രാജീവ്ഗാന്ധി – രക്തസാക്ഷിയോ അതോ പക്വത ഇല്ലായ്മയുടെ ഇരയോ ???

 — വിജയകുമാർ —

rajiv-gandhi-junius-jayawardene

1991 മേയ് 21 നു ആണ് ഭാരതത്തിന്റെ മുന് പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കൊല്പാതകത്തിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതേ സമയം രാജീവ് ഗാന്ധി രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിയായി എന്നതിനോട് യോജിക്കാന്‍ ചരിത്രം പരിശോധിച്ചാൽ ബുദ്ധിമുട്ടാണ്. രാജീവ് വധത്തില്‍ തമിഴ് നാട്ടിലെ അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഒന്നുപോലും അന്വേഷിക്കാൻ ഭരണകൂടം ഒരിക്കലും തയ്യാറായില്ല എന്നറിയുമ്പോള്‍, തമിഴ് പുലികളെ മാത്രമായി പ്രതിസ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യുന്നതും അനീതി ആണെന്ന് പറയാതെ വയ്യ . സ്വന്തം പിടിപ്പുകേടും കഴിവില്ലായ്മയും നേടിക്കൊടുത്ത ശത്രുതയുടെ ഫലം അനുഭവിക്കേണ്ടിവന്ന ഹതഭാഗ്യനായ ഒരു ഭരണാധികാരി മാത്രമായിരുന്നു രാജീവ് ഗാന്ധി .

rajiv-sonia-ocean_052111090606

 

കുടുബാധിപത്യഭരണക്രമത്തില്‍ അനന്തരാവകാശിയെന്ന നിലയില്‍ നാല്പതാം വയസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പദവി ഏറ്റെടുത്ത, പക്വതയില്ലായ്മ കാരണം ചുറ്റുംനിന്ന സ്ഥാപിത താല്പര്യക്കാരായ ഉപജാകകവൃന്ദത്തിന്റെ തെറ്റായ ഉപദേശങ്ങള്‍ സ്വീകരിച്ചു ഭരിക്കേണ്ടിവന്നപ്പോള്‍ സംഭവിച്ച സ്വാഭാവിക പതനം. അയല്‍രാജ്യങ്ങലോടെല്ലാം ശത്രുതപുലര്‍ത്തി ഒരു രാജ്യത്തിനും സമാധാനത്തോടെ നിലനില്‍ക്കാന്‍ കഴിയില്ല എന്ന രാഷ്ട്രതന്ത്രത്തിലെ ബാലപാഠംപോലും അദ്ദേഹത്തിനു ആരും ഉപദേശിച്ചു കൊടുത്തില്ല എന്നത് അദ്ഭുതമായി തോന്നുന്നു. എന്നും ഇന്ത്യയുടെ സുഹൃത്തും ആശ്രിതരാജ്യവുമായ നേപ്പാളിനോട് പോലും ശത്രുതയിലായി, അവരുടെ ചരക്കു കയറ്റുമതി – ഇറക്കുമതി നിരോധിച്ച സംഭവം ഇന്ത്യക്കാരെപ്പോലും വേദനിപ്പിച്ച നടപടിയായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പാട്ടാളനടപടികള്‍ ഇന്ത്യന്‍ പ്രതിരോധസേനാ അംഗങ്ങളുടെ ജീവന്‍ നഷ്ട്ടപ്പെടുന്ന അവസ്ഥയിലെത്തിച്ചതും അതെ അപക്വമായ തീരുമാനങ്ങൾ തന്നെ . പ്രത്യേക അവകാശങ്ങലുള്ള സംസ്ഥാനമായി മുത്തച്ഛന്‍ നെഹ്‌റു സ്ഥാപിച്ച ജമ്മുകാശ്മീരിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ മാറ്റാനും സ്വന്തം ഇഷ്ട്ടക്കാര്‍ക്ക് അധികാരം കൈമാറാനും രാജീവ് ശ്രമിച്ചപ്പോഴാണ് കാശ്മീരില്‍ ഒരിക്കല്‍ കെട്ടടങ്ങിയിരുന്ന ഇന്ത്യവിരുദ്ധ നിലപാട് ശക്തിപ്രാപിച്ചത് എന്നതും മറക്കരുത്. ഇന്നത്തെ കാശ്മീര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതുറന്നിട്ടുകൊടുത്തത് രാജീവ് ഗാന്ധി എടുത്ത അത്തരം തീരുമാനങ്ങൾ ആണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്‌ .

frontpage_Rajiv_wanted_VP_dead
ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രശനം മാത്രമായിരുന്ന ശ്രീലങ്കയില്‍ തമിഴ് പ്രശ്നത്തില്‍ അനാവശ്യമായി ഇടപെട്ടു, ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യന്‍ ആര്‍മി പരിശീലിപ്പിച്ച തമിഴ് പുലിനേതാക്കളുമായി ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ രഹസ്യകൂടിക്കാഴ്ചകള്‍ പോലും പതിവായിരുന്നു അക്കാലത്ത്, തമിഴ് ജനതയെ സഹായിക്കാന്‍ എന്ന വ്യാജേന ശ്രീലങ്കയിലെത്തിയ ‘ഇന്ത്യന്‍ പീസ്‌ കീപ്പിംഗ് ഫോര്‍സ് ‘ന്‍റെ ( IPKF ) ,തമിഴനെതിരെ ശ്രീലങ്കന്‍ സേനയെ സഹായിക്കുക എന്ന മുന്‍കൂട്ടി തയ്യാറാക്കിയ ഇരട്ടത്താപ്പു നയം തമിഴ് പുലികള്‍ തിരിച്ചറിഞ്ഞപ്പോഴാണ്, ലോകത്തെ വന്‍സൈനിക ശക്തികളില്‍ ഒന്നായ ഇന്ത്യന്‍ സേനയ്ക്ക് നാണംകേട്ട തോല്‍വി ഏറ്റുവാങ്ങി മടങ്ങേണ്ടിവന്നത് . 1400 ഓളം സൈനികർ ആണ് അന്ന് ഇന്ത്യക്ക് നഷ്ടമായത് എന്നത് തോൽവിയുടെ വ്യാപ്തി കൂട്ടുന്നു . 1987 ൽ ശ്രീലങ്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ‘ഗാര്‍ഡ് ഓഫ് ഹോണര്‍’ നല്‍കുന്നതിനിടെ ഒരു പട്ടാളക്കാരന്‍ തോക്കിന്റെ പാത്തികൊണ്ട് അടിച്ച സംഭവം ഇന്ത്യയെ ലോകത്തിനുമുന്നില്‍ കൂടുതല്‍ നാണംകെടുത്തി .വേറെ ഏതെങ്കിലുമൊരു രാഷ്ട്രത്തലവനായിരുന്നു ഈ അനുഭവമെങ്കില്‍ ഭവിഷ്യത്ത് വളരെ എത്രത്തോളം ഗുരുതരം ആയിരുന്നേനെ എന്ന് പറയാതെ തന്നെ നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ .പക്ഷെ ഒന്നുറക്കെ പ്രതിഷേധിക്കാന്‍പോലും ശക്തിയില്ലാത്ത ഭരണകൂടമായിരുന്നു അന്ന് രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയില്‍ ഉണ്ടായിരുന്നത്.
29jul1987-1
അന്നത്തെ തെറ്റായ ശ്രീലങ്കന്‍ സൈനിക നടപടിയിലൂടെ ഇന്ത്യയ്ക്ക് ഒരു ദീര്‍ഘകാല സുഹൃത്ത് രാജ്യത്തെ നഷ്ടപ്പെട്ടു. ഇന്നും ശ്രീലങ്ക ഇന്ത്യയെ സംശയത്തോടെയാണ് കാണുന്നത്. എല്ലാ രംഗങ്ങളിലും ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണം കെടുത്തിയ ഒരു ഭരണാധികാരിയായി മാത്രമേ രാജീവ് ഗാന്ധിയെ വിലയിരുത്താന്‍ കഴിയൂ .

 

 

ഇന്ത്യയില്‍ വാര്‍ത്തവിനിമയ രംഗത്ത് പുരോഗതിയുണ്ടാക്കാന്‍ രാജീവ് സര്‍ക്കാരിന് കഴിഞ്ഞു എന്ന് പറയുമ്പോൾ അതിലെ ഭാഗധേയം നിയന്ത്രിച്ചത് സാം പിടോത്ര എന്ന പ്രവാസി ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ആണെന്ന് അദ്ദേഹം എഴുതിയ അനുഭവകഥകള്‍ വായിച്ചാൽ മനസ്സിലാവും. തീർത്തും ബിസിനെസ്സ് പരമായ ഒരു ബന്ധം ഭാരതാവുമായി സൂക്ഷിച്ച ആ വ്യവസായി കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമാകും എന്ന് ഉറപ്പായ സമയത്ത് അമേരിക്കക്ക് പറക്കുകയും ചെയ്തു. ഇന്ത്യയിലെ വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ ആധുനീകരിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാനും സൌജന്യമായി പ്രവര്‍ത്തിക്കാനും തയ്യാറായി, പലവട്ടം കൂടിക്കാഴ്ചയ്ക്ക് ഇന്ദിരാഗാന്ധിയോട് അനുവാദംചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. റഷ്യയുടെ സ്വാധീനത്തിലായിരുന്ന അന്നത്തെ ഇന്ത്യയ്ക്ക് ഇത്തരം പുരോഗതിയൊന്നും ആവശ്യമില്ല എന്നാ നിലപാടുകാരിയായിരുന്നു ഇന്ദിര. രാജീവ് ഗാന്ധി അത്രത്തോളം പിന്തിരുപ്പന്‍ ആയിരുന്നില്ല എന്നും പിന്നീടു കണ്ട വ്യാവസായിക രംഗത്തെ മാറ്റങ്ങൾ സൂചിപ്പിക്കുന്നു .

f6-ipkf-troops-on-guard
മറ്റു രാഷ്ട്രങ്ങൾ സ്വീകരിച്ച ആധുനിക വ്യവസായ , സാമ്പത്തിക നയങ്ങൾ ഉൾക്കൊള്ളാനും , സ്വീകരിക്കാനും അപ്പോഴേക്കും നമ്മൾ വൈകിപ്പോയിരുന്നു . ഇന്ത്യക്കൊപ്പം ഉണ്ടായിരുന്ന പല രാജ്യങ്ങളും മാറ്റങ്ങൾ ഉൾക്കൊണ്ടു ഓടിക്കയറിയപ്പോഴും ഇന്ത്യ പിന്നോക്കം ആയി പോയത് ഭരണാധികാരികളുടെ അപക്വമായതും , തെറ്റായതും ആയ തീരുമാനങ്ങൾ കൊണ്ടായിരുന്നു എന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു ..

Reference :

http://en.wikipedia.org/wiki/Indian_Peace_Keeping_Force
http://en.wikipedia.org/wiki/India-Sri_Lanka_Accord