത്രമാണ് ഉണ്ടായത് . എന്ത് കൊണ്ട് അമേരിക്കയെ നടുക്കിയ ഈ തീവ്രവാദ ദുരന്തത്തിലെ സൗദി അറേബ്യയുടെ പങ്കു അമേരിക്ക ഇത്ര നാളും മറച്ചു വച്ചു ? എന്ത് കൊണ്ട് അന്വേഷണ റിപ്പോർട്ടിലെ 28 പേജ് ലോകത്തിനു മുന്നിൽ പൂഴ്ത്തി വച്ചു ??

അൽപം എണ്ണയുടെ ചരിത്രം :: 1973 ഇസ്രായേൽ യോംകിപ്പുർ യുദ്ധവും അമേരിക്കയുടെ എണ്ണ പ്രതിസന്ധിയും:

         1967 ലെ കുപ്രസിദ്ധമായ 6 ദിന യുദ്ധത്തിൽ ഇസ്രായേൽ എന്ന കൊച്ചു രാജ്യം ഈജിപ്ത്തിന്റെ സിനായ് പ്രവിശ്യയും സിറിയയുടെ ഗോലാൻ പ്രവിശ്യയും കൈവശപ്പെടുത്തിയിരുന്നു. അറബ് രാജ്യങ്ങളുടെ ഇടയിൽ നിന്ന് പതറാതെ യുദ്ധം ചെയ്തു അവരുടെ പ്രവിശ്യകൾ പിടിച്ചടക്കിയ ഇസ്രായേൽ , അറബ് രാജ്യങ്ങളെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തി എന്ന് പറയേണ്ടി വരും. ഇതിനൊരു തിരിച്ചടി നൽകാൻ ഈജിപ്തും സിറിയയും അവസരം കാത്തിരിക്കുകയായിരുന്നു. യോംകിപ്പുർ അഥവാ ജൂത സമൂഹത്തിന്റെ വിശേഷ പ്രാർത്ഥന ദിവസം ആണ് അവർ ഇതിനായി തെരെഞ്ഞെടുത്തത്. റമദാൻ മാസം യുദ്ധം ചെയ്യരുത് എന്ന ഖുർആൻ വാക്യം എല്ലാം കാറ്റിൽ പറത്തി ഈജിപ്ത് പ്രസിഡണ്ട് അൻവർ സാദത് യോംകിപ്പുർ എന്ന വിശുദ്ധ ദിനത്തിൽ , റമദാൻ 10 നു, സൂയസ് കനാൽ കടന്നു വന്നു സീനായ് പ്രവിശ്യയിലൂടെ ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചു വിട്ടു. മറുവശത്തു നിന്ന് സിറിയൻ പ്രസിഡണ്ട് ഹഫീസ് അൽ അസദിന്റെ സേന ഗോലാൻ പ്രവിശ്യയിലേക്കും ആക്രമണം നടത്തി കടന്നു വന്നു. ഈജിപ്ത് ഒരേ സമയം കര – ആകാശ – ജല മാർഗ്ഗത്തിലൂടെ യുദ്ധം ആരംഭിച്ചു.

ലോകത്തെ ഏറ്റവും മികച്ച ചാര സംഘടന മൊസ്സാദിന്റെ മാതൃരാജ്യം ആയ ഇസ്രായേൽ ആയുധങ്ങൾ വാങ്ങി yomkippurwar73കൂട്ടി യുദ്ധത്തിന് തയ്യാറെടുക്കുന്ന ഈജിപ്തിന്റെ നീക്കം പക്ഷെ നേരത്തെ അറിഞ്ഞിരുന്നു. പക്ഷെ യോംകിപ്പുർ – റമദാൻ തുടങ്ങിയ വിശുദ്ധ നാളുകളിൽ ഇസ്ലാമിക രാജ്യങ്ങൾ ആയ ഈജിപ്തും സിറിയയും ആക്രമിക്കില്ല എന്ന് കരുതിയിരുന്ന ഇസ്രയേലിന്റെ പ്രതീക്ഷ തേടിയെങ്കിലും അതി ശക്തമായി ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങി. കൊടുങ്കാറ്റായി മാറിയ ഇസ്രയേലിന്റെ സൈന്യം തന്ത്രപൂർവ്വമായ നീക്കങ്ങളിലൂടെ ഈജിപ്തിനെയും സിറിയയെയും അവർ യുദ്ധം തുടങ്ങിയ സ്ഥലത്തു തന്നെ എത്തിച്ചു. പക്ഷെ ഈ സമയം കൊണ്ട് ഈജിപ്തിന്റെ അഭ്യർത്ഥന മാനിച്ചു അറബ് രാജ്യങ്ങൾ അവരുടെ സൈന്യത്തെ ഈജിപ്തിനെയും സിറിയയെയും സഹായിക്കാനായി വിട്ടു കൊടുത്തു. അൾജീരിയ , മൊറോക്കോ, ലിബിയ ടുണീഷ്യ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ അറബ് രാജ്യങ്ങളുടെ സൈന്യം ഈജിപ്ത് – സിറിയ വശത്തു അണി ചേർന്നു. മറുവശത്തു ഇസ്രായേൽ സ്വയം ചെറുത്തു നിന്നു . യുദ്ധം വീണ്ടും കനത്തു. ഇസ്രയേലിന്റെ ആയുധ ശേഖരം ശോഷിച്ചു ശോഷിച്ചു വരാൻ തുടങ്ങി. എന്നാൽ മറുഭാഗത്തു മറ്റു ലോകരാജ്യങ്ങൾ ആയ ക്യൂബയും കൊറിയയും ഇസ്രയേലിന്റെ ശത്രുപക്ഷത്തു അണിനിരന്നു. ഇസ്രയേലിന്റെ കഷ്ടകാലത്തിനു അവരുടെ നേവി ഒരു റഷ്യൻ വാണിജ്യകപ്പൽ ബോംബ് ചെയ്തു തകർത്തു കളഞ്ഞു. ഉടനെ ഇസ്രയേലിന്റെ മറുഭാഗത്തു റഷ്യ എന്ന ഭീമൻ രാഷ്ട്രവും അവരുടെ സാങ്കേതിക സഹായവും ചെറിയ രീതിയിൽ ആയുധങ്ങളും സിറിയക്ക് എത്തിച്ചു കൊടുത്തു .

ഇസ്രായേൽ തോൽവി മണത്തു തുടങ്ങിയിരുന്നു. പക്ഷെ പോരാട്ടത്തിന്റെ മറുവാക്കായ ഇസ്രായേൽ മുഴു പരാജയം അംഗീകരിക്കാൻ ഒരിക്കലും തയ്യാറല്ലായിരുന്നു. ഇസ്രായേൽ ചാര സംഘടന മൊസ്സാദിന്റെ തലവനും ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി മോഷെ ദയാനും ജനറൽ എരിയാൽ ഷാരോണും പ്രധാനമന്ത്രി ഗോൾഡ മേയറെ കാണാൻ എത്തി. പൂർണ്ണമായ തോൽവി ഉറപ്പായാൽ ആണവ ആയുധം ഉപയോഗിക്കണം എന്ന് ആ കൂടിക്കാഴ്ചയിൽ തീരുമാനം ആയി. ഈ വിവരം മണത്തറിഞ്ഞ അമേരിക്ക റഷ്യയുമായി ബന്ധപ്പെടുകയും ഒരു ആണവയുദ്ധം തടയാൻ ഇസ്രായേലിനു ആയുധങ്ങൾ എത്തിച്ചു കൊടുക്കാൻ അവർ നിർബന്ധിതർ ആണ് എന്നറിയിക്കുകയും ചെയ്തു. ഉടനടി ഇസ്രയേലിന്റെ സഹായാഭ്യർത്ഥനക്ക് അമേരിക്ക അനുകൂലമായി പ്രതികരിച്ചു. ആയുധങ്ങളും യുദ്ധവിമാനങ്ങളും RPG ഗണ്ണുകളും ആയി അമേരിക്കയുടെ കാരിയർ വിമാനങ്ങൾ ടെൽ അവീവിൽ പറന്നിറങ്ങി. ഇസ്രായേലിനു ആവശ്യമായ എല്ലാ ആയുധങ്ങളും അമേരിക്ക റീപ്ലനിഷ് ചെയ്തു. ഇസ്രായേൽ വീണ്ടും യുദ്ധമുഖത്ത് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു. മറുഭാഗത്തു അണിനിരന്ന ഒരു വലിയൊരു അറബ് സൈനിക നിരയെ തകർത്തു തരിപ്പണമാക്കി ജൂതരുടെ സൈന്യംdownload ശത്രുവിന് കനത്ത നാശനഷ്ടം ഉണ്ടാക്കി മുന്നേറി. അറബ് രാജ്യങ്ങൾ പിന്തുണ നൽകിയ ഈജിപ്ത് – സിറിയ സേനക്ക് മുൻപ് നടന്ന ആറുദിന യുദ്ധം പോലെ പോലെ തന്നെ വീണ്ടും പരാജയം രുചിക്കേണ്ടി വരുമോ എന്ന അവസ്ഥ വന്നെങ്കിലും ഇസ്രായേൽ എന്ന കൊച്ചു രാജ്യത്തിന് മരിച്ചു വീഴുന്ന സൈനികരുടെ ജീവൻ അത്യന്തം നിർണായകമായിരുന്നു. ആ സമയത്ത് തന്നെ ഐക്യരാഷ്ട്ര സഭ യുദ്ധത്തിൽ ഇടപെടുകയും യുദ്ധം നിർത്തി സന്ധി ചെയ്യാനായി എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശം ആയ “കിലോമീറ്റർ 1 ” ൽ വച്ച് സമാധാന സംഭാഷണം നടന്നു. റഷ്യയും അമേരിക്കയും ഈ സന്ധി സംഭാഷണങ്ങൾക്ക് പിന്തുണ നൽകി സാക്ഷ്യയായി.

പക്ഷെ യുദ്ധ മുഖത്തു പോരാട്ടം അവസാനിച്ചെങ്കിലും അത് മറ്റു പല മേഖലകളിലും പോർമുഖം തുറക്കുകയാണുണ്ടായത്. ഇസ്രായേലിനു തക്ക സമയത്തു ആയുധം കൊടുത്തു സഹായിച്ച അമേരിക്കക്കു എണ്ണ ഉത്പാദകരായ അറബ് രാജ്യങ്ങൾ തിരിച്ചടി നൽകിയത് അമേരിക്കക്ക് എണ്ണ കയറ്റുമതി നിർത്തലാക്കി കൊണ്ടായിരുന്നു. സമ്പൂർണ്ണ ഓയിൽ എംബാർഗോ , ഗ്രെറ്റ് ഓയിൽ ക്രൈസിസ് എന്നൊക്കെ നമ്മൾ കേട്ടിട്ടുള്ള എണ്ണ പ്രതിസന്ധിയിൽ അമേരിക്ക അടിപതറി. യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത യുഎസ്സ് സ്റ്റേറ്റ് സെക്രട്ടറി കിസ്സിങ്കറുടെ പ്രവർത്തനങ്ങളുടെ ഫലമായി എംബാർഗ്ഗോ നീക്കി എങ്കിലും എണ്ണ ഉത്പാദനം കൂട്ടാനോ, വില കുറക്കാനോ ഒപെക് oil2രാജ്യങ്ങൾ (എണ്ണ ഉല്പാദന രാജ്യങ്ങൾ ) തയ്യാറായില്ല. അതിന്റെ ദൂരവ്യാപക ഫലമായി എണ്ണ ലഭ്യത കുറഞ്ഞു, എണ്ണ വില ഇരട്ടിയായി ഉയർന്നു. യോംകിപ്പുർ യുദ്ധം തുടങ്ങുന്നതിനെ നാളുകൾക്കു മുന്നേ തന്നെ എണ്ണ ഒരു വിലപേശൽ ആയുധമാക്കി തന്നെ മുന്നോട്ട് പോവാൻ സൗദി രാജാവ് ഫൈസലും ഈജിപ്ത് പ്രസിഡണ്ട് അൻവർ സാദത്തും രഹസ്യമായ തീരുമാനം എടുത്തിരുന്നു. എണ്ണ പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്കയിലെ പെട്രോൾ പമ്പുകൾ പൂട്ടി, വ്യവസായ ശാലകൾ അടച്ചു, എണ്ണ ഇല്ലാതെ ഒരു വൻ സാമ്പത്തിക ശക്തി ആയ അമേരിക്കക്ക് പിടിച്ചു നിൽക്കാൻ കഴിയാതായി. അമേരിക്കൻ ഓഹരി വിപണിയും വാണിജ്യരംഗവും തകർന്നു. അമേരിക്ക അപകടം മണത്തു. എണ്ണ പ്രതിസന്ധിയും വിലക്കയറ്റവും, സാമ്പത്തിക തകർച്ചയും എല്ലാം എങ്ങനെ എങ്കിലും അവസാനിപ്പിച്ചേ മതിയാകൂ എന്നവർ തീരുമാനിച്ചു. അതിനു ഒരു എളുപ്പ വഴിയേ ഉള്ളൂ, എണ്ണയും എണ്ണ സമ്പത്തും.

അമേരിക്ക – സൗദി അറേബ്യ അവിശുദ്ധ ബന്ധത്തിന്റെ തുടക്കം

  1974 ജൂലൈ 4 നു അമേരിക്കയിലെ ആൻഡ്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പ്രത്യേക വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾക്ക് അയാളെ അമേരിക്കൻ ഭരണകൂടം ഏൽപ്പിച്ചിരുന്നു ആ ദൗത്യവും , തന്റെ പുതിയ US ട്രെഷറി സെക്രട്ടറി എന്ന സ്ഥാനവും തീർത്തും പുതിയതായിരുന്നു. ലോക പ്രശസ്തമായ വാൾസ്ട്രീറ്റ് എന്ന അമേരിക്കൻ ഓഹരി വിപണിയിലെ അതികായരായ സാലമൺ ബ്രതെർസ് എന്ന സ്ഥാപനത്തിലെ കഴിവ് തെളിയിച്ച ഒരു ബോണ്ട് ട്രേഡറും സാമ്പത്തിക രംഗത്തെ കുറിച്ച് ആഴത്തിൽ അറിവുള്ള ആളുമായിരുന്നു അയാൾ. വില്യം എഡ്വേഡ്1x-1 സൈമൺ . അതായിരുന്നു അയാളുടെ പേര്. അയാളെ അമേരിക്കൻ പ്രസിഡണ്ട് നിക്സൺ ഏൽപ്പിച്ച ഒരു രഹസ്യ ദൗത്യവുമായാണ് അയാൾ സൗദി അറേബ്യ എന്ന എണ്ണ ഖനിയായ അറബ് രാജ്യത്തേക്ക് പോകുന്നത്. യോംകിപ്പൂർ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണക്കുക വഴി അറബ് – ഒപെക് എണ്ണ ഉത്പാദക രാജ്യങ്ങളുടെ ശത്രുത സമ്പാദിച്ച അമേരിക്കക്ക് അവർ നേരിട്ട് കൊണ്ടിരിക്കുന്ന അതിരൂക്ഷമായ എണ്ണ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം ആണ് വേണ്ടിയിരുന്നത്. സൗദി അറേബ്യ എന്ന ലോകത്തെ ഒന്നാം നമ്പർ എണ്ണ ഉത്പാദക രാജ്യത്തിന് അമേരിക്കയോടുള്ള തെറ്റിദ്ധാരണ നീക്കുക, എണ്ണ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുക കൂടാതെ ഭാവിയിൽ ഇത് പോലെ ഉള്ള ഒരു പ്രതിസന്ധി ഉണ്ടാകാതെ നോക്കാൻ ഉള്ള ഒരു കുരുക്കിൽ സൗദിയെ അവരറിയാതെ കൊണ്ട് വീഴ്ത്തുക ഇതൊക്കെ ആയിരുന്നു ബുദ്ധിമാനായ ആ ഓഹരി കച്ചവടക്കാരനെ അമേരിക്കൻ പ്രസിഡണ്ട് നിക്‌സൺ ഏല്പിച്ചിരിക്കുന്നു ദൗത്യം. അതിനു വേണ്ടുന്ന വിലപേശലിൽ സൗദി രാജാവിനെയും ഭരണകൂടത്തെയും ഏതു വിധേനയും അമേരിക്കയുടെ വരുതിയിൽ കൊണ്ട് വന്നാൽ അമേരിക്ക നേരിടുന്ന പകുതി സാമ്പത്തിക പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ആവും എന്നു വില്യം സൈമൺ മനസ്സിലാക്കി . സൗദി ഭരണകൂടവുമായുള്ള ദിവസങ്ങൾ നീണ്ട ചർച്ചകൾ, വാദങ്ങൾ, സമവായങ്ങൾ എന്നിവക്ക് ശേഷം സൈമൺ തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവ്വഹിച്ചു.

അമേരിക്കക്കു ആവശ്യമുള്ള അത്ര എണ്ണ സൗദി അറേബ്യ ഉത്പാദിപ്പിച്ചു നൽകും അതിനുള്ള പണം അമേരിക്ക നൽകും. അതോടൊപ്പം സൗദിയുടെ കുമിഞ്ഞു കൂടുന്ന എണ്ണപ്പണം രഹസ്യമായി അമേരിക്കൻ ട്രഷറിയിലെ കടപ്പത്രങ്ങളിലും ബോണ്ടുകളിലും നിക്ഷേപിക്കും. അതിനു പ്രത്യുപകാരം ആയി സൗദിക്ക് വേണ്ട ആയുധങ്ങൾ, മിലിട്ടറി സംവിധാനങ്ങൾ, ആധുനിക സൈനിക സാങ്കേതിക വിദ്യ, പ്രത്യേക സൈനിക പരിശീലനം എന്നിവ അമേരിക്ക സമയാസമയങ്ങളിൽ നൽകും.

കൂടാതെ സൗദി ഭരണകൂടത്തിന് വേണ്ടി എല്ലാ സൈനിക സഹായങ്ങളും പിന്തുണയും എന്നന്നേക്കുമായി അമേരിക്ക വാഗ്ദാനം ചെയ്തു. ആകെ സൗദി അറേബ്യ ഭരണകൂടം മുന്നോട്ട് വച്ച നിർദേശം ഈ ഇടപാട് വളരെ രഹസ്യമാക്കി വക്കണം എന്ന് മാത്രമാണ്. അങ്ങനെ സൗദിയുടെ ഏറ്റവും വലിയ കടക്കാരൻ ആയി അമേരിക്ക മാറുകയാണ് ഉണ്ടായത്. ഈ കഴിഞ്ഞ 41 വർഷം വരെ അത് കാത്തുസൂക്ഷിക്കാൻ അമേരിക്കക്കും സൗദിക്കും കഴിഞ്ഞു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ 1x-1-1അമേരിക്കൻ ട്രഷറി നിക്ഷേപം എന്ന തലക്കെട്ടിൽ ആണ് ഇത്രയും വലിയ തുകയുടെ കണക്കു അമേരിക്ക സൂക്ഷിച്ചിരുന്നത്. സൗദിയുടെ കനത്ത നിക്ഷേപം അങ്ങനെ സമർത്ഥമായി മൂടി വക്കാൻ അമേരിക്കക്കു കഴിഞ്ഞു. എന്നാൽ വിവരാവകാശ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമായി ഒരു പ്രമുഖ വാർത്ത പത്രം നൽകിയ അപേക്ഷയിൽ ആണ് പരോക്ഷമായി ആണെങ്കിലും ഈ കൂറ്റൻ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. 117 ബില്യൺ കോടിയുടെ നിക്ഷേപം ആണ് സൗദിക്ക് അമേരിക്കൻ ട്രഷറി സെക്യുരിട്ടികളിൽ മാത്രം ഉള്ളത് എന്നാണ് വിവരാവകാശ രേഖക്ക് അധികൃതർ നൽകിയ അവ്യക്തമായ മറുപടി. എങ്കിലും അതിന്റെ യഥാർത്ഥ കണക്കു ഇതിന്റെ അഞ്ചിരട്ടി എങ്കിലും കൂടുതൽ വരും എന്നാണ് വിദഗ്ധ മതം. ലോകം മുഴുവനും ഉള്ള ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലിനെയും അമേരിക്കയെയും ഇസ്ലാമിന്റെ പൊതു ശത്രു ആയി ചാപ്പ കുത്തിയ അവസരങ്ങളിൽ ഒക്കെയും പക്ഷെ സൗദിയും അമേരിക്കയും ആയുള്ള ഈ അവിഹിത ബന്ധം അനുസ്യൂതം തുടർന്നു കൊണ്ടിരുന്നു. പല കാരണങ്ങൾ ഉണ്ടായെങ്കിലും പരസ്പരം ഉള്ള കരാറുകൾ ഒന്നും ഇരുകൂട്ടരും ലംഘിക്കുകയുണ്ടായില്ല.

അമേരിക്കൻ ഡോളറിൽ കുടുങ്ങിയ സൗദിയുടെ എണ്ണപ്പണം

സെപ്തംബർ 11 തീവ്രവാദ ആക്രമണത്തിൽ സൗദി ബന്ധം തെളിയിക്കുന്ന ഡീക്ലാസിഫൈഡ്‌ രേഖകൾ പുറത്തു വിടാൻ അമേരിക്കൻ സർക്കാറിനു മേൽ സമ്മർദ്ദം ഉണ്ട് എന്ന വാർത്ത പരക്കാൻ തുടങ്ങിയ സമയം. ഈ വർഷം ഫെബ്രുവരി മാസത്തിൽ ആവണം സൗദി രാജാവിന്റെ സന്ദേശവാഹകൻ ആയി സൗദി വിദേശ കാര്യമന്ത്രി അദേൽ അൽ ജുബൈർ സ്വയം വാഷിംഗ്ടണിൽ പറന്നിറങ്ങി ഒബാമയും ആയി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയല്ല അത് ഒരു കനത്ത വിലപേശൽ തന്നെ ആണ് എന്നാണ്fff ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. അമേരിക്കൻ ട്രഷറികളിൽ പലപ്പോഴായി സൗദി നിക്ഷേപിച്ചിരിക്കുന്ന 750 ബില്യൺ ഡോളറോ അതിൽ അധികമോ തുകക്കുള്ള ട്രഷറി – മണി മാർക്കറ്റ് ഇൻസ്ട്രുമെന്റസ് സൗദി വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് സൗദി അമേരിക്കയെ അറിയിക്കുന്നു. 750 ബില്യൺ ഡോളർ ഒറ്റ അടിക്കു അമേരിക്കൻ സെക്ക്യൂരിറ്റി മാർക്കറ്റിൽ നിന്ന് പിൻവലിക്കുക എന്ന് പറഞ്ഞാൽ അത് ഒരു വാണിജ്യ ദുരന്തം ആയി മാറാൻ ഉള്ള സാധ്യത ആണ് കാണിക്കുന്നത് . ഡോളർ നിലം പറ്റും, ഓഹരി വിപണി കൂപ്പു കുത്തും. .. പക്ഷെ ആ പൊടുന്നനെയുള്ള സന്ദർശനത്തിന് സൗദി നൽകിയ വിശദീകരണം മറ്റൊന്നാണ്.. എണ്ണ വിപണിയിലെ വില കുത്തനെ താഴേക്ക് വന്നിരിക്കുന്നു എന്ന് മാത്രമല്ല എണ്ണ വിപണിയിലെ മത്സരം മൂലം വില നിയന്ത്രണാധീനം അല്ല. മാർക്കറ്റ് സന്തുലിതമാവുന്നത് വരെ എണ്ണ കമ്പനികൾക്ക് വേണ്ടുന്ന നിക്ഷേപത്തിന്റെ കരുതൽ നടപടികൾക്ക് വേണ്ടി ഭീമമായ തുക ചിലവഴിക്കേണ്ടി വരും , അതിനാൽ മാത്രമാണ് അമേരിക്കൻ വിപണിയിലെ സൗദി നിക്ഷേപം പിൻവലിക്കുന്നത് എന്നതായിരുന്നു സൗദി അറേബ്യൻ ഭാഷ്യം ..

പക്ഷെ കുതന്ത്രങ്ങളുടെ ആശാന്മാരായ അമേരിക്കയുടെ കരുനീക്കങ്ങൾ സൗദി അറേബ്യ മുൻകൂട്ടി കണ്ടത് കൊണ്ടും അതിൽ ആശങ്ക ഉള്ളത് കൊണ്ടും ആണ് സൗദി അറേബ്യ എന്ന ഇസ്ലാമിക രാഷ്ട്രം 41 വർഷത്തോളം ആയി അമേരിക്കൻ വിപണിയിൽ കുന്നു കൂട്ടി ഇട്ടിരിക്കുന്ന എണ്ണ പണം തിരികെ ചോദിയ്ക്കാൻ എത്തിയത് എന്നും കരുതേണ്ടിയിരിക്കുന്നു.. അതിനു കാരണവും ഉണ്ട്. സെപ്തംബർ 11 തീവ്രവാദ ആക്രമണത്തിന്റെ അന്വേഷണ റിപ്പോർട്ടിലെ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഇത് വരെ പുറത്തു വിടാതെ വച്ചിരിക്കുന്ന രേഖകൾ പുറത്തു വിടുമ്പോൾ അതിൽ സൗദിയുടെ പങ്കു വ്യക്തമാകുന്നു എന്ന് വന്നാൽ ആക്രമണത്തിന് ഇരകൾ ആയ അമേരിക്കൻ പൗരന്മാർക്ക് വിദേശ രാജ്യമായ സൗദിയുടെ പങ്കിന് എതിരെ കോടതിയെ സമീപിക്കാം. അമേരിക്കൻ കോടതി സൗദിയുടെ തീവ്രവാദ ആക്രമണങ്ങളിൽ പങ്കാളിത്തം ബോധ്യമായാൽ ആദ്യം ചെയ്യുക യുഎസ്സ് ട്രഷറിയിലെ സൗദിയുടെ കോടിക്കണക്കിനു വരുന്ന പെട്രോ ഡോളർ നിക്ഷേപം തടഞ്ഞു വക്കുക എന്നുള്ളതായിരിക്കും. അമേരിക്കൻ ആക്രമണങ്ങളിൽ നഷ്ടം സംഭവിച്ച അമേരിക്കൻ പൗരന്മാർക്ക് കോടതി വിധിക്കുന്ന നഷ്ടം കൊടുക്കാതെ പിന്നീട് ഈ പണം വിട്ടു കൊടുക്കാൻ അമേരിക്കൻ ഭരണകൂടത്തിന് സാധിക്കില്ല. ഇത്രയും ഭീമമായ ഒരു തുക അമേരിക്കൻ കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതിനു മുൻപേ തന്നെ രക്ഷിച്ചെടുക്കാൻ ഉള്ള തത്രപ്പാടിൽ ആണ് സൗദി രാജാവിന്റെ ദൂതൻ വാഷിംഗ്ടണിൽ എത്തിയത് എന്നാണ് പിന്നണിയിലെ സംസാരം. പക്ഷെ അതിനെ വിദഗ്ധമായി തടയിടാനും അമേരിക്കക്കു കഴിഞ്ഞു എന്നുള്ളത് വേറെ കാര്യം. . കാരണം ഔദ്യോകികമായി സൗദി കറൻസി ആയ സൗദി റിയാൽ പെഗ്ഗ് ചെയ്തിരിക്കുന്നത് (അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത് )
യു എസ് ഡോളറിനെ അടിസ്ഥാനമാക്കി ആണല്ലോ.

ഡോളറിന്റെ വിനിമയ മൂല്യം സൗദിയുടെ ഈ തീരുമാനം കൊണ്ട് തകർന്നാൽ യൂണിവേഴ്സൽ കറൻസി എന്ന നിലക്ക് മുഴുവൻ ലോകത്തും അതിന്റെ പ്രതിഫലനം ഉണ്ടാകും. ബില്യൺ കണക്കിന് ഡോളർ അമേരിക്കൻ ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ള സൗദിയുടെ പണത്തിന്റെ മൂല്യം തന്നെ കുത്തനെ ഇടിഞ്ഞു വൻ നഷ്ടം സംഭവിക്കും. അത് മാത്രമല്ല ലോക വിപണിയെ കനത്ത നഷ്ടത്തിലേക്ക് തള്ളി വിട്ടതിന്റെ മൂല കാരണം ആയി സൗദിയുടെ തീരുമാനത്തെ ലോക രാഷ്ട്രങ്ങൾ പഴിക്കും. ഇത്രയും കാര്യങ്ങൾ ഭീഷണിയുമായി വിരുന്നു വന്ന സൗദി വിദേശ കാര്യ മന്ത്രിയോട് പറയാൻ ഏത് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനും നിഷ്പ്രയാസം സാധിക്കും എന്നർത്ഥം. അതായത് സൗദിയുടെ പണം അമേരിക്കയിൽ സുരക്ഷിതമാണ്, പക്ഷെ അതിന്റെ ഉപയോഗം, ക്രയവിക്രയം എന്നിവ നേരിട്ടല്ലാതെ അമേരിക്ക തന്നെ ഭാവിയിലും നിയന്ത്രിക്കും എന്ന് സാരം. വില്യം സൈമൺ എന്ന ഓഹരിവിപണിയിലെ ബുദ്ധിരാക്ഷസൻ തുടങ്ങി വച്ച 41 വർഷം പ്രായമായ സൗദി അറേബ്യാ – അമേരിക്ക അവിഹിത ബന്ധം അങ്ങനെ ഒന്നും അവസാനിക്കില്ല എന്ന് . ഇസ്ലാമിന്റെ ശത്രു ആയ അമേരിക്കയല്ല തങ്ങളുടെ പെട്രോഡോളറിന്റെ അധിപതി ആയാണ് സൗദിക്ക് അമേരിക്കയെ എന്നും കാണാൻ സാധിക്കൂ.. മത വിശ്വാസങ്ങൾ ഒക്കെ അതിനു ശേഷം മാത്രം . അത് പോലെ തന്നെ അമേരിക്കയും. സ്വന്തം പൗരന്മാരുടെ ചോര മണക്കുന്ന നീട്ടി പിടിച്ച കൈകളുമായി യാതൊരു മനസ്താപവും ഇല്ലാത്ത പണവും എണ്ണയും വച്ച് കൈമാറുന്ന നെറികെട്ട ഇടപാടുകൾ നടത്താൻ അമേരിക്കക്കു മാത്രമേ ഒരു പക്ഷെ സാധിക്കൂ..ഇന്നലെയുടെ വികാരങ്ങൾ അല്ല നാളെയുടെ പ്രതീക്ഷകളും കണ്ണഞ്ചിപ്പിക്കുന്ന അമേരിക്കകാരന്റെ നേട്ടങ്ങളും മാത്രമാണ് ഏതൊരു അമേരിക്കൻ സർക്കാരിന്റെയും എല്ലാ നടപടികളുടെയും ആണിക്കല്ല്.

ചുരുക്കി പറഞ്ഞാൽ മുഹമ്മദ് ഇബ്ൻ അബ്ദൽ വഹാബിന്റെ സംഭാവന ആയ തീവ്ര ഇസ്ലാമിസ്റ്റ് സുന്നി ആശയം ആയ വഹാബിസം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ , തീവ്രവാദത്തിനു വേണ്ടി കോടിക്കണക്കിനു ഡോളർ നിക്ഷേപം നടത്തുന്ന സൗദിയും, അതിന്റെ കൂടെ അമേരിക്കയുടെ മാത്രം നിലനിൽപ്പിനും അമേരിക്കയുടെ മാത്രം ഉന്നതിക്കും സുരക്ഷക്കും മാത്രം ആയി എത്ര നെറി കെട്ട നാറിയ കൂട്ടിക്കൊടുപ്പിനും മടിയില്ലാത്ത അമേരിക്കയും തമ്മിൽ ഉള്ള അവിശുദ്ധ – അവിഹിത ബന്ധം പെട്ടെന്നൊന്നും അവസാനിക്കാൻ പോകുന്നില്ല എന്ന് തന്നെ കരുതാം. 41 വർഷം മുൻപ് തുടങ്ങിയ സൗദി തുടങ്ങി വച്ച രഹസ്യ അമേരിക്കൻ നിക്ഷേപങ്ങൾ തീവ്രവാദി ആക്രമണങ്ങളുടെ പേരിലോ മറ്റെന്തിന്റെ പേരിലോ സൗദിയെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചു നഷ്ടപ്പെടുത്താൻ മാത്രം മണ്ടന്മാരാവില്ല അമേരിക്കക്കാർ. അത് ഇനി എത്ര അമേരിക്കക്കാരുടെ ചോരയുടെ വില ഉണ്ടെങ്കിലും, നാളെയുടെ അമേരിക്ക എന്ന ഒരു ഘടകം മാത്രം ആണ് അമേരിക്കയുടെ എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനം.