OCT 31 – 1984 : ചോരപ്പുഴ ഒഴുകിയ ഡൽഹി തെരുവുകൾ !!!

 10365915_703299533091960_4842114241368861614_n

വിജയകുമാർ 

 

thetjej

  

ന്ദിരാജിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ചില ലഹളകള്‍ നടന്നു .നമുക്കറിയാം ജനങ്ങള്‍ വളരെ ക്ഷുഭിതരായിരുന്നുവെന്നും കുറെ ദിവസങ്ങള്‍ ഇന്ത്യ പിടിച്ചുകുലുക്കപ്പെട്ടതുപോലെയായിരുന്നെന്നും “ഒരു വന്മരം വീഴുമ്പോള്‍ അതിനുചുറ്റുമുള്ള ഭൂമി കുലുങ്ങുന്നത് സ്വാഭാവികം മാത്രമാണ്”. ഡല്‍ഹിയിലെ ബോട്ട്ക്ലബ് മൈതാനത്ത് കോണ്‍ഗ്രസ്സുകാരോട്  രാജീവ് ഗാന്ധി ഹൃദയശൂന്യമായ ഈ ഉപമ പറയുമ്പോള്‍ അവിടെയടുത്ത് താമസിച്ചിരുന്ന പദ്മികൌര്‍നു ആ ഭൂമികുലുക്കം മറക്കാന്‍ കഴിയുമായിരുന്നില്ല .അവരുടെ മുന്നില്‍നിന്നാണല്ലോ ‘ഇന്ദിരാഗാന്ധി അമര്‍ രഹെ’ മുദ്രാവാക്യം മുഴക്കി അക്രമികളായ ആള്‍ക്കൂട്ടം അവരുടെ പതിനാറുകാരിയായ മകളുടെ വസ്ത്രംവലിച്ചുകീറി ഇരുട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയത് .അവരുടെ മുന്നില്‍വെച്ചാണല്ലോ ഭര്‍ത്താവും സഹോദരങ്ങളും ആണ്‍മക്കളുമുള്‍പ്പെടെ എല്ലാവരെയും മണ്ണെണ്ണയോഴിച്ചു കത്തിച്ചത് .ഒടുവില്‍ തന്നെത്തന്നെ ആ ആള്‍ക്കൂട്ടം മാനഭംഗപ്പെടുത്തിയത് . 

 

1984 anti sikh riots delhi (5)അതൊരു ഒക്റ്റോബർ 31 ആയിരുന്നു. ഇന്ദിരാഗാന്ധി ഖാലിസ്ഥാൻ തീവ്രവാദികളാൽ കൊല്ലപ്പെട്ട ദിനം അന്നു തന്നെയായിരുന്നു, അതിനു പകരമെന്നോണം ഏഴായിരത്തോളം സിഖ് സമുദായക്കാര്‍ കൊല്ലപ്പെട്ട , ഡല്‍ഹിയില്‍ മാത്രം നാലായിരം സിഖ് സമുദായക്കാര്‍ ചുട്ടുകൊല്ലപ്പെട്ട ,സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ട ,നാലുദിവസം നീണ്ട ഇന്ത്യകണ്ട ഏറ്റവുംവലിയ വംശീയകലാപം തുടങ്ങിയതും. ദൂരദര്‍ശനിലും ആകാശവാണിയിലുംപോലും ശോകാത്മക ട്യൂനുകള്‍ക്കും കീര്‍ത്തനങ്ങല്‍ക്കുമോപ്പം ‘ഇന്ദിരഗാന്ധി അമര രഹെ ,ചോരയ്ക്ക് ചോര ‘എന്ന് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു വംശീയകകലാപത്തിനു അക്രമികളെ പ്രോത്സാഹിപ്പിച്ചത് അന്നായിരുന്നല്ലോ . 1984 ഒക്ടോബര്‍ 31എന്ന ആ കറുത്ത ബുധനാഴ്ച പകല്‍ മായുന്നതിനുമുന്‍പുതന്നെ കലാപത്തിനുള്ള ആഹ്വാനമുണ്ടായത് ആള്‍ ഇന്ത്യ ഇന്സ്ടിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മുറ്റത്തുനിന്നായിരുന്നു . ഇന്ദിരാഗാന്ധിയുടെ മൃതദേഹം കാണാനെത്തിയ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ഡ്രൈവര്‍ക്കും സെക്രട്ടറി ത്രിലോക് സിംഗ് നും ക്രൂരമായി മര്‍ദനമേറ്റു. സിപിഎം നേതാവ് ഹര്‍കിഷന്‍ സിംഗ് സുർജിതിനെ  അക്രമികളില്‍നിന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷപെടുത്തുകയായിരുന്നു.


ഒക്ടോബര്‍ 31നു തന്നെ വിവിധ പ്രദേശങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയുടെ വിവിധപ്രദേശങ്ങളില്‍ അരങ്ങേറാനുള്ള മനുഷ്യക്കുരുതിയുടെ രേഖാചിത്രം കൊണ്ഗ്രെസ് നേതാക്കള്‍ തയ്യാറാക്കിയിരുന്നു. എച് കെ എല്‍ ഭഗത്തും സജ്ജന്‍കുമാറും ജഗദീഷ് ടെറ്റ് ലറും ധരംദാസ് ശാസ്ത്രിയും അര്‍ജുന്‍ സിങ്ങുമെല്ലാം നരഹത്യയുടെ നടത്തിപ്പ്കാരായി. ‘കൊല്ലുക ,കൊള്ളയടിക്കുക ‘എന്നായിരുന്നു അവര്‍ ആള്‍ക്കൂട്ടത്തെ ആഹ്വാനംചെയ്തത് . മഴുവും വാളും ഇരുമ്പുവടികളും ടയറും പെട്രോളുമായി ചെറിയഗ്രൂപ്പുകളായി ക്രിമിനലുകള്‍ ഗുരുദ്വാരകളും സിഖ്കാരുടെ കടകളും വീടുകളും ലക്ഷ്യമാക്കി പോര്‍വിളിച്ചു നീങ്ങി .കൊലയും കൊള്ളയും കൊള്ളിവേയ്പ്പും-കൃത്യമായ അജണ്ട .

536830_145061649001866_720861356_nകൊണ്ഗ്രെസ് നേതാവ് എച് കെ എല്‍ ഭഗത് ,അരുണ്‍ നെഹ്‌റു ,ജഗതീഷ ടെട്ട്ലര്‍ ,സജ്ജന്‍ കുമാര്‍ ,തുടങ്ങിയവരുടെ ഒരാസൂത്രണ യോഗത്തിനുശേഷം രാത്രി വൈകി ഡല്‍ഹിയിലെ വിവിധ പുരധിവാസ കോളനികളിലേക്ക് സന്ദേശവുമായി വാഹനങ്ങള്‍ ഇരമ്പിപാഞ്ഞു .ഡല്‍ഹിയിലെ കൊണ്ഗ്രസിന്റെ രാഷ്ട്രീയാടിത്തറയാണ് ബംഗ്ലാദേശ് കുടിയേറ്റക്കാരും കൂലിപ്പണിക്കാരും സാധാരണക്കാരുമായ പതിനായിരങ്ങള്‍ പാര്‍ക്കുന്ന പുനരധിവാസകോളനികള്‍ .ഈ കോളനികളില്‍ രാത്രിവൈകി സന്ദേശം എത്തി .”അമ്മയെ കൊന്നതിനു പകരം ചോദിക്കണം . സര്‍ദാര്‍ജിമാര്‍ ദീപാവലിയാഘോഷിക്കുന്നു, മിട്ടായി വിതരണം ചെയ്യുന്നു, പകരം ചോദിക്കണം. ‘ജീവിതം മുഴുവന്‍ പണിയെടുത്താലും കിട്ടാത്ത സാധനങ്ങള്‍ കിട്ടാന്‍ പോകുന്നു .കളര്‍ ടി വി ,വീഡിയോ ,വിലപ്പെട്ട വീട്ടുപകരണങ്ങള്‍ ,ആഭരണങ്ങള്‍ ചെന്ന് വാരിക്കൊള്ളുക .പോലീസ് അനങ്ങില്ല  (അവലംബം – When a Tree Shook Delhi – By HS ഫുള്‍ക്ക ) സിഖുകാര്‍ ധാരാളമായി താമസിക്കുന്ന മംഗോള്‍പുരി ,ത്രിലോക് പുരി ,കല്യാണ്‍പുരി ,പാലം കോളനി ,ജനക് പുരി ,തിലക് നഗര്‍ എന്നിവയടക്കമുള്ള നിരവധി പ്രദേശങ്ങള്‍ ആക്രമിക്കപ്പെട്ടു .’കൊല്ലുക കൊള്ളയടിക്കുക ‘എന്നുതന്നെയായിരുന്നു കൊണ്ഗ്രെസ് പാര്‍ട്ടി സംഘടിപ്പിച്ച ആള്‍ക്കൂട്ടത്തിന്റെ പരിപാടി .

എവിടെയും കൊലയ്ക്കു ഒരു ഫാസിസ്റ്റ് രീതിയുണ്ടായിരുന്നു .സൈക്കിള്‍ ടയറോ വലിയ ടയറുകള്‍തന്നെയോ പെട്രോളൊഴിച്ച് തലയിലൂടെ ഇടുക .ആളിക്കത്തുന്ന അഗ്നിഗോളത്തിന് നടുവില്‍ പച്ചമനുഷ്യന്‍ പിടഞ്ഞു കത്തുക .ആ മരണപരാക്രമാത്തിനുചുറ്റും പൈശാചിക നൃത്തം കാവിട്ടുക . സ്വന്തം വീടും വാഹനങ്ങളും കടകളും പല സിഖുകാരുടെയും ചിതകളായിമാറി .ഗുരുദ്വാരകളും മതപുരോഹിതരുടെ വീടുകളും പ്രത്യേക ലക്ഷ്യങ്ങളായിരുന്നു.വംശീയ ഉന്മൂലനം .പോലീസിന്റെയും നിയമപാലകരുടെയും സമ്പൂര്‍ണ്ണ അസാന്നിധ്യം .സിഖുകാരായ സകലരും ആക്രമിക്കപ്പെട്ടു .പ്രശസ്ത എഴുത്തുകാരന്‍ ഖുശ്വന്ത്‌ സിംഗ് സ്വീഡിഷ് നയതന്ത്രകാര്യാലയത്തിലായിരുന്നു അഭയംതേടിയത് .അഭയം കൊടുക്കാന്‍ വിദേശ നയതന്ത്രകാര്യാലയങ്ങളുടെ വാതിലുകള്‍ തുറന്നുകിട്ടാത്ത ആയിരക്കണക്കായ സിഖുകാര്‍ ഇടുങ്ങിയ തെരുവുകളുള്ള ഡല്‍ഹിയിലെ കോളനികളില്‍ കഴുത്തില്‍ കത്തിച്ച ടയറുമായിഓടുന്ന ചിതകലായി .

 

16തിലോക് പുരിയിലെ മുപ്പത്തിരണ്ടാം ബ്ലോക്കില്‍ നാനൂറിലേറെ സിഖുകാര്‍ കത്തിക്കരിഞ്ഞു കിടന്നപ്പോള്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥനായ ഹുക്കുംചന്ദ് യാദവ് സന്ദേശമയച്ചത് ഇങ്ങിനെ :”കിഴക്കന്‍ ഡല്‍ഹി ശാന്തമാണ്, പ്രത്യേകിച്ച് ത്രിലോക് പുരിയില്‍ ” . കലാപത്തില്‍ കൊല്ലപ്പെടാതെ അവശേഷിച്ചവരെ പാര്‍പ്പിച്ച വിവേക് വിഹാറിലെ ക്യാമ്പ് സന്ദര്‍ശിച്ച അപ്പുക്കുട്ടന്‍ വള്ളികുന്നു പിന്നീടു എഴുതി “അന്നവിടെ കണ്ട പല മുഖങ്ങളും കാല്‍നൂറ്റാണ്ടിനുശേഷവും മറക്കാന്‍ കഴിയില്ല കരിങ്കല്‍ പ്രതിമപോലെ ഇരുന്ന ഇരുപത്തിയഞ്ചുകാരി ശമ്മികൌര്‍. മൂന്നുമാസം പ്രായമായ അവരുടെ കുഞ്ഞിന്റെ രണ്ടു കാലും പിടിച്ചു വലിച്ചുചീന്തി രക്തംചീറ്റുന്ന മാലയായാണ് അവരുടെ കഴുത്തില്‍ അണിയിച്ചത് .പിന്നീട് ആ ചെറുപ്പക്കാരി മിണ്ടിയിട്ടില്ല .

നാല്പത്തിഎഴില്‍ ലാഹോറില്‍നിന്ന് ഓടിപ്പോന്ന ഇന്ദര്‍സിംഗ് ഡല്‍ഹിയില്‍ കുതിരവണ്ടിയും പിന്നീട് ആട്ടോയും ഓടിച്ചു കുടുംബം പച്ചപിടിച്ചപ്പോഴാണ് ഡല്‍ഹി കലാപം നടന്നത് .മകന്‍ ഹരിന്ദര്‍നെ അദ്ദേഹത്തിന്റെ മുന്നിലിട്ട് കലാപകാരികള്‍ വെട്ടിക്കൊന്നു .അവര്‍ പിടിച്ചുകൊണ്ടുപോയ ,പേരകുട്ടികളായ രണ്ടു പെണ്‍കുട്ടികള്‍ ഇപ്പോഴും എവിടെയെന്നറിയില്ല . ”ഇനി ഞാന്‍ ഏതു നാട്ടിലേക്കാണ് പോകേണ്ടത്” ? എന്നാണു ദയനീയമായി ആ വൃദ്ധന്‍ ചോദിച്ചത്. കലാപദിവസങ്ങളില്‍ നാലായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ട ഡല്‍ഹിയില്‍ പോലീസ് അറസ്റ്റുചെയ്തത് 26 പേരെയായിരുന്നു .(കല്യാണ്‍പുരി പോലീസ് സ്റേഷന്‍ : FIR -424/84) അവരെല്ലാം സിഖ് സമുദായക്കാരായിരുന്നു .നാട്ടില്‍ കലാപം നടത്തി എന്നാണു കേസ്.

1948 ല്‍ രാഷ്ട്രപിതാവ് വെടിയേറ്റ്‌ മരിച്ച വിവരം പ്രധാനമന്ത്രി നെഹ്‌റു ലോകത്തെ അറിയിച്ചത് ഇങ്ങിനെ .”വെളിച്ചം കെട്ടു .രാഷ്ട്രപിതാവിനെ ഒരു ഹിന്ദു മതഭ്രാന്തന്‍ വെടിവെച്ചു .”.പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഗാന്ധിവധത്തെ വര്‍ഗീയവല്‍ക്കരിച്ച നെഹ്രുവിന്റെ പിന്മുറക്കാര്‍ മൂന്നരപതിറ്റാണ്ടിനുശേഷം മറ്റൊരു വര്‍ഗീയപ്രചാരണത്തിലൂടെ ഇന്ത്യകണ്ട ഏറ്റവും വലിയ വംശീയകലാപത്തിന്റെ നടത്തിപ്പുകാരായി.

 

1984 anti sikh riot delhi daryaganj (6)അക്രമികളെയെല്ലാം പദ്മികൌര്‍നു അറിയാമായിരുന്നു .അതിലെ പ്രധാനി കൊണ്ഗ്രെസ് നേതാവ് സജ്ജന്‍ കുമാറിന്റെ അടുത്ത അനുയായി ബ്രഹ്മാനന്ദ ഗുപ്തയായിരുന്നു. മറ്റു നൂറുകണക്കിന് കേസുകള്‍പോലെ പദ്മികൌറിന്റെ സത്യവാഗ്മൂലവും ആരും കേട്ടില്ല . സര്‍ക്കാരും നീതിന്യായ വയവസ്തയിലെ ഒരു വിഭാഗവും കുറ്റക്കാരെ നിര്‍ലജ്ജം സംരക്ഷിച്ചുകൊണ്ടിരുന്നു .ആയിരക്കണക്കിന് മനുഷ്യരെ ചുട്ടെരിച്ച വിനീതവിധേയരായ നരാധമന്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പിശുക്ക്കാണിച്ചതുമില്ല . എച്ച് കെ എല്‍ ഭഗത്തിനെ രാജീവ്ഗാന്ധി ക്യാബിനറ്റ് പദവിയുള്ള മന്ത്രിയാക്കി . ജഗദീഷ ടെറ്റ്ലര്‍ സഹമന്ത്രിയായി .കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ  നിയോഗിക്കപ്പെട്ട സുപ്രീംകോടതി ന്യായാധിപന്‍ രംഗനാഥ മിശ്ര കലാപത്തിലുള്‍പ്പെട്ട വമ്പന്‍ സ്രാവുകളെ മുഴുവന്‍ രക്ഷിച്ചു വെള്ളപൂശി റിപ്പോര്‍ട്ടെഴുതി .കൊണ്ഗ്രെസ് നേതൃത്വം ആശ്രിതവത്സലരായിരുന്നു . മിശ്ര സുപ്രീം കോടതി ചീഫ് ജസ്റിസായി .ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി . പിന്നെ കൊണ്ഗ്രസിന്റെ രാജ്യസഭാംഗമായി .സിഖ് കൂട്ടക്കൊലയെ സഹായിച്ച പോലീസുദ്യോഗസ്തന്മാര്‍ വിശിഷ്ടസേവാ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കപ്പെട്ടു. സിഖ് വിരുദ്ധ  കലാപത്തെക്കുറിച്ച് വിവിധ സര്‍ക്കാരുകള്‍ നിയോഗിച്ചത് ഒന്‍പതു അന്യേഷണ കമ്മീഷനുകളെ  ആണ് . സത്യം പുറത്തുകൊണ്ടുവരുന്നതില്‍ എല്ലാ അന്യേഷണങ്ങളും പരാജയപ്പെട്ടു . 2002 ല്‍ NDA സര്‍ക്കാര്‍ നിയമിച്ച നാനാവതി കമ്മീഷനിലൂടെ സത്യം ഭാഗികമായെങ്കിലും പുറത്തുവന്നു എന്ന് വേണമെങ്കിൽ പറയാം .
ഒരു രാജ്യമെന്ന നിലയില്‍ ,ഒരു നിയമവ്യവസ്തയെന്ന നിലയില്‍ ,ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ  നാമെങ്ങിനെയോക്കെയാണ് മായ്ച്ചാലും മായാത്ത രീതിയില്‍ അപരിഷ്കൃതരായതെന്നു ഈ കലാപം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.prot (2)

 

#All images taken from : http://inqlb.blogspot.