മഴലഹരിയില്‍ പ്രണയവഴികളിലൂടെ :: ഗവി വനയാത്ര

—- ജയകൃഷ്ണൻ —–

10375156_801098876576358_3478673709542513047_n

അനുഭൂതിയുടെ അനന്തവിഹായസ്സെന്നൊക്കെ വേണമെങ്കില്‍ യാത്രകളെ വിശേഷിപ്പിക്കാം. ചില യാത്രകള്‍ ഈ നിമിഷം മനസ്സ് പറയുന്നതനുസരിച്ച് നടക്കുന്നതാണ്. സ്വപ്നങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും നാളെകളിലെക്കുള്ളവയാണ് മറ്റു ചിലത്. ഓര്‍മകളിലൂടെ പിന്നിലെക്കുള്ള യാത്രകള്‍ വേറെ. ഇത് തന്നെയല്ലേ മനുഷ്യജീവിതവും ??. ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളും നാളകളെപ്പറ്റി നെയ്തുകൂട്ടുന്ന സ്വപ്നങ്ങളും ഇന്നലകളെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളും. ഒരു പക്ഷെ അതായിരിക്കണം ജീവിതം ഒരു യാത്രയാണ് എന്നൊക്കെ പലരും ആലങ്കാരികമായി പറഞ്ഞുവെച്ചിട്ടുള്ളത്‌. യാത്ര.. യാത്രകള്‍.. ആ വാക്ക് തന്നെ മനസ്സില്‍ എന്തൊക്കെയോ വികാരങ്ങളുടെ വിത്തുകള്‍ പാകുന്നു. ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു . ഒരുപാട് നാളായി ആ പ്രദേശം എന്നെ വിളിക്കുകയായിരുന്നു. ഒരു സിനിമ കണ്ടതുകൊണ്ടാണോ അതോ ആ സ്ഥലപേരിനോടുള്ള കൗതുകം കൊണ്ടാണോ…?.. അല്ല…..

10383907_801097403243172_506633899114554521_n
ഗവിയെക്കുറിച്ച് കേട്ടപ്പോഴും പിന്നീട് അതിനെപ്പറ്റി അന്വേഷിക്കുമ്പോഴുമൊക്കെ അറിയുന്നത് കാടിനെപ്പറ്റിയും അവിടുത്തെ പ്രകൃതിയെപ്പറ്റിയും ഒക്കെയാണ് . മഴയും മഞ്ഞും കാടും കാറ്റുമൊക്കെ യാത്ര ഇഷ്ടപ്പെടുന്നവനെ ഭ്രാന്തുപിടിപ്പിക്കുന്നവയാണ്. മഞ്ഞുപുതച്ച വനപാതയിലൂടെ ഇടയ്ക്കിടെ പെയ്യുന്ന മഴയുടെ അകമ്പടിയില്‍ ഒരു യാത്ര. മനുഷ്യന്റെ കയ്യേറ്റം അധികം ഏല്‍ക്കാതെ ഇടുക്കി പത്തനംതിട്ട ജില്ലകളിലായി ശാന്തമായി വിഹരിക്കുന്ന ഒരു വനപ്രദേശം ഉപരിപഠനാര്‍ത്ഥം എരുമെലിക്കടുത്താണിപ്പോള്‍. അതുകൊണ്ട് തന്നെ തൊട്ടടുത്ത്‌ കിടന്നു ഗവി മോഹിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചായി. ആങ്ങമൂഴിയില്‍ നിന്നും കുമളിക്കുള്ള ഏകദേശം 100km വനപാതക്ക് ചുറ്റും വ്യാപിച്ചു കിടക്കുന്ന പ്രദേശം ആണ് ഗവി ഇക്കോടൂറിസം മേഖലയായി അറിയപ്പെടുന്നത്. പമ്പ റോഡില്‍ തുലാപ്പള്ളിയില്‍ നിന്നും കുറച്ചു മാറിയാണ് ആങ്ങമൂഴി എന്ന നാട്ടിന്‍പുറം. ഇതാണ് ഈ വനമേഖലയിലെക്കുള്ള പ്രവേശന കവാടം. ഇവിടെ ഒരു ചെക്ക്പോസ്റ്റുണ്ട്. അവധി ദിവസങ്ങളില്‍ 30 വാഹനങ്ങള്‍ക്കും മറ്റു ദിവസങ്ങളില്‍ 10 വാഹനങ്ങള്‍ക്കും ആണ് പ്രവേശനം. അതുകൊണ്ട് തന്നെ നേരത്തെ തന്നെ അവിടെ എത്തി സ്ഥാനം പിടിച്ചു. 8.30 മുതല്‍ക്കാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. ആ സമയത്തും ആങ്ങമൂഴി ശാന്തമാണ്. ഞങ്ങളെ പോലെയുള്ള യാത്രികരെ പ്രതീക്ഷിച്ചു കുറച്ചു ഹോട്ടലുകള്‍ തുറന്നിട്ടുണ്ട്. അടുത്ത സ്ഥലങ്ങളിലേക്കും മറ്റും ജോലിക്കായി പോകുന്നവരും സ്കൂള്‍ കുട്ടികളും ബസ് കാത്തുനില്‍ക്കുന്നു. അധികം ബസ് സര്‍വീസുകള്‍ ഒന്നും തന്നെ ഇല്ലെന്നു തോന്നുന്നു. കൂടെയുള്ള മൊത്തം ആളുകളുടെ എണ്ണം, കവറുകള്‍, കുപ്പികള്‍ തുടങ്ങി ചെക്പോസ്റ്റില്‍ വേണ്ട വിവരങ്ങള്‍ നല്‍കിയതിനു ശേഷം രാവിലത്തെ ഭക്ഷണവും കഴിച്ചു ആങ്ങമൂഴിയില്‍ നിന്നും യാത്ര ആരംഭിച്ചു. കൊടുത്ത കണക്കുകള്‍ തെറ്റിച്ചാല്‍ പണി കിട്ടും. തിരിച്ചിറങ്ങുന്ന സമയം എണ്ണത്തില്‍ കുറവുണ്ടായാല്‍ കവറും കുപ്പിക്കും ഒന്നിന് 500 എന്ന നിലയില്‍ ഈടാക്കും. കുത്തനെ കയറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനവും ചെറിയ കയറ്റത്തോടുകൂടി വളഞ്ഞും തിരിഞ്ഞും പോകുന്ന വഴിയും. കൂട്ടിനു ചെറിയ ചാറ്റല്‍ മഴയും. ആങ്ങമൂഴി വിട്ടതോടെ വീടുകള്‍ ഒക്കെ കാണാതായി. എതിരെ വണ്ടി വന്നാല്‍ വഴി കൊടുക്കുവാന്‍ അല്പം ബുദ്ധിമുട്ടും. K.S.E.B യുടെയും വനംവകുപ്പിന്റെയും വണ്ടികളും റൂട്ടില്‍ ഓടുന്ന കട്ട് പീസ്‌ K.S.R.T.C യും മാത്രമേ എതിരെ വരൂ. തുടക്കത്തില്‍ നല്ല റോഡായിരുന്നു. പിന്നീടങ്ങോട്ട് കയറുംതോറും സ്വന്തം വാഹനത്തോട് സഹതാപം തോന്നുക സ്വാഭാവികം. മൊബൈല്‍ ബന്ധങ്ങളും കുറഞ്ഞു കുറഞ്ഞു വന്നു തീരെ ഇല്ലാതായി.

 

പ്രകൃതി വിരുന്നൊരുക്കി കാത്തിരിക്കുന്ന പോലെ. വഴിയിലേക്ക് കുമ്പിട്ടു നിന്നും , മഞ്ഞുത്തുള്ളികള്‍ പെയ്യിച്ചും, ഇടയ്ക്കിടെ തോട്ടുതലോടിയും ഈറ്റക്കാടുകളും, വന്മരങ്ങളും, വള്ളിപ്പടര്‍പ്പുകളും ഞങ്ങളെ വരവേറ്റു. എപ്പോള്‍ വേണമെങ്കിലും വഴിമുടക്കുവാന്‍ പാകത്തില്‍ ആണ് ചില മരങ്ങളുടെ നില്‍പ്പ്. വെളിച്ചം ഏറിയും കുറഞ്ഞും നില്‍ക്കുന്നു. പുറം ലോകവുമായും ഒരു ബന്ധം നഷ്ടപ്പെട്ട പോലെ. അതല്ലെങ്കിലും അങ്ങനെയൊരു തോന്നല്‍ ആണ്. വഴിയില്‍ ഇറങ്ങി നിന്ന് എല്ലാവരില്‍ നിന്നും കുറച്ചു മാറി കണ്ണടച്ച്, ചെവി കൂര്‍പ്പിച്ചു ചെറിയ ഇലയനക്കവും, ചെറു പ്രാണികളുടെ ശബ്ദവും മാത്രം ശ്രദ്ധിച്ചാല്‍ നമ്മള്‍ വേറേതോ ലോകത്തെത്തിയ പോലെ അനുഭവപ്പെടും. അകലേക്ക്‌ വഴി കാണുവാന്‍ കഴിയില്ല. അടുക്കല്‍ എത്തുമ്പോള്‍ മാത്രമാണ് വഴി തെളിഞ്ഞു കിട്ടുന്നത്. അതുകൊണ്ട് തന്നെ സാവധാനത്തിലാണ് ഞങ്ങളുടെ യാത്ര. ഈ വനത്തിനുള്ളില്‍ അഞ്ചു ഡാമുകള്‍ ഉണ്ട്. അതിലൊന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗവും. അങ്ങകലെ മലമടക്കുകളില്‍ അതിന്റെ പെന്‍സ്ടോക്ക് കാണാം. മൂഴിയാര്‍ ഡാമിലെക്കാണ് ആദ്യം പ്രവേശിക്കുന്നത്. ഡാമിന് മുകളിലൂടെ യാത്ര. ഡാമിലെ വെള്ളം മുഴുവന്‍ അറ്റകുറ്റപണികള്‍ക്കായി ഒഴുക്കി വിട്ടിരിക്കുകയാണ്. നിറഞ്ഞ ഡാമുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇങ്ങനെ ഒരു ദൃശ്യം ഇതാദ്യം. ഞങ്ങള്‍ക്ക് മുന്നേ പുറപ്പെട്ടവര്‍ അവിടെ കാഴ്ചകള്‍ കണ്ടു നില്‍പ്പുണ്ട്. ചിലര്‍ ചെറിയ കുട്ടികളെ ഓടിപ്പോകാതെ പിടിച്ചു നിറുത്തിയിരിക്കുന്നു. K.S.E.B ഉദ്യോഗസ്ഥര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. വെള്ളമില്ലെങ്കില്‍പോലും ഡാമിന്റെ അടിത്തട്ടില്‍ വരെ കണ്ണെത്തിച്ചാല്‍ ഒരു ഭീകരത അനുഭവപ്പെടും. കുറച്ചാളുകള്‍ അതിനുള്ളില്‍ ഇറങ്ങി ചില പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പോക്കറ്റിനുള്ളില്‍ നിന്നും മൊബൈല്‍ ക്യാമറ എടുത്ത എന്നെ അടുത്ത് നിന്ന ഉദ്യോഗസ്ഥന്‍ ശകാരിച്ചു. ഇവിടെ ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ല. ഡാമിന് മുകളിലൂടെ നടന്നു മറുവശത്ത് എത്തിയപ്പോഴേക്കും ഡ്രൈവര്‍ ചേട്ടന്‍ വണ്ടി റെഡിയാക്കി നിറുത്തിയിരുന്നു. അല്‍പനേരം കൂടി ഡാമിന്റെ റിസര്‍വോയര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നെയതെങ്ങോട്ടോ മാഞ്ഞു. അടുത്തത് കാക്കി ഡാം. രൂപത്തിലും ഭാവത്തിലും മൂഴിയാറിനു സമാനം. ജലസേചന ആവശ്യങ്ങല്‍ക്കായിട്ടാണ് ഈ ഡാമിലെ വെള്ളം ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരു സ്വിഫ്റ്റ് കാര്‍ പോകുന്നുണ്ട്. ഞാന്‍ നിന്നെ ഉപദ്രവിക്കില്ല അതുകൊണ്ട് നീ എന്നെയും ഉപദ്രവിക്കല്ലേ എന്ന മട്ടില്‍ ആണ് റോഡെന്ന് പറയാവുന്നിടത് കൂടി അതിന്റെ യാത്ര. ശെരിയാണ്. വഴിയില്‍ എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ കുടുങ്ങിയത് തന്നെ. ഒന്നുകില്‍ വണ്ടിയെ ഒന്ന് ഒടിച്ചെടുക്കുവാന്‍ ഉള്ള ഞോടുക്ക് വിദ്യകള്‍ സ്വയം അറിയണം. അല്ലെങ്കില്‍ പിറകിലോ മുന്നിലോ ഉള്ള അടുത്ത എയ്ഡ് പോസ്റ്റ്  വരെ നടക്കണം.

ഇടതൂര്‍ന്നു നില്‍ക്കുന്ന വനത്തിനിടയില്‍ ചവിട്ടി മെതിക്കപ്പെട്ട പ്രദേശങ്ങള്‍ കാണാം. കാല്പാടുകളും. ആന കയറിയിറങ്ങി പോയതാണ്. വഴിയില്‍ പല ഭാഗത്തും ആനപ്പിണ്ടവും ഉണ്ട്. പക്ഷെ ഒന്നിനെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ അവര്‍ നമ്മുടെ സഞ്ചാരസമയം മനസ്സിലാക്കിയിരിക്കണം. അല്പം പേടിയോടെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു എങ്കില്‍ ഒന്നിനെയെങ്കിലും കണ്ടേനെ എന്ന് ഡ്രൈവര്‍ ചേട്ടന്‍ പറയുന്നു. എന്നാലും ഓരോ വളവു തിരിയുമ്പോളും പ്രതീക്ഷയോടെ ഞങ്ങള്‍ യാത്ര തുടരുന്നു. വിശപ്പും ദാഹവും ക്ഷീണവും ഒന്നും തന്നെ ഞങ്ങളെ ബാധിക്കുന്നില്ല. പ്രകൃതി അതൊന്നും ഞങ്ങളെ അറിയിക്കുന്നില്ല എന്ന് പറയുന്നതാകും ശെരി.

 1907375_801097649909814_8490645138698096176_n

വനത്തിനു കട്ടി കൂടിവരികയാണ്. കോരിച്ചൊരിയുന്ന മഴ. പ്രകൃതി തിമിര്‍ത്ത് ആടുകയാണ്. ഞങ്ങള്‍ എല്ലാവരിലേക്കും മഴയുടെ ലഹരി പകര്‍ന്നു കഴിഞ്ഞു. വനത്തിനുള്ളില്‍ മഴയ്ക്ക് ഒരു ശബ്ദം, ഒരു ഗൗരവഭാവം. മൊട്ടക്കുന്നുകളില്‍ അതിന്റെ ഭാവവും ശബ്ദവും വേറെ. ഓരോ ഇലകളില്‍ വീഴുന്ന മഴതുള്ളികള്‍ക്കും ഓരോ ശബ്ദം. നിലത്തുപതിക്കുന്നതിനു വേറൊന്നു. എല്ലാ ശബ്ദവും ശരിയാംവണ്ണം സംവിധാനം ചെയ്ത പോലെ. മഴത്തുള്ളികള്‍ നിറഞ്ഞ ജനാലചില്ലുകളിലൂടെ താഴ്വരകളുടെ ദൃശ്യം അപാരം. മരച്ചില്ലകളെ തൊട്ടു തലോടി ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികള്‍. കാടിന്റെ വന്യതയില്‍ നിന്നും ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന മൊട്ടക്കുന്നുകള്‍. അങ്ങകലെ കുന്നുകളില്‍ മഴ പെയ്യുന്ന ദൃശ്യം. പച്ചയണിഞ്ഞ കുന്നുകളെ വെള്ള പുതപ്പിക്കുന്ന കാഴ്ച. ശബ്ദവും ദ്രിശ്യങ്ങളും കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് പ്രകൃതി. കാലവര്‍ഷത്തിന്റെ വരവ് അവര്‍ ആഘോഷിക്കുകയാകാം. ഇളകിയാടുന്ന മരച്ചില്ലകള്‍ റോഡിലേക്ക് കുമ്പിട്ടു വന്നു അതെ വേഗത്തില്‍ തിരികെ പോകുന്നു. മഞ്ഞണിഞ്ഞ മൊട്ടക്കുന്നുകളില്‍ കാറ്റിന്റെ തലോടല്‍ ഏറ്റു നില്‍ക്കാന്‍ നല്ല രസമാണ്. എല്ലാവരുടെയും മുടികളില്‍ കുഞ്ഞു കുഞ്ഞു മഴത്തുള്ളികള്‍ വന്നു നിറഞ്ഞു മുടികളില്‍ ഒരു തിളക്കം. പ്രകൃതിയെ അനുഭവിച്ചറിഞ്ഞു അതിനുള്ളിലൂടെ നടക്കുമ്പോള്‍ മനസ്സ് പ്രണയാര്‍ദ്രമാകുന്നു. എല്ലാ പ്രണയ ഭാവനകളും മനസ്സില്‍ മഴയായ് വന്നു നിറയുന്ന പോലെ. പ്രകൃതി മാതാവിന്റെ സൂക്ഷ്മമായ ചലനങ്ങള്‍, ദ്രിശ്യ ഭാവങ്ങള്‍, നാദവിസ്മയങ്ങള്‍. അവയെല്ലാം അനുഭവിച്ചറിയുക തന്നെ വേണം.

keralatourismmaps.com

തുടക്കത്തില്‍ അങ്ങകലെ കണ്ട പെന്‍സ്റൊക്കിനരികില്‍ ഞങ്ങള്‍ എത്തി. ഒരാള്‍ക്ക്‌ വട്ടം ചുറ്റി പിടിക്കാവുന്നതിനേക്കാള്‍ എത്രയോ വലുതാണ്‌ അത്. അതങ്ങനെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നു. കുറെയേറെ പ്രദേശത്തിന് വെളിച്ചം പകരുവാന്‍. ഇടയ്ക്കിടെ വലിയ ടവറുകള്‍ കാണാം. ഒന്ന് ഒരു കുന്നില്‍ ആണെങ്കില്‍ അടുത്തത് മറ്റേ കുന്നില്‍. ഇതൊക്കെ എങ്ങനെ ഇവിടെ സ്ഥാപിക്കുന്നു..?.. ഇതിനു രണ്ടിനും ഇടയില്‍ കണ്ണെത്താ ദൂരത്തില്‍ കിടങ്ങുകള്‍ ആണ്. എന്നിട്ടും ഇതിനിടയില്‍ എങ്ങനെ ആണ് ഈ കമ്പികള്‍ വലിക്കുന്നത്…??.. കൂടെയുണ്ടായിരുന്ന ഇലെക്ട്രിക്കല്‍ എന്‍ജിനിയര്‍ ഇതുപോലെ പല ചോദ്യശരങ്ങള്‍ക്കു വിധേയനായി. അവനൊരാള്‍ ഉള്ളതുകൊണ്ട് മാത്രം ചോദ്യം ഒഴിവായിപ്പോയല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഉള്‍പ്പെടെ മറ്റുള്ളവരും..

1383992_801097819909797_843387143419783179_n
ഇനി ആനത്തോട് ഡാമിലേക്ക്. ആനയിറങ്ങുന്ന പ്രദേശമാണോ എന്തോ ..? വീണ്ടും പ്രതീക്ഷ. മഞ്ഞു മൂടിയ ഡാമും പരിസരവും. കൂട്ടത്തിലെ വമ്പന്‍ ഇവന്‍ ആയിരുന്നു. ഒരറ്റത്ത് നിന്നാല്‍ മറ്റേ അറ്റത്തെ കാഴ്ച അങ്ങകലെ എന്ന പോലെ തോന്നുന്നു. ആനത്തോട് ഡാമിനുള്ളിലെ കാഴ്ച ആയിരുന്നു അപാരം. വെള്ളം ഒഴുക്കിവിട്ടതിനാല്‍ അടിഭാഗം കാണാം. ഡാമിനുള്ളില്‍ കുന്നുകള്‍. ജലനിരപ്പ്‌ താഴ്തുംപോളും ഉയര്‍ത്തുംമ്പോളും പുതിയ പ്രദേശങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നും ഇല്ലാതാകുന്നു എന്നും നമുക്ക് കാണാം.

എല്ലാ ഡാമുകള്‍ക്കരികിലും ചെറിയൊരു എയ്ഡ് പോസ്റ്റ്  ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പലരും അവിടെത്തന്നെയാണ് താമസം. ഇടയ്ക്കു കുമളിയില്‍ നിന്നും പത്തനംതിട്ടക്കുള്ള K.S.R.T.C എതിരെ വന്നു കടന്നു പോയി. ബസില്‍ അധികം ആളുകള്‍ ഒന്നും ഇല്ല. വാഹനങ്ങള്‍ കൂടുന്നത് മൃഗങ്ങളുടെ യഥെഷ്ടമുള്ള യാത്രയെ തടസ്സപ്പെടുത്തുന്നുണ്ടാകം. ഒന്ന് ഇരുന്നു ആലോചിച്ചാല്‍ ഈ സര്‍ക്കാര്‍ വാഹനത്തെ തന്നെ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിച്ചേക്കാം. വാഹനങ്ങള്‍ കുറയ്ക്കുവാന്‍ സാധിച്ചാല്‍ ഒരു പക്ഷെ ധാരാളം മൃഗങ്ങളെ കണ്ടെക്കാന്‍ ഇടയുണ്ട്.

ഇനിയുമുണ്ട് രണ്ടു ഡാമുകള്‍ കൂടി. കൊച്ചുപമ്പയും ഗവിയും. ഇതിനിടയില്‍ എപ്പോഴോ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക്‌ ഞങ്ങള്‍ പ്രവേശിച്ചു. ചില sign ബോര്‍ഡുകള്‍ പിഴുതെറിഞ്ഞ നിലയില്‍ ആണ്. മലമടക്കുകളില്‍ അവിടവിടെയായി മാനുകളെ കാണാം. കാട്ടുപോത്തുകള്‍ വന്നു നില്‍ക്കാറുള്ള സ്ഥലമാണെന്നും പറഞ്ഞു കേള്‍ക്കുന്നു. എങ്ങോട്ടെക്കെന്നില്ലാതെ കുറെ വഴികള്‍ക്ക് തുടക്കമിടുന്നുണ്ട്. ഒരു പക്ഷെ ജീപ്പ് ആയിരുന്നേല്‍ കയറിയേനെ. ചില വഴികള്‍ സര്‍ക്കാര്‍ തന്നെ യാത്ര മുടക്കി വെച്ചിരിക്കുന്നു.

images (38)

കൊച്ചുപമ്പ ഡാമിന് മുകളിലൂടെ യാത്രയില്ല. അതിനരികിലൂടെയാണ് നമ്മള്‍ പോവുക. ഏറെ പ്രശസ്തമായ ഗവിയിലേക്ക് എത്തുകയാണ് നമ്മള്‍. ആസിഫലി ചാടിയ ഡാം എന്ന് കൂടെയുള്ള ആരോ പറഞ്ഞു. കുറച്ചു ജനവാസം ഉള്ള സ്ഥലം ആണ് ഗവി. പണ്ടെപ്പോഴോ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ വംശജരും ഇവിടെ ഉണ്ട്. K.S.E.B വക കാന്റീനും ഒരു ചെക്പോസ്ടും ഒരു സ്കൂളും. പേരില്‍ കവിഞ്ഞൊരു പ്രത്യേകതയൊന്നും നേരില്‍ കാണുന്നില്ല. കഴിഞ്ഞുപോയ കാഴ്ചകള്‍ വെച്ച് നോക്കുമ്പോള്‍ ഗവി കുഞ്ഞനാണ്. പക്ഷെ ഇതെല്ലാം അറിയപ്പെടുന്നത് ഗവിയുടെ പേരിലും. ഇനി കുമളിക്കടുത്തു വള്ളക്കടവില്‍ എത്തുന്നതോടെ ഈ യാത്ര അവസാനിക്കുകയാണ്. രാവിലെ എട്ടര മണിയോടെ തുടങ്ങിയതാണ്‌ ഈ യാത്ര. കണ്ടു ഇറങ്ങുമ്പോള്‍ നേരം നാലിനോടടുക്കുന്നു. അതായത് നൂറിനടുത്ത്‌ കിലൂമീട്ടറുകള്‍ താണ്ടാന്‍ എടുത്ത സമയം ഏഴു മണിക്കൂര്‍. സര്‍കാരിന്റെ വക ചില യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത് പക്ഷെ കുമളിയില്‍ നിന്നാണ് തുടക്കം. ഗവിയില്‍ അവസാനിപ്പിക്കുകയും ചെയ്യും. നമ്മള്‍ വന്ന വഴിയിലൂടെ തിരികെ യാത്ര അനുവദിക്കില്ല. തിരിച്ചിറങ്ങുമ്പോള്‍ നേരത്തെ പറഞ്ഞ പോലെ ഒരു കണക്കെടുപ്പ് കൂടിയുണ്ട്. പ്ലാസ്റ്റിക്ക് തുടങ്ങിയ ഒന്നും വനത്തില്‍ ഉപേക്ഷിക്കാതിരിക്കുവാന്‍ ആണ് ഇത്തരം മുന്‍കരുതലുകള്‍.

ഓര്‍ഡിനറി എന്ന സിനിമയാണ് ഗവി എന്ന പ്രദേശത്തിന് ഇത്രയും പ്രചാരം നല്‍കിയത്. എന്നാല്‍ വാഗമണ്‍ കണ്ട ഒരാള്‍ക്ക്‌ സിനിമയിലെ കൂടുതല്‍ പ്രദേശങ്ങളും എവിടെ ആണെന്ന് മനസ്സിലാക്കാം. ഗവിയുടെ രഹസ്യങ്ങള്‍ ഇനിയും ബാക്കിയാണ്. കാട്ടിനുള്ളില്‍ ഞങ്ങള്‍ വന്ന പാതയില്‍ നിന്നും തുടങ്ങുന്ന കാട്ടുവഴികള്‍ എങ്ങോട്ടെത്തുന്നു..?.. ആ കാഴ്ചകള്‍ എന്തൊക്കെ ആകാം ??..

തിരിച്ചിറങ്ങുമ്പോള്‍ ഒരു വിഷമം മാത്രം. കണ്ണുകള്‍ക്ക്‌ ചിത്രങ്ങള്‍ എടുക്കുവാനായിരുന്നെങ്കില്‍..