ജെല്ലിക്കെട്ട് സമരം – തോൽക്കാൻ മനസ്സില്ലാത്തവരുടെ പോരാട്ടം


— ഡോ. ബലറാം കൈമൾ —

പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെല്ലിക്കെട്ടിനെ നിയമവിധേയമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നുള്ളത് മാത്രമാണത്. അത് ചെയ്‌താൽ ഈ സമരം അവസാനിക്കും. ഇല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകും. സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൊതുസമൂഹം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുഴുവൻ സമരത്തെ പിന്തുണയ്ക്കുന്നു. അത്രയും ജനപിന്തുണയുള്ള ഈ സമരത്തിൽ ഒറ്റ രാഷ്ട്രീയക്കാരനനെപ്പോലും വിദ്യാർത്ഥികൾ അടുപ്പിക്കുന്നില്ല എന്നുള്ളതിലാണ് ഇപ്പോൾ രാഷ്ട്രീയക്കാർ അപമാനിതരായിരിക്കുന്നത്. അവരെ വിദ്യാർത്ഥികളും പൊതുസമൂഹവും എത്ര വില കുറച്ചാണ് കാണുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല.

പ്രധാനമന്ത്രി മുൻകൈയെടുത്ത് ജെല്ലിക്കെട്ടിനായി ഓർഡിനൻസ് പുറപ്പെടുവിച്ചാൽ പ്രശ്നം അവസാനിക്കും. പക്ഷേ, തമിഴകം അതോടെ ബിജെപി യോടൊപ്പമാകും. ഇത് മനസ്സിലായ സുബ്രഹ്മണ്യം സ്വാമിയും പൊൻ രാധാകൃഷ്ണനും ഇപ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. അവർക്കും തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളും ജനതയും യാതൊരുവിലയും നൽകുന്നില്ല എന്നുള്ളതാണ് വാസ്തവം.

ജനങ്ങൾ ഉറ്റുനോക്കുന്നത് മോദി എടുക്കുന്ന നടപടികളെ മാത്രമാണ്. ജനങ്ങൾ ഡി എം കെ യെ നേരത്തെ കൈയ്യൊഴിഞ്ഞതാണ്. ജയലളിതയുടെ മരണശേഷം എ ഐ എ ഡി എം കെ യിലെ ഒരു നേതാവിനെയും അവിടെ ജനങ്ങൾ അംഗീകരിക്കുന്നില്ല. ഇപ്പോൾ തമിഴ് രാഷ്ട്രീയത്തിൽ നേതൃസ്ഥാനമില്ല എന്നുള്ളതാണ് അവസ്ഥ. അവിടെ ജനങ്ങൾ കൊതിക്കുന്നത് മോദിയുടെ ഒപ്പം നിൽക്കാനാണ്. ഇത് ബിജെപി രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കുന്നുവെങ്കിൽ, ദ്രാവിഡഹൃദയം ബിജെപിക്ക് സ്വന്തമാകും.

ഇക്കഴിഞ്ഞ രണ്ടുമാസങ്ങളായി നീണ്ട ക്യൂ ആണ് തമിഴ്‌നാടൻ നഗരങ്ങളിലെ എ റ്റി എമ്മുകളിലും ബാങ്കുകളിലും കാണുന്നത്. കേരളത്തിൽ മിക്ക എ. റ്റി. എമ്മിലും നോട്ടുകൾ ലഭ്യമായിട്ടും ക്യൂവിൽ നിൽക്കേണ്ട അവസ്ഥ ഇല്ലാഞ്ഞിട്ടും സമരം നടക്കുമ്പോഴും വെയിലത്ത് നീണ്ട ക്യൂവിൽ നിൽക്കുന്ന തമിഴ് നാട്ടുകാരൻ ഒരു സമരത്തിനും പോയില്ല. കാവേരിപ്രശ്നത്തിൽ കർണാടകത്തിൽ നിരവധി അക്രമങ്ങൾ ഉണ്ടായെങ്കിലും തമിഴ്‌നാട്ടിൽ ഒരു വണ്ടിയിലും കല്ലുകൾ വീണില്ല. ജയലളിത മരിച്ചപ്പോഴും തമിഴർ വൈകാരികപ്രതികരണങ്ങൾ ഒഴിവാക്കി. പക്ഷേ, ജെല്ലിക്കെട്ടിനെ, അവന്റെ സംസ്കാരത്തെ, തമിഴ് യുവജനതയുടെ ആത്മാഭിമാനത്തെ നിരാകരിക്കുന്ന ഒരു നിയമനടപടിക്കെതിരെ ദാ നോക്കൂ, തമിഴ് യുവത്വം മുല്ലപ്പൂവിപ്ലവത്തിന്റെ മോഡലിൽ ചെന്നൈയിലെ മറീനയിലും മറ്റു ദ്രാവിഡനഗരങ്ങളിലും സമരത്തിലിരിക്കുന്നു. സമീപകാലചരിത്രം ദർശിക്കുന്ന ഏറ്റവും വലിയ ജനകീയമുന്നേറ്റവും സമരവും ആണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നടക്കുന്നത്. ഇത് കാണാൻ ബിജെപിക്കാകുന്നില്ല എങ്കിൽ, കാര്യങ്ങളെ മനസ്സിലാക്കാതെ പോകുന്ന ബിജെപി നേതൃത്വം സഹതാപമർഹിക്കുന്നു എന്നല്ലാതെ പറയാതെവയ്യ.

ഈയിടെ സോഷ്യൽ മീഡിയയിൽ ആരോ എഴുതിയ ഒരു കാര്യമുണ്ട്. മോദിക്ക് വേണമെങ്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാലും ജനങ്ങൾ അനങ്ങില്ല എന്ന്. നോട്ടുനിരോധനം കലാപമുണ്ടാക്കും എന്ന് പ്രതീക്ഷിച്ച് കലാപത്തിന് കാത്തിരുന്നവർക്ക് ഇച്ഛാഭംഗം അങ്ങനെയേ പ്രകടിപ്പിക്കാനായുള്ളൂ. അവർക്ക് ജനതയെ വിലയിരുത്തിയതിൽ തെറ്റിപ്പോയി. ഇന്ത്യൻ ജനതയ്ക്കു പ്രതികരണശേഷി നശിച്ചിട്ടില്ല, നശിക്കുകയുമില്ല. അവനെ പ്രതികരിക്കുന്ന മർമ്മങ്ങളിൽ പ്രഹരിച്ചാൽ അവന്റെ തിരിച്ചടിയുടെ ചൂട് നിങ്ങളറിയും. ഇന്ത്യ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാഷ്ട്രം എന്ന നിലയിൽ ഏകശിലാപാളീഘടനയിൽ ചിന്തിക്കില്ലായിരിക്കാം, പക്ഷേ, പ്രതികരിക്കേണ്ടിടത്ത് അവൻ പ്രതികരിക്കും. നോട്ടുനിരോധനം ജനതയുടെ നിത്യജീവിതത്തെ ബാധിച്ചില്ല. ചെറുതായെങ്കിലും ബാധിച്ച ഇടങ്ങളിൽ സ്വയം പ്രതികരിക്കാതെയിരിക്കേണ്ട തരത്തിൽ ത്യാഗമനോഭാവം വേണമെന്ന വേണമെന്നത് അവൻ രാഷ്ട്രനന്മക്കായിട്ടെടുത്ത തീരുമാനമാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും സംസ്കാരത്തിന്റെ ആണിക്കല്ലുകളെയും നശിപ്പിക്കാൻ നോക്കിയാൽ ജനത ഉറപ്പായും പ്രതികരിക്കും.

പണ്ട് രാമക്ഷേത്രപ്രക്ഷോഭം ഉണ്ടായപ്പോൾ ദക്ഷിണഭാരതം അതിനോട് ഉത്തരഭാരതത്തെപ്പോലെ പ്രതികരിച്ചില്ല. വടക്ക് രാമന് നൽകിയ വൈകാരികത തെക്ക് കിട്ടിയില്ല. പക്ഷേ, ജെല്ലിക്കെട്ട് വന്നപ്പോൾ തമിഴ്‍നാട് പ്രതികരിച്ചു. ഇന്ത്യയുടെ ഓരോ പ്രദേശത്തിനും അതാത് സാംസ്കാരിക സവിശേഷതകൾ ഉണ്ട്. അവയെ സ്പർശിച്ചാൽ അതാതിടത്തെ ജനങ്ങൾ പ്രതികരിക്കും. അത് ഇന്ത്യയുടെ വൈവിധ്യമാണ്. ആ നാനാത്വം ഇന്നാടിന്റെ ഏകത്വത്തിനു വിരുദ്ധമല്ലതാനും. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടെങ്കിൽ, കേരളത്തിൽ അത് ശബരിമല ആയേക്കാം. തൃപ്തി ദേശായിയെ ശബരിമലയിൽ കൊണ്ടുവരാൻ നിർബന്ധം പിടിച്ചാൽ കേരളം മാത്രമല്ല, ദക്ഷിണഭാരതം മുഴുവനായും പ്രതികരിച്ചെന്നുവരും. ഇന്ത്യയുടെ പ്രാദേശികമായ സാംസ്കാരികവൈവിധ്യങ്ങളെ ഒന്നാക്കി ഒറ്റനുകത്തിൽപ്പൂട്ടണം എന്നാഗ്രഹിക്കുന്നവർക്കും ഈ സാംസ്കാരികതയെ തകർക്കണം എന്നാഗ്രഹിക്കുന്നവർക്കും, അതിനാൽത്തന്നെ ജെല്ലിക്കെട്ടുസമരം ഒന്നാംതരം ഒരു മുന്നറിയിപ്പാണ്.

ബിജെപി ഇപ്പോൾ എടുക്കേണ്ട ഏറ്റവും യുക്‌തമായ തീരുമാനം സമരത്തെ അനുകൂലിക്കുകയും സമരക്കാരുടെ ആവശ്യങ്ങളെ അംഗീകരിക്കുകയും ചെയ്യുക എന്നുള്ളതാണ്. തമിഴ് ജനതയ്ക്കു മോദിയെ ഇഷ്ടമാണ്. പക്ഷേ, ബിജെപിയെ ഇഷ്ടമല്ല. ബിജെപിയും ആർ എസ് എസ്സും ആര്യപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് തമിഴർ ആശങ്കപ്പെടുന്നു. അത്തരമൊരു സന്ദർഭത്തിൽ ദ്രാവിഡസാംസ്കാരികതെയെ അംഗീകരിക്കാൻ കിട്ടുന്ന ഒരവസരത്തെ മുതലാക്കുക മാത്രമാണ് ദ്രാവിഡഭൂമിയെ കീഴടക്കാൻ ബിജെപിക്കുള്ള ഒരേയൊരു വഴി. അതുചെയ്താൽ, ദ്രാവിഡൻ നിഷ്കളങ്കനാണ്, സത്യമുള്ളവനാണ്, അവൻ ഒപ്പമുണ്ടാകും. ബ്രാഹ്മണവിരുദ്ധസമരം നടക്കുകയും ബ്രാഹ്മണരെ തല്ലിയോടിക്കുകയും ചെയ്ത നാടാണ് തമിഴ്‍നാട് അവിടെ ബ്രാഹ്മണിയായ ജയലളിത തമിഴരുടെ ഇഷ്ടനേതാവായി, മുഖ്യമന്ത്രിയായി, അമ്മയായി. അത് ആര്യത്വം പഠിപ്പിച്ച് സാധിച്ചതല്ല. ദ്രാവിഡനെ അംഗീകരിച്ചും പിന്തുണച്ചും സാധിച്ചതാണ്. അങ്ങനെയേ അത് സാധിക്കൂ. അത് മനസിലാക്കാത്ത കാലത്തോളം ബിജെപി ദ്രാവിഡഭൂമിയിൽ വാഴില്ല.

1930-ൽ മോഹൻജെദാരോയിൽ നിന്നും കണ്ടെടുത്ത 4000 വർഷം പഴക്കമുള്ള, ജെല്ലിക്കെട്ടിന്റെ സൈന്ധവമുദ്രയാണ് … ഇതിപ്പോൾ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ജെല്ലിക്കെട്ട് ലോകത്തെ ഏറ്റവും പഴയ ഉത്സവങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, സൈന്ധവനാഗരികതയിലെ ചിഹ്നങ്ങളിൽ രേഖപ്പെടുത്തയതും ഇന്നും തുടരുന്നതുമായ അപൂർവ്വം ആഘോഷവും അതായിരിക്കും. കാളയുടെ പൂഞ്ഞിലേക്ക് ചാടിവീഴുന്ന യുവാവിനെ സിന്ധുനദീതടത്തിൽനിന്നും ലഭിച്ച സീലുകളിലൊന്നിൽ രേഖപ്പെടുത്തിയ ഒരു ചിത്രം ലഭ്യമാണെന്നത് അതിനെ ശരിവയ്ക്കുന്നു. ഇത്രയും പഴയ ഒരാചാരം അനുഷ്ഠിക്കുന്ന ദ്രാവിഡന് കാള ഒരു ലീലാവസ്തുവോ അവന്റെ ക്രൂരതയ്ക്കുള്ള ഉപകാരണമോ അല്ല, മറിച്ച്, ദൈവികമായ ഒന്നുതന്നെയാണ്. ആചാരപ്രാധാന്യവും അനുഷ്ഠാനപ്രാധാന്യവും മാട്ടുപ്പൊങ്കലിനുണ്ട്. ജെല്ലിക്കെട്ടുകാളയ്ക്ക് പത്തുപേരെപ്പോലും കുടഞ്ഞുതെറിപ്പിക്കാനാകും. അതിനെ കീഴടക്കുന്നവൻ ഊരിൻ വീരനാണ്. അത് തമിഴ്ചെറുപ്പക്കാരന്റെ ആത്മാവിഷ്കാരണവും വീരത്വപ്രകടനവും അവനെ സംബന്ധിച്ച് പൗരുഷചിന്ഹവുമാണ്. അമരത്തിലെ കൊമ്പനെപ്പിടിക്കാൻ ഒറ്റവഞ്ചിയിൽ കടൽ കീഴടക്കുന്ന അരയന്റെ മനസ്സ് ഇതേ ദ്രാവിഡമനസാണ്. വീരനാണ് തമിഴൻ, തോൽക്കാത്തവനാണ് ദ്രാവിഡൻ. കോടതിയും നിയമവും കാണിച്ച് അവനെയും അവന്റെ കലകളെയും അപമാനിച്ചാൽ അവൻ നോക്കിനിൽക്കില്ല, പ്രതികരിക്കും. ഇനിയും തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ വൈകാൻ പാടുള്ളതല്ല. എഴുപതുകളിലേ തമിഴൻ ഉപേക്ഷിച്ച ദ്രാവിഡരാഷ്ട്രവാദത്തെ തിരികെകൊണ്ടുവരാൻ മാത്രമേ നടപടി വൈകിക്കുന്നത് സഹായകമാകൂ.

ജെല്ലിക്കെട്ടിനെ നിരോധിക്കാനിടയാക്കിയ സംഘടനകളുടെ പ്രവർത്തനവും ചരിത്രവും ഇപ്പോൾ ആരോപണങ്ങൾക്ക് വിധേയമാണ്. പെറ്റ എന്ന സംഘടന നിരോധിക്കണം എന്നുതന്നെ ആവശ്യം ഉയർന്നുകഴിഞ്ഞു. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ തലപ്പത്തുള്ള വനിതയ്‌ക്കെതിരെ വിദേശ പാസ്പോർട്ടുടമ എന്നുള്ള ആരോപണവും വരുന്നു. ഇന്ത്യയിൽ 130 കന്നുകാലിയിനങ്ങൾ ഉണ്ടായിരുന്നു. അവയിൽ 37 എണ്ണം മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ. അവയിലാകട്ടെ അഞ്ചെണ്ണം തമിഴ്നാട്ടിലാണ്. ആറാമതൊന്നുണ്ടായിരുന്നത് വംശനാശം വന്നുകഴിഞ്ഞു. ആലമ്പാടി എന്ന കാലിയിനം ആണ് ഇപ്പോൾ ഇല്ലാതായിപ്പോയിരിക്കുന്നത്. കാങ്കയം, പുലികുലം, ഉമ്പളച്ചേരി, ബറുഗൂർ, മലൈമാട് എന്നിവയാണ് ഇപ്പോൾ അവശേഷിക്കുന്നവ. അവയിൽ പലതിന്റെയും കാളകളെയും പശുക്കളെയും നിലനിർത്തുന്നത് ജെല്ലിക്കെട്ടാണ്. ആ ആചാരത്തിനായും അതിന്റെ പൂജകൾക്കായും ഇവയെ ധാരാളം പണം ചെലവാക്കിത്തന്നെ ആളുകൾ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. 2011-ൽ മൻമോഹൻ സർക്കാർ ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾത്തന്നെ ഈയിനങ്ങളിൽപ്പെട്ട നിരവധി കാലികൾ അറവുശാലകളിലേക്ക് വിൽക്കപ്പെട്ടു. താൽക്കാലികാനുമതിയുടെ പിന്തുണയിൽ ജെല്ലിക്കെട്ട് തുടർന്നുപോയിരുന്നതാണ് ആ വർഗ്ഗങ്ങൾ ഇതേവരെ നിലനിൽക്കാൻ കാരണം. ഇനി ജെല്ലിക്കെട്ട് പൂർണമായും നിരോധിച്ചാൽ അതോടെ തമിഴ്‌നാടൻ പ്രാദേശിക ഉരുക്കളുടെ വർഗ്ഗങ്ങളും ഇല്ലാതാകും.

ഈ അവസരത്തിൽ മേൽപ്പറഞ്ഞ മൃഗസംരക്ഷണസംഘങ്ങളുടെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നു. ഇന്നേവരെ നാടൻ കാലിയിനങ്ങളെ ഒന്നിനെപ്പോലും സംരക്ഷിക്കാൻ ഇവർ ഒന്നും ചെയ്തിട്ടില്ല. ഉള്ളവ ഇല്ലാതായപ്പോൾ കയ്യുംകെട്ടി മിണ്ടാതെ നിന്നിട്ടുമുണ്ട്. നാടൻ കാലിയിനങ്ങൾ രാജ്യത്തിന്റെയും അതാത്‌ പ്രദേശത്തിന്റെയും നിധികളാണ്. മനുഷ്യനെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യാമെങ്കിൽ ഇവയെയും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുകതന്നെവേണം. മാധ്യമങ്ങളിൽ വന്ന വാർത്തകളും പരിവേഷവും ഇല്ലാതിരുന്നെകിൽ വെച്ചൂർ പശു ഇന്ന് ബാക്കിയുണ്ടാകുമായിരുന്നോ എന്നുള്ള ചോദ്യം മലയാളി സ്വയം ചോദിക്കണം. ഒപ്പം കേരളത്തിൽ എത്ര തനതായ കാലിയിനങ്ങൾ ഉണ്ടായിരുന്നു എന്നും അവയിൽ എത്രയെണ്ണം ഇപ്പോൾ ബാക്കിയുണ്ടെന്നുംകൂടി മലയാളി കൂട്ടിനോക്കട്ടെ. തൃശൂർ പൂരം ഏതോ ‘പെറ്റ’ കാരണം നിരോധിച്ചാൽ അതിനെ കേരളം എങ്ങനെ കാണുമായിരിക്കും എന്നുകൂടി കൂട്ടിവായിക്കുക.

ജനങ്ങളാൽ നിലനിൽക്കുന്നവരും ജനഹൃദയം അറിയുന്നവരുമാണ് സിനിമാമേഖലയിൽ ഉള്ളവർ. തമിഴ് അഭിനേതാക്കളും സംവിധായകരും ഇപ്പോൾ സമരത്തിൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ട്. നാടകത്തിന്റെ നവദൃശ്യരൂപമാണ് സിനിമ. നാടിനെ അകത്താക്കിയയതാണ് നാടകം, അതായത് സമൂഹത്തെ ഉൾക്കൊള്ളുന്നതാണ് നാടകം എന്ന ശങ്കരപ്പിള്ള സാറിന്റെ നിരീക്ഷണം നോക്കിയാൽ നാടിനെ അറിഞ്ഞാണ് തമിഴ് നടികർ സമരത്തിനൊപ്പമുള്ളത് എന്ന് മനസ്സിലാകും. നടികർ സംഘം രാജ്യതലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. വിശാലിനെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരമാണ് ലക്‌ഷ്യം. അതോടെ ഈ വിഷയം രാജ്യതലത്തിലും അന്താരാഷ്ട്രത്തലത്തിലും എല്ലാവരും അറിയാനിടയാകും.

ലോകമെങ്ങും ഇപ്പോൾ തമിഴ്സമൂഹം ജെല്ലിക്കെട്ടിനായി പ്രകടനങ്ങൾ നടത്തുന്നു. അമേരിക്കയിലും, യൂറോപ്പിലും ആസ്ട്രേലിയയിലും എല്ലാം ഇതിനായി പ്രക്ഷോഭങ്ങൾ നടക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്നു. കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനം ലോകമെങ്ങും ശ്രദ്ധിക്കപ്പെടും എന്നുള്ളതാണ് അതിന്റെ അനന്തരഫലം.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനായുള്ള വിദ്യാർത്ഥിസമരം വിജയിക്കേണ്ടത് ഈ നാട്ടിലെ സംസ്കാരത്തിന്റെയും തനതായ കന്നുകാലിയിനങ്ങളുടെയും പ്രകൃതിയുടെയും രക്ഷക്ക് അനിവാര്യമാണ്.

വീര ദ്രാവിഡരേ, നിങ്ങളുടെ സമരം വിജയിക്കട്ടെ, നിങ്ങൾ വിജയിക്കട്ടെ..