കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ !!

14729156_1787874671500594_1148126912062222413_n

— അഡ്വ: ശങ്കു ടി ദാസ് —

പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ? അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ.ആ രാക്ഷസനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും. അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും. വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം വിശുദ്ധ കർമ്മമാണ്‌.

ആലങ്കാരികമായി പറഞ്ഞതല്ല. യാഥാർഥ്യമതാണ്. 34 വർഷം തുടർച്ചയായി ഭരിച്ചു മുടിച്ച ബംഗാളിലെ പാർട്ടി കോട്ടകളത്രയും തകർന്നു തരിപ്പണമായ ശേഷമിപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തിയുള്ള പ്രദേശം കണ്ണൂരാണ്. നമ്മുടെ കോഴിക്കോടിനേക്കാൾ ചെറിയ ജനസംഘ്യയുള്ള ത്രിപുരയെ മാറ്റിനിർത്തിയാൽ രാജ്യത്താകെ പാർട്ടി ഗ്രാമങ്ങൾ അവശേഷിക്കുന്ന ഒരേയൊരു ജില്ലയും കണ്ണൂരാണ്. കണ്ണൂരിലെ സ്വാധീനം നഷ്ടപ്പെട്ടാൽ മലബാർ മേഖലയിലാകെ പാർട്ടി തളരുകയും ക്രമേണ ബംഗാളിലെ പോലെ കേരളത്തിലും അവർ നാമാവശേഷമാവുകയും ചെയ്യും. ലോക്സഭയിലേക്ക് രണ്ടംഗങ്ങളെ മാത്രം അയക്കാൻ സാധിക്കുന്ന ത്രിപുരയിലെ പ്രാദേശിക കക്ഷിയായി ചുരുങ്ങി ദേശീയ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തരായി തീരുക എന്നതാണ് അതിന്റെ തുടർച്ച. അങ്ങനെയാണ് എന്തു വില കൊടുത്തും കണ്ണൂർ പിടിച്ചു നിർത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടമാകുന്നത്.

അവിടെ തന്നെയാണ് കണ്ണൂരിലെ സ്വയം സേവകരുടെ സംഘടനാ പ്രവർത്തനമെന്നത് വെറും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ എന്നതിലുപരി ദേശീയമാനമുള്ള രാഷ്ട്രീയ പ്രവർത്തനം തന്നെയാകുന്നതും. നിർണ്ണായക സന്ധികളിലെല്ലാം രാജ്യത്തെ ഒറ്റു കൊടുത്തിട്ടുള്ള, ദേശ വിരുദ്ധതയും ദേശീയതാ വിരുദ്ധതയും ആശയ പ്രമാണമായി സ്വീകരിച്ചിട്ടുള്ള, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും14716339_1244367665627601_148336005084052288_n പരമാധികാരത്തിനും എതിരെ എല്ലാ കാലത്തും വെല്ലുവിളിയുയർത്തിയിട്ടുള്ള, നമ്മുടെ മൂല്യങ്ങളേയും വിശ്വാസങ്ങളേയും സംസ്കാരത്തെയുമെല്ലാം എന്നുമെന്നും തകർക്കാനായി പരിശ്രമിച്ചിട്ടുള്ള, കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ക്ഷുദ്ര സംഘടനയെ ഈ രാജ്യത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യാനുള്ള പ്രവർത്തനത്തിലാണ് അവർ വ്യാപൃതരായിരിക്കുന്നത്. കൊല്ലാൻ മടിയില്ലാത്ത രാക്ഷസനും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരും തമ്മിലാണ് കണ്ണൂരിലെ സംഘർഷം. അവിടുത്തെ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ. നമുക്കെല്ലാം നിസ്സഹായരായി കണ്ടു നിൽക്കാനും.

അതിങ്ങനെയല്ലാതെ ആവണമെങ്കിൽ ‘തങ്ങളുടെ സ്വാധീനം’ എന്നതിനെ പറ്റിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ച്ചപ്പാട് തന്നെ മാറേണ്ടതുണ്ട്. പക്ഷെ ചരിത്രത്തിലെല്ലായ്പ്പോഴും അവർക്കതിനർത്ഥം “തങ്ങളല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ” എന്നു തന്നെയായിരുന്നു. ലോകത്തെവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അധികാരത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം അവരതാണ് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്. 1936-38 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ സ്റ്റാലിന്റെ കാർമികത്വത്തിൽ അരങ്ങേറിയ മഹാ ശുദ്ധീകരണ യജ്ഞം എന്ന് വിളിക്കപ്പെടുന്ന” ദി ഗ്രേറ്റ് പർജ്” (The Great Purge) നമ്മൾ പഠിച്ചിട്ടുള്ളതാണ്. റഷ്യ തന്നെ പിന്നീട് പുറത്തു വിട്ട ഔദ്യോഗിക വിശദീകരണ പ്രകാരം പ്രതി വിപ്ലവകാരികളെന്നും പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തപ്പെട്ട ആറു ലക്ഷത്തി എൺപതിനായിരം ആളുകളെയാണ് സ്റ്റാലിൻ ഭരണകൂടം 3 വർഷം കൊണ്ട് വധിച്ചു കളഞ്ഞത്.
അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം 12 ലക്ഷത്തിനടുത്താണ്.
ഗ്രേറ്റ് പർജിന്റെ ചൈനീസ് പതിപ്പായ മാവോയുടെ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിൽ (The Proletarian Cultural Revolution 1966-76) കൊലചെയ്യപ്പെട്ട വിപ്ലവത്തിന്റെ ശത്രുക്കളുടെ എണ്ണം ഏഴു ലക്ഷത്തി അമ്പിത്തിനായിരത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയിലാണ്. 1959-60 കാലഘട്ടത്തിലരങ്ങേറിയ ക്യൂബൻ പർജിൽ (The Cuban Purge) വധിക്കപ്പെട്ടത് ഇരുപതിനായിരം പ്രതി വിപ്ലവകാരികൾ ആയിരുന്നെങ്കിൽ, 1976-79 കാലത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ പോൾ പോട്ടിന് കീഴിൽ കംബോഡിയയിൽ കൊന്ന് ശുദ്ധീകരിക്കപ്പെട്ട “വിയറ്റ്നാമീസ് മനസ്സും ഖേമർ ഉടലുമുള്ള” വർഗ്ഗ ശത്രുക്കൾ ഏതാണ്ട് ഇരുപത് ലക്ഷത്തോളം വരും. അതവിടുത്തെ ആകെ വിയറ്റ്നാമീസ് ജനസംഘയുടെ മൂന്നിലൊന്നായിരുന്നു എന്നോർക്കണം.

ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിൽ പുലരുന്ന ഉത്തര കൊറിയയിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് പരമാവധികാരിയായ കിം ജോംഗ് ഉന്നിന്റെ ചെറിയ ഇഷ്ടക്കേടിന് പാത്രമായത് മൂലം മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നത്. 1977 മുതൽ 2011 വരെ തുടർച്ചയായി തങ്ങൾ ഭരിച്ച ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 28000 ആണെന്ന് നിയമസഭയിൽ പ്രസ്താവിച്ചത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ്. എന്നാൽ മെയിൻസ്ട്രീം വീക്‌ലി പുറത്തു വിട്ട പഠന പ്രകാരം 34 വർഷങ്ങൾക്കിടയിലെ യഥാർത്ഥ കൊലകണക്ക് 55000ന് മുകളിലാണ്.  ലോകത്തെ പലഭാഗങ്ങളിലായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിപ്ലവ വിരുദ്ധരെന്നും വർഗ്ഗ ശത്രുക്കളെന്നും പ്രസ്ഥാനത്തിന്റെ വിരോധികളെന്നും കുലംകുത്തികളെന്നും വിളിച്ച് കൊന്നു തള്ളിയ മനുഷ്യരുടെ ആകെ എണ്ണമെടുത്താൽ, അത് ജർമനിയിലെ ജ്യൂവിഷ് ഹോളോകോസ്റ്റും (Jewish Holocaust) ജപ്പാനിലെ ഏഷ്യൻ ഹോളോകോസ്റ്റും (Japan Asian Holocaust) അടക്കം ലോകത്തിന്ന് വരെ അരങ്ങേറിയ മുഴുവൻ വംശഹത്യകളിലുമായി വധിക്കപ്പെട്ട മുഴുവൻ മനുഷ്യരുടെയും എണ്ണത്തിൽ അധികമാകുമെന്ന് ‘ദി ബ്ലാക്ക് ബുക് ഓഫ് കമ്മ്യൂണിസം’ എന്ന പുസ്തകത്തിൽ സ്റ്റീവൻ റോസ്ഫീൽഡ് നിരീക്ഷിച്ചിട്ടുണ്ട്. ഇതേ ഉന്മൂലന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിലും പിന്തുടരുന്നത്.
അതങ്ങനെയല്ലാതാവാതെ, കണ്ണൂരും ഇങ്ങനെയല്ലാതാവില്ല.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രമിത്തിന്റെ കാര്യം നോക്കൂ. 2002ലാണ് രമിത്തിന്റെ അച്ഛനായ ഉത്തമൻ എന്ന ബസ് ഡ്രൈവറെ കമ്മ്യൂണിസ്റ്റ് കൊലപാതകി സംഘം ഓടിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവിംഗ് സീറ്റിലിട്ട് വെട്ടി കൊലപ്പെടുത്തുന്നത്. തങ്ങളുടെ പാർട്ടി മാത്രമുള്ള പിണറായി ഗ്രാമത്തിൽ ബി.എം.എസിന് വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു ഉത്തമനെ വധശിക്ഷയ്ക്ക് അർഹനാക്കിയ കുറ്റം. അത് കൊണ്ടും പക തീരാതെ ഉത്തമന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്രക്ക് 14650598_10210144000011866_5934072162411576121_nനേരെയും അവർ ആക്രമണം അഴിച്ചു വിട്ടു. ബോംബേറിൽ അമ്മുവമ്മ എന്നൊരു സാധു വൃദ്ധയും ഷിഹാബുദ്ധീൻ എന്നൊരു ജീപ്പ് ഡ്രൈവറും മരണത്തിനിരകളായി. ഉത്തമന്റെ വിധവയും രണ്ടു കുഞ്ഞുങ്ങളും മാത്രമുള്ള വീടിന് നേരെ തുടരെ തുടരെ ആക്രമണങ്ങൾ ആവർത്തിച്ചു.
വീടിന്റെ ഉമ്മറത്ത് ഇടയ്ക്കിടെ മുന്നറിയിപ്പെന്ന പോലെ റീത്തുകൾ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ വട്ടം രമിത്തിന്റെ വീട്ടിൽ പതിവ് വിരട്ടിനെത്തിയ സംഘം അവന്റെ അമ്മയുടെ കഴുത്തിൽ വാള് വെച്ച് പറഞ്ഞത് “ഉത്തമന്റെ പൊടി പോലും പിണറായിയിൽ ഞങ്ങൾ ബാക്കി വയ്ക്കില്ല” എന്നായിരുന്നത്രേ. ആ രമിത്താണ് ഇന്നലെ കൊലചെയ്യപെട്ടത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലില്ലാത്ത, ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലാത്ത രമിത്തിനെ വധശിക്ഷക്കർഹനാക്കിയ കുറ്റം അവൻ ഉത്തമന്റെ പൊടിയായിരുന്നു എന്നത് മാത്രമാണ്.
ആ വീട്ടിലിനി ആണുങ്ങളാരും ബാക്കിയില്ല.

“ഭയം” വിതയ്ക്കുക എന്നതാണ് അവരുടെ സംഘടനാ പ്രവർത്തനത്തിന്റെ രീതി.
വധിക്കപ്പെടാനുള്ള ഒരാളുടെ യോഗ്യത അവന്റെ മരണത്തിന് മറ്റുള്ളവരിൽ എത്ര തോതിൽ ഭീതി പടർത്താനാവും എന്നത് മാത്രമാണ്. ഉത്തമന്റെയും രമിത്തിന്റെയും അനുഭവം കണ്ട പിണറായിയിലെ ഒരാൾ പോലും ഇനി സിപിഎമ്മിനെ എതിർക്കാനോ സംഘപരിവാറിൽ പ്രവർത്തിക്കാനോ ധൈര്യപ്പെടുകയില്ല. അങ്ങനെയാണ് പാർട്ടിയുടെ നീതിശാസ്ത്രത്തിൽ അവരുടെ കൊലപാതകങ്ങൾ ന്യായമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം അമ്പതോളം വീടുകളാണ് പിണറായി ഗ്രാമത്തിൽ ആക്രമിക്കപെട്ടത്. ശോഭയാത്രയിൽ കുട്ടികളെ പങ്കെടുപ്പിച്ചു, രാഖി കെട്ടി, മകനോ മകളോ കോളേജിൽ എബിവിപിയിലാണ് തുടങ്ങിയ നിസ്സാര കുറ്റങ്ങളുടെ പേരിൽ പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്തവരുടെ വീടുകൾ പോലും തകർത്തു തരിപ്പണമാക്കപ്പെടുന്നു.
വീട്ടുസാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുക, കിണറ്റിലും കുടിവെള്ള സ്രോതസ്സിലും മാലിന്യം കലർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വെച്ച് ആയുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അങ്ങനെ ഒന്നുകിൽ നാടുപേക്ഷിച്ച് പോവുക അല്ലെങ്കിൽ പാർട്ടിക്ക് വിധേയരായി ജീവിക്കുക എന്ന രണ്ടേ രണ്ട് സാദ്ധ്യതകൾ മാത്രം അവർക്ക് മുന്നിൽ അവശേഷിപ്പിക്കുക.
ഇങ്ങനെയാണ് പാർട്ടി കണ്ണൂരിലെ സ്വന്തം ഗ്രാമങ്ങൾ സംരക്ഷിക്കുന്നത്. സഹിഷ്ണുതാവാദിയുടേയും മാനവികവാദിയുടേയും ജനാധിപത്യവാദിയുടേയുമൊക്കെ മാരീച വേഷങ്ങൾ ധരിച്ച് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മായാ രാക്ഷസൻ അവന്റെ കാട്ടിൽ മാത്രം പുറത്തെടുക്കുന്ന തനി സ്വരൂപമാണിത്. ‘അവളെ പേടിച്ചാരും ആ വഴി പോവതില്ല’ എന്ന അദ്ധ്യാത്മ രാമായണത്തിലെ താടകാ വർണ്ണനയോട് വളരെ അടുത്ത് നിൽക്കുന്നുണ്ടിത്.

ആശയാധിഷ്ഠിതവും ജനകീയവും സൗമ്യവുമായ തിരുവിതാംകൂർ രാഷ്ട്രീയ ശൈലി പൂർണ്ണമായും അക്രമാധിഷ്ഠിതമായ മലബാർ ശൈലിക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ പാർട്ടി ഇന്ന് മുഴുവനായും കണ്ണൂർ നേതൃത്വത്താലാണ് നിയന്ത്രിക്കപ്പെടുന്നത്. കണ്ണൂരിലെ ആദ്യ ആർ.എസ്.എസ് ബലിദാനിയായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ആളാണ് ഇന്ന് കേരളാ മുഖ്യമന്ത്രി.
അതിന് ശേഷം നടന്ന കരിമ്പിൽ സതീശന്റെ കൊലപാതക കേസിലെ പ്രതിയാകട്ടേ, ഇന്ന് പാർട്ടിയുടെ14724441_1741964006063721_5030607109185151563_n സംസ്ഥാന സെക്രട്ടറിയുമാണ്. കണ്ണൂരിലെ കളരിയിൽ നിന്ന് അഭ്യാസം പഠിച്ചും പഠിപ്പിച്ചും വന്നവരായത് കൊണ്ടാണ്, ആ രാഷ്ട്രീയ ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആയത് കൊണ്ടാണ്, അധികാരമേറ്റ് വെറും അഞ്ചു മാസം കൊണ്ട് ഏഴു കൊലപാതകങ്ങൾ കണ്ണൂരിൽ നടന്നിട്ടും ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിക്ക് മൗനം പാലിക്കാൻ സാധിക്കുന്നതും പാർട്ടി സെക്രട്ടറിക്ക് പൊതുയോഗം വിളിച്ചു കൂട്ടി പാടത്തെ പണിക്ക് വരമ്പിൽ കൂലി കൊടുക്കണമെന്ന് കേഡർമാരെ ഗുണദോഷിക്കാൻ സാധിക്കുന്നതും. കണ്ണൂരിലെ സംഘപരിവാറിന്റെ മാത്രമല്ല, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റേയുമെല്ലാം പ്രവർത്തന ശൈലി കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്ന് ശ്രദ്ധിച്ചിട്ടില്ലേ? അല്ലെങ്കിൽ സുധാകരനെ പോലൊരു നേതാവ് കോൺഗ്രസ്സിന് കേരളത്തിൽ വേറെവിടെയാണുള്ളത്?? കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനോഭാവം മാറാതെ, പാർട്ടിയുടെ രാഷ്ട്രീയ ശൈലിയും സിദ്ധാന്തവും മാറാതെ, തങ്ങളുടെ സ്വാധീന മേഖലയിൽ തങ്ങൾ മാത്രമെന്ന ഏകാധിപത്യ പ്രത്യയശാസ്ത്രം മാറാതെ കണ്ണൂർ ഇങ്ങനെയല്ലാതാവില്ല.

കൊലപാതകം ആര് ചെയ്താലും അതംഗീകരിക്കാനാവില്ല എന്നുറപ്പിക്കുമ്പോഴും,
അക്രമരാഷ്ട്രീയത്തിനെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല എന്നതിൽ സംശയമില്ലാതിരിക്കുമ്പോഴും, കണ്ണൂരിൽ സമാധാനം പുലരാൻ രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടതുണ്ട് എന്നതിൽ പൂർണ്ണ ബോധ്യമുള്ളപ്പോഴും, ഏകപക്ഷീയമായ ആക്രമണത്തേയും നിവൃത്തി കെട്ടവന്റെ പ്രതിരോധത്തേയും ഒരേ തരത്തിൽ കാണാൻ സാധിക്കുകയില്ലെന്ന് പറയാതെ വയ്യ.

ഗാന്ധി മാർഗ്ഗത്തിലുള്ള രാഷ്ട്രീയമാണ് ഏറ്റവും അഭികാമ്യമെന്ന് പറയുമ്പോൾ തന്നെയും അഹിംസയെന്നാൽ ഭീരുത്വമല്ലെന്നും, ഹിംസക്കും ഭീരുത്വത്തിനും ഇടയിൽ നിന്നൊന്നിന്നെ തിരഞ്ഞെടുക്കേണ്ടി വന്നാൽ നിശ്ചയമായും ഞാൻ ഹിംസയെ തന്നെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ ഗാന്ധിയെ കൂടി ഓർക്കാതെയും വയ്യ. വികാരരഹിതമായ നിഷ്പക്ഷത ചിലപ്പോഴൊക്കെ അപാരമായ ആത്മവഞ്ചനയാണ്.

ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ നിഷ്പക്ഷനായിരിക്കുക എന്നാൽ, ആട്ടിൻകുട്ടിയെ കൊന്നു തിന്നാൻ ചെന്നായയെ അനുവദിക്കുക എന്ന് തന്നെയാണാർത്ഥം. ധർമ്മയുദ്ധത്തിൽ മൂകസാക്ഷികളില്ല എന്ന് പറയാറുണ്ടല്ലോ. ധർമ്മത്തിനൊപ്പമെന്ന് സംശയാതീതമായി പ്രഖ്യാപിക്കാത്തവർ പോലും അധർമ്മത്തിന്റെ പക്ഷത്തായിരുന്നെന്ന് ഗണിക്കപ്പെടുമത്രേ.
ഞാൻ നിഷ്പക്ഷനല്ലെന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന രാക്ഷസന്റെ പതനത്തോടെയല്ലാതെ കണ്ണൂരിലെ രാഷ്ട്രീയത്തിന് മാറ്റം വരില്ലെന്ന് എനിക്കുറപ്പാണ്.

 പുനഃപ്രസിദ്ധീകരണം.കടപ്പാട് –
14-10-2016 നു പ്രസിദ്ധീകരിച്ച ജനം ടിവി ഫേസ്ബുക്ക് പോസ്റ്റ്   , ശങ്കു ടി ദാസ് , വായുജിത്.