പാക് തടവറയിൽ നിന്നും – രവീന്ദ്ര കൗശിക് മുതൽ കുൽഭൂഷൺ യാദവ് വരെ

— ശങ്കു ടി ദാസ് —  

ചിത്രം 1: രവീന്ദ്ര കൗശിക്.
1952ൽ രാജസ്ഥാനിലെ ഗംഗാനഗറിൽ ജനിച്ചു.
ചെറിയ പ്രായത്തിൽ തന്നെ നാടകവേദികളിൽ പ്രതിഭയെന്ന പേരെടുത്തു.
21ആം വയസ്സിൽ ഉത്തർപ്രദേശിലെ ലക്‌നവിൽ നടന്ന ദേശീയ നാടക കലാ സമ്മേളനത്തിൽ പങ്കെടുത്തു.
അവിടെ വെച്ച് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ചില ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും, ഏജൻസിയിൽ ചേരാനുള്ള ക്ഷണം ലഭിക്കുകയും, അത് സ്വീകരിക്കുകയും ചെയ്‌‌തു.
അവിടെ നിന്ന് ഡൽഹിയിലേക്ക് പോയ കൗശിക് രണ്ടു വർഷം ‘റോ’യുടെ കീഴിൽ കഠിനമായ പരിശീലനം നേടി.
ഇസ്‌ലാം മതം സ്വീകരിക്കുകയും, ചേലാ കർമ്മം അനുഷ്ഠിക്കുകയും, മത ഗ്രന്ഥങ്ങൾ ഓരോന്നും ഹൃദിസ്ഥമാക്കുകയും ചെയ്ത ശേഷം നബി അഹമ്മദ് ഷക്കീർ എന്ന പുതിയ പേര് സ്വീകരിച്ചു.
പാകിസ്ഥാന്റെ ഭൂമിശാസ്ത്രവും മറ്റു സാമാന്യ വിവരങ്ങളും, അവിടെ ഉപയോഗിക്കുന്ന ഉറുദുവും പഞ്ചാബിയും പോലുള്ള പ്രധാന ഭാഷകളും കൂടി കൃത്യമായി പഠിച്ച നബി എന്ന കൗശിക്ക്, 1975ൽ തന്റെ 23ആം വയസ്സിൽ ‘ടൈഗർ’ എന്ന കോഡ് നേമിൽ അണ്ടർ കവർ ഏജന്റ്‌ ആയി പാകിസ്ഥാനിലേക്ക് പുറപ്പെട്ടു.
പാകിസ്ഥാൻ ആർമിയിൽ ഒരു സിവിലിയൻ ക്ലർക് ആയി ജോലിക്ക് പ്രവേശിച്ച അയാൾ, പിന്നീട് പാകിസ്ഥാന്റെ മിലിട്ടറി അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലേക്ക് ഉദ്യോഗകയറ്റം നേടി.
ആർമി യൂണിറ്റിലെ ഒരു ടെയ്ലറുടെ മകളായ അമാനത്ത് എന്ന പാകിസ്ഥാനി യുവതിയെ ഇതിനിടെ വിവാഹം ചെയ്യുകയും ഒരാൺകുട്ടിയുടെ അച്ഛനാവുകയും ചെയ്തു.
1979നും 1983നും ഇടയിൽ, പാകിസ്ഥാൻ മിലിട്ടറിയിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ, ഇന്ത്യൻ സൈന്യത്തിന് വളരെയേറെ സഹായകരമാവുന്ന പല നിർണ്ണായക വിവരങ്ങളും രഹസ്യ രേഖകളും കൗശിക് ‘റോ’യ്ക്ക് കൈമാറി.

1983ൽ കൗശിക്കുമായുള്ള ഇടപെടലുകൾ കൂടുതൽ സജീവമാക്കാനായി റോ അയച്ച ഇനിയാത് മസി എന്ന ഏജന്റ്‌ പാകിസ്ഥാനി ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ടു.
ചോദ്യം ചെയ്യലിനിടെ കൗശിക്കിനെ പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ ഇനിയാത് അവർക്ക് നൽകി.
ഒട്ടും വൈകാതെ അറസ്റ്റ് ചെയ്യപ്പെട്ട ‘ടൈഗർ’ സിയാൽക്കോട്ടിലെയും കോട്ട് ലാഖ്‌‌പത്തിലേയും ജയിലുകളിൽ കഠിനമായ ചോദ്യം ചെയ്യലിന് വിധേയനാക്കപ്പെട്ടു.
എന്നാൽ എത്ര കൊടിയ മർദ്ധന മുറകൾക്കും ആ മുപ്പത്തൊന്നുകാരനിൽ നിന്ന് ഒരു വിവരവും ചോർത്തിയെടുക്കാൻ സാധിച്ചില്ല.
രണ്ടു വർഷത്തിന് ശേഷം 1985ൽ, ടൈഗർ എന്ന നബി അഹമ്മദ് ഷകീർ എന്ന രവീന്ദ്ര കൗശിക്ക് എന്ന ഭാരതീയന്, വധശിക്ഷ നൽകാൻ പാകിസ്ഥാനിലെ സൈനിക കോടതി ഉത്തരവിട്ടു.
ഇന്ത്യ ഒരു പ്രതിഷേധവും അറിയിച്ചില്ല.
കൗശിക് ഒരു ഇന്ത്യൻ പൗരൻ ആണെന്ന് അംഗീകരിക്കാൻ പോലും രാജ്യം തയ്യാറായില്ല.
വധശിക്ഷ നടുത്തുകയാണെങ്കിൽ അദ്ദേഹത്തിന്റെ മൃതദേഹമെങ്കിലും ഇന്ത്യക്ക് വിട്ടു തരണം എന്നെങ്കിലും ആരുമിവിടെ പറഞ്ഞില്ല.
രാജീവ് ഗാന്ധി ആയിരുന്നു അന്ന് ഇന്ത്യൻ പ്രധാനമന്ത്രി.

ഇന്ത്യക്ക് പോലും വേണ്ടാത്ത ഇന്ത്യൻ ഏജന്റിനെ വധിക്കാനുള്ള തീരുമാനം പിന്നീട് പാകിസ്ഥാൻ സുപ്രീം കോടതി തന്നെ ഇളവ് ചെയ്തു.
ഒറ്റയടിക്ക് കൊല്ലുന്നതിലും രസം ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതാണ് എന്നവർക്ക് തോന്നി കാണണം.
1999ൽ, നീണ്ട 16 വർഷത്തെ കാരാഗ്രഹ വാസത്തിന് ശേഷം, പൾമണറി ട്യൂബർകുലോസിസും മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും മൂലം മുൾട്ടാൻ സെൻട്രൽ ജയിലിൽ വെച്ച് കൗശിക് മരിച്ചു.
പുറം ലോകത്തെ അറിയിക്കാതെ, യാതൊരു ആചരണവും ഇല്ലാതെ, ആ ഇന്ത്യൻ കടുവയെ അവർ ജയിലിന് പുറകിലെ പറമ്പിൽ മറവ് ചെയ്തു.

ചിത്രം 2: കശ്മീർ സിംഗ്
1941ൽ പഞ്ചാബിൽ ജനിച്ചു.
1962 മുതൽ 1966 വരെ ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിച്ചു.
പിന്നീട് സൈനിക സേവനം അവസാനിപ്പിച്ച് പഞ്ചാബ് പോലീസിൽ ജോലി ചെയ്യുന്നതിനിടെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധം സ്ഥാപിക്കുകയും, മതം മാറി ഇബ്രാഹിം എന്ന പേര് സ്വീകരിച്ച് ഇന്ത്യൻ ഏജന്റായി പാകിസ്ഥാനിലേക്ക് കടക്കുകയും ചെയ്തു.
ഇന്ത്യ വിടുമ്പോൾ അയാൾക്ക് ഉറ്റവരായി നാട്ടിൽ പരംജിത് കൗർ എന്ന പത്നിയും 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
1973ൽ, പെഷാവാർ റാവൽപിണ്ടി റോഡിലെ 22ആം മൈൽ സ്റ്റോണിൽ വെച്ച് കശ്മീർ സിംഗ് പാകിസ്ഥാനി ഇന്റലിജൻസിന്റെ പിടിയിലകപ്പെട്ടു.
ചാരപ്രവർത്തനവും അട്ടിമറിയും പോലുള്ള ഗൗരവമുള്ള കുറ്റങ്ങൾ അയാൾക്ക് മേൽ ആരോപിക്കപ്പെട്ടെങ്കിലും അതൊന്നും തെളിയിക്കാൻ അവർക്ക് സാധിച്ചില്ല.
അതേ വർഷം തന്നെ കശ്മീർ സിങ്ങിന് വധശിക്ഷ വിധിച്ചു കൊണ്ട് പാകിസ്ഥാനിലെ സൈനിക കോടതി ഉത്തരവായി.
യാതൊരു തെളിവുമില്ലാതെ വിധിച്ച വധശിക്ഷക്കെതിരെ ഒരു തരത്തിലുള്ള പ്രതിഷേധത്തിനും ഇന്ത്യ മുതിർന്നില്ല.
അദ്ദേഹത്തെ രാജ്യം പൗരനായി അംഗീകരിച്ചത് പോലുമില്ല.
ഇന്ദിരാ ഗാന്ധി ആയിരുന്നു അന്ന് ഇന്ത്യൻ പ്രധാനമന്ത്രി.

കശ്മീരിന്റെ അപ്പീലുകൾ 1976ലും 1977ലും ദയാഹർജി 1978ലും തള്ളപ്പെട്ടു.
വധശിക്ഷ കാത്ത് കിടന്ന അനിശ്ചിത കാല തടവിനിടയിൽ അയാൾ ക്രൂരമായ പീഡനങ്ങൾക്കും മൂന്നാം മുറകൾക്കും വിധേയനാക്കപ്പെട്ടു.
ഏഴു ജയിലുകളിൽ മാറി മാറി താമസിപ്പിക്കപ്പെട്ട അയാൾ ശിക്ഷാ കാലാവധിയിലെ 17 വർഷത്തോളം ചങ്ങലയിൽ ബന്ധിക്കപ്പെട്ട് ഏകാന്ത തടവിലാണ് കഴിച്ചു കൂട്ടിയത്.
35 വർഷം നീണ്ട തടവറ ജീവിതത്തിനിടെ, മൂന്നര പതിറ്റാണ്ട് കാലത്തിൽ, കശ്മീർ സിംഗ് ഒരിക്കൽ പോലും പാകിസ്ഥാനിലെ ആകാശം കണ്ടില്ല.
1986ൽ ലാഹോറിൽ ജയിലിൽ കഴിയുന്ന ഏതാനും ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമാനിച്ച വാർത്ത പുറത്തു വന്ന കൂട്ടത്തിലാണ് കശ്മീർ സിംഗ് അപ്പോഴും ജീവനോടെയുണ്ട് എന്ന വിവരം ലോകം അറിയുന്നത്.
അപ്പോഴേക്കും, പത്നിയായ പരംജിത് കൗർ ഒഴികെ ഇന്ത്യയിൽ ആരും തന്നെ, അയാളുടെ കാര്യം ഓർത്തിരുന്നത് പോലുമില്ല.

2008ൽ, മനുഷ്യാവകാശ പ്രവർത്തകനും മന്ത്രിസഭയിലെ അംഗവുമായിരുന്ന അൻസാർ ബർണി ജയിൽ സന്ദർശനത്തിനിടെ കശ്മീരിനെ കണ്ടതാണ് അയാളുടെ കാര്യത്തിൽ വഴിത്തിരിവായത്.
നീണ്ട ഏകാന്ത തടവിന്റെയും കൊടിയ മർദ്ധനങ്ങളുടെയും ഫലമായി ബുദ്ധി സ്ഥിരത നഷ്ടപ്പെട്ട അയാളപ്പോഴേക്കും മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
കശ്മീരിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ സ്വന്തം നിലയിൽ ആരംഭിച്ച ബർണി അതിനായി പ്രസിഡൻറ് പർവേസ് മുഷറഫുമായി നേരിട്ട് ബന്ധപ്പെട്ടു.
കശ്മീരിന്റെ കാര്യത്തിൽ ഞെട്ടലും അവിശ്വാസവും രേഖപെടുത്തിയ പ്രസിഡന്റ് മുഷറഫ്, അയാളുടെ ദയാഹർജി അംഗീകരിക്കുകയും, അയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിടുകയും ചെയ്തു.
2008 മാർച്ച് 4ന്, കശ്മീർ സിംഗ് മോചിപ്പിക്കപ്പെട്ടു.
വാഗാ അതിർത്തിയിലൂടെ അയാൾ ഇന്ത്യയിൽ മടങ്ങിയെത്തി.
തിരിച്ചെത്തിയ ശേഷം താനൊരു ഇന്ത്യൻ ഏജന്റ് തന്നെയായിരുന്നെന്നും, രാജ്യത്തിന് വേണ്ടിയാണ് താൻ പാകിസ്ഥാനിൽ പ്രവർത്തിച്ചതെന്നും, എന്നാൽ പിടിയിലകപ്പെട്ട തന്നെ ഇന്ത്യയിലെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും കശ്മീർ സിംഗ് തുറന്നു പറഞ്ഞു.
ഭർത്താവ് തടവിലായിരുന്ന മൂന്നര പതിറ്റാണ്ട് കാലത്തിനിടെ, ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെ, തന്നെയും കുട്ടികളെയും മുഴു പട്ടിണിക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്തത് എന്ന് പരംജിത് കൗർ ദേശീയ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു.

ചിത്രം 3: സരബ്ജിത് സിംഗ്
1963ൽ പഞ്ചാബിലെ ടാൻ ടരാൻ ജില്ലയിൽ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ ബിഖ്വിന്ദിൽ ജനിച്ചു.
കർഷക വൃത്തിയായിരുന്നു ഉപജീവന മാർഗ്ഗം.
സ്വന്തമായി ഭൂമിയില്ലായിരുന്ന സരബ്ജിത് അന്യരുടെ പാടത്ത് തൊഴിലാളിയായി ജോലി ചെയ്തു.
സുഖ്‌പ്രീത് സിംഗ് എന്ന ഭാര്യയും സ്വപൻദീപ്, പൂനം കൗർ എന്നിങ്ങനെ രണ്ട് പെൺമക്കളും ഉണ്ടായിരുന്നു.
1990ലെ ഒരു രാത്രിയിൽ, മദ്യലഹരിയിൽ അതിർത്തി മുറിച്ചു കടന്ന സരബ്‌ജിത്തിനെ, കസൂറിനടുത്ത് വെച്ച് പാകിസ്ഥാനി റേഞ്ചർമാർ പിടികൂടി.
ഒരു വർഷത്തിന് ശേഷം സരബ്ജിത്തിൻറെ സഹോദരിയായ ദൽബീറിന്, താനിപ്പോൾ മാൻജിത് സിംഗ് എന്ന പേരിൽ, പാകിസ്ഥാനി ജയിലിൽ വിചാരണ തടവുകാരാനായി കഴിയുകയാണ് എന്നറിയിച്ചു കൊണ്ടുള്ള അയാളുടെ കത്ത് കിട്ടി.
1990ൽ ഫൈസലാബാദിലും ലാഹോറിലും നടന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം അയാൾക്ക് മേൽ ആരോപിച്ച് പാകിസ്ഥാൻ അയാളെ തീവ്രവാദിയായി മുദ്രകുത്തി കഴിഞ്ഞിരുന്നു.
14 പേരുടെ മരണത്തിനിടയാക്കിയ 4 വൻ ഭീകരാക്രമണങ്ങളുടെ സൂത്രധാര പദവി അങ്ങനെ അറിയാതെ അതിർത്തി കടന്ന സരബ്ജിത്ത് സിംഗിന് സ്വന്തമായി.

1991ൽ, സരബ്ജിത്തിനെ തൂക്കിലേറ്റാൻ പാകിസ്ഥാനിലെ സൈനിക കോടതി ഉത്തരവിട്ടു.
ഒരു പ്രതിഷേധവും ഇവിടെ നിന്നുണ്ടായില്ല.
നരസിംഹ റാവു ആയിരുന്നു അന്ന് ഇന്ത്യൻ പ്രധാനമന്ത്രി.
എട്ടു മാസം മാത്രം ഭരിച്ച ചന്ദ്രശേഖർ സർക്കാരിനെ അട്ടിമറിച്ച് കോൺഗ്രസ് വീണ്ടും അധികാരം പിടിച്ച കാലമാണ്.
ആഭ്യന്തര രാഷ്ട്രീയത്തിലെ സങ്കീർണതകൾക്കിടയിൽ വിദേശ കാര്യത്തിനൊന്നും രാജ്യത്തിന് സമയമില്ലായിരുന്നു.
പിന്നീട് പാകിസ്ഥാനിലെ ഹൈക്കോടതിയും സുപ്രീം കോടതിയും സരബ്ജിത്തിൻറെ വധശിക്ഷ ശരിവെച്ചു.
2006 മാർച്ചിൽ അഭിഭാഷകൻ സമയത്തിന് ഹാജറായില്ലെന്ന് പറഞ്ഞു പാക് സുപ്രീം കോടതി അയാളുടെ അപ്പീലും തള്ളികളഞ്ഞു.
2005ൽ സരബ്ജിത്തിൻറെ മോചനത്തിനായി പരിശ്രമിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകളും യോജിച്ചുള്ള പ്രമേയം പാസ്സാക്കിയിരുന്നു.
എന്നിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല.
നയതന്ത്ര തലത്തിൽ ഒരു ചർച്ച പോലും നടന്നില്ല.
മൻമോഹൻ സിംഗ് ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.
2008ൽ കേസിലെ മുഖ്യ സാക്ഷിയായ ഷൗക്കത് സലിം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സരബ്ജിത്തിനെതിരായ മൊഴി മാറ്റി പറഞ്ഞു.
പിഴവുകളുടെ കൂമ്പാരത്തിന് മേൽ കെട്ടിപ്പടുത്ത കേസിന് സാക്ഷിയുടെ കൂറു മാറ്റം കൂടി കഴിഞ്ഞതോടെ യാതൊരു വിധത്തിലും നിലനിൽക്കാനാവില്ലെന്ന് പാകിസ്ഥാനി നിയമവൃത്തങ്ങൾ തന്നെ അടക്കം പറഞ്ഞു.
തുടർന്ന് സരബ്ജിത്തിനായി അഞ്ച് പുതിയ ദയാഹർജികൾ സമർപ്പിക്കപ്പെട്ടു.
അവയെല്ലാം കോടതി തള്ളുകയും ചെയ്തു.
എന്നിട്ടും സരബ്ജിത്തിനായി ഒരു തരത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ധത്തിനും ഇന്ത്യ തയ്യാറായില്ല.
ഐക്യ രാഷ്ട്ര സഭയിലോ ഐ.സി.ജെയിലോ വിഷയം നമ്മൾ ഉന്നയിച്ചതേ ഇല്ല.
വിദേശകാര്യ മന്ത്രി നട്വർ സിംഗ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണർ ആയിരുന്ന അസീസ് അഹമ്മദ് ഖാനോട് ഡൽഹിയുടെ പ്രതീക്ഷകൾ ഇസ്ലാമാബാദിനെ അറിയിക്കണം എന്നാവശ്യപ്പെട്ടു.
മാനുഷിക പരിഗണന വെച്ച് സരബ്ജിത്തിനെ മോചിപ്പിക്കാൻ തയ്യാറാവണം എന്നഭ്യർത്ഥിക്കുകയും, ആ പരിഗണനയ്ക്കായി ഇവിടെ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു.

2013 ഏപ്രിൽ 26ന് ലാഹോർ സെൻട്രൽ ജയിലിലെ സഹതടവുകാരാൽ മൃഗീയമായി ആക്രമിക്കപ്പെട്ട സരബ്ജിത്, മെയ് 2ന് ഉച്ചക്ക് ജിന്നാഹ് ഹോസ്പിറ്റലിൽ വെച്ച് മരണത്തിന് കീഴടങ്ങി.
മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച് സിഖ് ആചാര പ്രകാരം സംസ്കരിച്ചു.
22 വർഷം നീണ്ട തടവിന് ശേഷം സരബ്ജിത് ജന്മനാട്ടിൽ മടങ്ങിയെത്തിയത് അങ്ങനെയായിരുന്നു.
തുന്നിക്കൂട്ടിയൊരു മൃതശരീരമായി.

ചിത്രം 4: കുൽബൂഷൻ സുധീർ ജാദവ്
1970ൽ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ചു.
1987ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുകയും 1991ൽ ഇന്ത്യൻ നേവിയുടെ എഞ്ചിനീയറിംഗ് ബ്രാഞ്ചിലേക്ക് കമ്മീഷൻ ചെയ്യപ്പെടും ഉണ്ടായി.
2003ൽ നാവിക സേനയിൽ നിന്ന് സ്വയം വിരമിച്ച് ഇറാനിലേക്ക് പോവുകയും ചാബഹാറിനടുത്ത് കാർഗോ ബിസിനസ് ആരംഭിക്കുകയും ചെയ്തു.
2016ൽ പാക്-ഇറാൻ അതിർത്തിയിൽ വെച്ച് ജെയ്ഷ് ഉൽ അധിൽ എന്ന തീവ്രവാദ സംഘടനയുടെസഹായത്തോടെ പാകിസ്ഥാൻ സൈന്യം അയാളെ പിടികൂടി ഇസ്ലാമാബാദിലേക്ക് തട്ടികൊണ്ടു പോയി.
പാകിസ്താന്റെ പിടിയിലകപ്പെടുമ്പോൾ കുൽഭൂഷന് ഇന്ത്യയിൽ കാത്തിരിക്കാനായി അമ്മയും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു.

2016 മാർച്ച് 3ന് സുരക്ഷാ സൈനികർ നടത്തിയ റെയ്‌ഡിൽ ചമൻ ബോർഡർ വഴി ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച കുൽബൂഷൻ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ്യം.
കുൽബൂഷൻ ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചിട്ടില്ലെന്നും, പകരം റോയിലേക്ക് ഡെപ്യൂട്ട് ചെയ്യപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും, ഇന്ത്യൻ അണ്ടർ കവർ ഏജന്റ്‌ ആയാണയാൾ ഇറാനിൽ പ്രവർത്തിച്ചിരുന്നതെന്നും അവർ വാദിക്കുന്നു.
ബലൂചിസ്ഥാനിൽ വിഘടനവാദത്തെ ശക്തിപ്പെടുത്താനും, ഖ്വാദർ പോർട്ടിനെയും ചൈന പാക് സാമ്പത്തിക ഇടനാഴി പദ്ധതിയേയും അട്ടിമറിക്കാനും, തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനും ലക്ഷ്യമിട്ടായിരുന്നു ഹുസ്സൈൻ മുബാറക് എന്ന കള്ളപ്പേരിൽ കുൽബൂഷൻ ജാദവ് ചാബഹാറിൽ എത്തുന്നത് എന്നതാണ് അവരുടെ മുഖ്യ ആരോപണം.
പതിനൊന്ന് മാസം നീണ്ട കസ്റ്റോഡിയൽ ഇന്ററഗേഷനിടെ മർദ്ധന മുറകളും ദയാരഹിതമായ പീഡനവും കൊണ്ട് ഇതെല്ലാം സമ്മതിക്കുന്നതായൊരു കൺഫെഷൻ വീഡിയോ വരെ അവർ കുൽഭൂഷനിൽ നിന്ന് സമ്പാദിച്ചു.
കുൽഭൂഷനുമായി ബന്ധപ്പെടാനോ, അയാൾക്ക് നിയമ സഹായം നൽകാനോ ഇന്ത്യയെ അനുവദിക്കാത്ത പാകിസ്ഥാൻ, നയതന്ത്ര അവകാശമായ കൺസിലാർ ആക്സസ് പോലും ഇന്ത്യക്ക് നിഷേധിച്ചു.
2017 ഏപ്രിൽ 10ന് മൂന്നര മാസം നീണ്ട കോർട്ട് മാർഷൽ പൂർത്തിയാക്കി പാകിസ്ഥാൻ സൈനിക കോടതി കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചു.

 

എന്നാൽ കുൽഭൂഷനെ ഇന്ത്യ തള്ളി പറഞ്ഞില്ല. അയാളെ വേണ്ടെന്ന് വെയ്ക്കാൻ ഒരുക്കമായതുമില്ല.
നരേന്ദ്ര മോഡി ആയിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി.
കുൽഭൂഷനെതിരെയുള്ള എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി നിഷേധിച്ചു.
അയാൾ വിരമിച്ച ഇന്ത്യൻ സൈനികൻ ആണെന്നും, റോയുമായോ ഇന്റലിജൻസ് ഏജൻസിയുമായോ അയാൾക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇറാനിൽ അയാൾ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു എന്നുമുള്ള നിലപാടിൽ നമ്മൾ ഉറച്ചു നിന്നു.
കുൽബൂഷൻ നിരപരാധി ആണെന്നും, പാകിസ്ഥാൻ അയാളെ നിയമവിരുദ്ധമായി തട്ടികൊണ്ടു പോയതാണെന്നും, അയാളെ ഇന്ത്യക്ക് മടക്കി കിട്ടണം എന്നും ആവർത്തിച്ചു പറഞ്ഞു.
ഇന്ത്യയിലെ പാകിസ്ഥാൻ സ്ഥാനപതി അബ്ദുൽ ബാസിതിനെ ന്യൂഡൽഹി വിളിച്ചു വരുത്തി കുൽഭൂഷന്റെ വിചാരണയെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും, വധശിക്ഷ നടപ്പാക്കിയാൽ അത് കരുതി കൂട്ടിയുള്ള കൊലപാതകമായി പരിഗണിക്കും എന്നും, പാകിസ്ഥാൻ കടുത്ത നയതന്ത്ര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഓർമ്മപ്പെടുത്തി.
കുൽബൂഷൻ ഇന്ത്യയുടെ മകൻ ആണെന്നും, അയാളെ മടക്കി കിട്ടാനായി ഏതറ്റം വരെ പോവാനും രാജ്യം ഒരുക്കമാണെന്നും, അതിനായി ഏതു മാർഗ്ഗം സ്വീകരിക്കാനും മടിക്കില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാർലമെന്റിൽ പ്രസ്താവിച്ചു.
പാകിസ്ഥാൻ കാണിച്ചേക്കാവുന്ന ദയവിനോ മാനുഷിക പരിഗണനക്കോ വേണ്ടി കാത്തിരുന്നു കാലം കളഞ്ഞില്ല.
ഐ.സി.ജെയിൽ നേരിട്ട് കേസിനു പോയി.
വിദഗ്ദരായ അഭിഭാഷകരുടെ സംഘത്തെ അണിനിരത്തി.
കുൽഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്‌‌തു കൊണ്ടുള്ള വിധി നേടിയെടുത്തു.

നാല് പേരുടെ അനുഭവങ്ങളാണ്.
നാല് സർക്കാരുകളുടെ സമീപനങ്ങളും.
കുൽബൂഷൻ കേസിൽ നടന്നത് സാധാരണ ഗതിയിലുള്ള നയതന്ത്ര നടപടികൾ മാത്രമാണെന്നും, മോഡിയ്ക്ക് പകരം മറ്റാര് പ്രധാനമന്ത്രി ആയിരുന്നെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കുമായിരുന്നെന്നും, അതിൽ സർക്കാരിന്റെ മികവിനെ പറ്റി അത്രെയേറെ പറയാനൊന്നുമില്ലെന്നും പലരും പറയുന്നത് കേട്ടപ്പോൾ ഓർക്കുകയായിരുന്നു.
രവീന്ദ്ര കൗശിക്കിന്റെയും കശ്മീർ സിംഗിന്റെയും സരബ്ജിത്തിന്റെയും ഓർമ്മകൾ മാഞ്ഞു പോയിട്ടില്ലാത്ത നമ്മൾക്ക് ഇപ്പോഴും, കുൽബൂഷൻ കേസിൽ സർക്കാർ കാണിച്ച നിശ്ചയദാർഢ്യത്തിൽ അഭിനന്ദനാർഹമായി ഒന്നുമില്ലെന്നാണ് തോന്നുന്നതെങ്കിൽ, നമ്മളിങ്ങനെയൊരു സർക്കാരിനെ അർഹിക്കുന്നത് പോലുമില്ലെന്ന്.

യമനിലെ യുദ്ധ ഭൂമിയിൽ നിന്ന് 4640 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കടൽ മാർഗ്ഗം ജിബൂട്ടിയിലേക്കും അവിടെ നിന്നും ആകാശ മാർഗ്ഗം നാട്ടിലേക്കും ഭാരത സർക്കാർ എത്തിച്ചപ്പോൾ നമ്മളത് ജനറൽ വി.കെ. സിങിന്റെ വ്യക്തിപരമായ മിടുക്കാണെന്ന് പറഞ്ഞു.
ഇറാക്കിലെ ഐ.എസ്.ഐ.എസിന്റെ തടവിൽ നിന്ന് 46 മലയാളി നഴ്സുമാർ ഉൾപ്പെടെ 175ഇന്ത്യക്കാരെ രക്ഷപ്പെടുത്തി മടക്കി കൊണ്ടു വന്നപ്പോൾ അതിൽ മലയാളികളെ രക്ഷിച്ചതെങ്കിലും ഉമ്മൻ ചാണ്ടി ഒറ്റയ്ക്കാണ് എന്നവകാശപ്പെട്ടു.
സൗദിയിൽ ജോലി നഷ്ട്ടപ്പെട്ടും ശമ്പളമില്ലാതെയും കുടുങ്ങി കിടന്ന ആളുകൾക്ക് സഹായമെത്തിച്ചതിന്റെ അഭിനന്ദനം നോർക്കാ റൂട്ട്സിന് നൽകാൻ പരമാവധി പരിശ്രമിച്ചു.
അഭിനന്ദിക്കാതെ തരമില്ലെന്നു വന്ന സന്ദർഭങ്ങളിലൊക്കെയും, സർക്കാർ മോശമാണെങ്കിലും സുഷമാ സ്വരാജ് നല്ലതാണെന്ന മട്ടിൽ, സർക്കാരിനെ പരിഹസിച്ച് തന്നെ വിദേശ മന്ത്രിയെ അനുമോദിച്ചു.
നരേന്ദ്ര മോഡിയെ എന്തു വന്നാലും അംഗീകരിക്കില്ലെന്ന നമ്മുടെ രാഷ്ട്രീയ പക്ഷപാതം, സർക്കാരിന്റെ മികവുകൾക്ക് നേരെ കണ്ണടക്കാനും, അത് സാധിക്കാതെ വരുമ്പോളൊക്കെ അംഗീകാരം ഏറ്റുവാങ്ങേണ്ട മറ്റൊരാളെ സൃഷ്ടിക്കാനും നമ്മളെ നിർബന്ധിതരാക്കി.
അങ്ങനെയാണ് കുൽബൂഷൻ കേസിലെ വിജയത്തിന്റെ അനുമോദനങ്ങൾ സ്വീകരിക്കാൻ ശശി തരൂർ ഒക്കെ അവതരിക്കുന്നത്.
കുൽഭൂഷന്റെ മോചന സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിക്കേണ്ടതായ പ്രസ്താവന തയ്യാറാക്കാൻ ശശി തരൂരാണ് സർക്കാരിനെ സഹായിച്ചത് എന്ന് മുമ്പ് വാർത്ത വന്നപ്പോൾ, തന്റെ മന്ത്രാലയത്തിൽ പ്രതിഭകളുടെ യാതൊരു കുറവുമില്ലെന്നും, ശശി തരൂരിന്റെ സേവനമൊന്നും വിദേശകാര്യ മന്ത്രാലയത്തിന് ആവശ്യമില്ലെന്നും സുഷമാ സ്വരാജ് പരസ്യമായി തുറന്നടിച്ചത് നമുക്ക് ഓർമ്മയില്ലാഞ്ഞിട്ടു പോലുമല്ല ഇപ്പോഴത്തെ ഐ.സി.ജെ വിജയം തന്നെ നമ്മൾ തരൂരിന് സമർപ്പിക്കുന്നത്.
ശശി തരൂരിന്റെ വിജയമെന്നത് അവിടെ സർക്കാരിന്റെ വിജയമല്ലാ എന്നതിന്റെ ചൊറിച്ച മല്ല് മാത്രമാവുന്നത് കൊണ്ടാണ്.

എന്നാൽ അതൊന്നും ഗൗനിക്കാതെ, ക്രെഡിറ്റിനും അഭിനന്ദനങ്ങൾക്കും വേണ്ടി ആരോടും തർക്കിക്കാൻ നിൽക്കാതെ, നരേന്ദ്ര മോഡിയുടെ സർക്കാർ തങ്ങളുടെ കടമകൾ നിർവഹിച്ച് മുന്നോട്ടു പോവുക തന്നെയാണ്.
‘തോളിൽ തട്ടി അഭിനന്ദിക്കാനും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനും യുദ്ധത്തിനൊടുവിൽ നമുക്ക് ധാരാളം സമയമുണ്ടാവും, ഇപ്പോൾ പൊരുതുക’ എന്നു പറഞ്ഞത് സ്വാമി വിവേകാനന്ദനല്ലേ?
കുൽബൂഷൻ കേസ് അവസാനിച്ചിട്ടില്ലെന്നും, ഐ.സി.ജെ നൽകിയ ഇടക്കാല സ്റ്റേ അന്തിമമല്ലെന്നും, അയാളുടെ മോചനം എന്ന യഥാർത്ഥ ലക്ഷ്യത്തിലേക്ക് ഇനിയുമേറെ കടമ്പകളുണ്ടെന്നും സർക്കാരിന് കൃത്യമായ ബോധ്യമുണ്ട്.
നൂറ്റിരുപത് കോടി ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും, പ്രതിബദ്ധതയുടേയും പ്രതിനിധിയായി നിന്ന് മോഡിയുടെ സർക്കാർ ആ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെയാണ്.

ശ്ലോകത്തിൽ കഴിക്കാനുദ്ദേശിച്ച കുറിപ്പാണ് പ്രബന്ധമായി അവസാനിപ്പിക്കേണ്ടി വരുന്നത്.
പക്ഷെ, ഇത്രയെങ്കിലും പറയാതെ, ഇതെങ്ങനെയാണ് പറയാനാവുക??