കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

 

14264859_1768793483408713_604554280032470056_n

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ വിധിയെ ഉത്സവമായി കൊണ്ടാടവേ, ആ കാംപെയിനുകാര്‍ പറഞ്ഞു “അടുത്തത് ശബരിമലയാണ്”.

ശബരിമല ക്ഷേത്രം വെറുമൊരു ആരാധനാലയം അല്ല. അത് ദക്ഷിണേന്ത്യയിലെ വിശ്വാസികളുടെ വികാരം ആണ്. സാമൂഹിക സാംസ്കാരിക മാനങ്ങളുള്ള മണ്ടലവൃതം, മുദ്ര ധരിക്കുമ്പോള്‍ വര്‍ണ്ണ മത ഭേദങ്ങള്‍ ഇല്ലാതെ ഭക്തന്‍ ഈശ്വരന്‍ ആയിത്തീരുന്ന മഹദ് സന്ദേശം. എക്കാലവും മതപരിവര്‍ത്തകരുടെ കണ്ണിലെ വിറകുകൊള്ളിയായിരുന്നു ശബരിമല. വര്‍ഷത്തിലൊരിക്കല്‍ അയ്യപ്പനായിത്തീരുന്ന ഒരുവനെ പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെ? നൂറ്റാണ്ടുകളായി പലവട്ടം ആക്രമിക്കപ്പെട്ടു ആ സങ്കേതം. വെട്ടിയും തീവച്ചും കുരിശുനാട്ടിയും നശിപ്പിക്കാന്‍ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടപ്പോള്‍ ധര്‍മ്മശാസ്താ ചൈതന്യത്തിനെ എങ്ങനെ ലോപിപ്പിക്കാം എന്നായി അവരുടെ ചിന്ത.

sabarimala-women-entry-jpg-image-784-410

Image Courtsey – Manaorama Online

ആ സെമിറ്റിക് ശക്തികളുടെ കൈയ്യിലെ നൂല്‍പ്പാവകളാണോ Right to Pray യുടെ ആള്‍ക്കാര്‍ എന്ന് ന്യായമായും സംശയമുണ്ടായി. സോഷ്യല്‍ മീഡിയയിലും പുറത്തും സുഹൃത്തുക്കള്‍ ആയ ചിലര്‍, ഇതിനെപ്പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്തു . എങ്ങനെ പ്രതിരോധിക്കാം എന്നാലോചിച്ചു. ‘91ല്‍, കോടതി വിധി വരുന്നത് വരെ ഒരു ചെക്ക്പോസ്റ്റു പോലും ഇല്ലാതിരുന്ന ആ പുണ്യസ്ഥാനത്തെക്കുറിച്ച് അത്യന്തം മ്ലേച്ഛമായ ഭാഷയില്‍ ആളുകള്‍ പരാമര്‍ശിക്കുമ്പോള്‍ (അയ്യപ്പന്‍ സ്ത്രീവിരുദ്ധനോ, സ്ത്രീകളെ കണ്ടാല്‍ അയ്യപ്പന് കണ്ട്രോള്‍ പോകുമോ), ഭക്തരായ നമുക്ക് എങ്ങനെ മൌനം ഭജിക്കാന്‍ സാധിക്കും?

അവിടെയാണ് #ReadyToWait ന്റെ ജനനം. തങ്ങള്‍ക്കു പ്രാപ്യമായ എകായുധമായ സോഷ്യല്‍ മീഡിയ ഉപയോഗിച്ചു സാധാരണക്കാരായ സ്ത്രീകള്‍ അയ്യപ്പസ്വാമിയോടും മാളികപ്പുറത്തമ്മയോടുമുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക. അയ്യപ്പന്‍ കൊടുത്ത ഉടമ്പടി പ്രകാരം മറുതര്‍ക്കങ്ങളോ, നിഷേധവാക്കുകളോ ഇല്ലാതെ കാത്തിരിക്കാന്‍ തയ്യാറായ ലോകമായ ഞങ്ങളുടെ വാക്കുകള്‍ക്കു ശക്തിയേകി.

getnewsimageശബരിമലയില്‍ ഉള്ള ആചാരങ്ങള്‍ സ്ത്രീവിരുദ്ധം അല്ല. ആ പ്രതിഷ്ഠയ്ക്ക് പ്രാണനേകിയവരും ആചാര്യന്മാരും പറഞ്ഞു മാത്രം കാനനവാസനെപ്പറ്റി അറിഞ്ഞവര്‍ ആചാര നിബന്ധനകളെ സഹര്‍ഷം, സാധനപോലെയാണ് പാലിക്കുന്നത് എന്നും, ദക്ഷിണേന്ത്യയിലെ അയ്യപ്പ ഭക്തകള്‍, ഭഗവദ് ദര്‍ശനത്തിനായി ഊഴം കാക്കുന്നത് ഒരു സപര്യ എന്ന പോലെയാണെന്നും തുറന്നു പറയാന്‍ ആണ് #ReadyToWait ഉദ്ദേശിക്കുന്നത്. പുരുഷമേധാവിത്വത്തിന്റെ അവസാന കണ്ണികളും പൊട്ടിച്ചു ഇന്ത്യയിലെ തന്നെ വനിതാ പുരോഗമന ഇൻഡെക്സുകളില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളിസ്ത്രീകള്‍, കേവലം യാഥാസ്ഥിതിക പിന്തിരിപ്പൻ സമൂഹത്തിന്റെ ചങ്ങലകളിൽ പെട്ടുഴലുന്ന അബലകളായി മുദ്ര ചെയ്യപ്പെടുന്നതും ഞങ്ങള്‍ക്ക് സഹിക്കാനാകുമായിരുന്നില്ല. ശബരിമല ഭക്തരായ സ്ത്രീകളുടെ താല്പര്യമെന്തെന്നു പോലും അന്വേഷിക്കുവാൻ സ്ത്രീകളെ സ്വാതന്ത്രരാക്കുവാൻ കച്ചകെട്ടിയിറങ്ങിയ പോരാളികളോ അവരെ ആഘോഷിക്കുന്ന മാധ്യമ സമൂഹമോ ശ്രമിച്ചതായും കണ്ടില്ല.

‘91ല്‍ കോടതി വിധിപ്രകാരം ചെക്പോസ്റ്റു വരുന്നതിനു മുന്‍പും, വര്‍ഷാവര്‍ഷം മലയ്ക്ക് പോകുന്നവരില്‍ ഈ പ്രായത്തിലെ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ കുടുംബങ്ങളിലും ഗ്രാമങ്ങളിലും. ചില സ്ത്രീകള്‍ ആചാരം ലംഘിച്ചു മല ചവിട്ടിയതിനെ എതിര്‍ത്താണ് കേസ് വന്നതു തന്നെ.

ഭാരതത്തിലെ ഭരണഘടനയില്‍ ക്ഷേത്രമൂർത്തിയെ ഒരു പൌരന്‍ ആയാണ് നിര്‍വ്വചിച്ചിരിക്കുന്നത്. അതും നിത്യ ബാലാവസ്ഥയില്‍, പെര്‍പെച്ചുവല്‍ മൈനര്‍. പിതൃസ്ഥാനത്തു തന്ത്രിയും, സ്വത്തുവകകളും മറ്റു സൌകര്യങ്ങളും അന്വേഷിക്കാനും സംരക്ഷിക്കാനും മാത്രം ചുമതലപ്പെട്ട ട്രസ്റ്റുകളും ദേവസ്വം ബോര്‍ഡും. ദേവ കാര്യങ്ങളില്‍ തന്ത്രിയുടെ അവസാന വാക്ക് മാനിച്ചാണ്, ആ നിത്യബാലകനു ചൈതന്യലോപത്തില്‍ നിന്ന് സംരക്ഷണം വേണം എന്നും, ധ്വംസക ശക്തികളില്‍ നിന്ന്, അത് ദുരുദ്ദേശമൊ അജ്ഞാനമോ കൊണ്ട് അവിടേക്ക് പോകുന്ന യുവതികളില്‍ നിന്നായാലും, അയ്യപ്പനെ രക്ഷിക്കാന്‍ കാവല്‍ വേണമെന്നും കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

അതു വരെ ഇന്നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും ആദരസ്നേഹഭക്തി സൂചകമായി സ്വയം നിയന്ത്രിച്ചിരുന്നത്, സര്‍ക്കാര്‍ മേല്നോട്ടത്തില്‍ ചെക്കിംഗ് ആയിത്തീര്‍ന്നു. ഇതിനു ശബരീശനെ എന്തിനു പഴിക്കണം? ആചാരങ്ങളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍, അത് രാജ്യത്തെ പൊതു നിയമത്തിനു എതിരെങ്കില്‍, ഹൈക്കോടതി വിധി ഇങ്ങനെ ആവില്ലായിരുന്നു.

a-child-feeding-prasadam-to-her-father_141766735900ഉപാധികളില്ലാതെ, എക്കാലവും ഭക്തന്റെ മോഹാജ്ഞാകൌതുകങ്ങള്‍ നിറവേറ്റി കൊടുത്തു കൊണ്ട് ഇരിക്കുന്ന ഒരു ദൈവമാണ് ഇന്ന് പലരുടെയും സങ്കല്‍പ്പത്തില്‍. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചപ്പോള്‍ സംഭവിച്ച വളരെ ഉപബോധമായ ഒരു കണ്ടീഷനിംഗ് ആണിത്. പാശ്ചാത്യന്റെ ദൈവം പുരുഷന്‍ ആണ്. തന്റെ നിയമപുസ്തകം മറ്റൊരു പുരുഷനെ മാത്രം അറിയിച്ചവന്‍. ആ നിയമാവലി ലംഘിച്ചില്ലെങ്കില്‍ പ്രസന്നന്‍. മനുഷ്യലിഖിതമായ ദിവ്യവചനങ്ങള്‍ കാലാകാലങ്ങളില്‍ അവര്‍ മാറ്റിയെഴുതി, പക്ഷെ നിയമസംഹിതയും സര്‍വ്വശക്തനായ ദൈവമെന്ന ആശയവും നിലനിന്നു.

സനാതന ധര്‍മ്മത്തില്‍ അയമാത്മനാ ബ്രഹ്മ:, തത്വമസി, അഹം ബ്രഹ്മാസ്മി എന്നിങ്ങനെ ഒരുപാട് ശ്ലോകങ്ങളില്‍ കൂടെ അദ്വൈത ചിന്തയാണ് വളര്‍ത്തിയത്‌. അത് അതിന്റേതായ സൂക്ഷ്മതയില്‍ ആചരിക്കാനും, ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും നമ്മുടെ ദേശകാല സംസ്കാരങ്ങള്‍ പാകപ്പെട്ടിരുന്നു. അതിലേക്കു സെമിറ്റിക് ഭഗവാനെ കൂട്ടിക്കല്ര്തിയപ്പോള്‍, ഒരു പുതിയ ജനുസ്സ് പിറവിയെടുത്തു.

ഈശ്വര തുല്യനായ, സര്‍വ്വശക്തനായ മനുഷ്യന്‍.

ഞാന്‍ തന്നെ ദൈവം എന്നുള്ളപ്പോള്‍, നിയമാവലികളൊക്കെ തന്റെ സൌകര്യത്തിനും മനോനിലയ്ക്കും ഉതകാന്‍ അവന്‍ ഉഴുതുമറിച്ചു. ഹൈന്ദവ സമൂഹത്തില്‍ കണ്ട പല ദുരാചാരങ്ങളുടെയും പിറവി അവിടെയാണുണ്ടായത്. ആചാര്യസമൂഹവും, സമൂഹത്തിലെ പ്രമുഖരും കൂടെ ചേര്‍ന്ന് അശ്രാന്ത പരിശ്രമം വേണ്ടി വന്നു അവയെ ഉന്മൂലനം ചെയ്യാന്‍.

പക്ഷെ ഇന്നും ഈ ഗോഡ് കോമ്പ്ലെക്സ് ഉള്ള ചിലര്‍ ഉണ്ട്. അവരുടെ മനസ്സിലെ തത്ത്വസംഹിതയില്‍ അവരുടെ ജീവിതസാഹചര്യങ്ങളാല്‍ പാകപ്പെട്ട മാനസികാവസ്ഥയില്‍, അവര്‍ ചിലതൊക്കെ വികലമായ ദൃഷ്ടിയില്‍ കൂടെ കാണുന്നു. “എനിക്കിഷ്ടമല്ല, എനിക്ക് ആഗ്രഹമുണ്ട്, എനിക്ക് തെറ്റെന്നു തോന്നുന്നു” എന്നവര്‍ പറയുമ്പോള്‍, അതിനെ സാധൂകരിക്കാന്‍ അവരുടെ കൈയ്യില്‍ വാദങ്ങളില്ല, ഉള്ളത് വെറും വാശി മാത്രം.

ജീര്‍ണ്ണതയുണ്ടെങ്കില്‍ അത് ചികിത്സിക്കാന്‍, വേണെമെങ്കില്‍ മുറിച്ചു മാറ്റാന്‍ കെല്‍പ്പുള്ള ആചാര്യ സമൂഹമുണ്ടിന്നും ഇവിടെ. അവരോടു സംവദിച്ചു മാത്രമേ കോടതികള്‍ പോലും ആചാരാഗമങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കൂ. ഈ പ്രക്രിയകളിലോന്നും തൃപ്തി പോരാത്തവര്‍, ബലമായി മാറ്റങ്ങള്‍ വരുത്താന്‍ നോക്കുന്നത് എക്കാലവുമുണങ്ങാത്ത മുറിവുകള്‍ മാത്രമേ സമ്മാനിക്കൂ.

വാനപ്രസ്ഥത്തില്‍ അമര്‍ന്ന തപസ്വിയായ അയ്യപ്പനെ ദര്‍ശിക്കാന്‍, പ്രകൃത്യാ സൃഷ്ടിയ്ക്കു പാകപ്പെട്ട യുവതികള്‍ പോകാത്തത്, ആര്‍ത്തവം കാരണം അല്ല. പ്രകൃതി എങ്ങനെ ഒരു സ്ത്രീ ശരീരത്തെ പാകപ്പെടുത്തി? സൃഷ്ടികാരകമായ ജീവാംശം, അവളുടെ മനസ്സിന്റെ ആജ്ഞാനുവര്‍ത്തിയല്ല. അത് കാലചക്രത്തിന്റെ സ്പന്ദനമേറ്റ് താനേ സംഭവിക്കുന്നതാണ്. എന്നാല്‍ പുരുഷനില്‍, തപോബലം കൊണ്ട് മാത്രം ഓജസ്സിനെ ഉള്‍വലിക്കാം.
  
sabri-lകഠിന ബ്രഹ്മചര്യ ഉപ-വാസ നിഷ്ഠകള്‍ കൊണ്ട് രാഗത്തെ ശമിപ്പിച്ച് ഇന്ദ്രിയങ്ങളെ വരുതിയിലാക്കിയാണ് ഭക്തന്‍ അയ്യപ്പന്‍ ആകുന്നതു. സ്വാഭാവികമായി നടക്കുന്ന ഒവുലെഷനും, അതിനനുബന്ധിയായ ഹോര്‍മോണുകളും സ്ത്രീ ശരീരത്തിനെ പ്രജനന ചിന്തയിലെക്കല്ലേ നയിക്കുക? ശരീരം പ്രാണന്റെ വാഹനമാണ് എന്നാണല്ലോ ശാസ്ത്രം. സൃഷ്ടിക്കായി പ്രകൃതി സുസജ്ജം ആക്കുന്ന ശരീരത്തില്‍ ഇരിക്കുന്ന പ്രാണന് ബ്രഹ്മചര്യ സാധനയില്‍ മുഴുകുക സാധ്യമോ? ഉത്തരങ്ങള്‍ ആചാര്യന്മാര്‍ നല്കുമെന്നാശിക്കാം.

സ്ത്രീ സമത്വ വാദികള്‍ കാണാതെ പോകുന്ന, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്ന ഒരു സാമൂഹിക വശം കൂടിയുണ്ടിതിനു. ഗൃഹസ്ഥ പ്രായത്തിലുള്ള സ്ത്രീകള്‍, അവര്‍ അമ്മയാകുമ്പോള്‍ വിശിഷ്യാ, ഒരു സമൂഹത്തിന്റെ മൂലാധാരം പേറുന്നവര്‍ ആണ്. കുടുംബത്തിലെ അമ്മ പരിപൂര്‍ണ്ണ ബ്രഹ്മചാരിണി ആകുമ്പോള്‍ അവരുടെ മക്കളുടെ ലൌകിക കാര്യങ്ങളില്‍ വ്യാപരിക്കാന്‍ കഴിയാതാകുന്നു. ഒരു ഗ്രാമത്തിലെ മുഴുവന്‍ അമ്മമാരും വൈരാഗികള്‍ ആകുന്നതു അചിന്ത്യമായ വിപത്തുണ്ടാക്കും. ഇതും സ്ത്രീവിരുദ്ധം ആണെന്നും, പുരുഷന്മാര്‍ കുട്ടികളെ നോക്കട്ടെ, എന്നിട്ട് സ്ത്രീകള്‍ക്ക് ചാന്‍സ് കൊടുക്കട്ടെ എന്നൊക്കെ വാദങ്ങള്‍ ഉണ്ടാവുമെന്നറിഞ്ഞു തന്നെയാണ് ഇത് കുറിക്കുന്നത്. ആചാര്യസമൂഹം, ഋഷി വര്യന്മാര്‍ എന്നിവര്‍ ശൈശവ ബാല്യാവസ്ഥയിലെ കുട്ടികളുടെ പരിലാളനയ്ക്കാണ് എന്നും മുന്‍‌തൂക്കം കൊടുത്തത്, മാതാപിതാക്കന്മാരുടെ സൌകര്യങ്ങള്‍ക്ക് അല്ല എന്ന് ഈയവസരത്തില്‍ ഓര്‍ക്കണം.

ധര്മ്മചിന്തയുള്ള സമൂഹത്തില്‍ സംവാദം ഉണ്ടാവാനും പൂര്‍വപക്ഷം കൂടുതല്‍ നൈര്‍മ്മല്യത്തോടെ പുനസ്ഥാപിക്കാനും വേണ്ടി ഭഗവാന്‍ ചെയുന്ന മഥനം ആണിന്നു നടക്കുന്നതെന്നും, ഇരുപക്ഷങ്ങളും ആ തൃക്കൈകളിലെ വെറും പണിക്കോപ്പുകള്‍ ആവാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ ആണെന്നും വിശ്വസിക്കുന്നു. ഭഗവദ് വിജയം സുനിശ്ചിതമാണ്.