ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്

13096028_1703062969981765_928427684088615637_n

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓരോ വർഷവും ക്ഷേത്രോത്സവങ്ങൾ തുടങ്ങുമ്പോൾ മുതൽ തന്നെ, എഴുന്നള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രസ്താവനകളും പ്രചാരണങ്ങളും കാണാറുണ്ട്‌. ലോകപ്രസുദ്ധമായ തൃശ്ശൂർ പൂരം അടുക്കുന്നതോടെ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും.

ഉത്സവങ്ങൾക്ക് ദേവനെ അല്ലെങ്കിൽ ദേവിയെ എഴുന്നള്ളിക്കാൻ ആനകളെ വേണമെന്നില്ലെന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞതായി ഒരു വാർത്ത 2012 മെയ്‌ മാസക്കാലത്ത് കാണുകയുണ്ടായി. അതിനെ സാധൂകരിച്ച് Dr. എൻ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത്തുക്കൾ പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകളും വായിക്കുകയുണ്ടായിട്ടുണ്ട്.

ആനകളെ എഴുന്നള്ളിക്കുന്നതിനു എതിരെയുള്ള ഏറ്റവും ശക്തമായ വാദഗതി, തന്ത്ര ശാസ്ത്രത്തിലും വേദോപനിഷത്തുക്കളിലും ഒന്നും ആനകളെ ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ല എന്നത് തന്നെയാണ്. ക്ഷേത്രങ്ങൾ വേണമെന്നോ, ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ വേണമെന്നോ തന്ത്ര ശാസ്ത്രത്തിലും വേദോപനിഷത്തുക്കളിലും പറഞ്ഞിട്ടുണ്ടോ, ആവോ. എന്തായാലും തങ്ങൾ ആനപ്പുറത്തു എഴുന്നള്ളില്ലാ, രഥത്തിലോ കുതിരപ്പുരത്തോ എഴുന്നള്ളിക്കൊള്ളാം എന്ന് ഏതെങ്കിലും ദേവി-ദേവന്മാർ പറഞ്ഞിട്ടുള്ളതായി അറിവില്ല.

ഉത്സവങ്ങൾക്ക് ആനകളെ ഉപയോഗിക്കുന്നത് ഇക്കാരണങ്ങൾകൊണ്ടൊന്നുമല്ല. ദേവന്മാരും ദേവിമാരും ആനപ്പുറത്തെ എഴുന്നള്ളൂ എന്നും എവിടെയും പറഞ്ഞിട്ടില്ല. അതാതു ദേശങ്ങളിലെ ജനങ്ങളുടെ ആഗ്രഹം അനുസരിച്ചു മാത്രമാണ് ആനകളെ ഉപയോഗിക്കുന്നത്. ഹിന്ദുക്കളുടെ അത്തരം ഉത്സവങ്ങൾ ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടു ഉത്ഭവിച്ചവയായതുകൊണ്ടാണ് അവയിൽ ദേവനെ എഴുന്നള്ളിക്കലും മറ്റു ആചാരങ്ങളും ഉണ്ടായത്. ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പിനു ഏറ്റവും അധികം പ്രാധാന്യം കൽപിക്കുന്നത്‌ പഴയ കൊച്ചി രാജ്യത്താണ്.

രണ്ടു വർഷത്തോളം മുൻപ് മാതൃഭൂമി പത്രത്തിലെ ഒരു ലേഖനത്തില്‍ വായിക്കുകയുണ്ടായി, കഴിഞ്ഞ നാല് പതിറ്റാണ്ടുകളില്‍(2012 വരെയുള്ള 40 കൊല്ലം) ആനകള്‍ വിരണ്ടു 401 പേര്‍ മരിച്ചതായിട്ടു. അതെ സമയം, 2000 മുതല്‍ 2011 വരെയുള്ള 12 വര്‍ഷക്കാലത്ത് റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 40534 ആണെന്ന് പൊലിസ് രേഖകൾ പറയുന്നു. അതായത് 40 വർഷങ്ങള്ളിൽ ആനകൾമൂലം മരിച്ചവരുടെ ഏതാണ്ട് നൂറു മടങ്ങ് മരണം വെറും 12 വർഷങ്ങൾക്കുള്ളിൽ റോഡപകടങ്ങളില്‍ നടന്നിട്ടുണ്ട്, എന്ന്. എങ്കിലും റോഡില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിക്കുന്നില്ലല്ലോ. അപകടങ്ങൾ എത്രയുണ്ടായാലും ശരി, വാഹനങ്ങൾ ഓടിച്ചുകൊള്ളണം എന്ന് നിയമം ഒന്നുമുള്ളതായി കേട്ടിട്ടില്ല. ഇത്രത്തോളം അപകടങ്ങൾ വരുത്തുന്ന വാഹന ഉപയോഗം എന്തുകൊണ്ട് നിരോധിക്കുന്നില്ല?

ഇക്കാലത്ത് ഉത്സവങ്ങളുടെ എണ്ണവും ഓരോ ഉത്സവത്തിനും ഉപയോഗിക്കുന്ന ആനകളുടെ എണ്ണവും കൂടിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രമേ ആനകളെ ഉപയോഗിക്കുമായിരുന്നുള്ളു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. അന്യ മതസ്ഥരും തങ്ങളുടെ ഉത്സവങ്ങള്‍ക്ക് ആനകളെ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. അതിനും പുറമേ ആനകളെ പിടിക്കുന്നതിലും പുറത്തുനിന്നു കൊണ്ടുവരുന്നതിലും വന്ന നിയന്ത്രണങ്ങള്‍ മെരുക്കപ്പെട്ട ആനകളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്യുന്നുണ്ട്. ഇതോടെ, നാട്ടാനകളുടെ ജോലിഭാരം കൂടി അവ അസഹിഷ്ണുക്കളാകുന്നു. അതിനും പുറമേ, മുൻകാലങ്ങളിൽ വെറും മൺ നിരത്തിലൂടെ നടന്നുകൊണ്ടിരുന്ന ആനകൾക്ക് ഇപ്പോൾ അതിനെക്കാളൊക്കെ വളരെ ചൂടുള്ള ടാറിട്ട റോഡുകളിലൂടെ നടക്കേണ്ടി വരുന്നു. അതിനു പരിഹാരമായി അഭിനവ മൃഗസ്നേഹികൾ തന്നെയാണ് ആനകളെ ലോറിയിൽ കയറ്റി കൊണ്ടുപോകുന്ന ഏർപ്പാട് സർക്കാരിന്റെ നിയമങ്ങളിൽ ഉണ്ടാക്കിയത്. എന്നിട്ട് അതും ആനകൾക്ക് വിശ്രമം ഇല്ലാത്ത അവസ്ഥ ഉണ്ടാക്കാൻ സഹായിക്കുന്ന പുരോഗമനം ആയി മാറി. ഈ മൃഗസ്നേഹികളുടെ ബഹളം ഇല്ലായിരുന്നെങ്കിൽ ലോറിയിൽ കയറ്റി ആനകളെ ബുദ്ധിമുട്ടിക്കില്ലായിരുന്നു. പിന്നെ, കാലാവസ്ഥയില്‍ വന്ന വ്യതിയാനങ്ങളും ആനകളുടെ സ്വഭാവത്തെ സാരമായി സ്വാധീനിക്കുന്നുണ്ട് എന്നും കരുതാവുന്നതാണ്. ആനകള്‍ പ്രകോപിതരാകുന്നതിനു അധികമാരും ശ്രദ്ധിക്കാതെപോകുന്ന ഒരു കാരണമുണ്ട്. ആനകള്‍ തികച്ചും സസ്യഭുക്കുകളാണ്. പക്ഷെ അവയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഇറച്ചിയും മീനും മറ്റും ചോറിനകത്ത് പൊതിഞ്ഞു കൊടുക്കാറുണ്ടത്രേ. അങ്ങിനെ, ശരീരശക്തി വര്‍ധിച്ച ആനകള്‍ ചിലപ്പോള്‍ അക്രമകാരികള്‍ ആകുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

Thrissur_Pooram_Old_Photo

 തൃശൂര്‍ ജില്ലയുടെ അഭിമാനമായ ഒരു പരിപാടിയാണ്, 1433 വര്‍ഷം പഴക്കമുള്ള, ആനപ്പൂരം എന്നും ദേവസംഗമം എന്നും കേള്‍വികേട്ട ആറാട്ടുപുഴ പൂരവും മേളപ്പൂരം എന്നറിയപ്പെടുന്ന പെരുവനം പൂരവും മറ്റു അനുബന്ധ പൂരങ്ങളും. എന്‍റെ കുട്ടിക്കാലത്ത്, ആറാട്ടുപുഴ പൂരത്തിന് കൂട്ടി എഴുന്നള്ളിപ്പില്‍ 101 ആനകളെവരെ അണി നിരത്തി കണ്ടിട്ടുണ്ട്. അതുപോലെ തൃശൂര്‍ നഗരത്തിന്‍റെ അഭിമാനം എന്ന് പറഞ്ഞാൽ പോര, അഹങ്കാരമാണ് എന്ന് തന്നെ പറയാം, വെടിപ്പൂരം എന്ന് പ്രസിദ്ധമായതും , ലോകപ്രശസ്തമായിത്തീര്‍ന്നതുമായ തൃശൂര്‍ പൂരം. ഇവിടങ്ങളിലെല്ലാം വരുന്ന കാഴ്ചക്കാരില്‍ ഭൂരിഭാഗം പേരും വരുന്നത് ഭംഗിയായി അലങ്കരിച്ചു നിര്‍ത്തുന്ന ആനകളെ കാണാന്‍ വേണ്ടിത്തന്നെയാണ്. ആനകളെ എഴുന്നള്ളിക്കുന്നത് ദേവ പ്രീതിക്കെന്നതിനെക്കാളേറെ ഒരു പ്രദര്‍ശനം എന്ന നിലയില്‍ തന്നെയാണ്. ആചാരങ്ങളും കൂടിചേര്‍ന്നപ്പോള്‍ അതിനൊരു ദൈവിക പരിവേഷം വന്നുവെന്നെയുള്ളു. തൃശൂര്‍ പൂരത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം സര്‍വാലങ്കാര ഭൂഷിതരായ പതിനഞ്ചു വീതം ഗജവീരന്മാര്‍ മുഖത്തോട് മുഖം നോക്കി നടത്തുന്ന കുടമാറ്റം തന്നെയാണ്.

പെരുവനം നടവഴിയില്‍ ഓരോ ക്ഷേത്രത്തിന്‍റെ പൂരത്തിനും ഏഴു ആനകള്‍ വീതം വയറുകള്‍ കൂട്ടിമുട്ടുന്നവിധം അടുത്താണ് നില്‍കാറുള്ളത്. എങ്കിലും അവിടെ ആന ഇടഞ്ഞു അപായം ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ വളരെ വിരളമാണ്. ഇപ്പോഴത്തെ നിയമം അനുസരിച്ചു, ആനകള്‍ തമ്മില്‍ 5 മീറ്റര്‍ അകലം വേണമെന്നുണ്ട്. കാട്ടാനക്കൂട്ടങ്ങള്‍ ഈ നിയമം പാലിക്കാറുണ്ടോ ആവോ.

1620662_773063032706590_4063900561300302731_nഈ വർഷത്തെ, 18 ദിവസത്തോളം നീണ്ടുനിന്ന പെരുവനം ഗ്രമോത്സവങ്ങളിലും തൃശൂർ പൂരത്തിന് ഏതാണ്ട് നൂറോളം ആനകളെ വേണ്ടിവന്നതായാണ് വാർത്ത കണ്ടത്. ഇവിടെയൊന്നും ആനകൾ ഇടഞ്ഞു സാരമായ എന്തെങ്കിലും അപകടം ഉണ്ടായിട്ടില്ല. ഗുരുവായൂർ ഉത്സവത്തിന് ആനയോട്ടം വളരെ പ്രസിദ്ധമാണ്. എന്നാൽ അവിടെയും ആന ഇടഞ്ഞു അപകടം ഉണ്ടായതായി കേട്ടിട്ടില്ല.

ആനകളെ പൈതൃക മൃഗമായി കണക്കാക്കി പ്രത്യേകം രക്ഷിക്കണമെന്ന രംഗരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വന്നതിന്‍റെ പിറ്റേ ദിവസം തന്നെ, ആസ്സാമില്‍ 7 കാട്ടാനകള്‍ ഓടുന്ന തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായി വാർത്ത വായിക്കുകയുണ്ടായി. കേരളത്തില്‍ തന്നെ വയനാട്ടിലും അതിരപ്പിള്ളിയിലും നിലമ്പൂരിലും മലക്കപ്പാറയിലും മറ്റും കാട്ടാനകള്‍ വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതായി കൂടെക്കൂടെ വാർത്തകള്‍ വരാറുണ്ട്. അവയെല്ലാം ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നതുകൊണ്ടോ പാപ്പാന്മാര്‍ ഉപദ്രവിക്കുന്നതുകൊണ്ടോ ആണോ ഇടയുന്നത്‌?

 

12990907_10205301866856573_4247757715129700882_nരണ്ടുമൂന്നു വർഷങ്ങൾക്കു മുൻപ്  പത്രങ്ങളിൽ  വന്ന ഒരു കാട്ടാനയുടെ ചിത്രം ഉണ്ടായിരുന്നു. വെള്ളവും ഭക്ഷണവും കിട്ടാതെ മെലിഞ്ഞുണങ്ങിയ ഒരാന. വെള്ളവും ഭക്ഷണവും കിട്ടാൻ വേണ്ടി നാട്ടിലേക്ക് വഴിതെറ്റി വന്ന ഒരു കാട്ടാനയായിരുന്നു അത്. അതിനെക്കാളൊക്കെ എത്രയോ ആരോഗ്യം ഉള്ളവയാണ് നാട്ടാനകൾ. മിക്കവാറും ആന ഉടമകൾ അവരുടെ ആനകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ്. പോരായ്മകൾ വരുത്തുന്നത് അധികവും രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന ദേവസ്വങ്ങളിലാണ്.

സ്‌പെയിൻ എന്ന യൂറോപ്പ്യൻ രാജത്തെ പ്രധാന വിനോദം ആണ് കാളപ്പോര്(bull fight ). ഒരു കാളയെ വിരട്ടി ഓടിപ്പിച്ചു അവസാനം വിജയിയാകുന്ന കളിക്കാരൻ(matador ) ആ കാളയെ കൊല്ലുന്നു. അത് കണ്ടു കാണികൾ ആർത്തു വിളിക്കുന്നു.

ലോകമെമ്പാടും കുതിരപ്പന്തയത്തിനു വേണ്ടി കുതിരകളുടെ കാലുകളിൽ ആണിയടിച്ചു ലാടം ഉറപ്പിക്കുന്നു. പിന്നീട് അവയെ നിയന്ത്രിക്കാൻ വേണ്ടി കടിഞ്ഞാണും മറ്റും ഉപയോഗിക്കുന്നു. എന്നിട്ട് ആ കുതിരകളെ ഓടിപ്പിക്കുന്നത് കയ്യടിച്ചു ആഘോഷിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ആ കുതിരകളെ നിർത്തുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കടിഞ്ഞാൻ പിടിക്കുമ്പോൾ പല്ലുകളും വായയുടെ ആഗ്രവും വേദനിച്ചു, ആ വേദന സഹിക്കാതെ കരഞ്ഞുകൊണ്ട്‌ മുൻകാലുകൾ രണ്ടും പോക്കിപ്പിടിച്ചുകൊണ്ടാണ് അവ ഓട്ടം നിർത്തുന്നത്. വിവിധ രാജ്യങ്ങളിൽ കുതിരകളെയും ഒട്ടകങ്ങളെയും സൈനിക പരേഡിന് ഉപയോഗിക്കുന്നു. ശ്രീ ലങ്ക, തായ് ലാൻഡ്‌, തുടങ്ങിയ ഏഷ്യൻ രാഷ്ട്രങ്ങളിലും പല ആഫ്രിക്കൻ രാജ്യങ്ങളിലും ആനകളെ സവാരിക്കായി ഉപയോഗിക്കുന്നുണ്ട്.
അനേകം സാധു മൃഗങ്ങളെ ആണ് മനുഷ്യർ ഭക്ഷണത്തിനു വേണ്ടി മാത്രം കൊന്നു കൂട്ടുന്നത്‌!! .
ഇതിലൊന്നും ഇല്ലാത്ത മൃഗപീഡനം കേരളത്തിലെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന ആനകളിൽ മാത്രം കാണുന്നത് എന്തുകൊണ്ടാണ്?

ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളെ പീഡിപ്പിക്കുന്നു എന്ന ആരോപണങ്ങൾ പൂരവിരുദ്ധ ശക്തികൾ വളരെ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എന്‍റെ അനുഭവത്തിൽ മനസ്സിലാക്കിയിട്ടുള്ളത്.

സാധാരണയായി ഞാൻ, കഴിയുമെങ്കിൽ പൂരങ്ങളിൽ എഴുന്നള്ളിച്ചു നിർത്തുന്ന ആനകളുടെയും മേളക്കാരുടെയും ഇടയിലാണ് സ്ഥാനം പിടിക്കാറുള്ളത്. ഒരിക്കലും ഉത്സവങ്ങളിൽ എഴുന്നള്ളിച്ചു നിൽക്കുന്ന ആനകളെ പാപ്പാന്മാർ കത്തികൊണ്ടോ തോട്ടികൊണ്ടോ ഉപദ്രവിക്കുന്ന കാഴ്ച ഞാൻ കണ്ടിട്ടില്ല. ആനകൾക്ക് ഭക്ഷണമായി കൊടുക്കുന്ന പനം പട്ടയോ തെങ്ങിൻ പട്ടയും ചെരുതായി മുറിച്ചു കൊടുക്കാനോ, തേങ്ങ ചുരണ്ടി കഴമ്പെടുത്തു ആനക്ക് തിന്നാൻ കൊടുക്കാനോ ഒക്കെ ആയിട്ടു മാത്രമേ പാപ്പാന്മാർ കത്തി ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളു. വടി ഉപയോഗിക്കുന്നത് തന്നെ, അവയെ മുന്നോട്ടോ വശത്തെക്കോ പോകാൻ പ്രേരിപ്പിക്കാൻ വേണ്ടി മൃദുവായി അടിക്കാൻ മാത്രമാണ്. ഒരു സ്ഥലത്ത് നിൽക്കേണ്ടി വരുമ്പോൾ അതുപോലും ചെയ്യാറില്ല.

ആനകളെ വളരെ ഇറുകിയ രീതിയിൽ ആണ് ചങ്ങല അണിയിക്കുന്നത്‌ എന്നതും ശരിയാണെന്ന് തോന്നുന്നില്ല. നടക്കുമ്പോൾ ഇടച്ചങ്ങലകൾ ഉപയോഗിക്കാറില്ല, നീണ്ട ചങ്ങലകൾ നടത്തത്തെ തടസ്സപ്പെടുത്തില്ല. വയറിന്റെ ചുറ്റും അത് വളരെ അയഞ്ഞു കിടക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. പക്ഷെ ഓടാനുള്ള ശ്രമത്തിനു ആ ചങ്ങലകൾ നല്ല ഒരു നിയന്ത്രണം ആകും. എഴുന്നള്ളിപ്പിനിടെ ഒരേ സ്ഥലത്ത് നിൽക്കേണ്ടി വരുമ്പോൾ ആണ് ചില ആനകൾക്ക് ഇടച്ചങ്ങല ഇടാറുള്ളത്. അതും കാലിൽ ഇറുകിക്കിടക്കുന്ന വിധത്തിലല്ല, ഓടാൻ ശ്രമിക്കുന്പോൾ തടസ്സം ആകുന്ന വിധത്തിൽ മാത്രം ആണ്. ആനയെ സംബന്ധിച്ചിടത്തോളം അധിക സമയവും അത് ഒരു പാദസരം പോലെ മാത്രമേ കാണപ്പെടാറുള്ളു. ഈ ചങ്ങല ധരിക്കണം എന്ന് സർക്കാർ നിയമം മൂലം നിഷ്കർഷിച്ചിരിക്കുന്ന ഒരു നിബന്ധനയാണ്. അതിൽ അമ്പലങ്ങളും ആനയുടമകളും എന്ത് പിഴച്ചു ?

പിന്നെ ദീർഘനേരം നിർത്തുന്നു എന്ന വാദം. 1982 ൽ ഡൽഹിയിൽ ഒരു ഏഷ്യൻ ഗെയിംസ് നടക്കുകയുണ്ടായി. അന്ന് ശ്രീ കെ. കരുണാകരൻ ആയിരുന്നു കേരളത്തിന്‍റെ മുഖ്യമന്ത്രി. ഏഷ്യാഡ് ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്‍റെ തനതായ ഒരു സാംസ്കാരിക രൂപത്തിന്‍റെ പ്രദർശനം വേണം എന്ന ശ്രീ കരുണാകരന്‍റെ താൽപര്യപ്രകാരം തൃശ്ശൂർ പൂരത്തിലെ കുടമാറ്റത്തിന്‍റെ ഒരു പതിപ്പ് ഡൽഹിയിൽ പ്രദർശിപ്പിക്കണം എന്ന് തീരുമാനിച്ചു. അതനുസരിച്ച്, ഒരു പ്രത്യേക തീവണ്ടിയിൽ 26 വലിയ കൊമ്പനാനകളെയും 8 കുട്ടി ആനകളെയും അടക്കം 34 ആനകളെ ഡൽഹിയിലേക്കു കൊണ്ടുപോയി.

ശ്രീ കരുണാകരന്‍റെ ഈ ശ്രമത്തെ എതിർത്തുകൊണ്ട് അനേകം പ്രമുഖർ അന്ന് രംഗത്തെത്തുകയുണ്ടായി. ഒരു ദരിദ്രരാജ്യമായ ഇന്ത്യയിൽ ഭീമമായ തുക ചിലവഴിച്ചു ഇത്രയും ആനകളെ ഡൽഹിയിലേക്കു കൊണ്ടുപോകുന്നത് ധൂർത്ത് ആണ് എന്നായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചവരുടെ ഏറ്റവും ശക്തമായ വാദം. അന്ന്, ശ്രീ കരുണാകരനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വന്ന പ്രമുഖരിൽ ഒരാൾ ആയിരുന്നു, പ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ എൻ.വി. കൃഷ്ണ വാരിയർ. അദ്ദേഹം പറഞ്ഞു,” നമ്മുടെ വീട്ടിൽ ദാരിദ്ര്യം എത്രയുണ്ടെങ്കിലും ഒരു അതിഥി വീട്ടിൽ വരുമ്പോൾ, അല്ലെങ്കിൽ വിവാഹം പോലെയുള്ള എന്തെങ്കിലും ആഘോഷം വരുന്പോൾ നാം ആ ദാരിദ്യം പ്രദർശിപ്പിക്കാറില്ല. ഏറ്റവും ഭംഗിയുള്ള വസ്ത്രം ധരിച്ചു കൈവശം ഉള്ള ഏറ്റവും നല്ല കാഴ്ചവസ്തുക്കൾ കൊണ്ട് വീടും പരിസരവും അലങ്കരിച്ചു വക്കും. വേണ്ടിവന്നാൽ അതിനുവേണ്ടി കടം വാങ്ങിയിട്ടായാലും പണം കണ്ടെത്തും. ഡൽഹിയിൽ നടക്കാൻ പോകുന്നത് നമ്മുടെ രാജ്യത്തിന്‌ തന്നെ അഭിമാനമാകുന്ന ഒരു ഉത്സവം ആണ്. അതിനു എത്രത്തോളം മോടികൂട്ടാമോ അത്രത്തോളം മോടികൂട്ടി രാഷ്ട്രത്തിന്‍റെ യശസ്സ് അന്യ നാടുകളിലേക്ക് എത്തിക്കണം “ എന്ന്.

എന്തായാലും 34 ആനകളും ഡൽഹിയിൽ എത്തി. നെറ്റിപ്പട്ടവും പട്ടുകുടയും ആലവട്ടവും വെഞ്ചാമരവും കൊണ്ട് അലംകൃതരായ ആനകൾ നെഹ്‌റു സ്ടേഡിയത്തിൽ മുഖാമുഖമായി അണിനിരന്നു. ലോകമെമ്പാടും നിന്ന് വന്ന കയികപ്രതിഭകളും മറ്റു അതിഥികളും ആ മാസ്മരിക കാഴ്ചകണ്ട്‌ അത്ഭുതസ്തബ്ധരായി. കൂട്ടത്തിലെ ഹീറോ ആയിരുന്നത് “കുട്ടിനാരായണൻ” എന്ന കുട്ടിക്കൊമ്പൻ ആയിരുന്നു.

കേരളത്തിന്‍റെ ഈ സംരംഭത്തിന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും, ഡൽഹിയിൽ ഉണ്ടായിരുന്ന മറ്റു പ്രമുഖ വ്യക്തികളുടെയും വൻപിച്ച പ്രശംസ ലഭിക്കുകയുണ്ടായി. അതിനു ശേഷം ആയിരിക്കണം, തൃശ്ശൂർ പൂരത്തിന്‍റെ പ്രസിദ്ധി രാജ്യത്തിന്‍റെ അതിർത്തികൾ കടന്നു ലോകമെങ്ങും എത്തിയത്. അന്ന് മുതൽ തന്നെ “മൃഗസ്നേഹികൾ” ആന എഴുന്നള്ളിപ്പിനെതിരെ ശബ്ദം ഉയർത്താനും തുടങ്ങിയിരുന്നു.

jumbo-jambor3_0911140159521982 ലെ എഷ്യാഡിലേക്ക് ആനകളെ തീവണ്ടിയിൽ കൊണ്ടുപോയപ്പോൾ അവ 7 ദിവസം തുടർച്ചയായി തീവണ്ടി ബോഗിയിൽ നിന്നിരുന്നു എന്നാണു കേട്ടിട്ടുള്ളത്. എന്നിട്ടും ഡൽഹിയിൽ എത്തിയ ആനകൾ ഒന്നും അക്കാരണം കൊണ്ട് പിണങ്ങുകയുണ്ടായില്ല. സാധാരണ ഗതിയിൽ, ആനകൾ കിടക്കുന്നതോ ഇരിക്കുന്നതോ അപൂർവം ആണ്. അങ്ങിനെ ചെയ്യുന്നെങ്കിൽ തന്നെ അത് വളരെ ചെറിയ സമയത്തേക്ക് മാത്രമായിക്കും. സ്വതവേ ആനകൾ ഉറങ്ങുന്നതുപോലും നിന്നുകൊണ്ടാണ് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട്, ആനകളെ ദീർഘനേരം നിർത്തി പീഡിപ്പിക്കുന്നു എന്ന വാദവും അർത്ഥ ശൂന്യമാണ്.

1982 ലെ ദൽഹി എഷ്യാഡിലെക്കു ആനകളെ തീവണ്ടിയിൽ ഡൽഹിയിൽ എത്തിച്ചപ്പോൾ, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ, പ്രസിദ്ധ ആന ചികിത്സാ വിദഗ്ദ്ധൻ ശ്രീ കെ സി. പണിക്കർ പറഞ്ഞത് ഇങ്ങിനെ ആയിരുന്നു:” ഒരു മൈക്രോസ്കോപ് ഉപയോഗിച്ച് പരിശോധിച്ചിട്ടും ആനകൾ പീഡിപ്പിക്ക പ്പെട്ടതിന്റെ അടയാളങ്ങൾ ഒന്നും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല.”
“ വാഹനങ്ങളിൽ ആനകളെ കൊണ്ടുപോകുന്നത് അസാധാരണ സംഭവങ്ങൾ അല്ല. പരിശീലനങ്ങളിലൂടെ വന്യജീവി സ്വഭാവം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾ അവരെ സ്വന്തം കുട്ടികളെപ്പോലെ സ്നേഹിക്കണം. ആവശ്യം വരുന്പോൾ അവയെ അടിക്കേണ്ടി വരും. നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ നന്മക്കുവേണ്ടി അങ്ങിനെ ചെയ്യാറില്ലേ? കുറച്ചു കഴിയുമ്പോൾ അവ(ആനകൾ) ചൂരൽ ഉപയോഗിക്കാതെ തന്നെ വാഹങ്ങളിൽ കയറാൻ തുടങ്ങും”

“Renowned veterinary doctor K.C. Panicker, who is overseeing the elephants’ health condition says, “Despite a microscopic search, I couldn’t detect marks of ‘torture’ as reported in the media.”

Transportation of elephants in vehicles is not uncommon. Says Panicker, “Training can’t take away wild qualities. Hence, you should take care of him like a child. When it’s required, you need to chide and cane him. Don’t you do it for the welfare of your child? In due course, they’ll get used to trucks without caning.”

ഡെക്കാൻ ക്രോനിക്കിളിൽ വന്ന വാർത്തയിൽ പറഞ്ഞിരിക്കുന്നത് നോക്കുക. അതിലെ പരാതിക്കാരി, മൈസൂരുകാരിയായ ഗൌരി മലെഖൈ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത് തൃശ്ശൂർ പൂരത്തിനെ മാത്രം ആണ്. കാരണം, ഒരിക്കൽ തൃശ്ശൂർ പൂരം ഇല്ലാതായാൽ ക്രമേണ മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ഇല്ലാതാകും എന്ന് അവർക്കറിയാം. എന്തുകൊണ്ടാണ് മൈസൂരുകാരിയായ അവർ അവിടത്തെ ദസ്സര ഉത്സവത്തിൽ ആനകളെ ഉപയോഗിക്കുന്നതിനെതിരെ പടവാൾ എടുക്കാത്തതു?

സത്യത്തിൽ, ആന എഴുന്നള്ളിപ്പിൽ പൂരാരാധകരുടെയും ആനകളുടെയും സുരക്ഷയിൽ ഏറ്റവും അധികം ശ്രദ്ധ പാലിക്കുന്ന ഉത്സവമാണ് തൃശ്ശൂർ പൂരം. ജീവിചിരിക്കുമ്പോൾ തന്നെ കേരളത്തിലെ ആനകളെ, യഥാർത്ഥ ആനപ്രേമികൾ മനുഷ്യരേക്കാൾ കൂടുതൽ ആദരവോടു കൂടിയാണ് പരിപാലിക്കുന്നത്. അവയ്ക്ക് ഗജരാജൻ, ഗജകേസരി എന്നിങ്ങനെ വിവിധ ബഹുമതികൾ നല്കി ആദരിക്കുന്നു.

Gireesan-Tsr-02ഒരു ആന ഉടമസ്ഥനും ഇന്നുവരെ തന്‍റെ ആനയെ വിനോദത്തിനോ ഭക്ഷണത്തിനോ മറ്റെന്തെകിലും ആവശ്യത്തിനോ കൊന്നതായി ചരിത്രമില്ല. അത്തരം ക്രൂരതകൾക്ക് പാത്രമാകാറുള്ളത് കാട്ടാനകൾ ആണ്. ആനക്കൊമ്പുകൾക്ക് വേണ്ടി വീരപ്പനെപ്പോലെ എത്ര കാട്ടു കള്ളന്മാർ കാട്ടാനകളെ വെടിവച്ചു കൊല്ലുന്നു. എന്നാൽ, നാട്ടാനകൾ മരിക്കുന്നത് രോഗം ബാധിച്ചോ വാർദ്ധക്യം മൂലമോ മാത്രം ആണ്. രോഗം ബാധിച്ച ആനകൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ചികിത്സ നൽകാൻ ഉടമസ്ഥർ ശ്രദ്ധിക്കാറുണ്ട്. മാത്രമല്ല, ചെരിയുന്ന(മരിക്കുന്ന) ആനകൾക്ക് VVIP കൾക്ക് പോലും അസൂയ തോന്നുന്ന തരത്തിലുള്ള മരണാനന്തര ക്രിയകൾ ആണ് നൽകപ്പെടാറുള്ളത്‌ .

അതുകൊണ്ട് ആവശ്യം ആന എഴുന്നള്ളിപ്പ് നിരോധിക്കുകയല്ല. മറിച്ചു കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. ആനകള്‍ക്ക് പാദരക്ഷകള്‍ നല്‍കി ഉത്സവങ്ങല്‍ക്കുവേണ്ടി നില്‍ക്കുമ്പോഴും നടക്കുമ്പോഴും അവ അനുഭവിക്കേണ്ടി വരുന്ന ചൂടിനു കുറവ് വരുത്താന്‍ ശ്രമിച്ചുകൂടെ? ആനകളെ ലോറിയിലും മറ്റും കൊണ്ടുപോകുന്നതും ഒഴിവാക്കേണ്ടതാണ്. അവയെ നടക്കാൻ അനുവദിക്കണം. സമയാസമയങ്ങളിൽ ഭക്ഷണവും വെള്ളവും, ആവശ്യത്തിനു വിശ്രമവും കൊടുക്കണം. ആനകളെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി എങ്ങിനെ പരിപാലിക്കണം എന്ന് പാപ്പാന്മാരെ ബോധവൽക്കരിക്കയും വേണം.

ലക്ഷക്കണക്കിന്‌ ജനങ്ങൾക്ക്‌ ഉല്ലാസം പകരുന്ന ഒരു ഉത്സവം ആണ് തൃശൂർ പൂരം. ഇത്, തൊഴിലാളിയും മുതലാളിയും വ്യവസായിയും വ്യാപാരിയം ഉപഭോക്താവും പണക്കാരനും പാവവും അടക്കം ഉള്ള എല്ലാ തൃശ്ശൂർ നിവാസികളും ഉറ്റു നോക്കുന്ന ഒരു ഉത്സവം ആണ്. അവരുടെ അഭിമാനമാണ്, ആവേശമാണ്, നിർവൃതിയാണ്; ഒരളവുവരെ അഹങ്കാരം തന്നെയാണ്. അവരുടെ ഈ വികാരം മനസ്സിലാക്കണമെങ്കിൽ ഒരു തൃശ്ശൂർക്കാരൻ ആയി തന്നെ ജനിക്കണം. ഈ ഉത്സവം ലോകപ്രസിദ്ധം ആയതിൽ, തൃശ്ശൂരിനു ലോകം മുഴുവനും ഈ പൂരം നേടിത്തന്ന പ്രശസ്തിയിൽ അസൂയ ഉള്ളവർ ആന എഴുന്നള്ളിപ്പിനു എതിരെ ഇത്തരം പ്രസ്താവനകൾ ഇറക്കുന്നു എന്നേയുള്ളൂ. അവരിൽ ഭൂരിഭാഗവും നിരുപദ്രവകാരികളായ മൃഗങ്ങളെ കശാപ്പുചെയ്തു ചുട്ടു തിന്നുന്നവർ ആണ് എന്നതാണ് ഇതിലെ വിരോധാഭാസം.

കേരളത്തിലെ സാംസ്കാരിക നഗരവും സാംസ്കാരിക ജില്ലയുമായ തൃശ്ശൂരിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സാംസ്കാരിക പാരമ്പര്യത്തെ കുറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും കുറെ സ്ഥാപിത താലപ്പര്യക്കാരും പറയുന്ന വാക്കുകൾ കേട്ട് നശിപ്പിക്കാതിരിക്കുക. ലോകമെന്പാടും പ്രസിദ്ധമായ നമ്മുടെ തൃശ്ശൂർ ജില്ലയുടെയും മലയാള മണ്ണിന്റെ തന്നെയും സാംസ്കാരിക പാരന്പര്യത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയ പൂരങ്ങളെ അവയുടെ എല്ലാവിധ ഗാംഭീര്യത്തോടും ആകർഷണീയതയോടും കൂടി സംരക്ഷിക്കേണ്ടത് ആത്മാഭിമാനം ഉള്ള ഓരോ മലയാളിയുടെയും ധർമ്മമാണ്, കർമ്മമാണ്‌, ഉത്തരവാദിത്തമാണ്.

പൂരങ്ങളിലെ ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും എതിരെയുള്ള പ്രചാരണങ്ങൾ തുടങ്ങിയിട്ട് എന്റെ അറിവിൽ ചുരുങ്ങിയത് 7 വർഷമെങ്കിലും ആയിട്ടുണ്ട്‌. 2009 ലായിരുന്നു എന്നാണു എന്റെ ഓർമ്മ. തൃശ്ശൂർ പൂരത്തിന്റെ തലേന്ന്, പാറമേക്കാവ് ക്ഷേത്രത്തിനു സമീപം ഒരു അഭിപ്രായ സർവേ എടുക്കുകയുണ്ടായി. തിരുവന്പാടിക്കരുടെയും ഒരു സർവേ അതെ സമയത്ത് തന്നെ നടക്കുകയുണ്ടായി. അതിന്റെ അവസാന ഫലം അറിയാൻ കഴിഞ്ഞില്ല. എന്നാലും പതിനായിരക്കണക്കിനു പൂരപ്രേമികൾ ആന എഴുന്നള്ളിപ്പിനു അനുകൂലമായി വോട്ടു ചെയ്യുകയുണ്ടായി എന്നാണു അറിഞ്ഞത്

പൂരത്തെ ഇല്ലാതാക്കുവാൻ രാപ്പകൽ അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്ന ബുജികൾക്കും, യുക്തന്മാർക്കും, കാവി ധരിച്ചവരും അല്ലാത്തവരും ആയ ഹിന്ദു പണ്ഡിതർക്കും എല്ലാം സാധാരണക്കാർ ആയ ത്രുശ്ശൂരിലെയും പരിസര്ന്ഹളിലെയും നിവാസികൾ നല്കിയ ശക്തയായ പ്രതികരണം ആയിരുന്നു, ഇക്കഴിഞ്ഞ തൃശ്ശൂർ പൂരം. പൂരവിരുദ്ധർ ഇനിയെങ്കിലും സാധാരണക്കാരായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സ് അറിഞ്ഞുകൊണ്ട്, ക്ഷേത്രോത്സവങ്ങളെ നാമാവശേഷമാക്കാൻ വിദേശ ഏജൻസികളും അവരുടെ ഭാരതീയരായ പിണിയാളുകളും നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ചട്ടുകങ്ങൾ ആകാതിരിക്കാനുള്ള വിവേകം കാണിക്കും എന്ന് പ്രതീക്ഷിക്കാമോ??