ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീ. കുമ്മനം രാജശേഖരനു ഒരു തുറന്ന കത്ത്

14095927_1763556153932446_2877209645740214329_n


ഹുമാന്യനായ ശ്രീ കുമ്മനം ജി,

അങ്ങയുടെ ദാര്‍ശനിക ജീവിതത്തിന്റെ ആരാധകന്‍ ആണ് ഈയുള്ളവന്‍ എന്നു പറഞ്ഞു തുടങ്ങുന്നതാണ് ഗുരുത്വമെന്ന് മനസ്സിലാക്കിക്കൊണ്ടു അങ്ങയോട് ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.

ഇന്ന് ഭാരതം എമ്പാടും വലിയ തോതില്‍ ചര്ച്ച ആയ വിഷയം- ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം- അത് അങ്ങയുടെ സമക്ഷം അവതരിപ്പിക്കാനാണ് ഈ തുറന്ന കത്ത്.

ബഹുമാന്യനായ അദ്ധ്യക്ഷന്‍, ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരള ബിജെപിയും ദേശീയ ബിജെപി നേതൃത്വവും ശക്തമായ ഒരു നിലപാട് എടുക്കാത്തതില്‍ ഞങ്ങളെ പോലെ അയ്യപ്പ ഭക്തര്‍ക്ക് ഉള്ളവര്‍ക്ക് അത്യധികം വിഷമവും അമര്‍ഷവുമുണ്ട്.

ഈ അമര്‍ഷത്തിന് പലവിധ കാരണങ്ങളും ഉണ്ട്,

ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വിശ്വാസി സമൂഹം ആണെന്നിരിക്കെ, ശബരിമലയെയും അതിലെ ആചാരങ്ങളെയും വൈകൃതവല്‍ക്കരിക്കാന്‍ ഉതകുന്ന വിധത്തില്‍ സമൂഹത്തില്‍ ചര്ച്ച ആവുന്നത് ഒരു വിശ്വാസി എന്ന നിലയില്‍ ഞങ്ങളെ വേദനിപ്പിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ അടിസ്ഥാന ജനതയുടെ പക്ഷത്തു നിന്നും ശബ്ദമുയര്‍ത്തൂം എന്നു ഞങ്ങളൊക്കെയും കരുതിയിരുന്ന ബിജെപി പോലത്തെ പ്രസ്ഥാനങ്ങള്‍ ശക്തമായ നിലപാട് എടുക്കാത്തത് ശബരിമലയെ താറടിച്ചു കാണിക്കാന്‍ നടക്കുന്നവര്‍ക്ക് പ്രേരണ ആവുന്നു എന്നു അങ്ങുമ് മനസ്സിലാക്കി കാണുമെന്ന് പ്രത്യാശിക്കുന്നു.ഇക്കഴിഞ്ഞ ദിവസം സിപിഎം നേതാവ് നടത്തിയ പരാമര്‍ശം അങ്ങയുടെ ശ്രദ്ധയില്‍ പെട്ടുകാണുമല്ലോ ?

ശബരിമലയും ശാസ്താവും സ്ത്രീ വിരുദ്ധമാണ് എന്നുള്ള ആഖ്യാനം,വിശ്വാസ പ്രമാണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ വികടകവികള്‍ ശബരിമലയെ ഒരു സ്ത്രീ വിരുദ്ധതയുടെ ചിഹ്നമായി ചിത്രീകരിക്കാന്‍ ശ്രമികുന്നതും അതില്‍ അവര്‍ ഒരു പരിധി വരെ ജയിച്ചു കയറിയതും അങ്ങയുടെ ശ്രദ്ധയില്‍ പെട്ടുകാണുമെന്ന് വിശ്വസിക്കുന്നു. യഥാര്‍ഥത്തില്‍ ശബരിമല സ്ത്രീ വിരുദ്ധതയുടെ പ്രതീകമാണോ? അല്ലെങ്കില്‍ ഇതൊക്കെ സമൂഹത്തിലേക്ക് എത്തിക്കേണ്ടതും ശാസ്താവിന്റെ ഭക്തന്മാരെ സമാശ്വസിപ്പിക്കേണ്ടതും അങ്ങയെ പോലെ ഉള്ള ബഹുമാന്യരല്ലേ? നമ്മുടെ നാട് ജനാധിപത്യ സംവിധാനം ആയതും, അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യ പങ്ക് വഹിക്കുന്നതും, ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് ഭരണ ഘടന പരമായ ഇന്‍സ്റ്റിറ്റ്യൂഷനും ആയത് കൊണ്ടും, അങ്ങയെ പോലെ ഉള്ളവര്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുക്കേണ്ടതല്ലേ? അല്ലാതെ വിശ്വാസി സമൂഹം ആരെയാണ് രക്ഷകരുടെ സ്ഥാനത്ത് കാണേണ്ടത്? ജനാധിപത്യ പരമായി ഇത്തരം നീക്കങ്ങളെ വിശ്വാസ സമൂഹത്തിന്റെ പ്രതിനിതി ആയി എതിര്‍ക്കേണ്ടത് താങ്കളെ പോലെ ഉള്ളവരല്ലേ?

ശബരിമലയുടെ ബഹു-മാനങ്ങള്‍ ഭക്തരായ ഞങ്ങള്‍ പറയുന്നതിനെക്കാള്‍ അങ്ങേക്ക് അറിയാം, ശബരിമല എന്ന ഒരു സംഘല്‍പ്പം ഉള്ളത് കൊണ്ട് മാത്രമാണു ആന്ധ്ര- തമിള്‍ നാട് തീരപ്രദേശത്തെ ജനങ്ങള്‍ ഒരു പരിധി വരെ ഇന്നും ഹിന്ദു ആയി ജീവിച്ച് പോകുന്നത്. ആ സംഘല്‍പ്പത്തെ തകര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അങ്ങയെ പോലെ ഉള്ള നേതാക്കന്മാര്‍ സമൂഹത്തിനെ അറിയിക്കേണ്ടതും അതിനെതിരെ നീങ്ങേണ്ടതുമല്ലെ?

ഇനി അഥവാ, വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ യൌവന യുക്തയായി ഇരിക്കുമ്പോ തന്നെ കയറണം എന്നുണ്ടെങ്കില്‍, അത് ഹിന്ദു സംഘടനകളും ഹിന്ദു വിശ്വാസികളും മുന്നിട്ടിറങ്ങി സമര പരിപാടി ആയോ, നിയമ പരമായോ ഒരു മുന്നേറ്റം നടത്തി അതിനെ വിജയിപ്പിക്കുക എന്നല്ലാതെ, കുടിച്ചു കൂത്താടാനും, മറ്റുള്ള ആഭാസങ്ങള്‍ കാണിക്കാനും അയ്യപ്പനെ കാലിന്റെ ഇടയില്‍ നോക്കുന്നവനെന്ന് വിളിച്ച് പറയുന്നവര്‍ക്കും അവരുടെ ചേഷ്ടകള്‍ കാണിക്കേണ്ട വിഷയമാക്കി മാറ്റുകയാണോ വേണ്ടത്? കന്തസ്വാമി , ഹാപ്പി റ്റു ബ്ളീട് തുടങ്ങിയ ഹൈന്ദവ ധര്‍മ വിശ്വാസി അല്ല എന്നു മാത്രമല്ല, ഹൈന്ദവ വിശ്വാസങ്ങളെ നികൃഷ്ടമായ് ചിത്രീകരിക്കുന്ന വ്യക്തി കൂടിയാണ്. അതിന്റെ കുട പിടിച്ച് ഇടതു പക്ഷ സംഘടനകള്‍ നടത്തിയ ആഭാസങ്ങള്‍ നാം ഒക്കെയും കണ്ടതാണ്. ഇവരൊക്കെയും അവിശ്വാസികളോ, അന്യ മത വിശ്വാസികളോ അല്ലെങ്കില്‍ മതങ്ങളെ ചീത്ത പറഞ്ഞു ജീവിതോപാധി കാണുന്നവരോ ആണ്. ഇവര്‍ക്ക് ശബരിമലയുടെ വിശ്വാസ പ്രമാണങ്ങളെ യാതൊരു ബഹുമാനവും ഇല്ല എന്നുള്ളത് എല്ലാവര്‍ക്കും പറയാതെ അറിയുന്ന കാര്യമാണ് .ഇവിടെ ഒക്കെ അങ്ങയെ പോലെ ഉള്ള മഹാനുഭാവന്‍മാരുടെ നേരിട്ടുള്ള ഇടപെടല്‍ ഞങ്ങളെ പോലെ ഉള്ളവര്‍ പ്രതീക്ഷിക്കുന്നു.

ശബരിമലയിലെ വിശ്വാസ പ്രമാണങ്ങള്‍ ഒരു വിശ്വാസിയെ മാത്രം ബാധിക്കുന്ന കാര്യമാണ്. പുറത്തു നിന്നും നോക്കുന്നവര്‍ക്ക് അതില്‍ യുക്തിയും ബോധവും ഉണ്ടാവണമെന്നില്ല. കാനന വാസനായ ശാസ്താവിനെ കാണാന്‍ പ്രത്യേക ആചാരങ്ങളും ഭാര്യ സമേതനായ ശാസ്താവിനെ കാണാന്‍ പ്രത്യേക ആചാരങ്ങളും നാം എന്തുകൊണ്ട് പാലിക്കുന്നു എന്നത് ഒരു വിശ്വാസിയെ മാത്രം ബാധികുന്ന കാര്യമാണ്. അതുകൊണ്ടാണ് വനത്തിന്റെ നടുവില്‍ ഉള്ള ഒരു മൂര്‍ത്തിയെ കണ്ടു സായൂജ്യമടയാന്‍ ജനകോടികള്‍ ആ സവിധത്തില്‍ എത്തുന്നത്. അത് ആ ക്ഷേത്രവുമായ് മാത്രം ബന്ധപ്പെട്ട ആചാരമാണ്.

സമാനമാണ് ആസാമിലെ കാമാഖ്യാ ക്ഷേത്രം, അവിടെ ഉള്ള മൂര്‍ത്തി രജസ്വലയായ ദേവീ രൂപമാനാണ്, അവിടെ ഉള്ള മൂര്‍ത്തിയെ ദര്‍ശിക്കാന്‍ ജനലക്ഷങ്ങള്‍ പോകുന്നത് ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ്. അവിടെ പ്രസാദമായി ലഭിക്കുന്നത് ദേവിയുടെ ആര്‍ത്തവ രക്തമുണ്ടെന്ന് വിശ്വസിക്കുന്ന ചുവന്ന പട്ടാണ് . ഹിന്ദു സംഘല്‍പ്പം സ്ത്രീ വിരുദ്ധമല്ല എന്നതിന് നാം മറ്റ് വേറെ ഒരു ഉദാഹരണം മുന്‍പോട്ട് വെക്കേണ്ടതില്ല എന്നതിന്റെ കൂടി ഉദാഹരണമാണ് ആസാമിലെ ഈ ദേവി ക്ഷേത്രം.

മണ്ണാറശാലയിലെ അമ്മയും ഗോകര്‍ണാദേശ്വര ക്ഷേത്രത്തിലെ വിധവയായ പൂജാരിയും കാമാഖ്യായിലെ ആർത്തവ രക്തത്തിൽ നിറഞ്ഞു നിൽക്കുന്ന ദേവീ രൂപവും ശബരിമലയെ അതിന്റെ വൈവിധ്യത്തിൽ തന്നെ നാം നില നിർത്തണം എന്ന് സ്ഥാപിക്കാൻ മതിയായ കാരണങ്ങൾ ആണ്. ഈ ക്ഷേത്രങ്ങളിലെ ആരാധനാ രീതികളും ആചാരങ്ങളും പൂജാരികളും മാറ്റപ്പെടണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ?

ശബരിമല വെറും ഒരു ക്ഷേത്രം മാത്രമല്ല, മറിച്ചു നമ്മുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ചിഹ്നം കൂടിയാണ്. ഇത്തരം ചിഹ്നങ്ങൾ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അത് തകർക്കപ്പെടേണ്ടത് ഈ സംസ്കാര വൈവിധ്യം ഇവിടെ നിലനില്‍ക്കരുത് എന്നാഗ്രഹിക്കുന്നവരുടേതും. ഈ സാംസ്കാരിക വൈവിധ്യം കൊണ്ടാണ് ഇവിടെ പ്ലൂറലിസം നിലനിൽക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.ഇങ്ങു വടക്കുള്ള തെയ്യ രൂപങ്ങളിൽ അനുസന്ധാനം ചെയ്യുന്ന ദേവീ രൂപങ്ങളും അങ്ങ് കാശ്മീരിലെ വൈഷ്ണവ ക്ഷേത്രവും തമ്മിൽ പുറമെ നോക്കുമ്പോ യാതൊരു സാമ്യതയും നമുക്ക് കാണാൻ സാധിക്കാത്തത് നമ്മുടെ പ്ലൂറലിസം ഇവിടെ നില നില്‍ക്കുന്നത് കൊണ്ടാണ്.ഇതിനെ ഒക്കെയും ഏകമത ശിലാരൂപമായി മാറ്റാന്‍ നാം നിലകൊള്ളണോ ? എല്ലാം പുസ്തകത്തില്‍ പറഞ്ഞ പ്രകാരം നടക്കണം എന്നുണ്ടെങ്കില്‍ ഇവിടെ ഉള്ള മല ദൈവങ്ങളും തെയ്യങ്ങളും കോമരങ്ങളും നാം എന്തു ചെയ്യും? അതുകൊണ്ടു ഇതു വെറും മതപരമായ പ്രശ്നം മാത്രമല്ല, മറിച്ച്, ഒരു സംസ്കാരത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് കാശീരില്‍ വരെ ഒരേ രീതിയില്‍ ആചാരങ്ങളും പൂജകളും പ്രസാദങ്ങളും ഉണ്ടാവണം എന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത് നാം തടയേണ്ടതുണ്ട്. അതിനു ഇവിടത്തെ ഭക്ത സമൂഹം ഉറ്റു നോക്കുന്നത് അങ്ങയെ പോലെ ഉള്ള മഹാനുഭാവന്മാരെയാണ്.

ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരത്തില്‍ , അവിടെ മാത്രം കാണപ്പെടുന്ന പാട്ടുകള്‍, നൃത്ത രൂപങ്ങള്‍, കോലങ്ങള്‍, കലാരൂപങ്ങള്‍ വസ്ത്ര ധാരണ രീതികള്‍, ഇതൊക്കെയും ശബരിമലയെ ഏക മത ശിലാരൂപമായി പരിവര്‍ത്തനം ചെയ്യുമ്പോ നാം ആലോചിക്കേണ്ട കാര്യമാണ്. നമ്മുടെ സാംസ്കാരിക വൈവിധ്യത്തില്‍ നിന്നാണ് ഇവിടെ അനേകായിയാരം കലാരൂപങ്ങളും വസ്ത്ര ധാരണ രീതികളും ഭക്തി ഗീതങ്ങളും രൂപം കൊണ്ടത്. ആറന്മുള സമര നായകനെ പൈതൃകത്തിന്റെയും സാംസ്കാരിക വൈവിദ്യത്തെയും പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യമിലെങ്കിലും ഇതും അങ്ങയുടെ പരിഗണനയില്‍ വരണമെന്നും ഇതിനെതിരെ അങ്ങ് ശക്തമായി നിലകൊല്ലണം എന്നും അഭ്യര്‍ഥിക്കുന്നു.

അടിയാള ഹിന്ദു ജനതയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ദേവസ്വം എന്ന ആഭാസവും, ഹിന്ദു ക്ഷേത്രങ്ങളെ ഭരണകൂട കരാളഗ്രസ്തങ്ങളില്‍ നിന്നും മോചിപ്പിക്കാനും ഉള്ള ശ്രമത്തിന്റെ ആദ്യപടി ആയി അങ്ങ് ഈ വിഷയത്തില്‍ വിശ്വാസി സമൂഹത്തിന്റെ ഭാഗത്ത് നിന്നും ശകതമായ പ്രക്ഷോഭം തുടങ്ങണം എന്നു അഭ്യര്‍ഥിക്കുന്നു. അങ്ങയെ പോലെ, ജന്മം മുഴുവനും അയ്യപ്പസേവക്കായി നീക്കി വച്ച, മഹാനുഭാവനെ അല്ലാതെ വേറെ ആരെയാണ് ഞങ്ങള്‍ വിശ്വാസികള്‍ പ്രതീക്ഷയോടെ കാണേണ്ടത്? എല്ലാ വര്‍ഷവും ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ക്ക് അന്നദാനം നല്‍കുന്ന ആ കൈകള്‍ കൊണ്ട് ധര്‍മ ശാസ്താവിനെതിരെ തുടങ്ങിയിരിക്കുന്ന ഈ അധിനിവേശത്തെ ചെറുക്കാനും, അതില്‍ നിന്നും അടിയാള ജനതയെ രക്ഷിക്കാനും അങ്ങേക്ക് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. അങ്ങയില്‍ ഉള്ള പ്രതീക്ഷ കൈവിട്ടാല്‍ ഞങ്ങളെ പോലെ ഉള്ള ഭക്തര്‍ക്ക് മറ്റുള്ള വാതിലുകള്‍ മുട്ടേണ്ടി വരുമെന്നുള്ളത് ദുര്യോഗമായിരിക്കുമെന്നും ഉണര്‍ത്തിക്കുന്നു.

വിനീതന്‍,

റിജു ഭാരതീയന്‍