കലാമിനെ കല്ലെറിയുന്നവരോട്….

reply-kalam-haters

രു രാഷ്ട്രത്തിന്റെ മുഴുവൻ സ്വപ്നങ്ങൾക്ക്, അഗ്നിച്ചിറകുകൾ സമ്മാനിച്ച ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ, മത്സരങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി…

എണ്‍പത്തി നാല് വർഷത്തെ തന്റെ ജീവിതം, അക്ഷരാർത്ഥത്തിൽ അദ്ദേഹം ഭാരതത്തിന്‌ വേണ്ടി ഉഴിഞ്ഞു വെക്കുകയായിരുന്നു. ഇത്രയും കഠിനാധ്വാനിയായ, ദേശഭക്തനായ, അതിലുപരി സർവ്വസമ്മതനായ മറ്റൊരു വ്യക്തിത്വം ഈ ഭാരതത്തിൽ ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം…

ജൈനുലാബ്ദീന്റെയും, ആശിയമ്മയുടെയും, മകനായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് ഒക്ടോബർ മാസം പതിനഞ്ചാം തീയതി, തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം, വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തന്നെ, സ്വയം ജോലി ചെയ്ത് തന്റെ പഠനത്തിനാവശ്യമായ തുക കണ്ടെത്തിയിരുന്നു..

1514606_10204696839479584_5613752253945301801_nവിദ്യാർത്ഥിയായ ഒരു പത്രക്കച്ചവടക്കാരനിൽ നിന്നും
ലോകം അറിയുന്ന ഒരു ശാസ്ത്രജ്ഞനിലേക്കുള്ള ദൂരം നമുക്കൊക്കെ ഊഹിക്കാവുന്നതിലും പ്രകാശവർഷങ്ങൾ അകലെത്തന്നെയാണ്. ആ ജീവിതയാത്ര മാത്രം മതിയാകും, അദ്ദേഹത്തിൻറെ മഹത്വം മനസ്സിലാക്കാൻ…

ഇന്നത്തെ കാലത്ത്, വില കൂടിയ മൊബൈൽ ഫോണുകൾക്കും, ബൈക്കുകൾക്കും, അച്ഛനമ്മമാരുടെ മുൻപിൽ കൈനീട്ടി നില്ക്കുന്ന യുവതലമുറയ്ക്ക് ദിശാബോധം നല്കാനുതകുന്നതാണ് തന്റെ ആത്മകഥയിൽ അദ്ദേഹം കുറിച്ചിട്ടിരിക്കുന്ന വരികളത്രയും…

ഞങ്ങളുടെ കലാലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി, ആലുവ യു.സി കോളേജിൽ വന്ന് വാക്കുകളിൽ യുവത്വം നിറച്ച് വിദ്യാർത്ഥികളോട് സംസാരിച്ച അദ്ദേഹത്തിൻറെ ആ വാക്കുകളും, അത് കുട്ടികളിൽ സൃഷിടിച്ച ആവേശവും ഒരിക്കലും മറക്കാനാവില്ല.. ജാതി-മത-രാഷ്ട്രീയങ്ങൾക്ക് അതീതമായി അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു…

രണ്ടായിരത്തി പതിനഞ്ച് ജൂലായ്‌ ഇരുപത്തിയേഴ്, ഭാരതത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ രണ്ടു ആഘാതങ്ങൾ സമ്മാനിച്ച ദിവസമാണ്. അതിൽ ഒന്നാമത്തേത് പഞ്ചാബിലെ ഭീകരാക്രമണമാണെങ്കിൽ, രണ്ടാമത്തേത് കലാം സാറിന്റെ വിയോഗമായിരുന്നു…

അദ്ദേഹത്തെ പോലെയൊരു ക്രാന്തദർശിയുടെ അഭാവം, ഭാരതത്തെ പോലെയൊരു വികസ്വര രാജ്യത്തെ സംബന്ധിച്ച് നികത്താനാവത്തതാണ്…

11816889_10204696839799592_3904191713406184865_nഅദ്ദേഹത്തിൻറെ വിയോഗത്തിൽ രാഷ്ട്രം മുഴുവൻ ദുഖത്തിലാഴ്ന്നിരിക്കുമ്പോഴാണ് മതേതര-പുരോഗമന വാദികൾ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ അദ്ദേഹത്തിനെതിരെ സംസാരിച്ച് പ്രശസ്തി പിടിച്ചു പറ്റാൻ ശ്രമിക്കുന്നത്..

മോഹൻദാസ്‌ കരം ചന്ദ് ഗാന്ധി മുതൽ, നരേന്ദ്ര ദാമോദർ ദാസ് മോഡി വരെ എല്ലാവരും ഇവിടെ വിമർശന വിധേയരാണ്… അതുതന്നെയാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലക്ക് ഭാരതം ലോകത്തിനു മുൻപിൽ വെക്കുന്ന മാതൃക. ഈ വസ്തുത നില നിൽക്കുമ്പോഴും, കലാം സാറിനെ വിമർശിക്കുന്നവരുടെ ഉദ്ദേശം കുപ്രസിദ്ധി മാത്രമാണ്…

സമൂഹത്തിൽ സുപ്രസിദ്ധരാവാൻ കഴിവും, കഠിനാധ്വാനവും വേണമെന്നിരിക്കെ, ഇതൊന്നും ഇല്ലാതെ എളുപ്പത്തിൽ മാധ്യമ ശ്രദ്ധയും മറ്റും പിടിച്ചു പറ്റാൻ പലരും കണ്ടെത്തുന്ന ഒരു മാർഗം ആണ്, സമൂഹം ഒന്നടങ്കം ബഹുമാനിക്കുന്നവരെ പറ്റി മോശം പരാമർശം നടത്തുക എന്നുള്ളത്…

സമൂഹത്തിൽ ഈ പ്രവണത വർദ്ധിച്ചു വരുന്നതായി തുടരെ തുടരെ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു…

ദേശീയഗാനവും, ദേശീയ പതാകയും, വന്ദേമാതരവും ഉൾപ്പടെ, ദേശീയതയെ പ്രതിനിധാനം ചെയ്യുന്ന എന്തിനോടും ഇവർക്കുള്ള അസഹിഷ്ണുത ഒരു തരം രോഗം തന്നെയാണ്. ജന്മം നൽകിയ അച്ഛനമ്മമാരെ തള്ളിപ്പറയുന്ന തരത്തിലുള്ള ഒരുതരം മാനസിക രോഗം…

തികഞ്ഞ ദേശീയവാദിയായിരുന്നു അബ്ദുൾ കലാം സാർ എന്നുള്ളത് തന്നെയാണ് ഇടതുപക്ഷ
പുരോഗമന വാദികൾക്ക് അദ്ദേഹത്തെ അനഭിമതനാക്കിയത്…

അദ്ദേഹം എന്നും ദേശീയതയുടെ വക്താവായിരുന്നു. രാജ്യതാത്പര്യങ്ങൾക്ക് വേണ്ടി മാത്രമേ ഇരുനിരത്തിലുള്ള, ഉയരം കൂടിയ, മുടി നീട്ടി വളർത്തിയ ആ മനുഷ്യൻ നില കൊണ്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടേയും പുറകെ പോയിട്ടില്ല… സ്ഥാന-മാനങ്ങൾക്കായി ആരുടേയും പാദ സേവ ചെയ്തിട്ടില്ല…

ഭാരതീയ ജനതാ പാർട്ടിയുടെ നോമിനിയായി അദ്ദേഹം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ജീവിച്ചിരുന്നവരിൽ, ഭാരതത്തിന്റെ പ്രധാനപൗരൻ ആകാൻ ഏറ്റവും യോഗ്യനായത് കൊണ്ടുതന്നെയാണ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തതും. അതുകൊണ്ടാണ്, ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമായി നിന്നു എന്ന് പറഞ്ഞ്, പുരോഗമനം എന്തെന്ന് പോലും അറിയാത്ത ചില “പുരോഗമനവാദികൾ” അദ്ദേഹത്തെ പുലഭ്യം പറയുന്നത്…

11822302_10204696839159576_2289430374091551960_n(1)

അദ്ദേഹം രാഷ്ട്രപതിയായിരുന്ന കാലഘട്ടം ഭാരതത്തെ സംബന്ധിച്ച് സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു.. മതേതരത്വം എന്നത് സൗകര്യാനുസരണം പലരും ഉപയോഗിക്കുന്നത് പോലെ, വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായിരുന്നില്ല അന്ന്…

ഇസ്ലാം ആയ അബ്ദുൾ കലാം രാഷ്ട്രപതിയും, ഹിന്ദുവായ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയും, ക്രൈസ്തവ മത വിശ്വാസിയായ ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയുമായിരുന്ന കാലം….

കലാം സാറിന്റെ ദേശീയ വീക്ഷണത്തിൽ ആർക്കും സംശയമില്ലെന്നിരിക്കെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വിശാലമായ ദേശീയചിന്താധാരകളെ പ്രത്യക്ഷത്തിൽ സമ്മതിച്ചു തരികയാണ് കലാം വിരോധികൾ ഇപ്പോൾ ചെയ്യുന്നത്…

ചുരുക്കി പറഞ്ഞാൽ, കലാംസാറും സംഘപരിവാറും സഞ്ചരിച്ച വഴികളത്രയും ശരിയായിരുന്നു എന്ന് അവർ പോലുമറിയാതെ അരക്കിട്ടുറപ്പിക്കുകയാണ്…

ഭാരതത്തെ നശിപ്പിക്കാൻ തുനിഞ്ഞ യാക്കൂബ് മേമൻ ഇവർക്ക് പ്രിയപ്പെട്ടവനാകുമ്പോൾ, അബ്ദുൾ കലാം വെറുക്കപ്പെട്ടവനാകുന്നു എന്നുള്ളത് നമ്മെ ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു…

ഒരാൾ, ദേശീയ മൂല്യങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചവനും, മറ്റൊരാൾ ദേശീയ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച വ്യക്തിത്വവുമാണ്… ഇതു മാത്രം മതിയാകും, ഈ ഇടതുപക്ഷ-പുരോഗമന വാദികൾ
ആരുടെ ആശയങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് തിരിച്ചറിയാൻ..

ഇവർ ഇനിയും ഇവിടെ തന്നെ ഉണ്ടാകും. വരുന്ന ആഗസ്റ്റ് പതിനഞ്ചിന് ഭാരതത്തെ വീണ്ടും പുലഭ്യം പറയാൻ…  അതുകൊണ്ട്, അന്ധമായ സംഘപരിവാർ വിരോധം അബ്ദുൾ കലാമിനോടും കാണിക്കുന്നവരോട്….

നിങ്ങൾ ഇന്ന് നേടിയെടുക്കുന്ന ഈ കുപ്രസിദ്ധിക്ക് നിമിഷങ്ങളുടെ ആയുസ്സേ കാണൂ…, പക്ഷേ, യുഗപ്രഭാവനായ അവുൽ പക്കീൽ ജൈനുലാബ്ദീൻ അബ്ദുൽ കലാം എന്ന ആ ഭാരത പുത്രൻ പകർന്നു കൊടുത്ത അഗ്നിച്ചിറകുകളുള്ള സ്വപ്‌നങ്ങൾ ഭാരതത്തിലെ ജനകോടികളുടെ മനസ്സിൽ നിറഞ്ഞിരുപ്പുണ്ട്…