ഏജന്‍സികള്‍ ഇല്ലാത്ത ദൈവം

അടുത്തിടെ മതപണ്ഡിതന്‍ എന്ന് അനുയായികളാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിലെ ഒരു മാന്യദേഹം, മറ്റു മതങ്ങളെ കുറിച്ച് ‘പഠിച്ച്’ എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങളെക്കുറിച്ചു കേള്‍ക്കാനിടയായി. താമസിയാതെ അതിലൊരെണ്ണം വായിക്കാനും അവസരം കിട്ടി. തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത എന്തെല്ലാം മറ്റെവിടെയെല്ലാം പറഞ്ഞിട്ടുണ്ടോ അതൊക്കെയും അടിസ്ഥാന രഹിതമെന്ന് കുറഞ്ഞപക്ഷം തന്‍റെ അനുയായികളെയെങ്കിലും വിശ്വസിപ്പിച്ചെടുക്കാനുള്ള ഒരു തത്രപ്പാട് മാത്രമായിട്ടാണ് അദ്ദേഹത്തിന്‍റെ ഈ മത താരതമ്യപഠനം കാണപ്പെട്ടത്. മതങ്ങളേയും സിദ്ധാന്തങ്ങളെയുമെല്ലാം താരതമ്യ പഠനത്തിന് വിധേയമാക്കേണ്ടത് അവയില്‍ അന്തര്‍ലീനമായിരിക്കുന്ന പൊതു തത്വങ്ങളെ ഉയര്‍ത്തിക്കാട്ടാനും ജനമനസ്സുകളില്‍ ആ സദ്‌ ഗുണങ്ങളെ കൂടുതല്‍ ഉറപ്പിച്ചെടുക്കാനുമായിരിക്കണം. അതിനു പകരം തങ്ങള്‍ക്ക് മാത്രമേ ഒറിജിനല്‍ മതം കിട്ടിയിട്ടുള്ളൂ എന്നു തെളിയിക്കാന്‍ മറ്റെല്ലാറ്റിനെയും വികലമായി ചിത്രീകരിക്കുന്നതും കുയുക്തികള്‍ കൊണ്ട് സാമാന്യ ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതും വിശ്വാസ വൈകൃതം മാത്രമാണ്.

ഏതൊരു മതവിശ്വാസവും അത് പിന്തുടരുന്ന വ്യക്തിക്കും അയാള്‍ ഇടപഴകുന്ന സമൂഹത്തിനും ശാന്തിയും സമാധാനവും പ്രത്യാശയും നല്കുന്നുണ്ടോ എന്നതാണ് അതിലെ ദൈവീകതയുടെ മാനദണ്ഡം. അത്തരം ഒരു മാനദണ്ഡം സ്വീകരിച്ചാല്‍ പ്രസ്തുത പണ്ഡിതനും അനുയായികളും ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസങ്ങള്‍ വളരെയൊന്നും പ്രതീക്ഷക്ക് വക നല്കുന്നില്ല. പ്രണയച്ചതിയില്‍ കുടുക്കി യുവതീ യുവാക്കളെ മതം മാറ്റുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കേസുകളില്‍ ചിലതിന്‍റെ അന്വേഷണം അദ്ദേഹത്തിന്‍റെ സ്ഥാപനത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ്. ‘സമാധാനം’ എന്നും ‘സത്യം’ എന്നുമൊക്കെ മനോഹര പദങ്ങള്‍ ചേര്‍ത്ത് പേരിട്ടിരിക്കുന്ന പല സ്ഥാപനങ്ങളും ഭീഷണിയും ബ്ലാക്ക് മെയിലിങ്ങും, വഞ്ചനയും ഒക്കെ ഉപയോഗിച്ച് നടത്തുന്ന മതംമാറ്റത്തിന്‍റെ കേന്ദ്രങ്ങളാണ് എന്നതാണ് പുറത്തുവരുന്ന വിവരം ! യഥാര്‍ത്ഥത്തില്‍ അവ സത്യത്തിനും സമാധാനത്തിനും ഒക്കെ ഭീഷണിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഹിപ്നോട്ടിസവും മയക്കു മരുന്നുകളും ഒക്കെ ഇപ്പോള്‍ മതം മാറ്റത്തിനായി ഉപയോഗിക്കുന്നു എന്ന് വാര്‍ത്തകള്‍ വരുന്നു. അങ്ങനെയൊക്കെ മതം മാറിയവര്‍ പോകുന്നതോ കൊടിയ ഭീകരത നടമാടുന്ന രാജ്യങ്ങളില്‍ വിശുദ്ധയുദ്ധത്തിനും !

സ്വന്തം വിശ്വാസത്തില്‍ പെട്ട ആളുകള്‍ തന്നെ ഡസന്‍ കണക്കിന് വിഭാഗങ്ങളായി പിരിഞ്ഞ് ‘വിശ്വാസശുദ്ധിയുടെ’ പേരും പറഞ്ഞ് ലോകമെങ്ങും തമ്മിലടിച്ച്‌ തലകീറുമ്പോള്‍ അതിന് പരിഹാരമൊന്നും നിര്‍ദ്ദേശിക്കാന്‍ ഇല്ലാത്തപ്പോഴും, ഇത്തരക്കാരുടെ ഇഷ്ട വിഷയം മറ്റു വിശ്വാസങ്ങളെ വിമര്‍ശിക്കലാണ്. ഹിന്ദു ധര്‍മ്മത്തെക്കുറിച്ചുള്ള തന്‍റെ ഒരു പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു… “ഭൂമിയിലുള്ള സകലതിനേക്കാളും വലുതാണ്‌ സ്വര്‍ഗ്ഗമെന്നും, ആ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ പെറ്റമ്മയോ പിറന്ന നാടോ ആരു തന്നെ വിലങ്ങടിച്ചു നിന്നാലും ആ വിലങ്ങുകളെ തട്ടിമാറ്റുകയോ പിഴുതെറിയുകയോ ചെയ്ത് സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രയാണം തുടരുക തന്നെ വേണമെന്നും പഠിപ്പിക്കുന്നത് ആ സ്രഷ്ടാവാണ്. ‘പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരം’ എന്ന മുദ്രാവാക്യത്തെ അതിന്‍റെ ഏറ്റവും ലളിതമായ മാനത്തില്‍ പോലും അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയാതിരിക്കുന്നതിന്‍റെ കാരണം ഇതൊന്നു മാത്രമാണ്.” ഇതൊക്കെ കേട്ട് മതാന്ധത മുഴുത്ത വിശ്വാസികള്‍ പോറ്റി വളര്‍ത്തുന്ന സ്വന്തം സമൂഹത്തിനെ പിന്നില്‍ നിന്ന് കുത്തിയിട്ട് ആടുമേയ്ക്കാന്‍ പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ? ‘സര്‍വ്വം ഖല്വിദം ബ്രഹ്മ’ എന്ന ദര്‍ശനത്തില്‍ ഊന്നി ജീവിതം നയിക്കുന്ന ഈ രാജ്യത്തെ സമാധാന പ്രിയരായ ഭൂരിപക്ഷത്തെ മതാതീത ആത്മീയതയെക്കുറിച്ച് ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന വിപ്ലവകാരികള്‍ ആത്മീയതയുടെ ലാഞ്ചന പോലുമില്ലാത്ത ഇതു പോലുള്ള മതദുര്‍ബോധനകളെ കണ്ടതായി പോലും നടിക്കുന്നില്ല.

തങ്ങളുടെ അന്ധതയുടെ ആഴങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലാത്തപ്പോഴും, മറ്റുള്ളവരെയെല്ലാം ഏതു വിധേനയും മാര്‍ഗം കൂട്ടുകയാണ് തന്‍റെ നിയുക്ത കര്‍മ്മമെന്ന വെളിപാടുമായി നടക്കുന്ന ഒട്ടനവധി പേര്‍ ഇന്നുണ്ട്. അടുത്ത ഇരുപതോ മുപ്പതോ കൊല്ലങ്ങള്‍ക്കുള്ളില്‍ എപ്രകാരം ഈ ലോകം മുഴുവന്‍ തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിലേക്ക് മാറ്റപ്പെടും എന്ന തരത്തിലുള്ള ദിവാ സ്വപ്നങ്ങളില്‍ മുഴുകിക്കഴിയുകയാണ് അവരില്‍ പലരും. ഈ ലക്ഷ്യത്തിനു വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്യാന്‍ തങ്ങള്‍ക്ക് ദൈവികമായ അനുമതിയും നിയോഗവും കിട്ടിയിട്ടുണ്ടെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കിരാതത്വം മുതല്‍ അസത്യപ്രചരണം, വഞ്ചന എന്നു വേണ്ട എന്ത് മാര്‍ഗവും അവലംബിക്കാന്‍ അവര്‍ തയ്യാറാവുന്നു. എല്ലാം സര്‍വശക്തനും, ജഗത്പിതാവുമായ ഒരീശ്വരന്‍റെ ജോലി എളുപ്പമാക്കി തീര്‍ക്കാനെന്ന മട്ടില്‍ !

മേല്‍പ്പറഞ്ഞ പണ്ഡിതന്‍ കൈവയ്ക്കുന്ന ഒരു വിഷയം ഹൈന്ദവ, ബൌദ്ധ ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പ്രാചീനമായ ഒട്ടനവധി മതങ്ങളിലെ പ്രധാന വിശ്വാസങ്ങളിലൊന്നായ പുനര്‍ജ്ജന്മം ആണ്. അതു തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വകയൊന്നും കൈവശമില്ലെന്ന് ബോദ്ധ്യമുള്ള അദ്ദേഹം, അതൊക്കെ ചൂഷണത്തിന് വേണ്ടി സ്ഥാപിത താല്‍പ്പര്യക്കാര്‍ പടച്ചുണ്ടാക്കിയ ആശയങ്ങളാണെന്ന് സിദ്ധാന്തിക്കാന്‍ ശ്രമിക്കുന്നു. ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകരുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ് പാസ്റ്റ് ലൈഫ് റിഗ്രഷന്‍ തെറാപ്പി എന്നതും, അത് മനശാസ്ത്ര ചികിത്സാ രംഗത്ത് വന്‍ തോതില്‍ ഉപയോഗപ്പെടുത്തി വരുന്നു എന്നതുമൊന്നും അദ്ദേഹം അറിഞ്ഞ മട്ടില്ല. പൂര്‍വജന്മസ്മരണകള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന ഒട്ടനവധി സംഭവങ്ങള്‍ ആധുനിക പഠനങ്ങള്‍ക്ക് വിഷയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പല കേസുകളും ശാസ്ത്രജ്ഞന്‍മാര്‍ക്ക് മുന്നില്‍ ഇന്നും പ്രഹേളികകളായി നിലനില്‍ക്കുന്നു. അങ്ങനെയൊന്ന് ഇല്ല എന്ന് പറയാന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ ഇന്ന് തയ്യാറല്ല. ഡോ. ബ്രിയാന്‍ വേയിസ്സിന്‍റെ (Dr. Brian Weiss) “Many Lives, Many Masters” എന്ന ലോക പ്രശസ്ത ഗ്രന്ഥം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്.

ഈശ്വരനെ തന്‍റെ വിശ്വാസത്തിനും സങ്കല്‍പ്പത്തിനും അനുസരിച്ച് എങ്ങനെ വേണമെങ്കിലും ആരാധിക്കാം എന്ന ഭാരതീയ ദര്‍ശനമാണ് ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരാശയം. ശ്രീരാമകൃഷ്ണ പരമഹംസനും, വിവേകാനന്ദനും, രമണ മഹര്‍ഷിയും ഒക്കെ സ്വജീവിതങ്ങളിലൂടെ ഈയടുത്ത കാലത്തുപോലും പ്രയോഗിച്ചു സാക്ഷാത്കരിച്ചു കാട്ടിതന്ന ഈ സത്യം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത് സത്യത്തെക്കാളേറെ സ്വന്തം വിശ്വാസപ്രമാണങ്ങളോട് അന്ധമായ വിധേയത്വം പുലര്‍ത്തുന്നതു കൊണ്ടാണ്. ഈശ്വരാരാധന ഈശ്വരാന്വേഷണമാണ്. എല്ലാ അന്വേഷണവും അനുഭവത്തിലെത്തി ചേരുന്നതിനു വേണ്ടിയാണ്. അനുഭവത്തിലെത്തി ചേര്‍ന്നവന് വിശ്വാസത്തിന്‍റെ ഊന്നു വടി പിന്നീടൊട്ടു ആവശ്യമില്ല താനും. അതുവരെയും അവലംബമാക്കിയിരുന്ന വിശ്വാസങ്ങളുടെ പരിമിതികളും അപൂര്‍ണതകളും അനുഭവത്തോടെ അപ്രസക്തമായി തീരുന്നു. ഈ ലോക ജീവിതമാകുന്ന ഇന്ദ്രജാലത്തില്‍ നിന്നു പുറത്തു കടക്കുന്നതിനായി വിശ്വാസങ്ങളുടെ ഈ മന:ശാസ്ത്ര രഹസ്യത്തെ ഉപയോഗപ്പെടുത്തി വിജയം വരിച്ചവരായിരുന്നു ഭാരതീയ ഋഷിമാര്‍.

“ന തസ്യ പ്രതിമാ അസ്തി” (അവന് പ്രതിമ ഇല്ല) തുടങ്ങിയ വേദ മന്ത്രങ്ങളിലെ ചിലവരികളെ മാത്രം അടര്‍ത്തിയെടുത്ത്‌ അതിനപ്പുറവും ഇപ്പുറവും അനേകായിരം മന്ത്രങ്ങളിലൂടെ പറഞ്ഞിരിക്കുന്ന ആത്മതത്വത്തെ അല്‍പ്പവും സ്പര്‍ശിക്കാതെ, സാധാരണക്കാരെ വഴിപിഴപ്പിക്കുന്ന സംവാദ കുതന്ത്രത്തെ എന്തു പേരിട്ടാണ്‌ വിളിക്കേണ്ടത് ? ഋഗ്വേദം പറയുന്നു ….

ഇന്ദ്രം മിത്രം വരുണമഗ്നിമാഹു
രഥോ ദിവ്യസ സുപർണ്ണോ ഗരുത്മാൻ
ഏകം സത് വിപ്രാ ബഹുധാ വദന്ത്യ
ഗ്നിം യമം മാതരി ശ്വാനമാഹു :
“ഇന്ദ്രനും മിത്രനും വരുണനും അഗ്നിയും ഗരുഡനുമായി പറയുന്നത് ഒരേ മൂലതത്വത്തെ തന്നെയാണ് . ആ ഒരേ സദ്വസ്തുവിനെ തന്നെ വിദ്വാന്മാർ അഗ്നിയെന്നും യമനെന്നും മാതരിശ്വാവ് എന്നും പറയുന്നു.” തങ്ങളുടെ വിശ്വാസങ്ങളുടെ പ്രാമാണ്യം ഉറപ്പിക്കാന്‍ മറ്റു മതഗ്രന്ഥങ്ങളിലെ ചില വരികളെ മാത്രം അടര്‍ത്തിയെടുക്കാന്‍ നടക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢിവേഷം കെട്ടുകയല്ലേ ചെയ്യുന്നത് ? മറ്റു മതങ്ങളും സ്വര്‍ഗ്ഗത്തെ വാഴ്ത്തുന്നു (?) എന്നു പറഞ്ഞ് സ്വമത വിശ്വാസികളെയും, മറ്റുള്ള സാധാരണക്കാരെയും വഴിതെറ്റിക്കുന്നവര്‍, ഹിന്ദു ധര്‍മ്മം മാനവരാശിക്ക് ഉപദേശിക്കുന്ന മോക്ഷം എന്ന ആത്യന്തിക ലക്ഷ്യത്തെ കുറിച്ച് മൌനം പാലിക്കുന്നതെന്ത് ?

ആബ്രഹ്മ ഭുവനാല്ലോകാ:
പുനരാവര്‍ത്തിനോര്‍ജ്ജുന
മാമുപേത്യ തു കൌന്തേയ
പുനര്‍ജന്മ ന വിദ്യതേ (ഭഗവദ്ഗീത 8:16)
“ഹേ അര്‍ജ്ജുനാ, ഭൂലോകം മുതല്‍ ബ്രഹ്മ ലോകം വരെയുള്ള എല്ലാ ലോകങ്ങളും പുനരാവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ എന്നെ പ്രാപിച്ചാലാകട്ടെ പുനര്‍ജ്ജന്മം ഉണ്ടാകുന്നില്ല.” (ഏറ്റവും ഉയര്‍ന്ന ബ്രഹ്മലോകം വരെ പ്രാപിച്ചാലും പുനര്‍ ജന്മത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. ഭഗവാനെ നേടുന്നവര്‍ക്കൊഴികെ എല്ലാവര്‍ക്കും ജനന മരണ ദുഃഖം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു)
സ്വര്‍ഗ്ഗ പ്രാപ്തി എന്ന ലോട്ടറി ആത്യന്തികമായ ദുഃഖ നിവൃത്തി വരുത്തുന്നില്ല എന്ന കാര്യം പുരാണങ്ങളിലും, ഉപനിഷത്തുക്കളിലും, ഗീതയിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. എന്നാലും നിങ്ങളുടെ പുസ്തകത്തിലെ ഒന്നാം ചാപ്റ്റര്‍ മാത്രമേ ശരിയുള്ളൂ എന്ന വാദവുമായി നടക്കുന്നവരെ കുറിച്ച് എന്തു പറയാനാണ്. (കാരണം വ്യക്തം. ‘നമ്മുടെ’ പുസ്തകത്തില്‍ ആ ചാപ്റ്റര്‍ മാത്രമേ ഉള്ളൂ. അതിന് ബാക്കിയുള്ളവര്‍ എന്തു പിഴച്ചു ?)

സാര്‍വ്വ ലൌകികമാണ് ഈശ്വരാനുഭവം. വായുവും, സൂര്യപ്രകാശവും പോലെ ആര്‍ക്കും എപ്പോഴും എവിടേയും സുലഭമാണത്. അങ്ങനെയായിരിക്കണം. എങ്കിലും തങ്ങള്‍ക്ക് മാത്രമാണ് ഈശ്വരന്‍റെ Wholesale Dealership കിട്ടിയിട്ടുള്ളതെന്ന മട്ടിലുള്ള ബാലിശമായ അവകാശവാദങ്ങള്‍ പല തെമ്മാടിക്കൂട്ടങ്ങളും വച്ചു പുലര്‍ത്തുന്നു. അത്തരം അവകാശവാദങ്ങള്‍ ലോകത്തെ വീണ്ടും വീണ്ടും കലുഷിതമാക്കി കൊണ്ടിരിക്കുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു ആത്മകഥ ഓര്‍മ വരുന്നു. ‘ഒരു സാധകന്‍റെ സഞ്ചാരം’ എന്നും ‘സാധകന്‍ സഞ്ചാരം തുടരുന്നു’ എന്നും രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതി, അഹങ്കാരത്തിന്‍റെ തരിമ്പു പോലും ഏശാത്ത ശുദ്ധ മനസ്സിനുടമയായ ഒരു സാധാരണ ഭക്തന്‍റെ ഈശ്വരാന്വേഷണത്തിന്‍റെ കഥയാണ്. റഷ്യക്കാരനായ ഈ അജ്ഞാതന്‍ ആഴ്ച തോറുമുള്ള ബൈബിള്‍ ക്ലാസ്സുകളിലൊന്നില്‍ കേട്ടറിഞ്ഞ ഒരു ആത്മീയ തത്വത്തിന്‍റെ പൊരുള്‍ തേടി ഇറങ്ങുന്നു. അത് അദ്ദേഹത്തെ ഗുരുത്വം, വിനയം, ക്ഷമ, പ്രേമം, സത്യം തുടങ്ങിയ സാര്‍വ്വ ലൌകിക ഗുണങ്ങളിലേക്കും തുടര്‍ന്ന് അത്ഭുതകരമായ അന്തര്‍ ദര്‍ശനങ്ങളിലേക്കും നയിക്കുന്നു. മത ചട്ടക്കൂടുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും മനസ്സിലാക്കിയെടുക്കുന്ന ഇടുങ്ങിയതും, വികലവുമായ ആശയങ്ങളില്‍ നിന്നും എത്രയോ വ്യത്യസ്തമായി പ്രത്യക്ഷാനുഭവങ്ങളുടെ വിശാല ലോകത്തേക്ക് അദ്ദേഹം കടന്നു ചെല്ലുന്നു. ആ കൃതി നല്‍കുന്ന സാര്‍വ ലൌകികതയുടെ സന്ദേശം തന്നെയാണ് ഒരു ക്രിസ്ത്യന്‍ ഭക്തന്‍റെ അത്മീയാന്വേഷണത്തിന്‍റെ ഈ കഥയെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ഹൈന്ദവ മിഷണറി സംഘടനയായ ശ്രീരാമകൃഷ്ണമിഷന് പ്രചോദനമായത്. മതപരവും വിശ്വാസപരവുമായ അതിര്‍ വരമ്പുകള്‍ ഇവിടെ മാഞ്ഞു പോകുന്നു.

ഈശ്വരനെന്ന സാര്‍വ ലൌകികാനുഭവത്തെ സ്വജീവിതത്തിലൂടെ ഏറ്റവുമധികം പ്രകാശിപ്പിച്ചു കാട്ടിയ ഒരു മഹാപുരുഷനായിരുന്നു ഷിര്‍ദിയിലെ സായി ബാബ. പാഴടഞ്ഞ ഒരു മസ്ജിദില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ വാസം. വേഷവിധാനത്തിലും, പ്രവൃത്തികളിലും ഒരു മുസ്ലിം ഫക്കീറിന്‍റെ ലക്ഷണങ്ങള്‍. എന്നാല്‍ ജാതിമഹിമയുടെ കെട്ടുപാടുകളില്‍ ബന്ധിതരായിരുന്ന ഒട്ടനവധി യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്ക് ആ പാദങ്ങളില്‍ തങ്ങളുടെ ‘അഹത്തെ’ ബലിയര്‍പ്പിക്കേണ്ടി വന്നു ! ആടിന്‍ മാംസം ചേര്‍ത്ത പുലാവ് പാകം ചെയ്ത്‌ പ്രസാദമായി വിതരണം ചെയ്തിരുന്ന ആ ഫക്കീറിനെ അവര്‍ ഈശ്വരനും അവതാരവുമായി ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ച് ആരാധിച്ചു. ആത്മാനുഭവത്തിന്‍റെ പൂര്‍ണത മാത്രമാണ് ഈശ്വരന്‍ എന്ന ലളിത സത്യത്തില്‍ പ്രതിഷ്ടിതനായിരുന്ന അവിടുന്നാകട്ടെ സനാതനമായ ഈ ഈശ്വര-ഭക്ത ബന്ധത്തെ സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്തു. തങ്ങളുടെ ഗ്രന്ഥജ്ഞാനത്തെയും, ബൌദ്ധിക പരിമിതികളേയും അതിലംഘിക്കുന്നതാണ് ഒരു മഹാത്മാവിന്‍റെ സാക്ഷാത്കാരാനുഭവതലം എന്ന് ആ ജാത്യഭിമാനികള്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. സ്ഥലകാലങ്ങളുടെ പരിമിതികളെ ലംഘിച്ചു നില്‍ക്കുന്ന തന്‍റെ ആത്മബോധത്തിന്‍റെ ഒളിമിന്നലുകള്‍ ആ പാഴടഞ്ഞ മസ്ജിദിലിരുന്നു കൊണ്ട് അദ്ദേഹമവര്‍ക്ക് കാട്ടിക്കൊടുത്തു.

‘അള്ളാ മാലിക്ക്’ എന്നുച്ചരിച്ച്, ഭക്തരെ ആശീര്‍വദിച്ചിരുന്ന, മസ്ജിദ് വാസിയായ ബാബയെ, മുസ്ലിംകളും അകമഴിഞ്ഞ് വിശ്വസിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ഇടുങ്ങിയ മതാന്ധതയിലേക്ക് വീഴാന്‍ അദ്ദേഹമവരെ അനുവദിച്ചില്ല. ജന്മാന്തരങ്ങളിലൂടെ കടന്നു വരുന്ന ജീവന്‍റെ രഹസ്യങ്ങള്‍ ബാബയുടെ ദിവ്യവാണികളിലൂടെ അവര്‍ പഠിച്ചു. ഗുരു എന്ന സങ്കല്‍പ്പത്തെയും, അവതാരം എന്ന ആത്മീയ പ്രതിഭാസത്തെയും അവര്‍ അടുത്തറിഞ്ഞു. ആരാധനയ്ക്ക് വിഗ്രഹങ്ങളുടെയും, പ്രതീകങ്ങളുടെയും ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. ഏതു ദേവീ ദേവന്മാരുടെ നാമ-രൂപങ്ങളിലും രൂപരഹിതമായ തത്വമെന്ന നിലയ്ക്കും ആരാധിക്കപ്പെടുന്നത് ഒരേ ഒരു പരമാത്മാവ്‌ തന്നെയെന്നു വിനയപൂര്‍വ്വം അവര്‍ തിരിച്ചറിഞ്ഞു. പരിമിത ബുദ്ധികളായ തന്‍റെ ഭക്തന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയായിരുന്നു ബാബ ഈ അത്ഭുത പരിവര്‍ത്തനം സാധിച്ചത്. ആര്‍ക്കും ഒരിക്കലും ഉടമസ്ഥതയോ ഏജന്‍സിയോ അവകാശപ്പെടാന്‍ കഴിയാത്ത ഈശ്വരത്വത്തിന്‍റെ പ്രത്യക്ഷ പ്രകാശനമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

ക്വാണ്ടം ഫിസിക്സിന്‍റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്ക് മുതല്‍ CERN ലെ ശാസ്ത്രജ്ഞര്‍ വരെയുള്ളവര്‍ , ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും കേവലം ചൈതന്യ സംഘാതങ്ങള്‍ ആണെന്ന് സമര്‍ഥിക്കുന്നു. അതിവിശാലമായ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന ഐസു കട്ടകളെപ്പോലെ, അനന്തമായ ചൈതന്യ സമുദ്രത്തില്‍ വിഹരിക്കുന്ന, ആ ചൈതന്യം തന്നെ ഘനീഭവിച്ച വസ്തുക്കളാണ് എല്ലാം എന്ന തിരിച്ചറിവിലേക്ക് ശാസ്ത്രം മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ അര്‍ത്ഥമെന്താണ്? ‘തത്വമസി’ എന്ന ഭാരതീയ ദര്‍ശനം തന്നെ. എല്ലാം ഏകോദര സഹോദരങ്ങളാണെന്നു മാത്രമല്ല, എല്ലാം ഒന്നാണെന്ന് കൂടിയാണ്. ഒന്നിനുണ്ടാകുന്ന വേദനയും, നാശവും എല്ലാറ്റിനെയും ബാധിക്കുന്നു. “മറ്റെല്ലാറ്റിനെയും ഇല്ലായ്മ ചെയ്ത് ഞങ്ങള്‍ മാത്രം നിലനില്‍ക്കും” എന്നുള്ളത് വെറും മതഭ്രാന്തു നിറഞ്ഞ മൂഡ വിശ്വാസമാണ്. അത് ഒരിക്കലും ഈശ്വരേച്ഛ അല്ല.

================================================

Recommended Read ശ്രീരാമകൃഷ്ണലീലാമൃതം, ശ്രീസായിസച്ചരിതം.
കെ. കെ. ആര്‍.